Monday, April 30, 2012

ആ മുടിയുടെ സനദെവിടെ?

കെ.കെ. ആലിക്കോയ

കാന്തപുരത്തിന്റെ കേരളയാത്ര സമാപിച്ചിരിക്കുന്നു.
അല്‍ഹംദു ലില്ലാഹ്; തീര്‍ന്നു കിട്ടിയല്ലോ.

ആര്യാടനെയും മുരളിയെയും പോലുള്ള മതേതരനേതാക്കളെ സ്റ്റേജിലെത്തിക്കാന്‍ കഴിഞ്ഞത് താങ്കളുടെ വിജയം തന്നെ.
അതിലേറെ കറകളഞ്ഞ രണ്ട് മതേതരക്കാര്‍ വേറെയുണ്ടായിരുന്നു, ഈ കൊച്ചു കേരളത്തില്‍.
മുനീറും ഷാജിയും!
താങ്കളൊരുക്കിയ മതേതര സ്റ്റേജില്‍ അവരുടെ അഭാവം വലിയ ഒരു പോരായ്മ തന്നെയായിരുന്നു.
സാരമില്ല; പിന്നീട് പരിഹരിക്കാവുന്നതേയുള്ളു.
താങ്കള്‍ ഇത്രമാത്രം മതേതരനാണെന്ന് അവരറിഞ്ഞിരിക്കില്ല; അതവരുടെ വിവരക്കേട്. അറിഞ്ഞിരുന്നുവെങ്കില്‍ ക്ഷണിച്ചില്ലെങ്കില്‍ പോലും അവര്‍ വരുമായിരുന്നു, ആശംസകളര്‍പ്പിക്കാന്‍!

'ആശയത്തെ ആശയം കൊണ്ടാണ്‌ നേരിടേണ്ടതെ'ന്ന് താങ്കളൊരുക്കിയ വേദിയില്‍ മുഖ്യമന്ത്രി പറഞ്ഞത് വളരെ ഉചിതമായി.
അതു കേട്ട് താങ്കള്‍ പരിഭ്രമിച്ചുവോ?
ഏയ് ഉണ്ടാവില്ല എന്ന് വിശ്വസിക്കുന്നു.
അത് താങ്കളെ ഉദ്ദേശിച്ചാണെന്ന് ചിലര്‍ നിരീക്ഷിക്കുന്നുണ്ട്.
മുഖ്യമന്ത്രിയോട് വളരെ അടുപ്പമുള്ള ചിലര്‍ അദ്ദേഹത്തെക്കൊണ്ട് പറയിച്ചതാണെന്ന് മറ്റൊരു നിരീക്ഷകന്‍‍.
ഒന്നും പരിഗണിക്കാതെ താങ്കള്‍ മുമ്പോട്ടു പോകണം.
എല്ലാം മാനവികത ഉണരുന്നത് ഭയക്കുന്നവരുടെ ദുഷ്‌പ്രചരണം മാത്രം.
സാരമില്ല; അതും അതിലപ്പുറവും മറികടാക്കാനുള്ള മെയ്‌വഴക്കം താങ്കള്‍ക്കുണ്ടല്ലോ.

ശൈഖുനാ കാന്തപുരം!
സ്വന്തം മതത്തില്‍ പെട്ടവരെപ്പോലും അടുപ്പിക്കാന്‍ കഴിയാത്ത കാന്തശക്തിയുള്ള നേതാവ്‍!
മുജാഹിദ്, ജമാഅത്ത് തുടങ്ങിയ സംഘടനക്കാരുമായി സ്റ്റേജ് പങ്കിടുന്നത് കുറ്റമെന്ന് വിധിച്ച ഗവേഷണപടുവായ മുഫ്‌തി.
ആ കുറ്റത്തിന്‌ ഇ.കെ വിഭാഗം സുന്നികള്‍ക്കെതിരെ ജിഹാദ് നടത്തിയ വീരശൂരപരാക്രമി.
മുജഹിദുകളോടും ജമാഅത്തുകാരോടും സലാം പറയരുതെന്നും മടക്കരുതെന്നും പാഠപുസ്തകത്തിലൂടെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസപരിഷ്‌കര്‍ത്താവ്.
കുരുന്നു മനസ്സുകളില്‍ പോലും അകല്‍ച്ചയുടെ വിത്ത് പാകുന്നതില്‍ മല്‍സരിച്ചുകൊണ്ടിരിക്കുന്ന ഒരു സംഘത്തെ വാര്‍ത്തെടുത്ത മഹാശില്‍പ്പി.
അങ്ങകലെ അബൂദാബിയില്‍ നിന്ന് വളരെയേറെ പ്രയാസവും കഷ്ടപ്പാടും സഹിച്ച് പ്രവാചകകേശമെന്ന തിരുകേശമെന്ന വ്യാജകേശം കൊണ്ടുവന്ന ധീരസാഹസികന്‍.
അതുമൂലം നാട്ടുകാരെ പ്രവാചകനുമായി ബന്ധപ്പെടുത്തിയ നവോത്ഥാനനായകന്‍‍.
വ്യാജകേശസംരക്ഷണത്തിനായി 40 കോടിയുടെ പള്ളി പണിയാന്‍ ആശ പ്രകടിപ്പിച്ച പ്രവാചകസ്നേഹി.
ആ ആശ ഏറ്റുവാങ്ങി അകമഴിഞ്ഞ് സംഭാവന നല്‍കാന്‍ മുമ്പോട്ടു വന്ന അനുയായികളുടെ സ്നേഹഭാജനമായ ഖുതുബുസ്സമാന്‍.
പതിനായിരങ്ങളും ലക്ഷങ്ങളും കോടികളും സംഭാവനയായി ലഭിച്ചുകൊണ്ടിരിക്കുന്ന മഹാഭാഗ്യവാന്‍!
എല്ലാം ഞങ്ങളറിഞ്ഞ് സമ്മതിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്‌.

പക്ഷേ, ഞങ്ങള്‍ക്കറിഞ്ഞുകൂടാത്ത ഒന്നുണ്ട്.
ബഹുമാനപ്പെട്ട ഖമറുല്‍ ഉലമാ, താങ്കളത് പറഞ്ഞുതരണം.
പറഞ്ഞേ പറ്റൂ.
താങ്കള്‍ക്കത് പറയാന്‍ കഴിയുകയില്ലെന്ന് ഞങ്ങള്‍ക്കറിയാം.
എങ്കിലും ഞങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും:
നബിയുടേതാണെന്ന് പറഞ്ഞ് അബൂദാബിയില്‍ നിന്ന് കൊണ്ടുവന്ന, ആ മുടിയുടെ സനദെവിടെ?

Thursday, April 19, 2012

സംഗീതോപകരണങ്ങള്‍ തെറ്റും ശരിയും - വി.കെ അലി


ഹൈന്ദവ ക്രൈസ്തവ മതങ്ങളില്‍ സംഗീതം മതത്തിന്റെ ഭാഗമായി തന്നെ ആസ്വദിക്കപ്പെടുകയും മത പ്രചാരണത്തിന് വരെ ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. മനുഷ്യനെ ശക്തിയായി സ്വാധീനിക്കുകയും ഹൃദയത്തെ തരളിതമാക്കുകയും ചെയ്യുന്നതാണ് സംഗീതം.

മനുഷ്യന്റെ പ്രകൃതിയെയും നൈസര്‍ഗിക വാസനകളെയും അംഗീകരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഇസ്‌ലാമില്‍ സംഗീതം ഹറാമാണെന്ന് പറയുന്നത് എത്ര കണ്ട് ശരിയാണ്?



ഉത്തരം: കര്‍ണാനന്ദകരമായ ശബ്ദങ്ങളും നയന മോഹനമായ ദൃശ്യങ്ങളും സുഗന്ധപൂരിതമായ വാസനകളും ആസ്വദിക്കുക മനുഷ്യന്റെ പ്രകൃതിപരമായ സ്വഭാവമാണ്. ഇവ പരിധി ലംഘിക്കുകയോ, അപകടത്തിലേക്ക് നയിക്കുകയോ ചെയ്യുമ്പോള്‍ മാത്രമേ ഇസ്‌ലാം അതില്‍ ഇടപെടുകയും നിയന്ത്രിക്കുകയും ചെയ്യുന്നുള്ളൂ. അതുകൊണ്ടുതന്നെ ഏതൊരു കാര്യവും അടിസ്ഥാനപരമായി അനുവദനീയം (ഇബാഹത്ത്) ആണെന്നാണ് പണ്ഡിതന്മാര്‍ അംഗീകരിച്ച തത്ത്വം. അവ നിഷിദ്ധമാകണമെങ്കില്‍ പ്രത്യേകം തെളിവുകള്‍ വേണം.

ഗാനാലാപനം (ഗിനാഅ്), സംഗീതോപകരണങ്ങളുടെ ഉപയോഗം എന്നിവയെകുറിച്ച് പണ്ടു മുതല്‍ക്കേ പണ്ഡിത വൃത്തത്തില്‍ വ്യത്യസ്താഭിപ്രായങ്ങളുണ്ട്. അവ നിഷിദ്ധമാണെന്ന് കണ്ണടച്ച് പറയുന്നവരും അവക്കു നേരെ ഉദാരമായ നിലപാട് സ്വീകരിക്കുന്നവരും അവരിലുണ്ട്. സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചും അല്ലാതെയുമുള്ള എല്ലാതരം ഗാനാലാപനവും നിഷിദ്ധമാണെന്ന് പറഞ്ഞവരും, സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചുള്ള ഗാനാലാപനമേ നിഷിദ്ധമുള്ളൂ, അല്ലാത്തവ അനുവദനീയമാണെന്ന് പറഞ്ഞവരും അക്കൂട്ടത്തിലുണ്ട്. ഗാനങ്ങളും സംഗീതോപകരണങ്ങളും കേവലം മാധ്യമങ്ങള്‍ മാത്രമാണെന്നും അവ ഏത് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നു എന്നതനുസരിച്ചാണ് അനുവദനീയവും നിഷിദ്ധവുമാകുന്നത് എന്ന വീക്ഷണക്കാരും ഉണ്ട്. അതാണ് ശരിയായ നിലപാടും.

ഗാനാലാപനവും സംഗീതോപകരണങ്ങളും നിഷിദ്ധമാണെന്ന് പറയുന്നവര്‍ ഉന്നയിക്കുന്ന പ്രമാണങ്ങളൊന്നും അവരുടെ അഭിപ്രായത്തെ പിന്തുണക്കുന്നില്ല. പരിശുദ്ധ ഖുര്‍ആനിലെ 5 ആയത്തുകള്‍ അവര്‍ തെളിവായി പറയുന്നു. അല്‍ ഖസ്വസ് 55, അല്‍ അന്‍ഫാല്‍ 35, അല്‍ ഫുര്‍ഖാന്‍ 72, അന്നജ്മ് 61, ലുഖ്മാന്‍ 6 എന്നിവ. ഇവയിലൊന്നില്‍ പോലും സംഗീതമോ സംഗീതോപകരണങ്ങളോ പരാമര്‍ശിക്കപ്പെടുന്നില്ല. ഇതില്‍ ഏറ്റവും പ്രബലമെന്ന് കരുതുന്ന സൂറത്തുലുഖ്മാനിലെ 6ാം സൂക്തമാണ് 'ലഹ്‌വുല്‍ ഹദീസ്' വിലക്കു വാങ്ങുന്നവരെക്കുറിച്ച് പറയുന്നത്. 'വിനോദവാര്‍ത്തകള്‍' എന്നാണതിന്റെ താല്‍പര്യം. അതുകൊണ്ടുദ്ദേശ്യം ഗാനമാണെന്ന് ഇബ്‌നു അബ്ബാസും ഇബ്‌നു മസ്ഊദും പറഞ്ഞിട്ടുണ്ട്. നബി(സ)യില്‍ നിന്ന് അത് സ്ഥിരപ്പെട്ടുവന്നിട്ടില്ല. നള്‌റുബ്‌നു ഹാരിസ് എന്ന പ്രവാചക ശത്രു ഇറാഖില്‍ പോയി ഗായികമാരെയും നര്‍ത്തകിമാരെയും കൊണ്ടുവന്ന് കലാപരിപാടികള്‍ സംഘടിപ്പിക്കുകയും ഖുര്‍ആന്‍ കേള്‍ക്കുന്നതില്‍നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്നും അതിനെ അപലപിച്ചുകൊണ്ടാണ് ഈ സൂക്തം ഇറങ്ങിയത് എന്നും ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ ദൈവിക മാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ വഴിപിഴപ്പിക്കാനും ദൈവസരണിയെ പരിഹസിക്കാനുമാണ് ഇങ്ങനെ ചെയ്യുന്നതെന്നുകൂടി ആയത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. അതിനാല്‍ ഇത്തരം ദുഷ്ടലക്ഷ്യങ്ങള്‍ക്കായി വിനോദ പരിപാടികളെ ദുരുപയോഗം ചെയ്യുന്നതിനെയാണ് ഖുര്‍ആന്‍ അധിക്ഷേപിക്കുന്നത്. അതുകൊണ്ടാണ് ഇബ്‌നു ഹസ്മിനെപോലുള്ള ഇമാമുകള്‍ പറഞ്ഞത്: സംഗീതം നിഷിദ്ധമാണെന്ന് പറയുന്നവര്‍ക്ക് ഈ ആയത്തില്‍ തെളിവൊന്നുമില്ല. അല്ലാഹുവിന്റെ ദീനിനെ പരിഹസിക്കുകയും അവന്റെ മാര്‍ഗത്തില്‍നിന്ന് തെറ്റിക്കുകയും ചെയ്യുന്നവരെയാണ് ഇവിടെ അധിക്ഷേപിച്ചിരിക്കുന്നത്. സത്യ നിഷേധിയായ ഒരാള്‍ക്ക് മാത്രമേ അങ്ങനെ ചെയ്യാന്‍ കഴിയൂ. ഒരാള്‍ മുസ്ഹഫ് വാങ്ങി അത് ഇതേ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയാണെങ്കില്‍ അവനും കാഫിറായിത്തീരുമല്ലോ. കേവലം ആനന്ദത്തിനുവേണ്ടിയോ വിരസതയകറ്റുന്നതിനോ ആരെങ്കിലും സംഗീതം പ്രയോജനപ്പെടുത്തുന്നുവെങ്കില്‍ അത് ഇതില്‍ പെടുകയില്ല (അല്‍ മുഹല്ല).

അല്‍ മൂസിഖി വല്‍ഗിനാഅ് ഫീ മീസാനില്‍ ഇസ്‌ലാം (സംഗീതവും ഗാനാലാപനവും ഇസ്‌ലാമിന്റെ തുലാസില്‍) എന്ന ഗ്രന്ഥം എഴുതിയ അബ്ദുല്ലാഹിബ്‌നു യൂസുഫ് അല്‍ ജുദൈഅ് പറയുന്നു: ഈ ആയത്തില്‍ നിന്ന് മനസ്സിലാകുന്നതിന്റെ ചുരുക്കം, ഗാനം, കവിത, കഥ, നോവല്‍, നാടകം, ഫിലിം തുടങ്ങിയ വിനോദോപാധികളെന്ന് വിശേഷിപ്പിക്കാവുന്നതെല്ലാം വിലക്ക് വാങ്ങുന്നവര്‍, അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് ജനങ്ങളെ വ്യതിചലിപ്പിക്കാനും ദീനിനെ അപഹസിക്കാനുമാണ് അപ്രകാരം ചെയ്യുന്നതെങ്കില്‍ അവര്‍ക്ക് നിന്ദ്യമായ ശിക്ഷയുണ്ടെന്ന് മാത്രമാണ്. എന്നാല്‍ ഇത്തരം ദുരുദ്ദേശ്യങ്ങളൊന്നുമില്ലാതെ മേല്‍ പറഞ്ഞ വസ്തുക്കള്‍ ഉപയോഗപ്പെടുത്തുന്നവര്‍ ഈ ആയത്തിന്റെ പരിധിയില്‍ പെടുന്നില്ല. അവയെല്ലാം നിഷിദ്ധങ്ങളാണെന്നതിന് ഈ ആയത്ത് തെളിവായി പറയുന്നതും ശരിയല്ല. അവര്‍ മറ്റു തെളിവുകള്‍ അന്വേഷിച്ചുകണ്ടെത്തേണ്ടിയിരിക്കുന്നു (പേജ്:72,73).

അതേയവസരത്തില്‍ നബിതിരുമേനി ഗാനാലാപനവും വാദ്യോപകരണങ്ങളുടെ ഉപയോഗവും അംഗീകരിക്കുകയും ചിലപ്പോഴെല്ലാം പ്രോത്സാഹിപ്പിക്കുകയും ചെയ്ത നിരവധി സംഭവങ്ങള്‍ അനിഷേധ്യമായി തെളിഞ്ഞു വന്നിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍:

1. ആഇശ(റ) പറയുന്നു: അന്‍സാറുകളില്‍പെട്ട രണ്ടു പെണ്‍കുട്ടികള്‍ എന്റെ അടുത്തിരുന്ന് 'ദഫ്ഫുകള്‍ കൊട്ടി' പാട്ടുപാടുന്നത് കേട്ടുകൊണ്ട് അബൂബക്കര്‍(റ) വീട്ടിലേക്ക് വന്നു. 'ബുആസ്' യുദ്ധഗീതങ്ങളായിരുന്നു അവര്‍ ആലപിച്ചിരുന്നത്. അവര്‍ പ്രഫഷനല്‍ ഗായികമാരായിരുന്നില്ല. 'ദൈവദൂതന്റെ വീട്ടില്‍ വെച്ച് പിശാചിന്റെ വീണകള്‍ ആലപിക്കുകയോ?' എന്ന് ഇത് കേട്ട് അബൂബക്കര്‍(റ) ചോദിച്ചു. ഒരു പെരുന്നാള്‍ ദിവസമായിരുന്നു അത്. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: അബൂബക്കറേ! എല്ലാ ജനതക്കും ഓരോ സുദിനങ്ങളുണ്ട്. ഇന്ന് നമ്മുടെ സുദിനമാണ്. ചില റിപ്പോര്‍ട്ടുകളില്‍ പ്രവാചകന്‍ ഇങ്ങനെ പറഞ്ഞതായി കാണാം: അവര്‍ പാടിക്കൊള്ളട്ടെ അബൂബക്കറേ! ഇന്ന് നമ്മുടെ പെരുന്നാള്‍ ദിനമല്ലേ? (ബുഖാരി, മുസ്‌ലിം, ഇബ്‌നു മാജ, ഇബ്‌നു ഹിബ്ബാന്‍, ബൈഹഖി).

2. സാഇബുബ്‌നില്‍ യസീദ് പറയുന്നു: നബി(സ)യുടെ അടുത്ത് ഒരു സ്ത്രീ വന്നു. അപ്പോള്‍ നബി(സ) ആഇശയോട് ചോദിച്ചു: ഇവള്‍ ആരാണെന്ന് നിനക്കറിയാമോ? ഇല്ലായെന്ന് ആഇശ(റ) മറുപടി പറഞ്ഞു. അപ്പോള്‍ നബി(സ) പറഞ്ഞു: ഇവര്‍ ഇന്ന ഗോത്രക്കാരുടെ ഗായികയാണ്. നിനക്കവളെ കേള്‍ക്കണമോ? വേണമെന്ന് ആഇശ(റ) മറുപടി പറഞ്ഞപ്പോള്‍ നബി(സ) അവര്‍ക്ക് ഒരു സംഗീതോപകരണം നല്‍കി. അവള്‍ അതുപയോഗിച്ച് പാട്ടുപാടുകയും ചെയ്തു (അഹ്മദ്).

3. ബുറൈദ അല്‍ അസ്‌ലമിയില്‍നിന്ന് നിവേദനം: നബി(സ) ഒരു യുദ്ധത്തിന് ശേഷം തിരിച്ചുവരികയായിരുന്നു. അപ്പോള്‍ ഒരു കറുത്ത വനിത പറഞ്ഞു: ദൈവദൂതരേ, അല്ലാഹു താങ്കളെ സുരക്ഷിതനായി തിരിച്ചെത്തിച്ചാല്‍ താങ്കള്‍ക്ക് മുന്നില്‍ ദഫ്ഫ് മുട്ടി പാടുമെന്ന് ഞാന്‍ നേര്‍ച്ചയാക്കിയിട്ടുണ്ട്. അപ്പോള്‍ തിരുമേനി അവളോടു പറഞ്ഞു: നീ നേര്‍ച്ചയാക്കിയിട്ടുണ്ടെങ്കില്‍ കൊട്ടിപ്പാടിക്കൊള്ളൂ. ഇല്ലെങ്കില്‍ വേണ്ട. അപ്പോളവര്‍ കൊട്ടിപ്പാടാന്‍ തുടങ്ങി (തുര്‍മുദി).

4. ഇബ്‌നു അബ്ബാസ് നിവേദനം ചെയ്യുന്നു: ആഇശയുമായി കുടുംബ ബന്ധമുള്ള ഒരു സ്ത്രീയെ അന്‍സാറുകളില്‍പെട്ട ഒരാള്‍ക്ക് വിവാഹം ചെയ്തു കൊടുത്തു. അവളെ അണിയിച്ചയച്ചപ്പോള്‍, പാട്ടുപാടുന്ന ആരെയെങ്കിലും അവളോടൊപ്പം അയച്ചിട്ടുണ്ടോ എന്ന് നബി(സ) ചോദിച്ചു. ഇല്ല എന്ന് ആഇശ(റ) പറഞ്ഞപ്പോള്‍, അന്‍സാറുകള്‍ക്ക് പാട്ട് ഇഷ്ടമാണെന്നും പാട്ടുകാരികളെ അവളോടൊപ്പം അയക്കാമായിരുന്നില്ലേ എന്നും നബി(സ) ചോദിച്ചു (ഇബ്‌നു മാജ).

ഈ സംഭവങ്ങളെല്ലാം സംഗീതത്തിനും ഗാനാലാപനത്തിനും നേരെ പ്രവാചകന്റെ നിലപാട് എന്തായിരുന്നു എന്ന് വ്യക്തമാക്കുന്നു. അതേ അവസരത്തില്‍ പാട്ടിനെയും സംഗീതത്തെയും വിലക്കിക്കൊണ്ടും വാദ്യോപകരണങ്ങള്‍ നശിപ്പിക്കാനാണ് ഞാന്‍ നിയുക്തനായതെന്ന് പറഞ്ഞുകൊണ്ടും ഉദ്ധരിക്കപ്പെടുന്ന നിവേദനങ്ങളെല്ലാം അതീവ ദുര്‍ബലങ്ങളും അസ്വീകാര്യങ്ങളുമാണ്. ഖാദീ അബൂബക്കര്‍ ഇബ്‌നുല്‍ അറബി, ഇമാം ഗസാലി, ഇബ്‌നു ഹസമ്, ഇബ്‌നുന്നഹ്‌വി എന്നീ പൂര്‍വിക പണ്ഡിതരെല്ലാം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മഹ്മൂദ് ശല്‍തൂത്, മുഹമ്മദുല്‍ ഗസ്സാലി, ഡോ. യൂസുഫുല്‍ ഖറദാവി തുടങ്ങിയ ആധുനിക പണ്ഡിതന്മാര്‍ക്കും ഇതേ വീക്ഷണം തന്നെയാണ് ഉള്ളത്. ഇനി സംഗീതോപകരണങ്ങള്‍ നശിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഹദീസുകള്‍ പ്രബലമാണെന്ന് വെച്ചാല്‍ തന്നെ, അവ ഏതൊരു സാഹചര്യത്തിലാണ് വിലക്കപ്പെടുന്നതെന്ന് പ്രസതുത നിവേദനങ്ങള്‍ ശ്രദ്ധിച്ചാല്‍ ബോധ്യപ്പെടും. മദ്യവും മദിരാക്ഷിയും അനുവദനീയമായിക്കരുതുന്ന ഒരു സമൂഹത്തെയാണ് അത്തരം റിപ്പോര്‍ട്ടുകളില്‍ വിമര്‍ശിക്കുന്നത്. പാട്ടും കൂത്തും മദ്യപാനവും വ്യഭിചാരവും ഒരു സംസ്‌കാരത്തിന്റെ മുഖമുദ്രയാകുന്നതിനെയാണ് അവ തള്ളിപ്പറയുന്നത്. ഹലാലായ ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രയോജനപ്പെടുത്തപ്പെടുന്ന വാദ്യോപകരണങ്ങളെ കുറിച്ചല്ല.

അതേ സമയം, അമിതമായാല്‍ അമൃതും വിഷമാണല്ലോ. സദാസമയം അലസരും വാദ്യോപകരണങ്ങളുടെയും സംഗീതത്തിന്റെയും അഡിക്റ്റുകളുമായ ഒരു തലമുറയെ ഇസ്‌ലാം ഇഷ്ടപ്പെടുന്നില്ല. സുദിനങ്ങള്‍, ആഘോഷാവസരങ്ങള്‍, കല്യാണം പോലുള്ള സന്ദര്‍ഭങ്ങളിലും മനസ്സിനും ശരീരത്തിനും റിലാക്‌സ് ആവശ്യമായ വേളകളിലുമെല്ലാം മിതമായ തോതിലുള്ള സംഗീതവും ഗാനങ്ങളും ആകാവുന്നതാണ്. പ്രവാചകന്റെയും അനുചരന്മാരുടെയും ചര്യ അതാണ് പഠിപ്പിക്കുന്നത്. ഒരു സംഭവം കാണുക: ആമിറുബ്‌നു സഅദില്‍നിന്ന് നിവേദനം. ഖറദത്തുബ്‌നു കഅ്ബ്, അബൂ സഊദ് അല്‍ അന്‍സ്വാരി എന്നിവരുടെ അടുക്കല്‍ ഞാനൊരു വിവാഹ ചടങ്ങിനെത്തി. അവിടെ പെണ്‍കുട്ടികളിരുന്ന് ഗാനമാലപിക്കുന്നുണ്ടായിരുന്നു. പ്രവാചകന്റെ സഖാക്കളും ബദ്‌റില്‍ പങ്കടുത്തവരുമായ നിങ്ങളുടെ സാന്നിധ്യത്തിലാണോ ഇങ്ങനെ ചെയ്യുന്നതെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അവരുടെ പ്രതികരണം ഇപ്രകാരമായിരുന്നു: താങ്കള്‍ക്ക് വേണമെങ്കില്‍ ഇവിടെയിരുന്ന് പാട്ടു കേട്ടോളൂ. അല്ലെങ്കില്‍ താങ്കള്‍ക്ക് പോകാം. കല്യാണാവസരത്തില്‍ ഇത്തരം വിനോദം അനുവദനീയമാണ് (ഹാകിം, നസാഈ).

ഫോണ്‍: 9645524008


Source: http://www.prabodhanam.net/detail.php?cid=937&tp=1%2C%E0%B4%93%E0%B4%B0%E0%B5%8B%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%BF

Friday, April 13, 2012

വിഷു = മാര്‍ച്ച് 21

കെ.കെ. ആലിക്കോയ

'ഓണത്തിരക്കിനിടയ്ക്കാണോ പുട്ട് കച്ചവടം' എന്ന് ചോദിക്കാറുണ്ട്. എന്നിരുന്നാലും, വിഷു ആഘോഷത്തെക്കുറിച്ച് ഞാന്‍ ചിലത് കുറിച്ചോട്ടേ?

ഉത്തരായനം, ദക്ഷിണായനം എന്നിങ്ങനെ രണ്ട് അയനങ്ങളുണ്ടല്ലോ.

* ഉത്തരായനം = സൂര്യന്‍ വടക്കോട്ട് നീങ്ങി സഞ്ചരിക്കുന്ന ആറ്‌ മാസക്കാലം.

* ദക്ഷിണായനം = സൂര്യന്‍ തെക്കോട്ട് നീങ്ങി സഞ്ചരിക്കുന്ന ആറ്‌ മാസക്കാലം.

ഉത്തരായനവും ദക്ഷിണായനവും  തുടങ്ങുന്ന ദിവസങ്ങളില്‍ രാപകലുകള്‍ തുല്യമായിരിക്കും. രാപകലുകള്‍ തുല്യമായ രണ്ട് തിയ്യതികള്‍ നമുക്കറിയാം:

# മാര്‍ച്ച് 21

# സെപ്റ്റമ്പര്‍ 23

>> മാര്‍ച്ച് 21 ന്‌  ഉത്തരായനം തുടങ്ങുന്നു.

>> സെപ്റ്റമ്പര്‍ 23 ന്‌  ദക്ഷിണായനംതുടങ്ങുന്നു.

ഇനി താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക:

വിഷു = 1. തുല്യാവസ്ഥയുള്ളത്. 2. സൂര്യന്‍ നേരെ വരുന്ന സമയം. 3. സമത്വം. 4. മേടമാസം ഒന്നാം തിയ്യതി (ആണ്ടു പിറപ്പ്) ആഘോഷദിനം.

= ഇങ്ങനെയാണിത്, മലയാള നിഘണ്ടുകളിലും മറ്റും, വിശദീകരിക്കപ്പെടാറുള്ളത്.

രാപകലുകള്‍ തുല്യമാകുന്ന ദിനം എന്നാണ്‌ വിഷുദിനം എന്നതിന്നര്‍ത്ഥം. നാം വിഷു ആഘോഷിക്കുന്നത് മേടം ഒന്നിനാണ്‌. ഇത്തവണ ഏപ്രില്‍ 14 ന്‌.  എന്നാല്‍, മേടം  ഒന്നിന്‌/ ഏപ്രില്‍ 14 ന് രാപകലുകള്‍ തുല്യമല്ല. മാര്‍ച്ച് 21 ന്‌ രാപകലുകള്‍ തുല്യമാണ്‌. അന്നാണ്‌ യഥാര്‍ത്ഥത്തില്‍ ഉത്തരായനം ആരംഭിക്കുന്നതും.

അങ്ങനെയെങ്കില്‍ വിഷു ആഘോഷിക്കേണ്ട ദിവസം ഏപ്രില്‍ 14 ന്‌ പകരം മാര്‍ച്ച് 21 ആകേണ്ടതല്ലേ?

അപ്പോള്‍ ശരിയായ മേടസംക്രാന്തിനാളും അന്ന് തന്നെയല്ലേ?

ആരെങ്കിലും വിശദീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

ഗുജറാത്ത് -ഒരു പതിറ്റാണ്ടിനുശേഷം (മാതൃഭൂമി മുഖപ്രസംഗം)




ഒരു ദശകം മുമ്പാണ് ഇന്ത്യയെ കൊടിയ വേദനയിലേക്കും ലജ്ജയിലേക്കും തള്ളിവീഴ്ത്തിയ ഗുജറാത്തിലെ വംശഹത്യ നടന്നത്. ചരിത്രത്തിന്റെ മുറിവുകളിലൊന്നായ ആ കൂട്ടക്കുരുതി സൃഷ്ടിച്ച ആകുലതകള്‍ ശമിച്ചൂവെന്ന് ഇനിയും പറയാറായിട്ടില്ല. 2002 ഫിബ്രവരി 27ന് ഗുജറാത്തിലെ ഗോധ്ര റെയില്‍വേസ്റ്റേഷനില്‍ ഫൈസാബാദ്-സബര്‍മതി എക്‌സ്പ്രസ്സിന്റെ ഒരു കോച്ച് തീവെക്കപ്പെട്ടതില്‍നിന്ന് തുടങ്ങിയ കലാപം മുസ്‌ലിങ്ങളെ തിരഞ്ഞുപിടിച്ച് കൂട്ടക്കൊല നടത്തുന്നതിലാണ് കലാശിച്ചത്. അയോധ്യയില്‍നിന്ന് മടങ്ങുകയായിരുന്ന കാര്‍സേവകര്‍ സഞ്ചരിച്ചിരുന്ന തീവണ്ടിയിലെ തീപ്പിടിത്തത്തിനും 58 പേരുടെ മരണത്തിനും കാരണം മുസ്‌ലിങ്ങളാണെന്നാരോപിച്ചായിരുന്നു ആസൂത്രിതമായ വംശഹത്യ അരങ്ങേറിയത്. അതുപോലൊരു ഹിംസ സ്വതന്ത്രഭാരതം കണ്ടിട്ടുണ്ടായിരുന്നില്ല. ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്രമോഡി കലാപം ശമിപ്പിക്കുന്നതിന് നടപടികള്‍ എടുത്തില്ല എന്നുമാത്രമല്ല, കൂട്ടക്കൊലയെ ന്യായീകരിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തു. ഭരണകൂടത്തിന്റെ പിന്തുണയുള്ള ഭീകരതയാണ് ഗുജറാത്തില്‍ അരങ്ങേറിയതെന്ന് പിന്നീട് പുറത്തുവന്ന വെളിപ്പെടുത്തലുകളും റിപ്പോര്‍ട്ടുകളും വ്യക്തമാക്കി. പിന്നീടു നടന്ന തിരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷവര്‍ഗീയതയുടെ പിന്തുണയോടെ മോഡി ജയിച്ചുകയറി. ആ ജയങ്ങളും വികസനനയങ്ങളും മോഡി അനുവര്‍ത്തിച്ച ഹിംസാരാഷ്ട്രീയത്തിന്റെ സാധൂകരണമാണെന്ന് യഥാര്‍ഥ രാഷ്ട്രീയപ്രജ്ഞയും മാനുഷികമൂല്യബോധവുമുള്ളവര്‍ക്ക് കരുതാനാവില്ല.

ഒരു ദശകത്തിനുശേഷം, ഇന്ന് ഗുജറാത്ത് ശാന്തമാണ്. എന്നാല്‍ അവിടെ സംസ്ഥാനഭരണകൂടം നടപ്പാക്കുന്ന പല പ്രവര്‍ത്തനങ്ങളും ആശങ്ക സൃഷ്ടിക്കുന്നവയാണെന്നും പറയാതിരിക്കാന്‍ നിവൃത്തിയില്ല. മുറിവുകള്‍ ഉണക്കേണ്ടതിനു പകരം ആന്തരികമായ മുറിവുകള്‍ സൃഷ്ടിക്കാനാണ് മോഡിയുടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്ഥാവരസ്വത്ത് വില്‍ക്കുന്നതുസംബന്ധിച്ച് സമീപകാലത്ത് നടപ്പാക്കിയ നിയമവും ഇപ്പോള്‍ അത് സംസ്ഥാനവ്യാപകമാക്കാന്‍ നടത്തുന്ന ശ്രമവും ഉദാഹരണം. ന്യൂനപക്ഷങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള കേന്ദ്രസര്‍ക്കാറിന്റെ സ്‌കോളര്‍ഷിപ്പ്പദ്ധതി നടപ്പാക്കുന്നതില്‍ കാണിക്കുന്ന എതിര്‍പ്പ് മറ്റൊരു മാതൃകയാണ്. നിശ്ശബ്ദമായ വംശീയവിദ്വേഷ പ്രസരണത്തിന്റെയോ ഹിന്ദുത്വപദ്ധതി നടപ്പാക്കുന്നതിന്റെയോ ഭാഗമാണ് ഈ നടപടികളെന്ന് വ്യക്തമാണ്. വംശീയകലാപത്തെത്തുടര്‍ന്നാണ് അസ്വാസ്ഥ്യപ്രദേശങ്ങളിലെ താമസക്കാരെ സംരക്ഷിക്കുന്നതിനും സ്ഥാവരസ്വത്ത് വില്‍ക്കുന്നത് തടയുന്നതിനുമുള്ള 1991-ലെ നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. അഹമ്മദാബാദിനും വഡോദരയ്ക്കുംമാത്രം ബാധകമായിരുന്നു നിയമം. അസ്വാസ്ഥ്യപ്രദേശങ്ങളിലെ സ്വത്ത് ഒരു സമുദായത്തില്‍പ്പെട്ടവര്‍ മറ്റൊന്നിന് വില്‍ക്കുന്നത് തടയുകയായിരുന്നു ലക്ഷ്യം. അസ്വസ്ഥപ്രദേശങ്ങളാക്കി പ്രഖ്യാപിക്കപ്പെട്ട 274 മേഖലകളുള്ള അഹമ്മദാബാദില്‍ ഈ നിയമം മുസ്‌ലിം 'ഗെറ്റൊ'കളുടെ രൂപപ്പെടലിനാണ് വഴിയൊരുക്കിയതെന്ന് മനുഷ്യാവകാശസംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത് അവഗണിക്കാനാവില്ല. മറ്റൊരു സമുദായവുമായി ഇടപാട് നടത്താനാവാത്ത സാഹചര്യം യഥാര്‍ഥത്തില്‍ മത-സമുദായസൗഹൃദത്തിന് പരിക്കേല്‍പ്പിക്കുക മാത്രമല്ല, പ്രത്യേക വിഭാഗങ്ങളുടെ മേഖലകളെ സമൂഹത്തില്‍ വേര്‍തിരിച്ചുനിര്‍ത്തുകയും ചെയ്യുന്നു. ആപത്കരമായ ധ്രുവീകരണത്തിന് വഴിവെക്കുന്ന ഈ നിയമം ഇപ്പോള്‍ സംസ്ഥാനവ്യാപകമാക്കുകയാണ് മോഡിസര്‍ക്കാര്‍ ചെയ്തത്.

രജീന്ദര്‍സച്ചാര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് 2008-ല്‍ ന്യൂനപക്ഷവിദ്യാര്‍ഥികള്‍ക്കുവേണ്ടിയുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കംകുറിച്ചത്. അതില്‍നിന്ന് ലഭിച്ച തുകയില്‍ ഒരു പൈസപോലും കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ ഗുജറാത്ത് സര്‍ക്കാര്‍ ചെലവഴിച്ചിട്ടില്ല. മുസ്‌ലിം, ദളിത് വിദ്യാര്‍ഥികള്‍ക്കാണ് ആനുകൂല്യം ലഭിക്കേണ്ടിയിരുന്നത്. സ്‌കോളര്‍ഷിപ്പ് പദ്ധതി വിവേചനപരമാണെന്നായിരുന്നു ഗുജറാത്ത് സര്‍ക്കാറിന്റെ വാദം. സമൂഹത്തിലെ വിഭാഗീയത വര്‍ധിക്കാന്‍ സ്‌കോളര്‍ഷിപ്പ് കാരണമാകുമെന്നും സര്‍ക്കാര്‍ വാദിച്ചു. കേന്ദ്രസര്‍ക്കാറിന്റെ പദ്ധതി ഭരണഘടനാപരമായ സാധുതയുള്ളതാണെന്ന് 2012-ല്‍ ഗുജറാത്ത് ഹൈക്കോടതി വിധിച്ചിട്ടും മുട്ടാപ്പോക്ക് ന്യായങ്ങള്‍ നിരത്തി അത് നടപ്പാക്കാതിരിക്കാനാണ് സര്‍ക്കാറിന്റെ ശ്രമം. ഇന്നലത്തെ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുകയാണ് ചരിത്രത്തില്‍നിന്ന് പഠിക്കേണ്ട പാഠം. ഗുരുതരമായ തെറ്റായിരുന്നു ഗുജറാത്തില്‍ ഉണ്ടായ വംശഹത്യ. അത് സൃഷ്ടിച്ച വ്രണങ്ങളും ആശങ്കകളും ഉണക്കാനായിരിക്കണം ജനാധിപത്യസ്വഭാവമുള്ള ഭരണകൂടം ശ്രമിക്കേണ്ടത്. അപ്പോള്‍മാത്രമേ നീതിയും മാനുഷികതയും രാഷ്ട്രീയമൂല്യങ്ങളും പുലരുകയുള്ളൂ. അകറ്റലിന്റെ വേദാന്തമല്ല അഹിംസയുടെയും ഏകതാവാദത്തിന്റെയും പ്രചാരകനായിരുന്ന പുണ്യാത്മാവ് ജനിച്ച ഗുജറാത്തില്‍നിന്നുയരേണ്ടത്, സഹവര്‍ത്തിത്വത്തിന്റെ സംഘഗാനമാണ്.
Source: http://www.mathrubhumi.com/online/malayalam/news/story/1478129/2012-02-29/kerala

ദാരിദ്ര്യരേഖ തെളിയണമെങ്കില്‍




പ്രതിദിനം 28 രൂപ 65 പൈസ വരുമാനമുള്ള നഗരവാസിയെയും 22 രൂപ 42 പൈസ കിട്ടുന്ന ഗ്രാമവാസിയെയും ഇനി ദരിദ്രവാസിയായി കാണാന്‍പറ്റില്ലെന്നാണ് ആസൂത്രണ വിദഗ്ധര്‍ പറയുന്നത്. എത്ര കൃത്യമായാണ് അടിസ്ഥാന ജീവിതാവശ്യങ്ങള്‍ നിര്‍ണയിച്ചിരിക്കുന്നത്. ഇതിനിടയില്‍ രണ്ടു പൈസയും അഞ്ചു പൈസയുമൊക്കെ ഇന്ന് പ്രചാരത്തിലുണ്ടോ എന്നൊന്നും ചോദിച്ചുപോകരുത്. പുതിയ നിര്‍ദേശപ്രകാരം അഞ്ചു കോടിയിലധികം സാധാരണക്കാരില്‍ സാധാരണക്കാര്‍ ദാരിദ്ര്യരേഖയുടെ പരിധിക്കു പുറത്താവും. പ്രത്യക്ഷത്തില്‍ നാടിനും സര്‍ക്കാറിനും തിളക്കം നല്‍കുന്നതാണീ വാര്‍ത്തയെങ്കിലും എന്തുമാത്രം യുക്തിഭദ്രമാണ് ഈ കാഴ്ചപ്പാട് എന്ന് വസ്തുനിഷ്ഠമായി പരിശോധിക്കപ്പെടേണ്ടതുണ്ട്.28 അല്ലെങ്കില്‍ 29 രൂപകൊണ്ട് അത്യാവശ്യ നിത്യാവശ്യങ്ങള്‍ നിറവേറ്റാനാവുന്ന ഏതു നഗരമാണ് ഈ രാജ്യത്തുള്ളത്. അതേപോലെതന്നെയാണ് ഗ്രാമങ്ങളുടെയും അവസ്ഥ. 23 രൂപകൊണ്ട് ഒരു ദിവസത്തെ ഗ്രാമജീവിതം തട്ടിമുട്ടിയെങ്കിലും തള്ളിനീക്കാമെന്ന് കരുതിയെങ്കില്‍ ആര്‍ക്കോ തെറ്റുപറ്റിയിട്ടുണ്ട്. ദാരിദ്ര്യത്തിന്‍െറ മാനദണ്ഡം നഗരങ്ങളില്‍ 32 രൂപയും ഗ്രാമങ്ങളില്‍ 26 രൂപയും പ്രതിദിന വരുമാനമായി കാണണമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ട് അധികം നാളായിട്ടില്ല. അതിനിടയിലാണ് ആസൂത്രണ കമീഷന്‍െറ താഴ്ത്തിക്കെട്ടല്‍. ഇന്ത്യന്‍ ജീവിതത്തിന്‍െറ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ അടിയൊഴുക്കുകളെപ്പറ്റി സൂക്ഷ്മ നിരീക്ഷണം നടത്തുകയായിരുന്ന നാഷനല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍െറ നിഗമനങ്ങളാണ് ആസൂത്രണ കമീഷന്‍െറ ശിപാര്‍ശകളില്‍ പ്രതിഫലിച്ചതെന്ന് വ്യക്തം.കേവലം അക്കങ്ങളുടെ പ്രശ്നമല്ല ഇത്. ജീവിതാവസ്ഥകളെ ആഴത്തില്‍ സ്പര്‍ശിക്കുന്ന പല ഘടകങ്ങളുമായും നേര്‍ക്കുനേരെ ബന്ധപ്പെട്ടുകിടക്കുന്നതാണത്. അതെല്ലാം ചേരുംപടി ചേര്‍ന്നിട്ടില്ലെങ്കില്‍ റിപ്പോര്‍ട്ട് അപൂര്‍ണവും അതിലെ ശിപാര്‍ശകള്‍ അശാസ്ത്രീയവുമായിരിക്കും. സാമൂഹികമായ അധ$സ്ഥിതാവസ്ഥ, രാഷ്ട്രീയമായ അടിച്ചമര്‍ത്തല്‍ എന്നിവക്ക് കുടിലുകളില്‍ ദാരിദ്ര്യം കൊണ്ടുവരുന്നതിലുള്ള പങ്ക് പരിഗണിക്കപ്പെടേണ്ടതാണ്. നഗരങ്ങള്‍ എന്ന പരികല്‍പനയെ ഒരേ അളവുകോല്‍കൊണ്ട് അളക്കാന്‍ പറ്റില്ല. ചെറുകിട നഗരങ്ങളിലും പട്ടണങ്ങളിലും അത്യാവശ്യ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ വേണ്ട തുക മതിയാവില്ല വന്‍കിട നഗരങ്ങളില്‍ അരിഷ്ടിച്ചു ജീവിക്കാന്‍പോലും. മറ്റൊന്നാണ് പോഷകാഹാരവുമായി ബന്ധപ്പെട്ട വിഷയം. അര്‍ധപട്ടിണിയോ നിത്യരോഗമോ കാരണം പ്രതിദിനം കലോറി മൂല്യം കൂടുതല്‍ വേണ്ടിവരുന്ന സാധാരണക്കാരുണ്ട്. ഇങ്ങനെ സാമൂഹികവും സാമ്പത്തികവും ആരോഗ്യപരവുമായ വശങ്ങളും പ്രാദേശിക പ്രത്യേകതകളും കണക്കിലെടുക്കേണ്ടതുണ്ട്.  വിവിധ ഇനം സബ്സിഡികളടക്കം സര്‍ക്കാര്‍ നല്‍കിവരുന്ന പലവിധ ആനുകൂല്യങ്ങളെ ബാധിക്കുന്ന പ്രശ്നം കൂടിയാണിത്. അതിനാല്‍ സ്റ്റാന്‍ഡേഡ് ഹ്യൂമന്‍ ഡെവലപ്മെന്‍റ് ഇന്‍ഡക്സ് അഥവാ ദരിദ്രാവസ്ഥയുടെ ബഹുമുഖ സൂചികകള്‍ ഉള്‍പ്പെടുത്തിയായിരിക്കണം ദാരിദ്ര്യരേഖ വരക്കേണ്ടത്.അന്താരാഷ്ട്ര മാനദണ്ഡപ്രകാരം ആളോഹരി പ്രതിദിനം 1.25 ഡോളര്‍ കിട്ടാത്തവരെ ബി.പി.എല്‍ പട്ടികയില്‍ പെടുത്തണം. അതുവെച്ചുനോക്കുമ്പോള്‍ നഗരങ്ങളില്‍ 28.65 രൂപയും ഗ്രാമങ്ങളില്‍ 22.42 രൂപയും കിട്ടിയതുകൊണ്ട് എന്തുചെയ്യാനാവും. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ നിത്യോപയോഗ വസ്തുക്കളുടെ വില എത്രകണ്ട് ഉയര്‍ന്നു. രോഗചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവ കൂടി പരിഗണിച്ചാണോ 28ഉം 22 രൂപയും നിശ്ചയിച്ചിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ നിയമത്തിന്‍െറ പരിധിയില്‍നിന്ന് എ.പി.എല്ലുകാര്‍ പുറത്താവുന്നപക്ഷം  അതിന്‍െറ അടിത്തട്ടില്‍ കിടക്കുന്നവരുടെ ഭാവി എന്തായിരിക്കും. ഇത്യാദി ആശങ്കകള്‍ അസ്ഥാനത്തല്ല. അതിനാല്‍ ജനഹിതം പ്രതിഫലിക്കാന്‍ കഴിയാത്ത ഉദ്യോഗസ്ഥര്‍ ഒരിടത്തിരുന്ന് കേന്ദ്രീകൃത സ്വഭാവത്തില്‍ വരച്ചുവെക്കേണ്ട രേഖയല്ലിത്. മറിച്ച് ജനഹിതം ശരിക്കും ഉള്‍ക്കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംസ്ഥാന സര്‍ക്കാറുകളുടെയും നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്ത് വികേന്ദ്രീകൃത സ്വഭാവത്തില്‍ രൂപപ്പെടുത്തുമ്പോഴേ ചേരേണ്ടത് ചേരുംപടി ചേര്‍ക്കാനാവൂ.കോളനി ഭരണത്തില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയവരുടെ പ്രധാന സ്വപ്നങ്ങളില്‍ ഒന്ന് നാട്ടില്‍ ദാരിദ്ര്യം ഇല്ലാതാകണമെങ്കില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടം നിലവില്‍ വരണമെന്നതായിരുന്നു. അത്തരമൊരു ഭരണവ്യവസ്ഥ നിലവില്‍വന്ന് ആറ് പതിറ്റാണ്ടിനു ശേഷവും നമ്മുടെ സാമൂഹികാവസ്ഥയും ദാരിദ്ര്യം എന്ന പ്രശ്നവും എന്തു ചിത്രമാണ് നല്‍കുന്നതെന്ന് പകല്‍പോലെ വ്യക്തം. ജനസംഖ്യയുടെ മൂന്നിലൊന്ന് അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ട് ജീവിതത്തിന്‍െറ പുറംപോക്കില്‍ കഴിയുന്നു. സാമൂഹിക ക്ഷേമപദ്ധതികള്‍ പല പേരുകളില്‍ നടപ്പാക്കിയിട്ടും വികസനം എത്തേണ്ടിടത്ത് എത്തിയില്ല. അധ$സ്ഥിതരുടെ പ്രവാഹം ആശാസ്യമായി തടഞ്ഞുനിര്‍ത്താനുമായില്ല. ഈ പ്രതികൂലാവസ്ഥയെ മറികടക്കാന്‍ കണ്ട കുറുക്കുവഴിയാണ് ദാരിദ്ര്യരേഖ താഴ്ത്തി വരക്കാനുള്ള നീക്കമെങ്കില്‍ അതില്‍ യാഥാര്‍ഥ്യബോധം പ്രതിഫലിക്കുന്നില്ല. എന്നുമാത്രമല്ല, സര്‍ക്കാറിനെ വരിഞ്ഞുമുറുക്കുന്ന ഒരു കെണിയായേ അതിനെ കാണാനാവൂ. ക്ഷേമരാഷ്ട്രം മുന്നില്‍കണ്ട്, ഒരിക്കല്‍ നാം ആട്ടിയോടിച്ചവര്‍ മറക്കുപിന്നില്‍നിന്ന് നെയ്തെടുക്കുന്ന കുരുക്കാണത്. നാടിന്‍െറ ക്ഷേമമല്ല, കച്ചവടതാല്‍പര്യമാണതിന്‍െറ പ്രചോദനം.
Source: http://madhyamam.in/news/158935/120323

വിവാഹം: പ്രായപരിധി

കെ.കെ. ആലിക്കോയ

ഇന്ത്യയില്‍ വിവാഹപ്രായം 21ഉം 18 ഉമാണ്‌. എന്നാല്‍ ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ അത്രയും കാലം കാത്തിരിക്കേണ്ടതില്ല. ഇതിലെ അധാര്‍മ്മികത കണ്ടില്ലെന്നു നടിക്കുന്നവരാണ്‌ വിവാഹപ്രായത്തെക്കുറിച്ച് അലമുറയിടുന്നത്.


 പാശ്ചാത്യരാജ്യങ്ങളില്‍ സ്കൂള്‍പ്രായത്തില്‍തന്നെ കുട്ടികള്‍ പ്രസവിച്ചുകൊണ്ടിരിക്കുന്നു. അവിടെ അതിനൊന്നും കുഴപമില്ല. വിവാഹം അരുതെന്നേയുള്ളൂ. അതേ അവസ്ഥ ഇന്ത്യയിലും ഉണ്ടാക്കാന്‍ കൊതിക്കുന്നു ചിലര്‍. അതിലുള്ള അധാര്‍മ്മികത തിരിച്ചറിയുന്നുമില്ല.


 ഇളംപ്രായത്തില്‍ ഗര്‍ഭംധരിക്കുകയും എന്നിട്ട് പ്രസവിക്കുകയോ അല്ലെങ്കില്‍ ഗര്‍ഭം അലസിപ്പിക്കുകയോ ചെയ്യുന്നതുമൂലമുണ്ടാകുന്ന  ആരോഗ്യപ്രശ്നങ്ങളെ മുന്‍നിറുത്തിപ്പോലും ഈ കാടന്‍ നിയമത്തെ ആരും വിമര്‍ശിക്കുന്നില്ല. അതു മനുഷ്യസ്വാതന്ത്ര്യത്തിന്റെയും പുരോഗതിയുടെയും ഭാഗമാണത്രെ. വിവാഹം ചെയ്താലോ? അതു കാടന്‍ സമ്പ്രദായം! ക്രൂരം! ആരോഗ്യപ്രശ്നം!


അഥവാ  വിവാഹബന്ധത്തിലൂടെയാണ്‌ ചെയ്യുന്നതെങ്കില്‍, ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഉയര്‍ന്ന പ്രായപരിധിയുണ്ട്. പ്രസവിക്കുന്നതിനുമുണ്ട് പ്രായപരിധി. അഗമ്യഗമനമാണെങ്കില്‍ കുഴപ്പമില്ല. പ്രായപരിധിയില്‍ നല്ല ഇളവുണ്ട്. നിങ്ങള്‍ മനുഷ്യസമൂഹത്തെ ഏത് യുഗത്തിലേക്കാണ്‌ നയിക്കുന്നത്?


ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന്നും പ്രസവിക്കുന്നതിന്നും ഇല്ലാത്ത എന്ത് തടസ്സമാണ്‌ വിവാഹത്തിനു മാത്രമായിട്ടുള്ളത്?
അല്പമെങ്കിലുമൊന്ന് ചിന്തിച്ചുകൂടേ?


അപ്പോള്‍ വളരെ നേരത്തെതന്നെ ലൈംഗികത മനുഷ്യന്ന് ആവശ്യമുണ്ടെന്ന് എല്ലാവരും സമ്മതിക്കുന്നു. ഇസ്‌ലാം വ്യഭിചാരത്തെ കഠിനമായി വെറുക്കുകയും വിലക്കുകയും ചെയ്യുന്നു. അതിനാല്‍ ആവശ്യമുള്ളവര്‍ക്ക് അല്പം നേരത്തെ വിവാഹം ആകാമെന്ന് വെച്ചിരിക്കുന്നു. ചിലരുടേ ദൃഷ്ടിയില്‍ ഇതൊരു മഹാപരാധം. സാക്ഷാല്‍ അപരാധമോ  ഇവര്‍ക്ക് പുരോഗതിയും. ഇവരെ തിരിച്ചറിയുക.

കുടുംബവും ശാന്തിയും

സ്ത്രീധനം