Tuesday, May 15, 2012

മാസപ്പിറവിയും വിടവാങ്ങല്‍ ഹജ്ജും

കെ.കെ. ആലിക്കോയ


പ്രവാചകന്റെ വിടവാങ്ങല്‍ ഹജ്ജ്‌ നടന്നത് ഹിജ്‌റ 10 ല്‍ ആണ്‌. ആ വര്‍ഷം അറഫാ ദിനം വെള്ളിയാഴ്ചയായിരുന്നു. ആ ഹജ്ജ് കാലം സൂചിപ്പിച്ചുകൊണ്ട് നബി (സ) പറഞ്ഞു: 'കാലം, അല്ലാഹു സൃഷ്ടിച്ച രൂപത്തില്‍ കറങ്ങിയെത്തിയിരിക്കുന്നു'. അഥവാ തിയ്യതി  കൃത്യമായിരിക്കുന്നു.

നിലവിലുണ്ടായിരുന്ന കാലഗണന കൃത്യമായിരുന്നില്ല. കാരണം, ഹജ്ജ് എപ്പോഴും അനുകൂലമായ കാലാവസ്ഥയില്‍ തന്നെ ആകുന്നതിന്നുവേണ്ടി,  ജാഹിലിയ്യഃ അറബികള്‍ കാലത്തില്‍ കൃത്രിമം കാണിക്കുക പതിവായിരുന്നു.  സൌരവര്‍ഷത്തിന്‌ 365.25 ദിവസവും ചാന്ദ്രവര്‍ഷത്തിന്‌ 354.33 ദിവസവും ആണല്ലോ ഉള്ളത്. അപ്പോള്‍ മൂന്ന് വര്‍ഷം കൊണ്ട് ഹിജ്‌റ തിയ്യതി, സൌരവര്‍ഷത്തെ അപേക്ഷിച്ച് ഒരു മാസം പിന്നിലാകും. ഉദാഹരണം: ഒരു ജനുവരി ഒന്നിന്‌ മുഹര്‍റം ഒന്നായാല്‍ മൂന്നാം വര്‍ഷം നവംബര്‍ അവസാനിക്കുന്നതോടുകൂടി /അല്ലെങ്കില്‍ മുമ്പായി ദുല്‍ ഹിജ്ജ അവസാനിച്ച് നാലാം വര്‍ഷത്തിന്റെ മുഹര്‍റം ആരംഭിച്ചിരിക്കും. അങ്ങനെ വരുമ്പോള്‍ അവരത് ദുല്‍ ഹിജ്ജയായി കണക്കാക്കുമായിരുന്നില്ല. മറിച്ച്, മൂന്നാം വര്‍ഷത്തോട് ഒരു പതിമൂന്നാം മാസം കൂട്ടിച്ചേര്‍ക്കുകയായിരുന്നു പതിവ്. ഇതിനെയാണ്‌ ഖുര്‍ആന്‍ നസീഅ്‌ എന്ന് വിശേഷിപ്പിച്ചത്. ഈ സമ്പ്രദായം നിലവിലുണ്ടായിരുന്നതിനാല്‍ ജാഹിലിയ്യഃ കാലത്ത് കാലഗണന കൃത്യമായിരുന്നില്ല. അത് പിന്നീട് കൃത്യമായി വന്ന വര്‍ഷമാണ്‌ വിടവാങ്ങല്‍ ഹജ്ജ് നടന്നത്‌. അതാണ്‌ മേല്‍ സൂചിപ്പിച്ച ഹദീസിലുള്ളത്.

ഇന്ന് നമുക്കിടയില്‍ മാസപ്പിറവി സംബന്ധിച്ച് തര്‍ക്കം നിലവിലുണ്ടല്ലോ. അസ്ട്രോണമിക്കല്‍ ന്യൂ മൂണ്‍ സംഭവിച്ചാല്‍ അടുത്ത പകല്‍ ഒന്നാം തിയ്യതിയായി കണക്കാക്കണമെന്നാണ്‌ ഒരു വീക്ഷണം. അലി മണിക്ഫാന്‍ നേതൃത്വം നല്‍കുന്ന ഹിജ്‌റഃ കമ്മിറ്റി ഓഫ് ഇന്ത്യ ഈ ശൈലി സ്വീകരിക്കുന്നു. ഹിജ്‌റ പത്ത് ദുല്‍ഖ'അ്‌ദ 29 ന്‌, ക്രി.വ. 632 ഫെബ്രുവരി 25 ചൊവ്വാഴ്‌ച യൂനിവേഴ്‌സല്‍ ടൈം 21 മണിക്കാണ്‌ (സഊദി സമയം രാത്രി 12 മണി) ന്യൂമൂണ്‍, അഥവാ കറുത്തവാവ് അവസാനിച്ചത്. (അവലംബം: http://eclipse.gsfc.nasa.gov/phase/phases0601.html) ന്യൂ മൂണ്‍ സംഭവിച്ചതിന്റെ അടുത്ത പകല്‍ മുതലാണ്‌ പുതിയ മാസം ആരംഭിക്കുന്നതെങ്കില്‍,  പിറ്റേന്ന്, ഫെബ്രുവരി 26 ബുധനാഴ്‌ച, ദുല്‍ഹിജ്ജ ഒന്നായിരിക്കും. അപ്പോള്‍ മാര്‍ച്ച് അഞ്ചാം തിയ്യതിയായിരിക്കും ദുല്‍ ഹിജ്ജ 9 അഥവാ അറഫാ ദിനം; അന്ന് വ്യാഴാഴ്‌ചയായിരുന്നു‌. എന്നാല്‍ നബിയുടെ വിടവാങ്ങല്‍ ഹജ്ജിന്റെ അറഫാ ദിനം വെള്ളിയാഴ്‌ചായായിരുന്നു. എന്നുവെച്ചാല്‍  ഫെബ്രുവരി 27 നാണ്‌ അവര്‍ ദുല്‍ ഹിജ്ജ ആരംഭിച്ചത്. അതാകട്ടെ ന്യൂമൂണ്‍ അടിസ്ഥാനമാക്കിയുള്ള കാലഗണന അനുസരിച്ചായിരുന്നില്ല. ചുരുക്കത്തില്‍ ന്യൂമൂണിന്റെ പിറ്റേന്നു മുതലാണ്‌ പുതിയ മാസം ആരംഭിക്കേണ്ടതെന്ന മണിക്ഫാന്‍ വാദം നബി (സ) അംഗീകരിച്ചിരുന്നില്ല; ആ വീക്ഷണം തെറ്റാണെന്ന് ഇത് സ്ഥാപിക്കുന്നു.

മാസപ്പിറവി സംബന്ധിച്ച് രണ്ടാമത്തെ വീക്ഷണമിതാണ്‌: ചാന്ദ്രമാസം 29 ന്ന് സൂര്യാസ്‌തമയ ശേഷം ചന്ദ്രക്കല ആകാശത്തുണ്ടെങ്കില്‍ അതോടു കൂടി ഒന്നാം തിയ്യതി ആരംഭിച്ചതായി കണക്കാക്കണം. ക്രി.വ. 632 ലെ, മേല്‍ പറഞ്ഞ തിയ്യതിക്ക് ഹിലാല്‍ കാണാനുള്ള സാദ്ധ്യതയുമായി ബന്ധപ്പെടുത്തി ആലോചിച്ചാല്‍ കാര്യം വ്യക്തമാകും. ക്രി.വ. 632 ഫെബ്രുവരി 25 ചൊവ്വാഴ്‌ച 21 മണി (സഊദി സമയം രാത്രി 12 മണി) വരെ കറുത്ത വാവ് ആയിരുന്നു. അതിനാല്‍ അന്ന് അസ്‌തമിക്കുമ്പോള്‍ ഹിലാല്‍ കാണാന്‍ സാദ്ധ്യതയുണ്ടായിരുന്നില്ല. എന്നാല്‍ ഫെബ്രുവരി 26 ന്‌ അസ്‌തമയ സമയമാകുമ്പോള്‍ വാവ് കഴിഞ്ഞ് സുമാര്‍ 21 മണിക്കൂര്‍  (സഊദി സമയമനുസരിച്ച് 18   മണിക്കൂര്‍) പിന്നിട്ടിരിക്കും. അതിനാല്‍ ആ സന്ധ്യയ്ക്ക് സുമാര്‍ മുക്കാല്‍ മണിക്കൂര്‍ സമയം ഹിലാല്‍ കാണാന്‍ സാധിക്കുമായിരുന്നു. അവര്‍ മാസം കണ്ടതിന്റെ അടിസ്ഥാനത്തിലാണ്‌ തിയ്യതി തീരുമാനിച്ചിരുന്നത്. അതുകൊണ്ടാണ്‌ ഫെബ്രുവരി  27 ദുല്‍ ഹിജ്ജ ഒന്നും മാര്‍ച്ച് ആറാം തിയ്യതി, വെള്ളിയാഴ്‌ച അറഫ ദിനവും വന്നത്.  അങ്ങനെ സംഭവിച്ചുവെന്ന് മാത്രമല്ല; അതോടു കൂടി തിയ്യതി കൃത്യമായിരിക്കുന്നു എന്ന് നബി പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. ആ ദുല്‍ഹിജ്ജ മാസാരംഭം നിര്‍ണ്ണയിച്ചതില്‍ അവര്‍ക്ക് ഒരു പിഴവും സംഭവിച്ചിട്ടില്ലെന്നാണല്ലോ നബി പറഞ്ഞതിന്റെ അര്‍ത്ഥം.

മാസപ്പിറവി തീരുമാനിക്കുന്നതിന്ന്, രണ്ടില്‍ ഏതാണ്‌ ശരിയായ ശൈലിയെന്ന് മേല്‍ സൂചിപ്പിച്ച ഹദീസിന്റെയും ഗോളശാസ്ത്രക്കണക്കുകളുടെയും അടിസ്ഥാനത്തില്‍ ഒന്ന് വിശകലനം ചെയ്യുകയായിരൂന്നു നാമിതുവരെ. ചക്രവാളത്തില്‍ ഹിലാല്‍ ഉണ്ടാകുന്നതു മുതലാണ്‌ മാസം മാറേണ്ടതെന്ന് ഇത് തെളിയിക്കുന്നു. പൂര്‍ണ്ണമായും ശസ്ത്രീയവും അതോടൊപ്പം ഹദീസില്‍ വന്ന ശൈലിയോട് ഒത്തു പോകുന്നതുമാണ്‌ ഈ സമ്പ്രദായം. എന്നാല്‍ ഹിലാല്‍ നമ്മുടെ കണ്ണു കൊണ്ട് കണ്ടേ തീരൂ എന്ന വാശി കൈവെടിഞ്ഞാല്‍ മാത്രമേ കുറ്റമറ്റ നിലയില്‍ ഇത് നടപ്പില്‍ വരുത്താന്‍ സാധിക്കുകയുള്ളു.

.................


ഹജ്ജത്തുല്‍ വിദാഇന്റെ അറഫാ ദിനം വെള്ളിയാഴ്‌ചയായിരുന്നുവെന്ന് ജനാബ് അലി മണിക്‌ഫാന്‍ പോലും സമ്മതിക്കുന്നത് കാണുക: ''കാലങ്ങള്‍ കറങ്ങിക്കൊണ്ടു ഇന്നിതാ വാനങ്ങളും ഭൂമിയും സൃഷ്ടിക്കപ്പെട്ട നാളില്‍ ഉള്ളതുപോലെയായിരിക്കുന്നു'' എന്നും നബി (സ) അറിയിച്ചു. 'ഇന്നത്തെ ദിവസം ഏതാണ്‌?' നബി (സ) ദിവസത്തിന്റെ പേര്‌ വേറെ എന്തോ പറയാന്‍ പോകയാണെന്നു കരുതി ജനങ്ങള്‍ പറഞ്ഞു: അല്ലാഹുവിനും റസൂലിനും അധികം അറിയാം. അപ്പോള്‍ നബി (സ) അറിയിച്ചു: ഇന്ന് അതേ ദിവസം തന്നെയാണ്‌. അതായത് അതു വെള്ളിയാഴ്‌ച തന്നെയാണ്‌. അപ്പോള്‍ അന്നത്തെ ദിവസം വെള്ളിയാഴ്‌ചയാണെന്നതും ദുല്‍ഹജ്ജ് മാസം ഒമ്പതാം തീയതിയാണെന്നതും ഇപ്പോള്‍ നബി (സ)യില്‍ നിന്ന് നമുക്കറിയുകയാണ്‌."

(പേജ് 19, ചന്ദ്രമാസപ്പിറവി പ്രശ്‌നങ്ങളും പരിഹാരങ്ങളും)




മാസപ്പിറവി: തെറ്റും ശരിയും




14 comments:

  1. സൂര്യന്‍ അസ്‌തമിക്കുമ്പോഴാണ്‌ മഗ്‌രിബിന്റെ സമയം തുടങ്ങുന്നത്. നബിയുടെ കാലത്ത് കണ്ണുകൊണ്ട് നോക്കുകയായിരുന്നു ചെയ്തിരുന്നത്. പിന്നീട് നാം കണക്കുകൂട്ടാന്‍ തുടങ്ങി. എത്ര മണിക്കാണ്‌ സൂര്യന്‍ അസ്‌തമിക്കുന്നതായി ദൃശ്യമാവുന്നത് എന്നാണ്‌ കണക്കു കൂട്ടിയത്. പക്ഷേ, ഇന്ന് നമുക്കറിയാം: നബിയുടെ കാലത്ത് കണ്ണുകൊണ്ട് നോക്കിക്കണ്ടിരുന്നതും ഇപ്പോള്‍ നമ്മളുടെ കലണ്ടറില്‍ രേഖപ്പെടുത്തിയിരിക്കുന്നതുമായ സമയത്തിന്റെ എട്ട് മിനിറ്റും 20 സെക്കന്റും മുമ്പ് യഥാര്‍ത്ഥത്തില്‍ സൂര്യന്‍ അസ്‌തമിക്കുന്നുണ്ടെന്ന്. എന്നാല്‍ നമുക്കത് ദൃശ്യമാവുന്നില്ലെന്ന് മാത്രം.

    നാം ഏത് സമയത്താണ്‌ ബാങ്ക് വിളിക്കേണ്ടത്ക്കേണ്ടത്?
    യഥാര്‍ത്ഥത്തില്‍ അസ്‌തമിക്കുന്ന സമയത്തോ?
    അല്ലെങ്കില്‍ അസ്‌തമിച്ചതായി നമുക്ക് ദൃശ്യമാവുന്ന സമയത്തോ?

    നബിചര്യയോടുള്ള ഇത്തിബാഅ്‌ അസ്‌തമിച്ചതായി ദൃശ്യമാവുന്ന സമയം സ്വീകരിക്കലാണെന്നാണ്‌ ലോക മുസ്‌ലിംകള്‍ മനസ്സിലാക്കിയിട്ടുള്ളത്. അതാണ്‌ നാം ചെയ്തു വരുന്നതും.

    ഇതേ ശൈലി ഹിലാല്‍ ദര്‍ശനത്തിലും ആകാവുന്നതാണല്ലോ. സൂര്യാസ്‌തമയശേഷം പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഹിലാല്‍ ദൃശ്യമാകുന്നതെപ്പോഴാണോ, അഥവാ കണ്ണുകൊണ്ട് കാണുന്നത് എപ്പോഴാണോ, അപ്പോഴാണ്‌ അവര്‍ പുതിയ മാസം ആരംഭിച്ചിരുന്നത്. ഇന്ന് നമുക്കത് കണക്കു കൂട്ടി കണ്ടുപിടിക്കാന്‍ കഴിയും. അപ്പോള്‍ 'സൂര്യാസ്തമയ ശേഷം ഹിലാല്‍ ചക്രവാളത്തിലുണ്ടാവുക എന്നാണ്‌' എന്ന് കണക്കുകൂട്ടി കണ്ടു പിടിക്കാമെന്ന് വെച്ചാല്‍ പോരേ? അല്ല; അതല്ലേ ചെയ്യേണ്ടത്? നബി കാണിച്ചു തന്നത് അതല്ലേ? (കാണണമെന്ന വാശി എനിക്കില്ല. ആ ശാഠ്യം ഇന്ന് വെറും വിഡ്ഢിത്തമാണ്‌.)

    ഈ ശൈലിയാണ്‍ ശരിയെന്ന് മ്നസ്സിലാക്കാന്‍ ഒരു തെളിവു കൂടി പറയാം. നബിയുടെ വിടവാങ്ങല്‍ ഹജ്ജിന്റെ അറഫാ ദിനം വെള്ളിയാഴ്ചയായിരുന്നു. അസ്‌തമയശേഷം കാണുന്ന ഹിലാലിനെ അവലംബിച്ചതുകൊണ്ടാണ്‌ അതങ്ങനെ അസംഭവിച്ചത്. നബി ന്യൂമൂണിനെ അവലംബിച്ചിരുന്നുവെങ്കില്‍ അറഫ വ്യാഴാഴ്‌ചയാകുമായിരുന്നു. നബി കാണിച്ചു തന്നത് നമുക്ക് പിന്‍പറ്റാം. അതല്ലേ നല്ലത്?

    നബി നിശ്ചയിച്ചതിന്റെ കുറച്ചപ്പുറത്ത് മറ്റൊരു പോയന്റ് നിശ്ചയിച്ച് അത് കണക്കുകൂട്ടിയാല്‍ എങ്ങനെയാണത് ഇത്തിബാഅ്‌ ആവുക?

    നബി നിശ്ചയിച്ചു തന്ന അതേ പോയന്റ് നമുക്ക് കണക്കിലൂടെ കണ്ടെത്താം.

    ReplyDelete
  2. 1433 റജബ്



    2012 മെയ് 21 നു പുലര്‍ച്ച 5:17 ന്‌ കറുത്ത വാവ് അവസാനിച്ചു.
    അന്ന് 18:44 നായിരുന്നു സൂര്യാസ്തമയം; ചന്ദ്രാസ്തമയം 19:07 നും.
    അതായത് സൂര്യാസ്തമയ ശേഷം 23 മിനിറ്റ് നേരം ഹിലാല്‍ ആകാശത്തുണ്ടായിരുന്നു.

    ആരെങ്കിലും നോക്കിയോ?
    കണ്ടോ?
    ഖാദിയെയോ ഹിലാല്‍ കമ്മിറ്റിയെയോ അറിയിച്ചോ?
    അവര്‍ക്ക് ബോദ്ധ്യം വരുകയും അംഗീകരിക്കുകയും ചെയ്തോ?
    എനിക്കറിയില്ല.
    പക്ഷേ, ഒന്നറിയാം.
    ആരെങ്കിലും കണ്ടിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും
    ഖാദിയോ ഹിലാല്‍ കമ്മിറ്റിയോ പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും
    ഇന്നലെ (മെയ് 22, 2012) റജബ് ഒന്നായിരുന്നു; ഇന്ന് രണ്ടും.

    സമയം ആരെയും കാത്ത് നില്‍ക്കുകയില്ല.
    അത് അതിന്റെ വേഗതയനുസരിച്ച് ചലിച്ചുകൊണ്ടിരിക്കും.
    ആരുടെയും അംഗീകാരം അതിന്നാവശ്യമില്ല.

    ഇന്നലെ സൂര്യന്‍ അസ്തമിച്ച് ഒരു മണിക്കൂറും 13 മിനിറ്റും കഴിയുവോളം ഹിലാല്‍ ആകാശത്തുണ്ടായിരുന്നു.
    ഇന്ന് സൂര്യന്‍ അസ്തമിച്ച് രണ്ടു മണിക്കൂറും ഒരു മിനിറ്റും കഴിയുവോളം ഹിലാല്‍ ആകാശത്തുണ്ടായിരിക്കും.

    ഈ വിവരങ്ങള്‍ കൂടുതല്‍ വ്യക്തമായറിയാന്‍ ഈ ലിങ്കുകള്‍ ഉപയോഗിക്കുക:

    2012 മെയ് സൂര്യന്‍: http://www.timeanddate.com/worldclock/astronomy.html?n=1895&month=5&year=2012&obj=sun&afl=-11&day=1

    2012 മെയ് ചന്ദ്രന്‍: http://www.timeanddate.com/worldclock/astronomy.html?n=1895&month=5&year=2012&obj=moon&afl=-11&day=1

    ഖാദിമാരോടും ഹിലാല്‍ കമ്മിറ്റിക്കാരോടും ഒരപേക്ഷയുണ്ട്:
    കഴിഞ്ഞ ബലി പെരുന്നാളിന്‌ പറ്റിച്ചതു പോലെ പറ്റിക്കരുത്.
    കണ്ണിനെ മാത്രമല്ല കണക്കിനെയും ബുദ്ധിയെയും വിശ്വസിക്കാവുന്നതാണ്‌.

    മുസ്‌ലിം ബഹുജനത്തോടുമുണ്ട് ഒരപേക്ഷ:
    നമുക്ക് നേരം വെളുത്തതിന്നു ശേഷം മാത്രമേ ഖാദിമാര്‍ക്കും ഹിലാല്‍ കമ്മിറ്റിക്കും നേരം വെളുക്കുകയുള്ളു.
    അതുകൊണ്ട് നിങ്ങള്‍ ഉണര്‍ന്നിരിക്കുന്നു എന്ന് നേതാക്കന്മാരെ അറിയിക്കുക.

    ReplyDelete
  3. ഹജ്ജത്തുല്‍ വിദ്ദാഅ‌ - പ്രവാചകന്‍റെ ഹജ്ജ് ഏത് ദിവസമായിരുന്നു - ചര്‍ച്ച
    Link to the post
    http://islamic-month.blogspot.com/2011/11/blog-post_6462.html

    ഹജ്ജത്തുല്‍ വിദ്ദാഅ‌ - പ്രവാചകന്‍റെ ഹജ്ജ് ഏത് ദിവസമായിരുന്നു - ചര്‍ച്ച
    .
    ഹജ്ജത്തുല്‍ വിദ്ദാഅ‌ - പ്രവാചകന്‍റെ ഹജ്ജ് ഏത് ദിവസമായിരുന്നു എന്ന വിഷയത്തിലൂടെ ഹിജ്‍റ കമ്മറ്റിയുടെ മാസനിര്‍ണ്ണയരീതിയെ ശബാബ് വിലയിരുത്തിയിരുന്നു.അതിനോട് ഹിജ്‍റ കമ്മറ്റി പ്രതികരിക്കുകയും ചെയ്‍തത് ഇവിടെ.

    ന്യൂമൂണ്‍ കലണ്ടര്‍ : വാദം തകരുന്നു - അബ്ദുള്‍ ഹമീദ് മദീനി, കെ.പി.സക്കരിയ്യ - ശബാബ് 201൦ ഒക്‍ടോ 22.
    ന്യൂമൂണ്‍ വിധി പറയുന്നു - അബ്ദുള്‍ ഷുക്കുര്‍ , ശബാബ് 201൦ ഡിസംബര്‍ 3.
    നബിയുടെ അറഫ ന്യൂമൂണ്‍ കലണ്ടര്‍ വാദത്തിന്‍റെ മുനയൊടിക്കുന്നു -അബ്ദുള്‍ ഹമീദ് മദീനി, കെ.പി.സക്കരിയ്യ - ശബാബ് 2010 ഡിസം 10.
    ഹജ്ജത്തുല്‍ വിദാഅ‌; ന്യൂമൂണ്‍ വിധി പറയുന്നു - അബ്ദുള്‍ ഷുക്കുര്‍ - ഹിജ്‍റ കമ്മറ്റി പ്രസിദ്ധീകരണം.

    ReplyDelete
  4. ക്രി.വ. 632 ഫെബ്രുവരി 25 ചൊവ്വാഴ്‌ച അസ്‌തമിച്ച ശേഷമുള്ള രാത്രി മക്ക സമയം 12 മണിക്കാണ്‌ ന്യൂമൂണ്‍. അതിനാല്‍ തന്നെ ആ അസ്‌തമയസമയത്ത് ഹിലാല്‍ കാണുമായിരുന്നില്ല. പിന്നെ അടുത്ത സന്ധ്യക്കാണ്‌ സാദ്ധ്യതയുള്ളത്. അപ്പോഴേക്കും ചന്ദ്രന്‌ 18 മണിക്കൂറിലേറെ പ്രായമായിട്ടുണ്ടായിരുന്നു. അതിനാല്‍ 40-45 മിനിറ്റ് നേരം കാണാനുള്ള സാദ്ധ്യതയുണ്ടായിരുന്നു.

    സമാനമായ ഒരു സംഭവം 2011 ലുണ്ടായിരുന്നു. ആ വര്‍ഷം ഡിസംബര്‍ 24 ന്‌ ഐ.എസ്.ടി 23:36 ന്‌ ആയിരുന്നു ന്യൂമൂണ്‍. അടുത്ത ദിവസം കോഴിക്കോട്ട് സൂര്യാസ്‌തമയം 18:11 നും ചന്ദ്രാസ്‌തമയം 18:54 നും ആയിരുന്നു. അതായത് സൂര്യാസ്‌തമയ ശേഷം 43 മിനിറ്റ് നേരം ചന്ദ്രന്‍ ആകാശത്തുണ്ടായിരുന്നു. 632 ഫെബ്രുവരി 26 നും ഇതേ പോലെ സാദ്ധ്യതയുണ്ടായിരുന്നുവെന്ന് അനുമാനിക്കാം. ഹിലാല്‍ കണ്ടതിന്ന് ശേഷം മാസം ആരംഭിക്കുന്നതല്ലാത്ത ഒരു ശൈലി പ്രവാചകചരിത്രത്തില്‍ കണ്ടെത്താന്‍ കഴിയുകയില്ല. അതായത് ഫെബ്രുവരി 27 ന്‌ വ്യാഴാഴ്‌ച ദുല്‍ഹിജ്ജ ഒന്ന് ആയിരുന്നിരിക്കാനുള്ള സാദ്ധ്യത തെളിയുന്നുണ്ട്. അപ്പോള്‍ രണ്ടാമത്തെ വെള്ളിയാഴ്‌ച ദുല്‍ഹിജ്ജ ഒമ്പത് അഥവാ അറഫാദിനം ആയിട്ടുണ്ടാവും.

    വ്യാഴാഴ്‌ചയായിരുന്നു അറഫാ ദിനം എന്ന് വാദിക്കുന്നവര്‍ എന്തിനെ അടിസ്ഥാനമാക്കിയായിരുന്നു നബി ദുല്‍ഹിജ്ജ ഒന്ന് തീരുമാനിച്ചത് എന്നതിന്ന് തെളിവ് ഹാജറാക്കണം. അതേ ശൈലിയി തന്നെയായിരുന്നു നബി നോമ്പും പെരുന്നാളും കണക്കാക്കിയിരുന്നത് എന്നും തെളിയിക്കണം.

    ReplyDelete
  5. Ali Koya എ.ഡി. 632 ലെ ദുല്‍ഹജ്ജ് തുടങ്ങിയത് എന്നായിരുന്നു എന്നതാണ്‌ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരേയൊരു കാര്യം.

    ഹിലാല്‍ കാണുന്നതിനു മുമ്പ് ദുല്‍ ഹിജ്ജ മാസം ആരംഭിക്കാന്‍ നബി തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതിന്‌ തെളിവ് കൊണ്ടുവരൂ.
    July 30 at 1:40pm · Like

    Anees Aluva: ‎>>>Ali Koya എ.ഡി. 632 ലെ ദുല്‍ഹജ്ജ് തുടങ്ങിയത് എന്നായിരുന്നു എന്നതാണ്‌ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരേയൊരു കാര്യം.<<<
    10ആം തിയതി മനസ്സിലായാല്‍ പിന്നോട്ട് എണ്ണിയാല്‍ 1 കിട്ടുമല്ലോ?

    >>Ali Koya പ്രവാചകന്റെ വിടവാങ്ങല്‍ ഹജ്ജ്‌ നടന്നത് ഹിജ്‌റ 10 ല്‍ ആണ്‌. ആ വര്‍ഷം അറഫാ ദിനം വെള്ളിയാഴ്ചയായിരുന്നു. ആ ഹജ്ജ് കാലം സൂചിപ്പിച്ചുകൊണ്ട് നബി (സ) പറഞ്ഞു: 'കാലം, അല്ലാഹു സൃഷ്ടിച്ച രൂപത്തില്‍ കറങ്ങിയെത്തിയിരിക്കുന്നു'. അഥവാ തിയ്യതി കൃത്യമായിരിക്കുന്നു. <<<
    ------------------------------------------
    വിശുദ്ധ ഖുര്‍ആന്‍ 9:4 ന്‍റെ വിശദീകരണത്തില്‍ നിന്ന് തഫ്ഹീമുല്‍ ഖുര്‍ആന്‍ ..കുറിപ്പ് 4
    "4. അതായത്, യൌമുന്നഹ്ര്‍ എന്നറിയപ്പെടുന്ന ദുല്‍ഹജജ് പത്താം ദിവസം. ഹജ്ജതുല്‍വദാഇലെ പ്രസംഗമധ്യേ ഇതേത് ദിവസമാണെന്ന് തിരുമേനി സദസ്യരോട് ചോദിച്ചതായും നഹ്ര്‍ ദിവസമെന്ന് അവര്‍ മറുപടി പറഞ്ഞതായും അപ്പോള്‍ هَـذَا يَوْمَ الحَجُ الاَكْبَر (വലിയ ഹജ്ജ് ദിനമാണിത്) എന്ന് അവിടുന്ന് പറഞ്ഞുവെന്നും ഹദീസില്‍ വന്നിരിക്കുന്നു.."
    -------------------------

    The Prophet (Sallalaahu alaihi wa sallam) stood at Arafat on Thursday, 9th of Zul Hijjah 10 H. He (sallallaahu alaihi wa sallam) gave a speech on 10th of Zul Hijjah on Friday. Ibn Kathir explains in his Tafsir on 9:36 verse explanation:

    “ Imam Ahmad recorded that Abu Bakrah said that the Prophet said in a speech during his Hajj,
    (The division of time has turned to its original form which was current when Allah created the heavens and the earth. The year is of twelve months, out of which four months are sacred: Three are in succession Dhul-Qa`dah, Dhul-Hijjah and Muharram, and (the fourth is) Rajab of (the tribe of) Mudar which comes between Jumada (Ath-Thaniyah) and Sha`ban.'' The Prophet then asked, (What is the day today') We said, "Allah and His Messenger know better. He kept quiet until we thought that he might give that day another name. He said (Isn't it the day of Nahr) We replied, "Yes.'' ……..
    UNQUOTE
    As per authentic hadeeth, the day of creation was Friday and from the above it is clear that 10th Zul Hijjah (Day of Nahr) fell on a Friday. It also proves that the Arafat Day (9th Zul Hijjah) fell on Thursday during Hajjathul Wida.

    I have quoted this information from an email. What is your opinion Ali koya sahib...
    July 31 at 6:44am · Like · 1

    Anees Aluva ‎Ali Koya & Fahad Bin Musthafa
    July 31 at 6:45am · Like

    Ali Koya: ഹിജ്‌റ പത്താം വര്‍ഷം ദുല്‍ഹിജ്ജ ഒമ്പത് ഒരു വ്യാഴാഴ്‌ചയായിരുന്നു എന്നതിന്നുള്ള തെളിവ് നല്‌കുക. മൌലാനാ മൌദൂദി, ഇമാം ഇബ്‌നു കസീര്‍, ഇമാം അഹ്‌മദ് - എല്ലാവരെയും താങ്കള്‍ ഉദ്ധരിച്ചു. പക്ഷേ തെളിവ് മാത്രം ഇനിയും കിട്ടിയിട്ടില്ല. അതായത്, ഇത് (The Prophet (Sallalaahu alaihi wa sallam) stood at Arafat on Thursday, 9th of Zul Hijjah 10 H. He (sallallaahu alaihi wa sallam) gave a speech on 10th of Zul Hijjah on Friday.) താങ്കളുടെ വാദമാണ്‌. അതിന്നുള്ള തെളിവാണ്‌ കിട്ടേണ്ടത്.

    ReplyDelete
  6. Ali Koya ‎''കാലങ്ങള്‍ കറങ്ങിക്കൊണ്ടു ഇന്നിതാ വാനങ്ങളും ഭൂമിയും സൃഷ്ടിക്കപ്പെട്ട നാളില്‍ ഉള്ളതുപോലെയായിരിക്കുന്നു'' എന്നും നബി (സ) അറിയിച്ചു. 'ഇന്നത്തെ ദിവസം ഏതാണ്‌?' നബി (സ) ദിവസത്തിന്റെ പേര്‌ വേറെ എന്തോ പറയാന്‍ പോകയാണെന്നു കരുതി ജനങ്ങള്‍ പറഞ്ഞു: അല്ലാഹുവിനും റസൂലിനും അധികം അറിയാം. അപ്പോള്‍ നബി (സ) അറിയിച്ചു: ഇന്ന് അതേ ദിവസം തന്നെയാണ്‌. അതായത് അതു വെള്ളിയാഴ്‌ച തന്നെയാണ്‌. അപ്പോള്‍ അന്നത്തെ ദിവസം വെള്ളിയാഴ്‌ചയാണെന്നതും ദുല്‍ഹജ്ജ് മാസം ഒമ്പതാം തീയതിയാണെന്നതും ഇപ്പോള്‍ നബി (സ)യില്‍ നിന്ന് നമുക്കറിയുകയാണ്‌.

    ReplyDelete
  7. Anees Aluva ‎>> ''കാലങ്ങള്‍ കറങ്ങിക്കൊണ്ടു ഇന്നിതാ വാനങ്ങളും ഭൂമിയും സൃഷ്ടിക്കപ്പെട്ട നാളില്‍ ഉള്ളതുപോലെയായിരിക്കുന്നു'' എന്നും നബി (സ) അറിയിച്ചു...... അപ്പോള്‍ അന്നത്തെ ദിവസം വെള്ളിയാഴ്‌ചയാണെന്നതും ദുല്‍ഹജ്ജ് മാസം ഒമ്പതാം തീയതിയാണെന്നതും ഇപ്പോള്‍ നബി (സ)യില്‍ നിന്ന് നമുക്കറിയുകയാണ്‌.<<

    ഈ അറിവിന്റെ reference ഏതാണ്? അതിന്റെ അറബി മൂലവും, മലയാള പരിഭാഷയും നൽകാമോ?

    ReplyDelete
  8. Ali Koya ഈ പറഞ്ഞത് സത്യമാണോ അല്ലേ? അനീസ് എന്ത് പറയുന്നു?
    4 hours ago · Like

    Anees Aluva താങ്കൾ എന്ത് തെളിവിന്റെ അടിസ്ഥാനത്തിൽ പറയുന്നു എന്ന് അറിയാനാണ് reference ചോദിച്ചത്.
    4 hours ago · Like

    Ali Koya അതായത് AD 632 ദുല്‍ഹിജ്ജ ഒമ്പത് വെള്ളിയാഴ്‌ചയായിരുന്നു എന്ന എന്റെ വാദത്തോട് യോജിക്കുണ്ടോ?
    മേല്‍ കൊടുത്ത എന്റെ കമന്റിനെക്കുറിച്ച് എന്ത് പറയുന്നു?
    അത് ശരിയാണോ?
    ശരിയാകാന്‍ വല സാദ്ധ്യതയുമുള്ളതാണോ?
    അതല്ല; തള്ളിക്കളയേണ്ട വ്യാജമാണോ?
    4 hours ago · Edited · Like

    Anees Aluva വ്യാജമാണോ അല്ലേ എന്ന് അൻവേഷിക്കാൻ ആണ് തെളിവ് -reference ചോദിച്ചത്. Reference ലഭിച്ച ശേഷം പഠിക്കാൻ ശ്രമിക്കാം.
    4 hours ago · Like

    Ali Koya തെളിവുണ്ടോ എന്ന് പിന്നീട് അന്വേഷികാം. ഈ വാദത്തോട് അനീസിന്ന് യോജിപ്പുണ്ടോ?
    ഈ വിഷയത്തെക്കുറിച്ചുള്ള എന്റെ പോസ്റ്റ് വായിക്കുക: http://themessage77.blogspot.in/2012/05/blog-post_15.html

    ReplyDelete
  9. Alikoya: ''കാലങ്ങള്‍ കറങ്ങിക്കൊണ്ടു ഇന്നിതാ വാനങ്ങളും ഭൂമിയും സൃഷ്ടിക്കപ്പെട്ട നാളില്‍ ഉള്ളതുപോലെയായിരിക്കുന്നു'' എന്നും നബി (സ) അറിയിച്ചു. 'ഇന്നത്തെ ദിവസം ഏതാണ്‌?' നബി (സ) ദിവസത്തിന്റെ പേര്‌ വേറെ എന്തോ പറയാന്‍ പോകയാണെന്നു കരുതി ജനങ്ങള്‍ പറഞ്ഞു: അല്ലാഹുവിനും റസൂലിനും അധികം അറിയാം. അപ്പോള്‍ നബി (സ) അറിയിച്ചു: ഇന്ന് അതേ ദിവസം തന്നെയാണ്‌. അതായത് അതു വെള്ളിയാഴ്‌ച തന്നെയാണ്‌. അപ്പോള്‍ അന്നത്തെ ദിവസം വെള്ളിയാഴ്‌ചയാണെന്നതും ദുല്‍ഹജ്ജ് മാസം ഒമ്പതാം തീയതിയാണെന്നതും ഇപ്പോള്‍ നബി (സ)യില്‍ നിന്ന് നമുക്കറിയുകയാണ്‌.

    Anees Aluva: ഇത് എന്ന് , ഏത് ദിവസം , എവിടെ വച്ച് റസൂല്‍ (സ) പറഞ്ഞു.???

    Alikoya: ഏതു ദിവസമാണ്‌ പറഞ്ഞെതെന്ന് ഇത് വായിച്ചിട്ടും മനസ്സിലായില്ലേ?
    ഹജ്ജത്തുല്‍ വിദാഇലാണല്ലോ സംഭവം; എന്നിരിക്കെ, പറഞ്ഞ ദിവസം മനസ്സിലായാല്‍ സ്ഥലം മനസ്സിലാക്കാന്‍ കഴിയില്ലേ?
    അല്‍പ്പം പോലും ചിന്താശേഷി ഇല്ലേ?

    ReplyDelete
  10. Anees Aluva ‎>> ''കാലങ്ങള്‍ കറങ്ങിക്കൊണ്ടു ഇന്നിതാ വാനങ്ങളും ഭൂമിയും സൃഷ്ടിക്കപ്പെട്ട നാളില്‍ ഉള്ളതുപോലെയായിരിക്കുന്നു'' എന്നും നബി (സ) അറിയിച്ചു...... അപ്പോള്‍ അന്നത്തെ ദിവസം വെള്ളിയാഴ്‌ചയാണെന്നതും ദുല്‍ഹജ്ജ് മാസം ഒമ്പതാം തീയതിയാണെന്നതും ഇപ്പോള്‍ നബി (സ)യില്‍ നിന്ന് നമുക്കറിയുകയാണ്‌.<<

    ഈ അറിവിന്റെ reference ഏതാണ്? അതിന്റെ അറബി മൂലവും, മലയാള പരിഭാഷയും നൽകാമോ?
    3 hours ago · Like

    Ali Koya ഈ വാദം അനീസിന്ന് സമ്മതമാണെങ്കില്‍ പിന്നെ റഫറന്‍സും തേടി നടക്കേണ്ട ആവശ്യം എനിക്കില്ല. ഇനി സമ്മതമല്ലെങ്കില്‍ അതിന്നൊരു കാരണമുണ്ടാകുമല്ലോ. എന്തുകൊണ്ട് സമ്മതമല്ലെന്ന് പറയേണ്ടത് അനീസ് തന്നെയാണ്‌.
    2 hours ago · Like

    Anees Aluva അലി ക്കോയ സാഹിബ് പറഞ്ഞു, അതിനാൽ വിശ്വസിക്കുന്നു എന്ന് എനിക്ക് കരുതാവതല്ലല്ലോ. താങ്കൾ റെഫറൻസ് തരുന്നെങ്കിൽ നൽകുക. അത് കണ്ടിട്ട് , കൂടുതൽ അന്വേഷണം നടത്തി ഞാൻ പഠിക്കാം. വെറുതെ സമയം കളയല്ലേ..
    2 hours ago · Like

    Ali Koya സമയം കളയാതെ എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയൂ.
    2 hours ago · Like

    ReplyDelete
  11. Ali Koya എന്റെ കമന്റില്‍ പറഞ്ഞത് സത്യമാണെങ്കില്‍ 'അമാവാസി കഴിഞ്ഞാല്‍ പിറ്റേന്ന് ഒന്നാം തിയ്യതി' എന്ന സിദ്ധാന്തം തെറ്റാണെന്ന് വരും.
    ഹിലാല്‍ കണ്ടതിന്റെ ശേഷം മാത്രമേ മാസം പിറക്കുകയുള്ളു എന്ന് തെളിയുകയും ചെയ്യും.
    അനീസ്, ഈ വിഷയത്തിലുള്ള നിങ്ങളുടെ ആളുകളുടെ അഭിപ്രായം വളരെ നിര്‍ണ്ണായകമാണ്‌.
    about an hour ago · Like · 1

    Anees Aluva ‎1) >> ''കാലങ്ങള്‍ കറങ്ങിക്കൊണ്ടു ഇന്നിതാ വാനങ്ങളും ഭൂമിയും സൃഷ്ടിക്കപ്പെട്ട നാളില്‍ ഉള്ളതുപോലെയായിരിക്കുന്നു'' എന്നും നബി (സ) അറിയിച്ചു...... അപ്പോള്‍ അന്നത്തെ ദിവസം വെള്ളിയാഴ്‌ചയാണെന്നതും ദുല്‍ഹജ്ജ് മാസം ഒമ്പതാം തീയതിയാണെന്നതും ഇപ്പോള്‍ നബി (സ)യില്‍ നിന്ന് നമുക്കറിയുകയാണ്‌.<<

    ഈ അറിവിന്റെ reference ഏതാണ്? അതിന്റെ അറബി മൂലവും, മലയാള പരിഭാഷയും നൽകാമോ?

    2) 'അമാവാസി കഴിഞ്ഞാല്‍ പിറ്റേന്ന് ഒന്നാം തിയ്യതി' ആകാൻ പാടില്ല എന്ന് ഒരു സിദ്ധാന്തമൊന്നുമില്ല. ഇക്കഴിഞ്ഞ റമളാൻ 1 സൗദിയിൽ തുടങ്ങിയത് 'അമാവാസി കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെയായിരുന്നു. അതിലേക്ക് കയറി വിഷയം വഴി മാറേണ്ട.

    താങ്കൾ എഴുതിയതിന്റെ തെളിവ് തരിക.
    about an hour ago · Like

    Ali Koya റഫറന്‍സ് നിങ്ങള്‍ തിരഞ്ഞോളൂ. നിങ്ങളുടെ പരിശോധനയില്‍ ഇങ്ങനെയൊരുദ്ധരണി ഇതുവരെ കണ്ടിട്ടില്ലേ?
    കണ്ടിട്ടില്ലെങ്കില്‍ അത് പറയണം.

    എനിക്കറിയേണ്ടത് ഒരു കാര്യം മാത്രമാണ്‌; ഈ പ്രസ്താവനയോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ?
    ഈ വിഷയത്തെക്കുറിച്ച് പഠിച്ചു കഴിഞ്ഞവരും ഗവേഷണം നടത്തി നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തിയവരും വാദപ്രതിവാദവീരന്മാരും എല്ലാമെല്ലാമാണല്ലോ താങ്കളും സംഘവും. പറയൂ; ഇത് ശരിയോ തെറ്റോ?
    അത് പറയാന്‍ കഴിയില്ലെങ്കില്‍, അഥവാ മേല്‍ പ്രസ്‌താവന ശരിയോ തെറ്റോ എന്ന് പറയാന്‍ നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ ഈ വിഷയത്തില്‍ മേലില്‍ തര്‍ക്കിക്കാന്‍ നില്‍ക്കരുത്.
    18 minutes ago · Like

    ReplyDelete
  12. ക്രി.വ. 632 ഫെബ്രുവരി 25 ചൊവ്വാഴ്‌ച അസ്‌തമിച്ച ശേഷമുള്ള രാത്രി മക്ക സമയം 12 മണിക്കാണ്‌ ന്യൂമൂണ്‍. അതിനാല്‍ തന്നെ ആ അസ്‌തമയസമയത്ത് ഹിലാല്‍ കാണുമായിരുന്നില്ല. പിന്നെ അടുത്ത സന്ധ്യക്കാണ്‌ സാദ്ധ്യതയുള്ളത്. അപ്പോഴേക്കും ചന്ദ്രന്‌ 18 മണിക്കൂറിലേറെ പ്രായമായിട്ടുണ്ടായിരുന്നു. അതിനാല്‍ 40-45 മിനിറ്റ് നേരം കാണാനുള്ള സാദ്ധ്യതയുണ്ടായിരുന്നു.

    സമാനമായ ഒരു സംഭവം 2011 ലുണ്ടായിരുന്നു. ആ വര്‍ഷം ഡിസംബര്‍ 24 ന്‌ ഐ.എസ്.ടി 23:36 ന്‌ ആയിരുന്നു ന്യൂമൂണ്‍. അടുത്ത ദിവസം കോഴിക്കോട്ട് സൂര്യാസ്‌തമയം 18:11 നും ചന്ദ്രാസ്‌തമയം 18:54 നും ആയിരുന്നു. അതായത് സൂര്യാസ്‌തമയ ശേഷം 43 മിനിറ്റ് നേരം ചന്ദ്രന്‍ ആകാശത്തുണ്ടായിരുന്നു. 632 ഫെബ്രുവരി 26 നും ഇതേ പോലെ സാദ്ധ്യതയുണ്ടായിരുന്നുവെന്ന് അനുമാനിക്കാം. ഹിലാല്‍ കണ്ടതിന്ന് ശേഷം മാസം ആരംഭിക്കുന്നതല്ലാത്ത ഒരു ശൈലി പ്രവാചകചരിത്രത്തില്‍ കണ്ടെത്താന്‍ കഴിയുകയില്ല. അതായത് ഫെബ്രുവരി 27 ന്‌ വ്യാഴാഴ്‌ച ദുല്‍ഹിജ്ജ ഒന്ന് ആയിരുന്നിരിക്കാനുള്ള സാദ്ധ്യത തെളിയുന്നുണ്ട്. അപ്പോള്‍ രണ്ടാമത്തെ വെള്ളിയാഴ്‌ച ദുല്‍ഹിജ്ജ ഒമ്പത് അഥവാ അറഫാദിനം ആയിട്ടുണ്ടാവും.

    ReplyDelete
  13. അല്ലാഹുവില്‍നിന്നും അവന്റെ ദൂതനില്‍നിന്നും സകല ജനങ്ങള്‍ക്കുമായി മഹാ ഹജ്ജ്ദിനത്തിലുള്ള പൊതുവിളംബരമാണിത്. (തൌബ 3) ഈ ആയത്തിലാണല്ലോ ഹജ്ജുല്‍ അക്‌ബര്‍ (വലിയ ഹജ്ജ്) എന്ന പ്രയോഗമുള്ളത്. എന്താണ്‌ ഹജ്ജുല്‍ അക്‌ബര്‍ എന്നത് സഹാബികളുടെ കാലം മുതല്‍ തന്നെ തര്‍ക്കമുള്ള വിഷയമാണ്‌.
    1. അറഫയാണ്‌ ഉദ്ദേശ്യമെന്ന് ചിലര്‍.
    2. ബലിദിനമാണുദ്ദേശ്യമെന്ന് (യൌമുന്നഹ്‌റ്‌) മറ്റു ചിലര്‍.
    3. ഹിജ്‌റ 9 ല്‍ മുശ്‌രിക്കുകളുടെ ഹജ്ജും മുസ്‌ലിംകളുടെ ഹജ്ജും സമാന്തരമായി നടന്നതിനാലാണ്‌ ഹജ്ജുല്‍ അക്‌ബര്‍ എന്ന് വിളിക്കുന്നതെന്ന് മറ്റു ചിലര്‍, ആ വര്‍ഷത്തെ ഹജ്ജിനെ സൂചിപ്പിച്ചാണല്ലോ ഈ പ്രയോഗം ഖുര്‍ആനില്‍ വന്നത്. തൌബയിലെ നാല്‍പ്പത് ആയത്തുകള്‍ അവതരിച്ചത് ആ വര്‍ഷമാണ്‌. അലിയായിരുന്നു അവ ഹജ്ജ് വേളയില്‍ വിളംബരം ചെയ്‌തത്.
    4. ഹജ്ജും ഉംറയും ഒരുമിച്ച് (ഖിറാന്‍) നിര്‍വഹിക്കുന്നതിന്റെ പേരാണിതെന്ന് ഇനിയും ചിലര്‍.
    5. വേറെ ചിലര്‍ പറയുന്നത് ഹജ്ജുല്‍ അക്‌ബര്‍ എന്നാല്‍ ഹജ്ജ് തന്നെയാണെന്നും ഹജ്ജുല്‍ അസ്‌ഗര്‍ (ചെറിയ ഹജ്ജ്) ഉംറയാണെന്നുമാണ്‌.

    ReplyDelete
  14. ‎''കാലങ്ങള്‍ കറങ്ങിക്കൊണ്ടു ഇന്നിതാ വാനങ്ങളും ഭൂമിയും സൃഷ്ടിക്കപ്പെട്ട നാളില്‍ ഉള്ളതുപോലെയായിരിക്കുന്നു'' എന്നും നബി (സ) അറിയിച്ചു. 'ഇന്നത്തെ ദിവസം ഏതാണ്‌?' നബി (സ) ദിവസത്തിന്റെ പേര്‌ വേറെ എന്തോ പറയാന്‍ പോകയാണെന്നു കരുതി ജനങ്ങള്‍ പറഞ്ഞു: അല്ലാഹുവിനും റസൂലിനും അധികം അറിയാം. അപ്പോള്‍ നബി (സ) അറിയിച്ചു: ഇന്ന് അതേ ദിവസം തന്നെയാണ്‌. അതായത് അതു വെള്ളിയാഴ്‌ച തന്നെയാണ്‌. അപ്പോള്‍ അന്നത്തെ ദിവസം വെള്ളിയാഴ്‌ചയാണെന്നതും ദുല്‍ഹജ്ജ് മാസം ഒമ്പതാം തീയതിയാണെന്നതും ഇപ്പോള്‍ നബി (സ)യില്‍ നിന്ന് നമുക്കറിയുകയാണ്‌."

    ഈ ഭാഗം അലി മണിക്‌ഫാന്റെ പുസ്‌തകത്തില്‍ നിന്നാണ്‌ ഞാനുദ്ധരിച്ചത്. (ചന്ദ്രമാസപ്പിറവി പേജ് 19) നിങ്ങളുടെ ആചാര്യന്റെ വാക്ക് തന്നെ നിങ്ങള്‍ക്കെതിരാണെന്ന് കാണിക്കാനാണ്‌ അതുദ്ധരിച്ചത്. പക്ഷേ, അത് ആചാര്യവചനമാണെന്ന് ശീഷ്യന്മാര്‍ തിരിച്ചറിഞ്ഞിരുന്നില്ല. കഷ്ടം!
    ഇത് പറഞ്ഞത് വെള്ളിയാഴ്‌ചയാണെന്ന് ഇതിലുണ്ട്; അതോടൊപ്പം ആ വെള്ളിയാഴ്‌ച അറഫാ ദിനമാണെന്നുമുണ്ട്. നിങ്ങള്‍ നവമണിക്‌ഫാനികള്‍ വാദിക്കുന്നത്; അന്നത്തെ അറഫ വ്യാഴാഴ്‌ചയും നഹ്‌റ്‌ വെള്ളിയാഴ്‌ചയുമായിരുന്നു എന്നാണ്‌. അതിനാണ്‌ തെളിവ് കിട്ടേണ്ടത്. നിങ്ങളുടെ വാദം ഇപ്പോള്‍ സ്ഥാപിക്കപ്പെടുകയല്ല; തകര്‍ക്കപ്പെടുകയാണ്‌ ചെയ്‌തിട്ടൂള്ളത്.

    ReplyDelete