Monday, May 7, 2012

സ്ത്രീകള്‍ക്കുള്ള വാതില്‍ ഇനിയും തുറന്നിട്ടില്ല

കെ.കെ. ആലിക്കോയ

സ്ത്രീകള്‍ ജുമുഅ-ജമാഅത്തുകളില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് ശഠിക്കുന്നവരാണല്ലോ നമ്മുടെ നാട്ടില്‍ ഭൂരിപക്ഷം മുസ്‌ലിംകളും. ഇവരുടെ ചില പള്ളികളില്‍ ഈയിടെയായി യാത്രക്കാരായ സ്ത്രീകള്‍ക്ക് നമസ്‌കാര സൌകര്യമൊരുക്കിയിട്ടുണ്ട്. എന്നാല്‍ അവര്‍ക്കും ജുമുഅയിലോ ജമാഅത്തില്‍ പങ്കെടുക്കാനുള്ള സൌകര്യമോ അനുവാദമോ ഉണ്ടായിരിക്കുകയില്ല.


ഈയിടെ വയനാട്ടിലൂടെ സഞ്ചരിച്ച, സ്ത്രീകളുള്‍ക്കൊള്ളുന്ന ഒരു യാത്രാസംഘം നമസ്‌കരിക്കാന്‍ വേണ്ടി ഒരു പള്ളിയില്‍ ചെന്നു. "യാത്രക്കാരായ സ്ത്രീകള്‍ക്ക് നിസ്‌കരിക്കാന്‍ സൌകര്യമുണ്ട്" എന്ന ബോഡ് കണ്ടിട്ടാണ്‌ അങ്ങോട്ട് ചെന്നത്. പക്ഷേ റൂം പൂട്ടിയിരിക്കുന്നു. കാരണം, ദിവസം വെള്ളിയും നേരം മദ്ധ്യാഹ്നവുമായിരുന്നു. സ്ത്രീകള്‍ അവരുടെ റൂമില്‍ ളുഹ്‌റ്‌ നമസ്‌കരിക്കാന്‍ അനുവാദം ചോദിച്ചിട്ടും ലഭിച്ചില്ല. അവസാനം സ്ത്രീകളെ റോഡരുകില്‍ നിറുത്തിയിട്ട വാഹനത്തിലിരുത്തിയിട്ട് സംഘത്തിലെ പുരുഷന്മാര്‍ ജുമുഅയില്‍ പങ്കെടുത്തു.


വേറെ ഒരനുഭവം: ഒരു പള്ളിയില്‍ സ്ത്രീകള്‍ക്ക് നമസ്‌കരിക്കാനുള്ള റൂമുണ്ട്. എന്നാല്‍ അത് എപ്പോഴും ഉള്ളില്‍ നിന്ന് കുറ്റിയിട്ടിരിക്കും. അവിടെ സ്ത്രീകള്‍ക്ക് നമസ്‌കരിക്കാന്‍ കഴിയണമെങ്കില്‍, ഇതിന്റെ 'രഹസ്യ'മറിയാവുന്ന  പുരുഷന്മാരാരെങ്കിലും സ്ഥലത്തുണ്ടാവുകയും അവര്‍ ഉള്ളില്‍ നിന്ന് വാതില്‍ തുറന്നു കൊടുക്കുകയും ചെയ്യണം. ഇല്ലെങ്കില്‍ നമസ്‌കാരസൌകര്യം തേടിയെത്തുന്ന സ്ത്രീകള്‍ ആ പള്ളിയെ പലതവണ തവാഫ് ചെയ്ത് തിരിച്ചു പോരേണ്ടി വരും. ആ പള്ളിയിലെ മറ്റൊരു നിബന്ധന സ്ത്രീകള്‍ അകത്തു കടന്നാല്‍ ഉടനെ വാതില്‍ കുറ്റിയിടണമെന്നതാണ്‌.


മറ്റൊരു പള്ളിയില്‍ ഒരു പാറാവിനെ നിറുത്തിയിട്ടുണ്ട്. നമസ്‌കരിക്കാന്‍ വരുന്ന സ്ത്രീ, യാത്രക്കാരി തന്നെയാണോ എന്ന് ഉറപ്പാക്കിയിട്ടേ അയാള്‍ വാതില്‍ തുറക്കുകയുള്ളു.
അഥവാ സ്ത്രീകള്‍ക്കുള്ള വാതില്‍ ഇനിയും തുറന്നിട്ടില്ല. 

1 comment:

  1. ‎'യാത്രക്കാര്‍ക്ക് നമസ്‌കാരത്തില്‍ ചില ഇളവുകളുണ്ടല്ലോ; ജംഉം ഖസ്‌റും അതില്‍ പെട്ടതാണ്‌.
    അതുപോലെ, യാത്രക്കാരായ സ്ത്രീകള്‍ക്ക് ചില ഇളവുകളുണ്ട്! അവര്‍ക്ക് പള്ളിയോടനുബന്ധിച്ച് പ്രത്യേകം തയ്യാറാക്കപ്പെട്ട 'നിസ്‌കാര'സ്ഥലത്ത് കയറി നമസ്‌കരിക്കാമെന്നതാണത്! യാത്രക്കാരല്ലാത്ത സ്ത്രീകള്‍ക്ക് ഇത് ഹലാലാവുകയില്ല! പള്ളിയില്‍ കയറല്‍ ഒരു സ്ത്രീക്കും ഹലാലല്ല!

    ReplyDelete