Tuesday, October 22, 2013

അവരും നമ്മളും

കഥ?/ കെ.കെ. ആലിക്കോയ


'ഓഹ്, എന്തൊരു കഷ്ടമാണിത്?'

'എന്തു പറ്റി ചേട്ടാ?'

'ഇനിയെന്ത് പറ്റാനാണ്‌?'

'എനിക്കൊന്നും മനസ്സിലായില്ല.'

'അതൊരു പുതുമയുള്ള കാര്യമല്ലല്ലോ.'

'ഏത്?'

'നിനക്ക് മനസ്സിലാകാതെ പോകുന്നത്.'

'ചേട്ടാ, ഞാനിത്തിരി ബിസിയാണ്‌. ഇവിടത്തെ ജോലി ഒതുക്കിയിട്ടു വേണം അങ്ങേതിലെ നഫീസക്ക് ഇത്തിരി സഹായം ചെയ്‌തുകൊടുക്കാന്‍.'

'അവിടെ നഫീസയില്ലേ? പിന്നെന്തിനാണ്‌ നിന്റെ സഹായം?'

'നഫീസയുടെ ചെറിയ കുട്ടിക്ക് പനിയാണ്‌. അതവളെ അനങ്ങാന്‍ സമ്മതിക്കുന്നില്ല.'

'എന്നാല്‍ ചെല്ല്‌.'

'അല്ല; ചേട്ടനെന്നോട് എന്തോ ഒന്ന് പറയാന്‍ തുടങ്ങിയിരുന്നല്ലോ; അത് മറന്നോ?'

'അത് സോമാലിയയുടെ കാര്യമാണ്‌.'

'സോമാലിയയോ അതാരാ? ആണോ പെണ്ണോ?'

'നസീറിന്റെ ശൈലിയില്‍ മണ്ടിപ്പെണ്ണേ എന്ന് വിളിക്കേണ്ടത് നിന്നെയാണ്‌. എടീ, സോമാലിയ ഒരു സ്ഥലനാമമാണ്‌.'

'അതെവിടെയാ? കേരളത്തിലാണോ?'

'ഹ ഹ ഹ, സോമാലിയ കേരളത്തിലാണോന്ന്. അല്ലടീ, അത് ആഫ്രിക്കയിലാണ്‌.'

'ചേട്ടനവിടെ വല്ല ജോലിയും കിട്ടിയോ? എന്നാല്‍ നമ്മുടെ കഷ്ടപ്പാട് മാറുമായിരുനു.'

'എടീ, അതൊരു പട്ടിണിരാജ്യമാണ്‌. ഒരു പക്ഷേ, ലോകത്തിലെ ഏറ്റവും കടുത്ത പട്ടിണിരാജ്യം.'

'പട്ടിണി കണ്ടുപിടിച്ചത് അവരാണോ?'

'ഛെ, നീ തമാശ കള.'

'ശരി, കളഞ്ഞു. ചേട്ടന്‍ ഒന്ന് വേഗം പറ. നഫീസയുടെ കുഞ്ഞ് പിന്നെയും കരയുന്നു.'

'അന്താരാഷ്ട്ര കാര്യങ്ങള്‍ സംസാരിക്കുന്നതിന്നിടയിലാണോ അയല്‍ വീട്ടിലെ കാര്യം കടന്നുവരുന്നത്?'

'സോറി ചേട്ടാ, പറയൂ, കേള്‍ക്കട്ടെ.'

'ഹൊ, അവിടെ നിന്നുള്ള സങ്കടപ്പെടുത്തുന്ന മൂന്നു വാര്‍ത്തകളാണ്‌ ഇന്നത്തെ പത്രത്തിലുള്ളത്. ഒന്ന്: അവിടെ ഒരു ഗ്രാമത്തില്‍ മാത്രം കഴിഞ്ഞ മാസം 480 പേര്‍ പട്ടിണിമൂലം മരണപ്പെട്ടിരിക്കുന്നു. രണ്ട്: പകര്‍ച്ചപ്പനി.....'

'എന്റെ പൊന്നു ചേട്ടാ, സോമാലിയയിലെയും അങ്കമാലിയിലെയും വാര്‍ത്തകളും പിന്നെ അവയെക്കുറിച്ചുള്ള ചേട്ടനെഴുതുന്ന കവിതകളും കേട്ടിരിക്കാന്‍ എനിക്ക് ഇപ്പോള്‍ നേരമില്ല.'

'എന്താടീ എന്റെ കവിത മോശമാണോ?'

'അതുകൊണ്ടല്ല ചേട്ടാ; നേരമില്ലാഞ്ഞിട്ടാണ്‌. ചേട്ടന്‌ കവലയില്‍ ചെന്നിരുന്ന് വൈകുന്നേരം വരെ ആരെയെങ്കിലുമൊക്കെ ചൊല്ലിക്കേള്‍പ്പിക്കാമല്ലോ. വാസുവേട്ടനും മൂസക്കയും മറ്റു പലരും ഉണ്ടാവുമല്ലോ അവിടെ.'

'നീയെന്റെ ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തെ പരിഹസിക്കരുത്.'

'ആവിക്കാരന്റെ സ്വാതന്ത്ര്യമോ? അതെന്താണെന്നു തന്നെ എനിക്കറിയില്ല. പിന്നെങ്ങനെയാണ്‌ ഞാനതിനെ പരിഹസിക്കുക?'

'നീ എന്താ പറഞ്ഞത്? ആവിക്കാരന്റെ സ്വാതന്ത്ര്യമോ? ഇങ്ങു വാ, ഞാന്‍ പറഞ്ഞുതരാം.'

'അതൊന്നും എന്റെ തലയില്‍ കേറില്ല ചേട്ടാ.'

'എങ്കില്‍ അത് വിട്ടുകളയാം.'

'ചേട്ടനുള്ള ചോറും കറിയും കാസ്‌റോളില്‍ വെച്ചിട്ടുണ്ട് കെട്ടോ. ഉച്ചയ്ക്ക് വന്ന് എടുത്ത് കഴിക്കണേ.'

'അതിരിക്കട്ടെ, നീ എന്റെ ഷര്‍ട്ടും പേന്റും തേച്ച് വെച്ചിട്ടുണ്ടോ?'

'ഇല്ലല്ലോ ചേട്ടാ.'

'എന്നാല്‍ അതുകൂടി ചെയ്‌തിട്ട് എന്റെ മോള്‌ ജോലിക്ക് പോയാല്‍ മതി.'

'ചിരട്ട കത്തിച്ച് പെട്ടി ചൂടാക്കി ഇസ്‌തിരിയിടാന്‍ നിന്നാല്‍ ഇന്ന് പത്തു മണിക്കു പോലും എനിക്ക് ജോലിക്കെത്താന്‍ കഴിയില്ല. അങ്ങനെ വന്നാല്‍ ആറു മണി കഴിഞ്ഞേ മുതലാളി എന്നെ വിടുകയുള്ളു. അപ്പോള്‍ ചേട്ടനാരാണ്‌ വൈകുന്നേരം സമയത്തിന്‌ ചായയും കടിയും ഉണ്ടാക്കിത്തരുക?'

'ചായ ഞാന്‍ കടയില്‍ നിന്ന് കുടിച്ചോളാമെടീ.'

'അയ്യോ ചേട്ടാ അങ്ങനെ ചെയ്യല്ലേ. കഴിഞ്ഞ ആഴ്‌ചയില്‍ ചേട്ടന്റെ രണ്ടു ദിവസത്തെ ചായയുടെ കാഷ് കൊടുത്തപ്പോ എന്റെ കണ്ണ്‌ തള്ളിപ്പോയതാ. അത്രയും കാഷുണ്ടെങ്കില്‍ നമ്മുടെ ഒരു ദിവസത്തെ എല്ലാ ചെലവിനും അത് മതിയാകുമായിരുന്നു.'

'ഓഹോ, അപ്പോള്‍ നീയാണ്‌ ചെലവ് നടത്തുന്നതെന്ന അഹങ്കാരമാണ്‌ നിനക്ക്; അല്ലേ?'

'എന്റെ ചേട്ടനോട് ഞാനെപ്പോഴെങ്കിലും അഹങ്കാരം കാണിച്ചിട്ടുണ്ടോ?'

'ഇല്ലടീ.'

'പിന്നെന്തിനാണ്‌ അങ്ങനെയൊക്കെ പറയുന്നത്? എനിക്ക് സങ്കടമാവില്ലേ?'

'അതിരിക്കട്ടെ; എനിക്കനുയോജ്യമായ ഒരു ജോലി കിട്ടിയാല്‍ പിന്നെ നിന്നെ ഞാന്‍ ഒരു ജോലിക്കും വിടില്ല.'

'ചേട്ടന്‍ ഇന്നലത്തെ പത്രം വായിച്ചിരുന്നോ?'

'പിന്നില്ലാതെ?'

'എന്നാല്‍ ആ വാര്‍ത്ത ചേട്ടനും കണ്ടുകാണുമല്ലോ.'

'ഏതു വാര്‍ത്ത?'

'അന്യസംസ്ഥാന തൊഴിലാളികള്‍ ഒരു വര്‍ഷം കേരളത്തില്‍ നിന്ന് കടത്തിക്കൊണ്ടുപോകുന്നത് 20,000 കോടി രൂപയാണത്രെ.'

'ഛെ, അന്യസംസ്ഥാന തൊഴിലാളികള്‍ എന്ന കാഴ്‌ചപ്പടു തന്നെ തെറ്റാണ്‌. അതൊരു മാതിരി വിഘടനവാദപരമായാ കാഴ്‌ചപ്പാടാണ്‌. അവരും ഇന്ത്യക്കാരല്ലേ? എല്ലാ ഇന്ത്യകാരും നമ്മുടെ സഹോദരീ സഹോദരന്മാരാണെന്ന് നീ പഠിച്ചിട്ടില്ലേ?'

'അതെ പഠിച്ചിട്ടുണ്ട്; അതുകൊണ്ടാണ്‌ ചോദിക്കുന്നത്; അവരെപ്പോലെ ആകാന്‍ നമുക്കെന്തുകൊണ്ട് കഴിയുന്നില്ല?'

Wednesday, October 2, 2013

ഞമ്മക്ക് വേണ്ടാഅബുവിന്റെ ബാപ്പ വിറക് ശേഖരിച്ചാണ്‌ കുടുംബം പോറ്റിയിരുന്നത്. ഒരു ദിവസം ബാപ്പ കാട്ടിലേക്ക് പുറപ്പെടുമ്പോള്‍ അബു പറഞ്ഞു: 'ബാപ്പാ, ഞമ്മളും ബര്‌ന്ന്.'

'യ്യ് എങ്ങട്ടാ?'

'ങ്ങളൊപ്പം കാട്ട്‌ക്ക്; ബെറക് ബെട്ടാന്‍.'

'അനക്ക് ന്ന് പരീച്ച തൊടങ്ങ്വല്ലേ?'

'പരീക്ഷ നടക്കട്ടെ; ഞാനിനി സ്‌കൂള്‌ല് പോണ്‌ല്ല.'

'അതെന്താ?'

'പോയ്‌റ്റും ബല്യ കാര്യൊന്നൂല്ല. ഉദ്യോഗം കിട്ടാനൊക്കെ ബല്യ പാടാന്നാ കേക്കണത്.'

'യ്യ് പറഞ്ഞത് നേരാ. ഇപ്പള്‍ത്തെ കാലത്ത് പടിച്ചിട്ടൊന്നും ഒര്‌ കാര്യവുല്ല. യ്യ് കാട്ട്‌ക്ക് പോര്‌. ന്‌യ്ക്കൊര്‌ കൂട്ടാവൂലോ.'

ബാപ്പയുടെ വാക്കുകള്‍ കേട്ടപ്പോള്‍ തന്റെ തീരുമാനം വളരെ ശരിയായിരുന്നുവെന്ന് അവന്നു മനസ്സിലായി. അവന്നേറെ അഭിമാനവും തോന്നി. അഭിമാനത്തിന്റെ ആ മുഹൂര്‍ത്തത്തില്‍ രണ്ടു വിശിഷ്ടശബ്‌ദങ്ങള്‍ അവന്റെ കാതില്‍ മുഴങ്ങുന്നുണ്ടായിരുന്നു.

ഒന്ന് അവന്റെ വല്യുമ്മയുടെ ശബ്‌ദം: 'മോനേ, സ്കോള്‍ല് പോണം. ഒര്‌ കത്തെവുതാനും കണക്ക് കൂട്ടാനും ഒക്ക പഠിയ്ക്കണം. അയ്‌നേക്കാള്‍ തോന പടിയ്ക്കര്‍ത്. തോന പടിച്ചാ ബയ് പെയച്ച്വോവും.'

അതൊരു സാധാരണക്കാരിയുടെ വര്‍ത്തമാനം. ഇതിലേറെ ശബ്‌ദത്തില്‍ അവന്റെ കാതില്‍ മുഴങ്ങിയത് ഉസ്‌താദിന്റെ ആധികാരിക ശബ്‌ദമായിരുന്നു: 'ഇങ്‌ഗ്ലീഷ് പഠിച്ചാ മന്‌ഷന്‍ തല തിരിഞ്ഞ് പോകും. എന്താ, ങ്ങക്ക് സംശ്യൊണ്ടോ? ന്നാ നോക്ക്. 'എ,ബി' ഇങ്ങനെയല്ലേ ഇങ്‌ഗ്ലീഷ് പഠിയ്‌ക്കാന്‍ തൊടങ്ങണത്? പിന്നെ ബിരുദം കിട്ടുമ്പളോ? 'ബി.എ' എന്നാകും. അതല്ലേ ഞാമ്പറഞ്ഞത്; തല തിരിഞ്ഞ്‌പോകൂന്ന്. തല തിരിഞ്ഞാ പിന്നെ പോക്വ നരകത്ത്‌ക്കാ. അയ്‌നക്കൊണ്ട്, മുത്തഖീങ്ങളേ, അത് ഞമ്മക്ക് വേണ്ടാ.'

Sunday, September 29, 2013

ജനാധിപത്യത്തിന്റെ അന്തസ്സത്ത

നിഷേധവോട്ടിനുള്ള അനുമതി നല്‌കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തിന്റെ ആഹ്ലാദത്തിലാണല്ലോ നമ്മളെല്ലാവരും. ഒന്നുകില്‍ ഈനാംപേച്ചി, അല്ലെങ്കില്‍ മരപ്പട്ടി - ഇതാണ്‌ നിലവിലുള്ള അവസ്ഥ. പുതിയ നിര്‍ദ്ദേശത്തോടെ ഈ അവസ്ഥ മാറാന്‍ പോകുന്നു; എന്ന് ആരും കരുതേണ്ടതില്ല. നിഷേധവോട്ടിന്‌ ഭൂരിപക്ഷം കിട്ടിയാല്‍ പോലും അത് പരിഗണന അര്‍ഹിക്കുന്നില്ലത്രെ. മറിച്ച് അതിനു താഴെ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ സ്ഥാനാര്‍ത്ഥി ജയിക്കുമത്രെ. അത് പറ്റുകയില്ല. നിഷേധവോട്ടിന്‌ ഫലം വേണം. മേല്‍ പറഞ്ഞവരില്‍ ആരും വേണ്ടെന്ന് തീരുമാനിക്കാനുള്ള സമ്മതിദായകരുടെ അവകാശമായി അത് മറണം. സമ്മതിദായകര്‍ നിരാകരിച്ചവര്‍ അവരുടെ പ്രതിനിധിയായി വരുകയില്ലെന്ന് ഉറപ്പാക്കണം. 

തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണത്തില്‍ ഒരു പടികൂടി മുമ്പോട്ട് പോകാന്‍ കഴിയണം. രംഗത്തുള്ള സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടുന്നയാള്‍ ജയിക്കുന്നു; ഇതാണല്ലോ നിലവിലുള്ള സങ്കല്‍പ്പം. ഇതും മാറണം. എന്നിട്ട് ആകെ പോള്‍ ചെയ്‌ത വോട്ടിന്റെ 50% വും ഒരു വോട്ടെങ്കിലും കൂടുതലും ലഭിച്ചാലേ സ്ഥാനാര്‍ത്ഥി വിജയിക്കുകയുള്ളു എന്ന് വരണം. അതുപോലെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന പതിവും അവസാനിപ്പിക്കണം. ഒരു മണ്ഡലത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയേ ഉള്ളുവെങ്കിലും അവിടെ വോട്ടെടുപ്പ് നടക്കണം. എന്നിട്ട് അയാള്‍ക്ക് 50% നു മേല്‍ ഒരു വോട്ടെങ്കിലും കിട്ടിയാല്‍ അയാള്‍ ജയിക്കും; ഇല്ലെങ്കില്‍ തോല്‍ക്കും - എന്നു വരണം. ഇതാണ്‌ ജനാധിപത്യത്തിന്റെ അന്തസ്സത്തയ്ക്ക് നിരക്കുന്ന സമ്പ്രദായം.

Monday, September 23, 2013

വിവാഹപ്രായം

ശരീഅത്ത് അനുസരിച്ച് പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകുന്നത് പതിനാറാം വയസ്സിലല്ല. അത് പലപ്പോഴും പ്രൈമറി സ്കൂള്‍ പൂര്‍ത്തിയാകുന്നതിനു മുമ്പ് സംഭവിച്ചിരിക്കും. എന്നുവെച്ച് അതാണ്‌ ശരീഅത്ത് അനുസരിച്ചുള്ള വിവാഹപ്രായം എന്ന് പറയാന്‍ പറ്റുമോ?

ഇനി ലൈംഗികപ്രായപൂര്‍ത്തിയാണ്‌ ശരീഅത്തനുസരിച്ചുള്ള വിവാഹപ്രായമെങ്കില്‍ ആ പ്രായത്തിലെത്തിയ ആണ്‍കുട്ടികളെയും കല്യാണം കഴിക്കാന്‍ അനുവദിക്കണ്ടേ? അല്ലാതെ ഇരട്ടത്താപ്പ് പടുണ്ടോ? അതും ശരീഅത്ത് നിരോധിച്ചതല്ലേ? ആണ്‍കുട്ടികള്‍ക്ക് നിലവിലുള്ള പ്രായപരിധിയായ 21 വയസ്സില്‍ ഇളവ് കിട്ടാന്‍ വേണ്ടിയല്ലേ ആദ്യം സമരം ചെയ്യ്‌ണ്ടത്?

'ശരീഅത്ത് വിരുദ്ധന്മാര്‍' എന്ന് സമുദായം അധിക്ഷേപിച്ചവര്‍ ഒച്ചപ്പാടുണ്ടാക്കുകയും; 18 വയസ്സിനു മുമ്പുള്ള വിവാഹം ഭരണകൂടം നിരോധിക്കുകയും ചെയ്‌തപ്പോള്‍ മാത്രമല്ലേ ശൈശവവിവാഹം എന്ന സമ്പ്രദായം ഒരു പരിധി വരെ കുറഞ്ഞത്?

വിവാഹം നടത്താന്‍ ലൈംഗിക പ്രായപൂര്‍ത്തി മാത്രം മതിയോ? പെണ്‍കുട്ടികള്‍ക്ക് വിദ്യഭ്യാസം നേടാന്‍ അവസരം വേണ്ടേ? പക്വത ഉണ്ടാവണ്ടേ? അതിനൊക്കെ മുമ്പ് കെട്ടിച്ചയക്കാനുള്ള വല്ല പഴുതും നിയമത്തില്‍ ഉണ്ടായാല്‍ പ്രൈമറി ക്ലാസില്‍ തന്നെ കല്യാണം കഴിച്ചയച്ചിരുന്ന പഴയ സമ്പ്രദായം തിരിച്ചുവരില്ലേ? വിദ്യാഭ്യാസമേഖലയില്‍ സമുദായത്തിലെ പെണ്‍കുട്ടികള്‍ ഇനിയും പിന്നാക്കം പോവില്ലേ? എന്തൊക്കെ പറഞ്ഞാലും വിവാഹപ്രായപരിധി നിയമല്ലേ സമുദായത്തിലെ പെണ്‍കുട്ടകള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം ഒരുക്കിയത്? കെട്ടിക്കൊണ്ടുപോകാന്‍ ആരെങ്കിലും വരട്ടെ; അതു വരെ പഠിപ്പിക്കാം; ഇതല്ലേ സമുദായത്തിന്റെ നയം.

മേല്‍ പറഞ്ഞ നിയമം നിലവിലുണ്ടായിട്ടുപോലും ഭൂരിപക്ഷം കുട്ടികളുടെയും കല്യാണം ഇപ്പോഴും നടക്കുന്നത് 18 നു മുമ്പാണ്‌. അത്തരം വിവാഹങ്ങളുടെ ഉത്തരവാദികളെ ശിക്ഷിക്കാന്‍ ഭരണകൂടം തീരുമാനിച്ചാല്‍ സമുദായത്തിന്റെ നല്ലൊരു പങ്ക് അഴികള്‍ക്കുള്ളിലാകും കഴിയേണ്ടിവരുക.

ഇനി 16 ല്‍ കല്യാണമാകാം എന്ന ഇളവ് ലഭിച്ചാല്‍ എന്തായിരിക്കും അവസ്ഥ? അതോടെ എല്ലാം കഴിയും. 16 തികയാന്‍ കാത്തിരിക്കുന്നതു പോയിട്ട് സ്കൂള്‍ ഫൈനല്‍ പോലും കഴിയുന്നതിനു മുമ്പ് കെട്ടിച്ചയക്കുന്നത് പതിവാകും. അതുകൊണ്ട് ഒരു തരത്തിലുള്ള ഇളവും ഇക്കാര്യത്തില്‍ ഉണ്ടാകരുത്. 18 നു മുമ്പുള്ള കല്യാണം ശിക്ഷാര്‍ഹമായ കുറ്റമായി തന്നെ കണക്കാക്കണം. കര്‍ശനമായി ഈ നിയമം നടപ്പിലാക്കുകയും വേണം. മുസ്‌ലിം പെണ്‍കുട്ടികള്‍ സ്വന്തം കാലില്‍ നില്‌ക്കാന്‍ പ്രാപ്തിയുള്ളവരായി വളരട്ടെ.

Wednesday, August 21, 2013

സര്‍വം മരണമയം 

ലത്തീഫ് കാറില്‍ യാത്ര ചെയ്യുകയാണ്‌. കൂട്ടിനുള്ളത് സുദൈസിന്റെ ഈണത്തിലുള്ള ഖുര്‍ആന്‍ പാരായണം മാത്രം. അതാസ്വദിച്ച് യാത്ര ചെയ്‌തുകൊണ്ടിരിക്കേ, സുഹൃത്ത് രാജന്‍ കാറിന്‌ കൈ കാണിച്ചു. രാജനെ കയറ്റി പിന്നെയും മുമ്പോട്ട് പോയിക്കൊണ്ടിരിക്കുകയാണ്‌. അതിനിടയില്‍ രാജന്‌ ഒരസ്വസ്ഥത. എന്തു പറ്റിയെന്ന് ചോദിച്ചിട്ട് ഒന്നുമില്ലെന്നല്ലാതെ പറയുന്നുമില്ല. എന്നാലും എന്തോ
ഉണ്ടെന്ന് ലത്തീഫിന്നറിയാം. രാജന്‍ പറഞ്ഞെങ്കിലല്ലേ മനസ്സിലാവുകയുള്ളൂ. അവസാനം ലത്തീഫ് കാറ്‌ നിറുത്തി. ഖുര്‍ആന്‍ പാരായണം ഓഫാക്കി. എന്നിട്ട് ചോദിച്ചു: രാജാ നിനക്കെന്താ പറ്റിയത്? 

രാജന്‍: ഇപ്പോള്‍ ഒന്നുമില്ല. ആശ്വാസമായി. 

അവന്റെ മുഖത്ത് ആശ്വാസം പ്രകടമാണു താനും. 

ലത്തീഫ്: 'എന്നാല്‍ നമുക്ക് പോകാം; അല്ലേ?'

രാജന്‍: പോകാം. പക്ഷേ...

ലത്തീഫ്: എന്താ ഒരു 'പക്ഷേ'?

രാജന്‍: മരണം, മരണവീട്, ചുടലക്കാട്, മരിച്ച് വീട്ടിലെ പാട്ട് - ഇവയൊക്കെ എനിക്ക് പേടിയാണ്‌. 

ലത്തീഫ്: നമ്മളിപ്പോഴുള്ളത് മരണവുമായി ബന്ധപ്പെട്ട ഒരിടത്തുമല്ലല്ലോ. പിന്നെ എന്തിനാണ്‌ ഇപ്പോള്‍ ഇതൊക്കെ പറയുന്നത്? 

രാജന്‍: മരണവീട്ടിലെ പാട്ട് കേട്ടതാണ്‌ എനിക്ക് വല്ലായ്‌മ തോന്നാന്‍ കാരണം. 

ലത്തീഫ്: അതെവിടെ നിന്ന് കേട്ടു?

രാജന്‍: ഞാന്‍ പറയുന്നതു കേട്ട് തെറ്റിദ്ധരിക്കരുത്. നീ ഇപ്പോള്‍ ഓഫാക്കിയില്ലേ ഒരു പാട്ട്; അതു തന്നെ. മരിച്ച വീട്ടിലാണ്‌ ആ പാട്ട് കേള്‍ക്കാറുള്ളത്. 

* വിശുദ്ധ ഖുര്‍ആനിനെ മരണവീട്ടിലെ പാട്ടാക്കി മാറ്റിയത് ആരാണ്‌?

സമാനമായ മറ്റൊരു സംഭവം കൂടിയുണ്ട്. രണ്ട് അദ്ധ്യാപകര്‍ തമ്മില്‍ നടന്ന ഒരു സംഭാഷണത്തിലാണ്‌ അത് ചുരുളഴിയുന്നത്. 

അദ്ധ്യാപിക: അല്ല മാഷേ, എന്തെല്ലാം വിശ്വാസങ്ങളും ആചാരങ്ങളുമാണ്‌ നമുക്കിടയില്‍ നിലനില്‌ക്കുന്നത്? നമ്മളൊക്കെ ഒരുമിച്ചാണ്‌ കഴിയുന്നതെങ്കിലും അവരവരുടെ വിശ്വാസം ആചാരം എന്നിവ കുറച്ചൊക്കെ അറിയാമെന്നല്ലാതെ മറ്റുള്ളവരെക്കുറിച്ച് നമുക്കൊന്നും അറിയില്ല അല്ലേ?

അദ്ധ്യാപകന്‍: അത് ശരിയാണ്‌. നാമത് അറിയാന്‍ ശ്രമിക്കുന്നുമില്ല.

അദ്ധ്യാപിക: മാഷിന്റെ മതത്തെക്കുറിച്ച് എനിക്കല്‍പം പറഞ്ഞു തരുന്നതുകൊണ്ട് വിരോധമില്ലല്ലോ. മതംമാറാനൊന്നും അല്ല കെട്ടോ. വെറുതെ, ഒന്ന് അറിഞ്ഞിരിക്കാമല്ലോ എന്ന കരുതി ചോദിച്ചതാണ്‌.

അദ്ധ്യാപകന്‍: വെറുതെ അറിയാനായാലും മതംമാറാനായാലും എനിക്ക് വിരോധമില്ല. അതൊക്കെ ടീച്ചറുടെ കാര്യം. എനിക്കറിയാവുന്നത് ഞാന്‍ പറഞ്ഞു തരാം. 

അദ്ധ്യാപിക: ശരി. ആചാരത്തെക്കുറിച്ച് പിന്നീട് പറഞ്ഞാല്‍ മതി. ആദ്യം വിശ്വാസം എന്താണെന്ന് പറയൂ. അതാണല്ലോ മുഖ്യം. 

അദ്ധ്യാപകന്‍: ഞങ്ങളുടെ അടിസ്ഥാന വിശ്വാസം 'ലാ ഇലാഹ ഇല്ലല്ലാ' എന്നതാണ്‌.

അദ്ധ്യാപിക: മാഷ് എന്താ പറഞ്ഞത്? ആ വാക്ക് ഒരിക്കല്‍കൂടി പറ.

അദ്ധ്യാപകന്‍: ലാ ഇലാഹ ഇല്ലലാഹ്.

അദ്ധ്യാപിക: മാഷേ, അത് മാത്രം പറയല്ലേ. അത് കേള്‍ക്കുന്നത് എനിക്ക് പേടിയാണ്‌. ഡെഡ്‌ബോഡി പള്ളിയിലേക്ക് കൊണ്ടുപോകുന്നതാണ്‌ ഇത് കേള്‍ക്കുമ്പോള്‍ എനിക്കോര്‍മ്മ വരുക. 

* 'ലാ ഇലാഹ ഇല്ലാല്ലാഹ്' എന്നതിനെ ഡെഡ്‌ബോഡി പള്ളിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ചൊല്ലാനുള്ള മുദ്രാവാക്യമാക്കി മാറ്റിയത് ആരാണ്‌?

കെ.കെ. ആലിക്കോയ

Tuesday, July 16, 2013

ചന്ദ്രമാസത്തിന്റെ ദൈര്‍ഘ്യം

ഒരു ചന്ദ്രമാസത്തിന്റെ ദൈര്‍ഘ്യം സുമാര്‍ ഇരുപത്തൊമ്പതേകാല്‍ ദിവസം മുതല്‍ ഇരുപത്തൊമ്പതേമുക്കാല്‍ ദിവസം വരെ ആകാം. 
2000 - 2099 കാലത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ മാസം 18/12/2017 നു ആരംഭിക്കുന്ന മാസമാണ്‌. (29 ദിവസം, 19 മണിക്കൂര്‍, 47 മിനിറ്റ്.)
ഇക്കാലത്തെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ മാസം: 16/06/2053 നു ആരംഭിക്കുന്ന മാസമാണ്‌. (29 ദിവസം, 6 മണിക്കൂര്‍, 35 മിനിറ്റ്.) 

ഈ റമദാന്‍ (ക്രി.വ.2013) മാസത്തിന്റെ മൊത്തം ദൈര്‍ഘ്യം 29 ദിവസവും 14 മണിക്കൂറും 36 മിനിറ്റുമാണ്‌. ഇങ്ങനെ മണിക്കൂറും മിനിറ്റും കൃത്യമാക്കി മാസം തുടങ്ങാനും അവസാനിപ്പിക്കാനും കഴിയുകയില്ലല്ലോ. അതിനാല്‍ ദിവസം തുടങ്ങുന്ന സമയത്തു തന്നെ മാസം തുടങ്ങുകയും ദിവസം തീരുന്ന സമയത്ത് അത് അവസാനിപ്പിക്കുകയും ചെയ്യുന്നു.
അതിനാല്‍, ഒരു മാസം നടപ്പില്‍ വരുന്നത് 29 അല്ലെങ്കില്‍ 30 ദിവസങ്ങളായിട്ടാണ്‌. അതെല്ലാവര്‍ക്കും അറിയാവുന്നതുമാണല്ലോ.

ഒരു ചന്ദ്രമാസത്തെ താഴെ കൊടുത്ത പ്രകാരം നാലായി ഭാഗിക്കാറുണ്ട്. ജൂലൈ എട്ടിലെ ന്യൂമൂണ്‍ മുതല്‍ ആഗസ്‌റ്റ് ഏഴിലെ ന്യൂമൂണ്‍ വരെയുള്ള സമയത്തെ നാലായി ഭാഗിച്ചത് കാണുക:

1. ന്യൂമൂണ്‍ മുതല്‍ (ജൂലൈ 8; 12:45) ഫസ്റ്റ് ക്വാര്‍ട്ടര്‍ (ജൂലൈ 16; 8:49) വരെ: 7 ദിവസം, 20 മണിക്കൂര്‍, 4 മിനിറ്റ് ദൈര്‍ഘ്യം.

2. ഫസ്റ്റ് ക്വാര്‍ട്ടര്‍ (ജൂലൈ 16; 8:49) മുതല്‍ ഫുള്‍മൂണ്‍ (ജൂലൈ 22; 23:46) വരെ: 6 ദിവസം, 14 മണിക്കൂര്‍, 57 മിനിറ്റ് ദൈര്‍ഘ്യം.

3. ഫുള്‍മൂണ്‍ (ജൂലൈ 22; 23:46) മുതല്‍ തേഡ് ക്വാര്‍ട്ടര്‍ (ജൂലൈ 29; 23:14) വരെ: 6 ദിവസം, 23 മണിക്കൂര്‍, 28 മിനിറ്റ് ദൈര്‍ഘ്യം.

4. തേഡ് ക്വാര്‍ട്ടര്‍ (ജൂലൈ 29 23:14) മുതല്‍ അടുത്ത ന്യൂമൂണ്‍ (ആഗസ്‌റ്റ് 8; 3:21) വരെ: 8 ദിവസം, 4 മണിക്കൂര്‍, 7 മിനിറ്റ്.

എല്ലാ മാസങ്ങളുടെയും ദൈര്‍ഘ്യം തുല്യമല്ലാത്തതു പോലെത്തന്നെ ഒരു മാസത്തിന്റെ നാലു ഭാഗങ്ങളുടെ ദൈര്‍ഘ്യവും തുല്യമായിരിക്കുകയില്ല. അഥവാ ചന്ദ്രമാസവുമായി ബന്ധപ്പെട്ട കണക്കുകള്‍ ശരാശരി തോതാനുസരിച്ച് കണക്കാക്കാന്‍ കഴിയുകയില്ല.

ആത്മഹത്യ

എന്തൊരു തിടുക്കമായിരുന്നു അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാന്‍; പിന്നെ അജ്‌മല്‍ കസബിനെയും.
ഇപ്പോള്‍ കേള്‍ക്കുന്നു: പാര്‍ലമെന്റ് ആക്രമണവും മുംബൈ ആക്രമണവും സര്‍ക്കാര്‍ സ്പോണ്‍സേഡ് പരിപാടികളായിരുന്നുവെന്ന്.
അതുകൊണ്ടുതന്നെ ആയിരുന്നോ അവരെ തൂക്കിലേറ്റാന്‍ തിടുക്കം കാണിച്ചത്? കരിനിയമങ്ങള്‍ പാസാക്കാന്‍ വേണ്ടിയാണത്രെ ഈ ഒപ്പിക്കല്‍ കലാപങ്ങള്‍ സംഘടിപ്പിച്ചത്. എന്തിനാണ്‌ കരിനിയമങ്ങളുണ്ടാക്കുന്നത്?
ന്യൂനപക്ഷങ്ങളെയും ദലിതരെയും  ഇനിയും കൂടുതല്‍ പീഡിപ്പിക്കാനുള്ള അവസരമൊരുക്കാനോ?
അല്ലെങ്കില്‍ ഭീകരതയെ നേരിടുന്നതിന്നുള്ള ആയുധങ്ങളും മറ്റ് ഉപകരണങ്ങളും സാങ്കേതികവിദ്യയും വാങ്ങിക്കൂട്ടാനുള്ള സാഹചര്യമൊരുക്കാനോ? എല്ലാം കച്ചവടമാണല്ലോ. ഭീകരതയും അതിനെ നേരിടലും കച്ചവടം തന്നെ. നിയമനിര്‍മ്മാണം മറ്റൊരു കച്ചവടം. എന്തിന്‌ ഭരണം മൊത്തം തന്നെ കച്ചവടമാകുമ്പോള്‍, കച്ചവടമല്ലാത്തതായി അതിന്റെ കീഴില്‍ എന്താണുണ്ടാവുക?
ഇവിടെ രാഷ്ട്രീയപാര്‍ട്ടികള്‍ ദല്ലാളന്മാരാകുന്നു.
ഉദ്യോഗസ്ഥന്മാര്‍ വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരും.

ജനങ്ങള്‍ എന്നുമിവിടെ വഞ്ചിതര്‍ തന്നെ. അവര്‍ക്ക് ബോധം വന്നാല്‍ എല്ലാ കച്ചവടവും അവസാനിക്കും. അങ്ങനെ സംഭവിക്കാതെ നോക്കേണ്ടത് ഒന്നാമതായി ജീവനക്കാരുടെ ഉത്തരവാദിത്തമാണ്‌. അവര്‍  കല്‍ത്തുറിങ്കിലടച്ചും ആയുധമുപയോഗിച്ച് കൊന്നും മര്‍ദ്ദിച്ചവശരാക്കിയും നിയമത്തിന്റെ നൂലാമാലകള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയും ജനത്തെ ഒതുക്കി നിറുത്തുന്നു. രണ്ടാമതായി അത് ദല്ലാളന്മാരുടെ ഉത്തരവാദിത്തമാണ്‌. അവര്‍ ചില കൊടിയും ചിഹ്നവും കാണിച്ച് ജനങ്ങളെ നിരവധി കഷണങ്ങളാക്കി വിഭജിച്ച് വെള്ളം കടക്കാത്ത അറകളിലാക്കിയിരിക്കുന്നു. പിന്നെ  സ്വന്തം നേതാക്കാന്മാര്‍ എന്തു തമ്മാടിത്തം കാണിച്ചാലും അവരെ വെള്ള പൂശേണ്ടത് പാര്‍ട്ടിക്കാരുടെ ചുമതലയാണ്‌. കൊള്ളകാരനോ കള്ളനോ കൊലപാതകിയോ വഞ്ചകനോ പെണ്ണുപിടുത്തക്കാരനോ രാജ്യദ്രോഹിയോ ഭീകരനോ വര്‍ഗ്ഗീയവാദിയോ സ്വജനപക്ഷപാതിയോ കൊള്ളരുതാത്തവനോ ഒക്കെയായ നേതാവിന്റെ മൂടുതാങ്ങുന്നത് അവരുടെ ചുമതലയായിത്തീരുന്നു.

എന്നാല്‍, ഇതൊക്കെ നാണക്കേടാണെന്ന് ജനം തിരിച്ചറിയുന്ന ഒരു കാലം വരും. അന്ന് ജനം ഈ കാപാലികരെ തുറുങ്കിലടയ്ക്കും. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട, ജനങ്ങള്‍ക്കു വേണ്ടി ഭരിക്കുന്ന, ജനങ്ങളുടെ ഭരണകൂടം നിലവില്‍ വരും. രാഷ്ട്രീയക്കാര്‍ ജനപക്ഷത്തു തന്നെ നിലകൊള്ളും. നിയമനിര്‍മ്മാണം ജനങ്ങള്‍ക്കു വേണ്ടിയുള്ളത് ആയിത്തീരും. ഉദ്യോഗസ്ഥന്മാര്‍ ജനസേവകന്മാരായി മാറും. രാജ്യത്ത് നീതിയും ന്യായവും ധര്‍മ്മവും നടപ്പിലാകും.   ഈ രാജ്യം ജീവിക്കാന്‍ കൊള്ളുന്ന ഒരിടമായി മാറും.

നടക്കാത്ത കാര്യങ്ങള്‍ നടക്കുന്നതായി സങ്കല്‍പ്പിച്ച് ആശ്വാസം കണ്ടെത്തുന്നത് മനസ്സിന്റെ ഒരു അതിജീവനതന്ത്രമാണ്‌. ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യണമെന്ന തോന്നല്‍ കലശലാകും.