Wednesday, June 26, 2013

മുനീറിന്റെ കാള പെറ്റുവോ?

ഈ തലക്കെട്ടില്‍ ഡി. ബാബുപോളിന്റെ ഒരു ലേഖനം ഇന്നത്തെ (26/06/2013) മാധ്യമത്തിലുണ്ട്. മുസ്‌ലിംകള്‍ക്കിടയില്‍ ശിശുവവിവാഹം പ്രോല്‍സാഹിപ്പിക്കുന്നുവെന്നും അതിനായി സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയിരിക്കുന്നു എന്നുമാണല്ലോ പുതിയ ആരോപണം. ഇതിന്റെ നിജസ്ഥിതി വിവരിച്ചുകൊണ്ട് അദ്ദേഹം പറയുന്ന കാര്യങ്ങള്‍ വളരെ പ്രസക്തമാണ്‌. വിവാദവിധേയമായ ഉത്തരവിറക്കിയവര്‍ കൂടി അത് വായിക്കുന്നത് നന്നായിരിക്കും.

ലേഖനത്തില്‍ പരാമര്‍ശിച്ച വസ്‌തുതകള്‍:

1. 2007 ലെ ശിശുവിവാഹനിരോധന നിയമമനുസരിച്ച് പുരുഷന്ന് 21 ഉം സ്ത്രീക്ക് 18 ഉം വയസ്സാകാതെ വിവാഹം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്‌. രണ്ടു വര്‍ഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിക്കാവുന്ന കുറ്റം. സ്ത്രീകളെ ജയില്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. വരന്ന് 18 വയസായിട്ടുണ്ടെങ്കില്‍ അയാളും കാര്‍മ്മികത്വം വഹിച്ച പുരോഹിതനും മറ്റു തരത്തില്‍ അതിന്റെ നടത്തിപ്പുകാരായിരുന്നവരുമെല്ലാം ശിക്ഷാര്‍ഹരാണ്‌.

2. ഇതിനെതിരെ ഒരു ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടില്ല.

3. ഇങ്ങനെ നടക്കുന്ന വിവാഹം നിയമാനുസൃത സമയത്തിനകം അസാധുവാക്കിയിട്ടില്ലെങ്കില്‍ അത് സാധുവായി കണക്കാക്കപ്പെടും. അതില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ നിയമാനുസൃതസന്തതികള്‍ ആയിരിക്കുകയും ചെയ്യും.

4. നടന്നു കഴിഞ്ഞ ഒരു വിവാഹം പ്രായപരിധിനിയമം ലംഘിച്ചിട്ടുണ്ടെങ്കിലും അത് റജിസ്‌റ്റര്‍ ചെയ്യാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണം എന്നാണ്‌ പുതിയ ഉത്തരവില്‍ പറയുന്നത്. (പ്രായപരിധിലംഘനം കുറ്റമല്ലെന്നോ ശിക്ഷാര്‍ഹമല്ലെന്നോ ഇതുകൊണ്ട് ഉദ്ദേശിക്കുന്നില്ല.)

5. ഈ ഉത്തരവ് മുസ്‌ലിംകള്‍ക്കു മാത്രം ബാധകമാവുന്നതല്ല; ക്രിസ്‌ത്യന്‍, സിഖ്, ഹിന്ദു എന്നിവര്‍ക്കെല്ലാം ബാധകമാവുന്ന നിയമം തന്നെയാണ്‌. (മേല്‍ പറഞ്ഞ നിയമവും ഉത്തവില്‍ പറഞ്ഞ കാര്യവും എല്ലാവര്‍ക്കും ബാധകമാണ്‌.)

6. ഈ ഉത്തരവ് എല്ലാവര്‍ക്കും ബാധകമാണെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല; ഇത് മുസ്‌ലിംകള്‍ക്കു മാത്രം ബാധകമാണെന്ന ഒരു ധ്വനി ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. നിലവിലുണ്ടെന്ന് ഉറപ്പില്ലാത്ത മുസ്‌ലിം വിവാഹ നിയമം ഈ ഉത്തരവില്‍ പരാമര്‍ശിച്ചതാണ്‌ വിവാദത്തിനു കാരണമായത്.

സമാപനം: ഇങ്ങനെയൊക്കെയാണ്‌ സര്‍ക്കാര്‍ മുസ്‌ലിംകളെ പ്രീണിപ്പിച്ചുകൊണ്ടിരിക്കുന്നത്.