Friday, May 25, 2012

നീതിന്യായ നാടകം


കെ.കെ. ആലിക്കോയ

'ഈ കേസില്‍ പിടിക്കപ്പെടുമെന്ന് കരുതിയിരുന്നില്ല.' ടി.പി വധക്കേസില്‍ പിടിക്കപ്പെട്ടവരില്‍ പലരും പറഞ്ഞ ഈ വാക്ക് വളരെ ശ്രദ്ധേയമാണ്‌‌.

ഒരു കൊലപാതകം നടത്തിയവരും അത് ആസൂത്രണം ചെയ്തവരും മറ്റു സഹായങ്ങള്‍ ചെയ്ത് കൊടുത്തവരും തങ്ങള്‍ പിടിക്കപ്പെടുമെന്ന് കരുതിയിരുന്നില്ലെന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥമെന്താണ്‌? ഒരു കേസും അന്വേഷിച്ചു കണ്ടെത്താന്‍ കഴിയാത്ത വിധം പൊലീസ് ദുര്‍ബലമാണെന്നോ? പൊലീസിന്റെ കഴിവില്‍ അവര്‍ക്ക് ഒട്ടും വിശ്വാസമില്ലെന്നോ? അതായിരിക്കാന്‍ വഴിയില്ല.

പിന്നെന്താണ്‌? 'പ്രതിയെ തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്‌. തങ്ങള്‍ പ്രതിയാകണമെന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടില്ല. അതിനാല്‍ പിടിക്കപ്പെടുമെന്ന് കരുതിയിരുന്നില്ല' എന്നു തന്നെ.

എന്നുവെച്ചാല്‍, പാര്‍ട്ടിയും പൊലീസും തമ്മില്‍ ഒരു കരാറുണ്ട്.  നാട്ടില്‍ ഒരു രാഷ്ട്രീയ കൊലയോ അക്രമമോ  നടന്നാല്‍ പൊലീസിന്‌ പ്രതികളെ കിട്ടണം. ഇല്ലെങ്കില്‍ പൊലീസ് ഉത്തരം പറയേണ്ടി വരും. എന്നാല്‍ അവരെത്തേടി പൊലീസ് അലയണ്ട; പാര്‍ട്ടി, ചാവേറുകളെ സ്റ്റേഷനില്‍ എത്തിച്ചു കൊടുക്കും. കുറ്റം അവര്‍ ഏറ്റുകൊള്ളും. കേസ് തെളിയുകയാണെങ്കില്‍ ശിക്ഷ അവര്‍ വാങ്ങിക്കൊള്ളും. പിന്നെ പൊലീസിനെന്താ? പാര്‍ട്ടി പറയുന്നത് അനുസരിച്ചാല്‍ പോരേ? അഥവാ പാര്‍ട്ടി നല്‍കുന്ന ലിസ്റ്റനുസരിച്ചേ അറസ്റ്റ് നടക്കാവൂ; നടക്കൂ. അതുകൊണ്ടാണ്‌ പിടിക്കപ്പെടുമെന്ന് കരുതാതിരുന്നത്.

പാര്‍ട്ടിയും അണികളില്‍ ചിലരും തമ്മില്‍ മറ്റൊരു കരാറുണ്ട്. പാര്‍ട്ടി പറയുന്ന കേസുകളില്‍ അവര്‍ പ്രതിയാകണം. അവര്‍ പാര്‍ട്ടിക്കു വേണ്ടി കുറ്റമേല്‍ക്കണം; ജയിലില്‍ പോകണം. അവരുടെ കുടുംബം പാര്‍ട്ടി നോക്കിക്കൊള്ളും.

കൊല നടത്തുന്നവര്‍ ഉള്ളില്‍ പോകരുതല്ലോ. അവര്‍ പുറത്തു തന്നെ വേണ്ടേ? അവര്‍ക്കിനിയും ജോലിയില്ലേ? അപ്പോള്‍ പിന്നെ ജയിലില്‍ പോകുന്ന 'ജോലി' വേറെ ചിലര്‍ ഏറ്റെടുക്കേണ്ടി വരും. ഇങ്ങനെയൊരു നീതിന്യായനാടകമാണ്‌ കുറെ കാലമായിട്ട് കണ്ണൂരില്‍ നടന്നുവരുന്നത്. കഷ്ടം!

ഏതൊരാളും അന്വേഷിക്കുന്ന ഒരു കാര്യമുണ്ടായിരുന്നു. കണ്ണൂരില്‍ നിരവധി പാര്‍ട്ടി കൊലപാതകങ്ങള്‍ നടന്നിട്ടും വെറും പരല്‍മീനുകളല്ലാതെ മറ്റാരും പിടിക്കപ്പെടാത്തത് എന്തുകൊണ്ടാണ്‌? കൊല പാര്‍ട്ടിക്കു വേണ്ടിയാണ്‌.  അത് നടത്തുന്നത് വെറും ചാവേറുകളായിരിക്കും. എന്നാലും  നടത്തിക്കുന്നവര്‍ ഉണ്ടാകുമല്ലോ; കൊലയുടെ ഗുണഭോക്താക്കള്‍. അവരെന്തുകൊണ്ടാണ്‌ പിടിക്കപ്പെടാത്തത്? മറ്റൊരു വിധം ആലോചിച്ചാല്‍, പാര്‍ട്ടിക്ക് വേണ്ടി കൊല്ലാനും മരിക്കാനും തയ്യാറാകും വിധം അത്രയും അടിയുറച്ച വിശ്വാസവും ഉയര്‍ന്ന പാര്‍ട്ടീ പ്രതിബദ്ധതയും  ചില പരല്‍മീനുകള്‍ക്ക് മാത്രമായിപ്പോയതെന്തുകൊണ്ടാണ്‌? കുറച്ചു കൂടി ഉയര്‍ന്ന ഉത്തരവാദിത്തമുള്ളവര്‍ക്കും വലിയ നേതാക്കന്മാര്‍ക്കും എന്തുകൊണ്ടാണ്‌ ഈ വിശ്വാസവും പ്രതിബദ്ധതയും ഇല്ലാതെ പോയത്? അക്രമത്തിന്റെ ഗുണഭോക്താക്കള്‍ അവരായിരുന്നീട്ടു പോലും! പരല്‍മീനുകള്‍ കൃത്യം നിര്‍വഹിച്ചതിന്നു ശേഷം അവരെ സംരക്ഷിക്കേണ്ട ചുമതല മാത്രമായി നേതാക്കന്മാരുടെ ഉത്തരവാദിത്തം ചുരുങ്ങിപ്പോയതെന്തുകൊണ്ടാണ്‌? കളപറിക്കുന്ന ജോലി പൂര്‍ണ്ണമായും അണികളെ ഏല്‍പ്പിക്കാനും നേതാക്കന്മാര്‍ക്ക് മാറി നില്‍ക്കാനും കഴിയും വിധമുള്ള ഒരു പാര്‍ട്ടി സംവിധാനമാണോ കണ്ണൂരിലുള്ളത്? അതിന്റെ ഉത്തരമാണ്‌ മേല്‍ പറഞ്ഞത്.

ഈ കേസില്‍ പതിവിന്‍ പടിയല്ല കാര്യങ്ങള്‍ നടക്കുന്നത്. പൊലീസ് പ്രതികളെ അന്വേഷിച്ചു കണ്ടെത്തുകയാണ്‌. അതിനാല്‍ പരലുകള്‍ മാത്രമല്ല അറസ്റ്റിലവുന്നത്. എന്നാലും വമ്പന്‍ സ്രാവുകള്‍ അറസ്റ്റിലാവുമെന്ന് പറയാറായിട്ടില്ല. കാത്തിരുന്നു കാണാം. ഈ രീതിയില്‍ അന്വേഷണം മുമ്പോട്ട് പോയാല്‍ കണ്ണൂരിന്റെ ചരിത്രം മാറ്റിയെഴുതാന്‍ കഴിയും. രാഷ്ട്രീയ അക്രമവും കൊലയും ഇല്ലാതാകും. പൊലീസിന്‌ സ്വാതന്ത്ര്യം നല്‍കണം. പക്ഷപാതിത്തം കാണിക്കാന്‍ കഴിയാതാകും വിധമുള്ള സംവിധാനം ഓരോ കേസിന്റെ അന്വേഷണത്തിലും ഏര്‍പ്പെടുത്തണം. സി.പി.എമ്മിന്റെ ആക്രമണ ശേഷി കുറയ്ക്കാന്‍ ശ്രമിക്കുന്ന മുറയ്ക്ക് തന്നെ, 'മറ്റാരും' തലപൊക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകളും ആവശ്യമാണ്‌. അങ്ങനെ നാട്ടില്‍ സമാധാനം പുലരട്ടെ.

No comments:

Post a Comment