Monday, May 7, 2012

ജലസംഭരണം

കെ.കെ. ആലിക്കോയ


മഴക്കാലം വരുകയാണ്‌. അതിനാല്‍ ജലം സംഭരിക്കുന്നതിനെക്കുറിച്ച് കാര്യമായിട്ട് ആലോചിക്കേണ്ട സമയമാണിത്. 5000 അല്ലെങ്കില്‍ 10000 ലിറ്റര്‍ ശേഷിയുള്ള ഒരു ടാങ്ക് വാങ്ങി അതില്‍ മഴവെള്ളം ശേഖരിച്ചു വെച്ച് വേനലില്‍ ഉപയോഗിക്കാം എന്നത് പമ്പരവിഡ്ഢിത്തമാണ്‌. ആ വെള്ളം വിസര്‍ജ്ജനാനന്തര ശുചീകരണത്തിനുപയോഗിക്കാന്‍ പോലും നമ്മുടെ വൃത്തിബോധം അനുവദിക്കുന്നില്ല. കോടികളാണ്‌ ആ വകയില്‍ കേരളത്തില്‍ മുടങ്ങിക്കിടക്കുന്നത്. ഇത് സ്ഥാപിക്കാത്ത വീടുകള്‍ക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് നമ്പര്‍ നല്‍കുകയില്ലെന്നു പോലും നേരത്തെ കേട്ടിരുന്നു. ഇപ്പോള്‍ എന്തായെന്നറിയുകയില്ല. ഏതായാലും കെടുകാര്യസ്ഥതയുടെ മകുടോദാഹരണമാണത്. ഏതു 'വിദഗ്ദ'ന്റെ തിരുമണ്ടയിലാണാവോ ഈയൊരു മഹാ വെളിപാടുദിച്ചത്?

മറിച്ച്, ജലം മണ്ണില്‍ ആഴ്‌ന്നിറങ്ങനാവശ്യമായ നടപടി സ്വീകരിക്കുകയാണ്‌ വേണ്ടത്. അതാണ്‌ ബുദ്ധി. നമ്മുടെ കിണറിനോട് വളരെ അടുത്തല്ലാത്ത വിധം 10 അടി ആഴത്തില്‍ ഒരു കുഴിയെടുക്കുക. കല്ലുപയോഗിച്ച് ഉള്‍ഭാഗം കെട്ടുകയോ റിംഗിടുകയോ  ചെയ്യാം. സ്ലാബോ മറ്റോ ഇട്ട് കുഴി മൂടൂന്നതും നല്ലതാണ്‌. വീടിന്മേല്‍ നിന്നു വീഴുന്ന വെള്ളം ഒരു പാത്തി വഴി ആ കുഴിയില്‍ എത്തിക്കുക. മുറ്റത്ത് വീഴുന്ന വെള്ളവും എളുപ്പം സംഭരിക്കാവുന്നതാണ്‌. 100 ചതുരശ്ര മീറ്റര്‍ സ്ഥലത്തു നിന്ന് ശരാശരി  3 ലക്ഷം ലിറ്റര്‍ വെള്ളം ഒരു വര്‍ഷം സംഭരിക്കന്‍ സാധിക്കും. കേരളം കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ചരിഞ്ഞാണിരിക്കുന്നത്. അതിനാല്‍ മഴപെയ്ത ഉടനെ വെള്ളം ഭൂരിഭാഗവും ഒഴുകി അറബിക്കടലിലെത്തും എന്നൊക്കെ വിലപിക്കുന്നത് മതിയാക്കുക. നമ്മുടെ മുറ്റത്ത് വീഴുന്ന വെള്ളം എങ്ങോട്ടൊഴുകണമെന്ന് നമുക്ക് തീരുമാനിക്കാം.

No comments:

Post a Comment