Monday, May 28, 2012

കുടുംബവും ശാന്തിയും 

കെ.കെ. ആലിക്കോയ

മനുഷ്യസമൂഹത്തിന്ന് വിവിധ തലങ്ങളിലായി പല തരം യൂനിറ്റുകളുണ്ട്. ഇവയില്‍ ഏറ്റവുംചെറിയ യൂനിറ്റാണ്‌ കുടുംബം. ഒരു വിവാഹത്തോടെയാണ്‌ കുടുംബത്തിന്‌ ആരംഭംകുറിക്കുന്നത്. തികച്ചും അന്യരായ രണ്ടുപേര്‍ ഒന്നായിത്തീരുന്ന ഒരു പ്രക്രിയ. ഒരു ഉടമ്പടിയിലൂടെയാണ്‌ ഈ ഒന്നാവല്‍ സംഭവിക്കുന്നത്. ഒന്നും ഒന്നും ചേര്‍ന്നുണ്ടാകുന്ന ഇമ്മിണി ബല്യ മറ്റൊരു ഒന്ന്.

വിവാഹിതര്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ 'ഒന്നാവുന്നത്', ഒരുമയോടെ കഴിയുന്നത് നാം കാണുന്നു. എന്നാല്‍ ചിലര്‍ക്കത് സാധിക്കുന്നില്ല. പൊട്ടല്‍. പിളരല്‍. വേര്‍പിരിയല്‍. അതിനു മുമ്പോ ശേഷമോ നടക്കാനിടയുള്ള കോടതി കയറലുകള്‍. എന്നാല്‍ വിവാഹം കഴിക്കുന്നത് ഇതിന്നാണോ? അല്ല. ഒന്നാകാനാണ്‌; നന്നാകാനാണ്‌. ആ ഉദ്ദേശത്തിനു വിരുദ്ധമായാണ്‌ സ്ഫോടനം നടക്കുന്നത്.

ഒരുമയുടെയും സ്ഫോടനത്തിന്റെയും രഹസ്യം/ങ്ങള്‍ എന്താണ്‌. സൌന്ദര്യം?  സമ്പത്ത്? പ്രശസ്തി? അധികാരം? വിദ്യാഭ്യാസം? തറവാടിത്തം? ഇവയെല്ലാമാണോ അല്ലെങ്കില്‍ ഇവയില്‍ ചിലതാണോ? ആണെന്ന് പറയവതല്ല. കാരണം, ഇവയുള്ളവരും ഇല്ലാത്തവരും ഒരുമയോടെ കഴിയുന്നുണ്ട്; പൊട്ടിത്തെറിക്കുന്നുമുണ്ട്. അപ്പോള്‍ കാരണം വേറെത്തന്നെ അന്വേഷിക്കണം.

വിശുദ്ധ ഖുര്‍ആന്‍ ഇതിന്റെ കാരണം വ്യക്തമാക്കിയിട്ടുണ്ട്. "അല്ലാഹു നിങ്ങളുടെ വര്‍ഗത്തില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. അവരിലൂടെ ശാന്തി തേടാന്‍. നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കി. ഇതൊക്കെയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. സംശയമില്ല; വിചാരശാലികളായ ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്". (30:21)

വിവാഹവും കുടിംബജീവിതവുമായി ബന്ധപ്പെട്ട്, അല്ലാഹുവിന്റെ ആയത്തായി പരിചയപ്പെടുത്തുന്നത് എന്തെല്ലാമാണെന്ന് നോക്കാം.
ഒന്ന്: മനുഷ്യര്‍ക്കായി മനുഷ്യവര്‍ഗത്തില്‍ നിന്നാണ്‌ അല്ലാഹു ഇണകളെ സൃഷ്ടിച്ചു തന്നിരിക്കുന്നത്; മറ്റു വര്‍ഗങ്ങളില്‍ നിന്നല്ല.
രണ്ട്; കുടുംബത്തില്‍ നിന്ന് മനുഷ്യന്‌ ലഭിക്കേണ്ടത് ശാന്തിയാണ്‌, സമാധാനമാണ്‌. ഭാര്യക്കും ഭര്‍ത്താവിനും മക്കള്‍ക്കും മറ്റു ബന്ധുക്കള്‍ കൂടെയുണ്ടെങ്കില്‍ അവര്‍കുമത് സമൃദ്ധമായി ലഭിക്കണം.
'ശാന്തി എങ്ങനെയുണ്ടാകും? പ്രശ്‌നങ്ങല്ലേ മൊത്തം! പിന്നെ അശാന്തിയല്ലേ ഉണ്ടാവൂ' എന്നാണ്‌ ചിലര്‍ ചോദിക്കുന്നത്. അല്ല. മറിച്ചും സംഭവിക്കാം. ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിടുന്ന കുടുംബങ്ങളും മഹത്തായ ഒരുമയോടെ കഴിയുന്നുണ്ടല്ലോ. അപ്പോള്‍ പൊട്ടിത്തെറിയുടെ കാരണം ഇത്തരം 'പ്രശ്‌ന'ങ്ങളല്ല. പിന്നെയോ? നാം തന്നെ പ്രശ്‌നങ്ങളായി മാറുന്നതാണ്‌ യഥാര്‍ത്ഥ കാരണം. നാമത് അറിയുന്നില്ലെങ്കിലും.

ശാന്തി ലഭിക്കണമെങ്കില്‍ അതിന്‌ രണ്ടുകാര്യങ്ങള്‍ ഉണ്ടാകണമെന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. അവ രണ്ടും നഷ്ടപ്പെടുമ്പോഴാണ്‌ അശാന്തിയുണ്ടാകുന്നത്. സ്നേഹവും കാരുണ്യവുമാണത്. ഇതാണ്‌ ഒരുമയോടെ കഴിയുന്നതിന്റെയും പൊട്ടിത്തെറിക്കുന്നതിന്റെയും രഹസ്യം. ചില ഇണകളുടെ ഉള്ളില്‍ സ്നേഹവും കാരുണ്യവും ഉണ്ട്. പരസ്പരമത് പ്രകടിപ്പിക്കുന്നുണ്ട്. ഒരുമയോടെ കഴിയുന്നുമുണ്ട്. അതുമൂലമവര്‍ക്ക് ശാന്തി ലഭിക്കുന്നുമൂണ്ട്. വേറെ ചിലര്‍ ഇവിടെ പരാജയപ്പെടുന്നു. ഉള്ളില്‍ സ്നേഹവും കാരുണ്യവുമില്ല. അത് പ്രകടിപ്പിക്കുന്നില്ല. അതുകൊണ്ട് വേര്‍പിരിയുന്നു.

വിവാഹജീവിതം എങ്ങനെ നയിക്കണമെന്ന, കൃത്യമായ നിയമനിര്‍ദ്ദേശങ്ങള്‍ ഇസ്‌ലാമിലുണ്ട്. ആ നിയമങ്ങള്‍ക്കുപരിയായാണ്‌ സ്നേഹവും കാരുണ്യവും സ്ഥിതി ചെയ്യുന്നത്. അവയുടെ സാന്നിദ്ധ്യത്തില്‍ നിയമം അപ്രസക്തമാണ്‌. ഭര്‍ത്താവില്‍ നിന്ന് ജീവിതച്ചെലവിനുള്ള വക കിട്ടാന്‍ വേണ്ടി, അവസാനം, ഭാര്യ കോടതികയറുന്നു. ഇതാണ്‌ നിയമത്തിന്റെ വഴി. എന്നാല്‍ ഭര്‍ത്താവിന്‌ ഭാര്യയോട് സ്നേഹവും കാരുണ്യവുമുണ്ടെങ്കില്‍ ഇതിന്റെ ആവശ്യമുണ്ടാവുകയില്ല. അവള്‍ പട്ടിണികിടക്കേണ്ടി വരുകയില്ല. അഥവാ അങ്ങനെ സംഭവിക്കുന്നുവെങ്കില്‍, അത് സംഭവിക്കുന്നത് അവന്‍ കൂടി പട്ടിണി കിടക്കുമ്പോഴായിരിക്കും.

ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് ഒരുമിച്ച് കഴിയാന്‍ പറ്റുകയില്ലെങ്കില്‍ പിന്നെ വേര്‍പിരിയുന്നതാണ്‌ നല്ലത്. അല്ലാതിരുന്നാല്‍ കുടുംബം ഒരു നരകമായിത്തീരും. അവിടെ വളരുന്ന കുട്ടികള്‍ വിവിധതരം മാനസികവൈകല്യങ്ങള്‍ ഉള്ളവരായി പരിണമിക്കും. അതുകൊണ്ട് വേര്‍പിരിയണം; അതാണ്‌ ഏക പരിഹാരം എന്നല്ല പറയുന്നത്. കുട്ടികള്‍ ജനിച്ചതിനു ശേഷമുള്ള വേര്‍പിരിയലും കുട്ടികളെ ബാധിക്കുന്നതാണ്‌. അതിനാല്‍ ഒരു പരിഹാരമേ നമ്മുടെ മുമ്പിലുള്ളു. ഒരുമയോടെ കഴിയുക. അതുതന്നെ. അതിന്ന് സ്നേഹവും കാരുണ്യവും ആവോളം ആര്‍ജ്ജിക്കണം. അത് ഉദാരമായി നല്‍കണം. എത്ര കൂടുതല്‍ നല്‍കുന്നുവോ അത്ര കൂടുതല്‍ നമ്മിലവ നിറയും. നാം നല്‍കുന്നതിന്റെ തോതനുസരിച്ചാണ്‌ നമ്മിലവ നിറയുന്നത്; അല്ലാതെ നമുക്ക് ലഭിക്കുന്നതിന്റെ തോതനുസരിച്ചല്ല. സമ്പത്ത് നേരെ മറിച്ചാണ്‌. ലഭിക്കുന്നതിന്റെ തോതനുസരിച്ചാണ്‌ അത് വര്‍ദ്ധിക്കുന്നത്; ചെലവഴിക്കുന്നതിന്റെ തോതനുസരിച്ചല്ല. സ്നേഹവും കാരുണ്യവും പ്രകടിപ്പിച്ചാല്‍ കുടുംബം നരകമാകാതെ നോക്കാം; അതിനെ ഒരു സ്വര്‍ഗമാക്കിത്തീര്‍ക്കാം.


സ്ത്രീധനം

വിവാഹം: പ്രായപരിധി






2 comments:

  1. വിവാഹജീവിതം എങ്ങനെ നയിക്കണമെന്ന, കൃത്യമായ നിയമനിര്‍ദ്ദേശങ്ങള്‍ ഇസ്‌ലാമിലുണ്ട്. ആ നിയമങ്ങള്‍ക്കുപരിയായാണ്‌ സ്നേഹവും കാരുണ്യവും സ്ഥിതി ചെയ്യുന്നത്. അവയുടെ സാന്നിദ്ധ്യത്തില്‍ നിയമം അപ്രസക്തമാണ്‌. ഭര്‍ത്താവില്‍ നിന്ന് ജീവിതച്ചെലവിനുള്ള വക കിട്ടാന്‍ വേണ്ടി ഭാര്യ കോടതികയറുന്നു. ഇതാണ്‌ നിയമത്തിന്റെ വഴി. എന്നാല്‍ ഭര്‍ത്താവിന്‌ ഭാര്യയോട് സ്നേഹവും കാരുണ്യവുമുണ്ടെങ്കില്‍ ഇതിന്റെ ആവശ്യമുണ്ടാവുകയില്ല. അവള്‍ പട്ടിണികിടക്കേണ്ടി വരുകയില്ല. അഥവാ അങ്ങനെ സംഭവിക്കുന്നുവെങ്കില്‍, അത് സംഭവിക്കുന്നത് അവന്‍ കൂടി പട്ടിണി കിടക്കുമ്പോഴായിരിക്കും.

    ReplyDelete
  2. nannayi vivarichu ..allahu barkathu cheyyette(ameen)

    ReplyDelete