Tuesday, October 22, 2013

അവരും നമ്മളും

കഥ?/ കെ.കെ. ആലിക്കോയ


'ഓഹ്, എന്തൊരു കഷ്ടമാണിത്?'

'എന്തു പറ്റി ചേട്ടാ?'

'ഇനിയെന്ത് പറ്റാനാണ്‌?'

'എനിക്കൊന്നും മനസ്സിലായില്ല.'

'അതൊരു പുതുമയുള്ള കാര്യമല്ലല്ലോ.'

'ഏത്?'

'നിനക്ക് മനസ്സിലാകാതെ പോകുന്നത്.'

'ചേട്ടാ, ഞാനിത്തിരി ബിസിയാണ്‌. ഇവിടത്തെ ജോലി ഒതുക്കിയിട്ടു വേണം അങ്ങേതിലെ നഫീസക്ക് ഇത്തിരി സഹായം ചെയ്‌തുകൊടുക്കാന്‍.'

'അവിടെ നഫീസയില്ലേ? പിന്നെന്തിനാണ്‌ നിന്റെ സഹായം?'

'നഫീസയുടെ ചെറിയ കുട്ടിക്ക് പനിയാണ്‌. അതവളെ അനങ്ങാന്‍ സമ്മതിക്കുന്നില്ല.'

'എന്നാല്‍ ചെല്ല്‌.'

'അല്ല; ചേട്ടനെന്നോട് എന്തോ ഒന്ന് പറയാന്‍ തുടങ്ങിയിരുന്നല്ലോ; അത് മറന്നോ?'

'അത് സോമാലിയയുടെ കാര്യമാണ്‌.'

'സോമാലിയയോ അതാരാ? ആണോ പെണ്ണോ?'

'നസീറിന്റെ ശൈലിയില്‍ മണ്ടിപ്പെണ്ണേ എന്ന് വിളിക്കേണ്ടത് നിന്നെയാണ്‌. എടീ, സോമാലിയ ഒരു സ്ഥലനാമമാണ്‌.'

'അതെവിടെയാ? കേരളത്തിലാണോ?'

'ഹ ഹ ഹ, സോമാലിയ കേരളത്തിലാണോന്ന്. അല്ലടീ, അത് ആഫ്രിക്കയിലാണ്‌.'

'ചേട്ടനവിടെ വല്ല ജോലിയും കിട്ടിയോ? എന്നാല്‍ നമ്മുടെ കഷ്ടപ്പാട് മാറുമായിരുനു.'

'എടീ, അതൊരു പട്ടിണിരാജ്യമാണ്‌. ഒരു പക്ഷേ, ലോകത്തിലെ ഏറ്റവും കടുത്ത പട്ടിണിരാജ്യം.'

'പട്ടിണി കണ്ടുപിടിച്ചത് അവരാണോ?'

'ഛെ, നീ തമാശ കള.'

'ശരി, കളഞ്ഞു. ചേട്ടന്‍ ഒന്ന് വേഗം പറ. നഫീസയുടെ കുഞ്ഞ് പിന്നെയും കരയുന്നു.'

'അന്താരാഷ്ട്ര കാര്യങ്ങള്‍ സംസാരിക്കുന്നതിന്നിടയിലാണോ അയല്‍ വീട്ടിലെ കാര്യം കടന്നുവരുന്നത്?'

'സോറി ചേട്ടാ, പറയൂ, കേള്‍ക്കട്ടെ.'

'ഹൊ, അവിടെ നിന്നുള്ള സങ്കടപ്പെടുത്തുന്ന മൂന്നു വാര്‍ത്തകളാണ്‌ ഇന്നത്തെ പത്രത്തിലുള്ളത്. ഒന്ന്: അവിടെ ഒരു ഗ്രാമത്തില്‍ മാത്രം കഴിഞ്ഞ മാസം 480 പേര്‍ പട്ടിണിമൂലം മരണപ്പെട്ടിരിക്കുന്നു. രണ്ട്: പകര്‍ച്ചപ്പനി.....'

'എന്റെ പൊന്നു ചേട്ടാ, സോമാലിയയിലെയും അങ്കമാലിയിലെയും വാര്‍ത്തകളും പിന്നെ അവയെക്കുറിച്ചുള്ള ചേട്ടനെഴുതുന്ന കവിതകളും കേട്ടിരിക്കാന്‍ എനിക്ക് ഇപ്പോള്‍ നേരമില്ല.'

'എന്താടീ എന്റെ കവിത മോശമാണോ?'

'അതുകൊണ്ടല്ല ചേട്ടാ; നേരമില്ലാഞ്ഞിട്ടാണ്‌. ചേട്ടന്‌ കവലയില്‍ ചെന്നിരുന്ന് വൈകുന്നേരം വരെ ആരെയെങ്കിലുമൊക്കെ ചൊല്ലിക്കേള്‍പ്പിക്കാമല്ലോ. വാസുവേട്ടനും മൂസക്കയും മറ്റു പലരും ഉണ്ടാവുമല്ലോ അവിടെ.'

'നീയെന്റെ ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തെ പരിഹസിക്കരുത്.'

'ആവിക്കാരന്റെ സ്വാതന്ത്ര്യമോ? അതെന്താണെന്നു തന്നെ എനിക്കറിയില്ല. പിന്നെങ്ങനെയാണ്‌ ഞാനതിനെ പരിഹസിക്കുക?'

'നീ എന്താ പറഞ്ഞത്? ആവിക്കാരന്റെ സ്വാതന്ത്ര്യമോ? ഇങ്ങു വാ, ഞാന്‍ പറഞ്ഞുതരാം.'

'അതൊന്നും എന്റെ തലയില്‍ കേറില്ല ചേട്ടാ.'

'എങ്കില്‍ അത് വിട്ടുകളയാം.'

'ചേട്ടനുള്ള ചോറും കറിയും കാസ്‌റോളില്‍ വെച്ചിട്ടുണ്ട് കെട്ടോ. ഉച്ചയ്ക്ക് വന്ന് എടുത്ത് കഴിക്കണേ.'

'അതിരിക്കട്ടെ, നീ എന്റെ ഷര്‍ട്ടും പേന്റും തേച്ച് വെച്ചിട്ടുണ്ടോ?'

'ഇല്ലല്ലോ ചേട്ടാ.'

'എന്നാല്‍ അതുകൂടി ചെയ്‌തിട്ട് എന്റെ മോള്‌ ജോലിക്ക് പോയാല്‍ മതി.'

'ചിരട്ട കത്തിച്ച് പെട്ടി ചൂടാക്കി ഇസ്‌തിരിയിടാന്‍ നിന്നാല്‍ ഇന്ന് പത്തു മണിക്കു പോലും എനിക്ക് ജോലിക്കെത്താന്‍ കഴിയില്ല. അങ്ങനെ വന്നാല്‍ ആറു മണി കഴിഞ്ഞേ മുതലാളി എന്നെ വിടുകയുള്ളു. അപ്പോള്‍ ചേട്ടനാരാണ്‌ വൈകുന്നേരം സമയത്തിന്‌ ചായയും കടിയും ഉണ്ടാക്കിത്തരുക?'

'ചായ ഞാന്‍ കടയില്‍ നിന്ന് കുടിച്ചോളാമെടീ.'

'അയ്യോ ചേട്ടാ അങ്ങനെ ചെയ്യല്ലേ. കഴിഞ്ഞ ആഴ്‌ചയില്‍ ചേട്ടന്റെ രണ്ടു ദിവസത്തെ ചായയുടെ കാഷ് കൊടുത്തപ്പോ എന്റെ കണ്ണ്‌ തള്ളിപ്പോയതാ. അത്രയും കാഷുണ്ടെങ്കില്‍ നമ്മുടെ ഒരു ദിവസത്തെ എല്ലാ ചെലവിനും അത് മതിയാകുമായിരുന്നു.'

'ഓഹോ, അപ്പോള്‍ നീയാണ്‌ ചെലവ് നടത്തുന്നതെന്ന അഹങ്കാരമാണ്‌ നിനക്ക്; അല്ലേ?'

'എന്റെ ചേട്ടനോട് ഞാനെപ്പോഴെങ്കിലും അഹങ്കാരം കാണിച്ചിട്ടുണ്ടോ?'

'ഇല്ലടീ.'

'പിന്നെന്തിനാണ്‌ അങ്ങനെയൊക്കെ പറയുന്നത്? എനിക്ക് സങ്കടമാവില്ലേ?'

'അതിരിക്കട്ടെ; എനിക്കനുയോജ്യമായ ഒരു ജോലി കിട്ടിയാല്‍ പിന്നെ നിന്നെ ഞാന്‍ ഒരു ജോലിക്കും വിടില്ല.'

'ചേട്ടന്‍ ഇന്നലത്തെ പത്രം വായിച്ചിരുന്നോ?'

'പിന്നില്ലാതെ?'

'എന്നാല്‍ ആ വാര്‍ത്ത ചേട്ടനും കണ്ടുകാണുമല്ലോ.'

'ഏതു വാര്‍ത്ത?'

'അന്യസംസ്ഥാന തൊഴിലാളികള്‍ ഒരു വര്‍ഷം കേരളത്തില്‍ നിന്ന് കടത്തിക്കൊണ്ടുപോകുന്നത് 20,000 കോടി രൂപയാണത്രെ.'

'ഛെ, അന്യസംസ്ഥാന തൊഴിലാളികള്‍ എന്ന കാഴ്‌ചപ്പടു തന്നെ തെറ്റാണ്‌. അതൊരു മാതിരി വിഘടനവാദപരമായാ കാഴ്‌ചപ്പാടാണ്‌. അവരും ഇന്ത്യക്കാരല്ലേ? എല്ലാ ഇന്ത്യകാരും നമ്മുടെ സഹോദരീ സഹോദരന്മാരാണെന്ന് നീ പഠിച്ചിട്ടില്ലേ?'

'അതെ പഠിച്ചിട്ടുണ്ട്; അതുകൊണ്ടാണ്‌ ചോദിക്കുന്നത്; അവരെപ്പോലെ ആകാന്‍ നമുക്കെന്തുകൊണ്ട് കഴിയുന്നില്ല?'

Wednesday, October 2, 2013

ഞമ്മക്ക് വേണ്ടാ



അബുവിന്റെ ബാപ്പ വിറക് ശേഖരിച്ചാണ്‌ കുടുംബം പോറ്റിയിരുന്നത്. ഒരു ദിവസം ബാപ്പ കാട്ടിലേക്ക് പുറപ്പെടുമ്പോള്‍ അബു പറഞ്ഞു: 'ബാപ്പാ, ഞമ്മളും ബര്‌ന്ന്.'

'യ്യ് എങ്ങട്ടാ?'

'ങ്ങളൊപ്പം കാട്ട്‌ക്ക്; ബെറക് ബെട്ടാന്‍.'

'അനക്ക് ന്ന് പരീച്ച തൊടങ്ങ്വല്ലേ?'

'പരീക്ഷ നടക്കട്ടെ; ഞാനിനി സ്‌കൂള്‌ല് പോണ്‌ല്ല.'

'അതെന്താ?'

'പോയ്‌റ്റും ബല്യ കാര്യൊന്നൂല്ല. ഉദ്യോഗം കിട്ടാനൊക്കെ ബല്യ പാടാന്നാ കേക്കണത്.'

'യ്യ് പറഞ്ഞത് നേരാ. ഇപ്പള്‍ത്തെ കാലത്ത് പടിച്ചിട്ടൊന്നും ഒര്‌ കാര്യവുല്ല. യ്യ് കാട്ട്‌ക്ക് പോര്‌. ന്‌യ്ക്കൊര്‌ കൂട്ടാവൂലോ.'

ബാപ്പയുടെ വാക്കുകള്‍ കേട്ടപ്പോള്‍ തന്റെ തീരുമാനം വളരെ ശരിയായിരുന്നുവെന്ന് അവന്നു മനസ്സിലായി. അവന്നേറെ അഭിമാനവും തോന്നി. അഭിമാനത്തിന്റെ ആ മുഹൂര്‍ത്തത്തില്‍ രണ്ടു വിശിഷ്ടശബ്‌ദങ്ങള്‍ അവന്റെ കാതില്‍ മുഴങ്ങുന്നുണ്ടായിരുന്നു.

ഒന്ന് അവന്റെ വല്യുമ്മയുടെ ശബ്‌ദം: 'മോനേ, സ്കോള്‍ല് പോണം. ഒര്‌ കത്തെവുതാനും കണക്ക് കൂട്ടാനും ഒക്ക പഠിയ്ക്കണം. അയ്‌നേക്കാള്‍ തോന പടിയ്ക്കര്‍ത്. തോന പടിച്ചാ ബയ് പെയച്ച്വോവും.'

അതൊരു സാധാരണക്കാരിയുടെ വര്‍ത്തമാനം. ഇതിലേറെ ശബ്‌ദത്തില്‍ അവന്റെ കാതില്‍ മുഴങ്ങിയത് ഉസ്‌താദിന്റെ ആധികാരിക ശബ്‌ദമായിരുന്നു: 'ഇങ്‌ഗ്ലീഷ് പഠിച്ചാ മന്‌ഷന്‍ തല തിരിഞ്ഞ് പോകും. എന്താ, ങ്ങക്ക് സംശ്യൊണ്ടോ? ന്നാ നോക്ക്. 'എ,ബി' ഇങ്ങനെയല്ലേ ഇങ്‌ഗ്ലീഷ് പഠിയ്‌ക്കാന്‍ തൊടങ്ങണത്? പിന്നെ ബിരുദം കിട്ടുമ്പളോ? 'ബി.എ' എന്നാകും. അതല്ലേ ഞാമ്പറഞ്ഞത്; തല തിരിഞ്ഞ്‌പോകൂന്ന്. തല തിരിഞ്ഞാ പിന്നെ പോക്വ നരകത്ത്‌ക്കാ. അയ്‌നക്കൊണ്ട്, മുത്തഖീങ്ങളേ, അത് ഞമ്മക്ക് വേണ്ടാ.'