Friday, January 27, 2012

ബാബരിമസ്‌ജിദ്

കെ.കെ. ആലിക്കോയ

* ആദ്യം തര്‍ക്കസ്ഥലത്ത് തറക്കല്ലിട്ടു. മാധ്യമം, ദേശാഭിമാനി, കൌമുദി പത്രങ്ങള്‍ സത്യം തുറന്നെഴുതി. ലീഗ് പത്രം പറഞ്ഞു: തറക്കല്ലിട്ടത് തര്‍ക്കസ്ഥലത്തല്ലെന്ന്.

> അന്ന് കേന്ദ്രം ഭരിച്ചത് കോണ്‍ഗ്രസായിരുന്നു.

** പിന്നീട് ശിലാപൂജ നടന്നു. അപ്പോള്‍ കര്‍സേകര്‍ ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങളില്‍ കാവിക്കൊടി നാട്ടി. മുസ്‌ലിം ലീഗ് ശക്തമായി പ്രതിഷേധിച്ചു. ലീഗിന്റെ കുട്ടികള്‍ അന്ന് നമ്മുടെ തെരുവകളില്‍ ഉറഞ്ഞുതുള്ളുകയായിരുന്നു.

> അന്ന് കേന്ദ്രം ഭരിച്ചത് വി.പി. സിംങ് ആയിരുന്നു.

*** അവസാനം കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തു തരിപ്പണമാക്കി. ലീഗ് അനങ്ങിയില്ല.

> അന്ന് കേന്ദ്രം ഭരിച്ചത് കോണ്‍ഗ്രസായിരുന്നു.

"എസ്.പിയുടെ കത്ത് കൃത്രിമമായി നിര്‍മിച്ച എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍"


‎"എസ്.പിയുടെ കത്ത് കൃത്രിമമായി നിര്‍മിച്ച എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍" എന്ന തലക്കെട്ടില്‍ മാതൃഭൂമിയില്‍ വന്ന റിപ്പോര്‍ട്ട്, ഇ-മെയില്‍ ചോര്‍ത്തല്‍ സംബന്ധിച്ച് മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്കുള്ള നിഷേധമല്ല;  സ്ഥിരീകരണമാണ്‌. എന്നാല്‍ ഈ (മാതൃഭൂമി)വാര്‍ത്തയുടെ തലക്കെട്ട് തെറ്റാണ്‌. വാര്‍ത്തയില്‍ നിന്ന് മനസ്സിലാകുന്നതനുസരിച്ച് ബിജു ഒരു കത്തും കൃത്രിമമായി നിര്‍മ്മിച്ചിട്ടില്ല. അഥവാ അദ്ദേഹം കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതിതാണ്‌: യഥാര്‍ത്ഥത്തില്‍ ഉള്ള ഒരു കത്തിന്റെ, എസ്.പിയുടെ കത്തിന്റെ, പകര്‍പ്പെടുത്ത് നല്കുക മാത്രമാണ്‌ അദ്ദേഹം (ചെയ്തിട്ടുണ്ടെങ്കില്‍) ചെയ്തിട്ടുള്ളത്. ഒരു കത്തിന്റെ പകര്‍പ്പെടുക്കുന്നതിനെ കത്ത് കൃത്രിമമായി നിര്‍മ്മിച്ചു എന്നാണോ വിശേഷിപ്പിക്കേണ്ടത്? എസ്.പി എഴുതിയിട്ടില്ലാത്ത ഒരു കത്ത് മറ്റൊരാള്‍ എഴുതിയുണ്ടാക്കി അത് എസ്.പിയുടെതാണെന്ന് ആരോപിച്ചാല്‍ അതിനെ എന്ത് പേരിട്ടാണ്‌ വിളിക്കുക? വാക്കുകള്‍ ഇങ്ങനെ അനവസരത്തില്‍ ഉപയോഗിച്ചാല്‍ ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാന്‍ വാക്കുകളില്ലാതെ വരുകയില്ലേ?



മാതൃഭൂമി റിപ്പോര്‍ട്ട്: "സംസ്ഥാനത്തെ പിടിച്ചുലച്ച ഇ - മെയില്‍ വിവാദത്തിന് അടിസ്ഥാനമായ രേഖകള്‍ ചോര്‍ന്നത് കേരളാ പോലീസിന്റെ ഹൈടെക് സെല്ലില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഹെടെക്‌സെല്‍ എസ്.ഐ. എസ്.ബിജുവിനെ ഡി.ജി.പി. ജേക്കബ്ബ് പുന്നൂസ് സസ്‌പെന്‍ഡ് ചെയ്തു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ ഹൈടെക് സെല്‍ എ.സി എന്‍.വിനയകുമാരന്‍ നായര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി."


= അഥാവാ മാധ്യമം പറഞ്ഞത് ഉള്ളത് തന്നെയാണ്‌ .


മാതൃഭൂമി റിപ്പോര്‍ട്ട്: "ഹൈടെക് സെല്ലിലേക്ക് ഇന്റലിജന്‍സ് ആസ്ഥാനത്തുനിന്ന് എസ്.പി അയച്ച കത്തും ഇ-മെയില്‍ ഐഡികളുടെ പട്ടികയും ചോര്‍ത്തിയെടുത്ത് 'മാധ്യമം' വാരിക പ്രസിദ്ധീകരിച്ചതാണ് വിവാദത്തിനു കാരണമായത്."


=  എസ്.പി കത്തയച്ചിട്ടുണ്ട്.   ഇ-മെയില്‍ ചോര്‍ത്തിയിട്ടുണ്ട്.


മാതൃഭൂമി റിപ്പോര്‍ട്ട്: "പോലീസ് അന്വേഷിക്കുന്ന ഒരാളില്‍ നിന്നു ലഭിച്ച 268 ഇ-മെയില്‍ വിലാസങ്ങളുടെ വിശദാംശങ്ങള്‍ അറിയാനായിരുന്നു ഈ കത്ത്."

=
എണ്ണവും കൃത്യം.


മാതൃഭൂമി റിപ്പോര്‍ട്ട്: "എന്നാല്‍, ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെടുന്ന പ്രമുഖരുടെ ഇ-മെയിലുകള്‍ ചോര്‍ത്താന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശിച്ചുവെന്ന രീതിയില്‍ വന്ന വാര്‍ത്ത വിവാദമഴിച്ചുവിട്ടു. "


= 268 ല്‍ 258 ഉം ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരാണ്‌. ആ മതവിഭാഗമാകട്ടെ നിരന്തരം വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള ഒരു മതവിഭാഗത്തില്‍ പെട്ടവരുടെ ഇ-മെയില്‍ ചോര്‍ത്തിയതിലെ തെറ്റ് മാതൃഭൂമി കാണുന്നില്ല. പക്ഷേ, ചോര്‍ത്തിയെന്ന് പറഞ്ഞത് തെറ്റാണെന്ന് അവര്‍ പറായുന്നു.   ഇവിടെ കാണുന്ന വ്യത്യാസം വസ്തുതയ്മായി ബന്ധപ്പെട്ടതല്ല; മനോഭാവവുമായി ബന്ധപ്പെട്ടതാണ്‌.


മാതൃഭൂമി റിപ്പോര്‍ട്ട്: "എന്നാല്‍, പുറത്തുവന്നത് എസ്.പി അയച്ച യഥാര്‍ഥ കത്തല്ലെന്നും കത്തിന്റെ പകര്‍പ്പ് എസ്.പിയുടെ കള്ളയൊപ്പിട്ട് ബിജു കൃത്രിമമായി സൃഷ്ടിച്ചതാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. ഇതാണ് പെട്ടെന്നുള്ള അച്ചടക്ക നടപടിയിലേക്കു നയിച്ചത്. "


= എസ്.പി കത്തയച്ചിട്ടില്ലെന്ന് മാതൃഭൂമി പറയുന്നില്ല. ആ കത്ത് മാധ്യമത്തിനു കിട്ടിയിട്ടില്ല; പക്ഷേ, പകര്‍പ്പ് കിട്ടിയിട്ടുണ്ട്. അതും മാതൃഭൂമി സമ്മതിക്കുന്നു.


മാതൃഭൂമി റിപ്പോര്‍ട്ട്: "വാര്‍ത്ത വന്നപ്പോള്‍ തന്നെ ഇതിന്റെ സ്രോതസ്സ് അന്വേഷിക്കാന്‍ ഇന്റലിജന്‍സ് വിഭാഗം ഹൈടെക് സെല്ലിനോട് ആവശ്യപ്പെട്ടിരുന്നു. ഹൈടെക് സെല്ലിന് ഇന്റലിജന്‍സ് നല്‍കിയ കത്ത് ചോര്‍ന്നത് മറ്റൊരിടത്തു നിന്നാവില്ലെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നിര്‍ദേശം. ഈ അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ ഇ-മെയില്‍ ചോര്‍ത്തല്‍ സംഭവത്തിന്റെ സാങ്കേതികവശത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈടെക് സെല്ലിനെ ചുമതലപ്പെടുത്താന്‍ മന്ത്രിസഭയും തീരുമാനിച്ചു."


= ഹൈടെക്ക് സെല്ലിന്‌ ഇന്റലിജന്‍സ് കത്ത് നല്കിയിട്ടുണ്ട്.  ആ കത്ത് ചോര്‍ന്നിട്ടുണ്ട്.  അതിന്റെ കോപ്പി മാധ്യമത്തിന്‌ കിട്ടിയിട്ടുണ്ട്. ഇ-മെയില്‍ ചോര്‍ത്താന്‍ ഇന്റലിജന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്.  ഹൈടെക്ക് സെല്‍ ചോര്‍ത്തിയിട്ടുമുണ്ട്.   മാധ്യമം പറഞ്ഞതെല്ലാം മാതൃഭൂമി സ്ഥിരീകരിക്കുന്നു.


മാതൃഭൂമി റിപ്പോര്‍ട്ട്: "ജനവരി 17നാണ് ഇ-മെയില്‍ വിവാദത്തെക്കുറിച്ച് ഹൈടെക് സെല്‍ അന്വേഷണം തുടങ്ങിയത്. അന്നു മുതല്‍ എസ്.ഐ ബിജു ഓഫീസില്‍ വരാതായി. ഇത് ഇയാളെ സംശയത്തിന്റെ നിഴലിലാക്കി. തുടര്‍ന്ന് ബിജുവിന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗ രേഖകളും കൈയക്ഷരവും പരിശോധിച്ചു. ഇതില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയത് ഇയാള്‍ തന്നെയാണെന്ന് വ്യക്തമായി. തെളിവുകള്‍ സഹിതം എ.സി വിനയകുമാരന്‍ നായര്‍ ചൊവ്വാഴ്ച ഡി.ജി.പിക്കു കൈമാറി. ഔദ്യോഗിക രഹസ്യവിവരം ചോര്‍ത്തി എന്ന കുറ്റം ചുമത്തിയാണ് ബിജുവിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളത്."


= 'ഔദ്യോഗിക രഹസ്യവിവരം ചോര്‍ത്തി' അത് പ്രസിദ്ധീകരിക്കുകയാണ്‌ മാധ്യമം ചെയ്തത്. മാധ്യമം വാര്‍ത്ത മാതൃഭുമി സ്ഥിരീകരിക്കുന്നു.


മാതൃഭൂമി റിപ്പോര്‍ട്ട്: "ഹൈടെക് സെല്ലിലെ വിവരങ്ങള്‍ ബിജു ചോര്‍ത്തി നല്‍കിയത് എന്തിനാണെന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളുടെ ബന്ധങ്ങള്‍ വിശദമായി പരിശോധിക്കണമെന്ന ഇന്റലിജന്‍സ് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ വാര്‍ത്ത വരുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചു എന്നത് വളരെ ഗൗരവപൂര്‍വമായിട്ടാണ് സര്‍ക്കാരും പോലീസ് നേതൃത്വവും കാണുന്നത്. ബിജുവിനെതിരെ കേസെടുക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല."


= യഥാര്‍ത്ഥ വിവരങ്ങള്‍ ചോര്‍ത്തി അത് പ്രസിദ്ധീകരിക്കുകയാണ്‌ മാധ്യമം ചെയ്തത്. അതിന്‌ സഹായം നല്കിയത് എസ്.ഐ. ബിജുവാണെന്ന് അന്വേഷണോദ്യോഗസ്ഥര്‍ സംശയിക്കുന്നു. എന്നാല്‍ അദ്ദേഹത്തിനെതിരെ കേസെടുക്കാന്‍ തീരുമാനിച്ചിട്ടില്ലത്രെ. മാധ്യമത്തിനെതിരെ കേസെടുക്കാനെന്ന പോലെ ഇവിടെയും എന്തോ ഒരു മടി; കേസെടുക്കാന്‍!


മാതൃഭൂമി റിപ്പോര്‍ട്ട്: http://www.mathrubhumi.com/online/malayalam/news/story/1411859/2012-01-25/kerala