Tuesday, October 25, 2011

ഇന്റലക്ച്വല്‍ ജിഹാദിന്റെ കാണാപ്പുറങ്ങള്‍ / ജെ. ദേവിക



ഹമീദ് ചേന്ദമംഗല്ലൂരിന്റെ മാതൃഭൂമിയിലെ ലേഖനം മുസ്ലിം തീവ്രവാദത്തിന്റെ
'ഹിഡണ്‍ അജണ്ട'യെക്കുറിച്ചുള്ള ഭയം ജനിപ്പിക്കുന്നു. മുസ്ലിം
സ്വത്വരാഷ്ട്രീയത്തിന്റെ ദീര്‍ഘകാലമായുള്ള വിമര്‍ശകനായി അറിയപ്പെടുന്ന
ചേന്ദമംഗല്ലൂര്‍ ഉയര്‍ത്തിയ ഈ താക്കീതിനെ ഗൌരവത്തിലെടുക്കാന്‍ ഇടതു
ലിബറലുകളായ സുഹൃത്തുക്കള്‍ എന്നോടാവശ്യപ്പെട്ടിരുന്നു.
സെക്യുലര്‍ മാധ്യമത്തിലൂടെ റാഡിക്കല്‍ ഇസ്ലാമിന്റെ മേധാവിത്വം
സ്ഥാപിക്കാനുള്ള ജമാഅത്തെ ഇസ്ലാമിയുടെ ഹിഡന്‍ അജണ്ടയെക്കുറിച്ച
വേവലാതികളാണ് ലേഖനത്തിന്റെ സാരം. സോളിഡാരിറ്റിയെന്ന അതിന്റെ യുവജന
(പുരുഷ) പ്രസ്ഥാനവും മാധ്യമമെന്ന വാരികയും ഉപയോഗിച്ച് കേരളത്തിലെ
റാഡിക്കല്‍ ആക്ടിവിസത്തിന്റെ സ്ഥലത്ത് അവര്‍ കയറിക്കൂടിയെന്ന് ഹമീദ്
വാദിക്കുന്നു. ഇസ്ലാമിക ഫെമിനിസത്തെക്കുറിച്ചും ഇസ്ലാമിക്
ഫെമിനിസ്റുകളായ
ആമിന വദൂദ്, ഫാത്തിമ മെര്‍സ്സിനി എന്നിവരെക്കുറിച്ചും മറ്റും അവര്‍
ഇപ്പോള്‍ നടത്തുന്ന ചര്‍ച്ചകള്‍ ഉദാരവും കൂടുതല്‍ ബഹുസ്വരവുമായ മുസ്ലിം
ലീഗിനെ മറികടിക്കാനുള്ള ശ്രമങ്ങള്‍ക്കുള്ള മറയായി ഉപയോഗിക്കുന്നത് ഹമീദ്
വേവലാതിയോടെ കാണുന്നു. പ്രത്യേകിച്ചും പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ജമാഅത്ത് ഇടപെടാന്‍ തുടങ്ങുന്ന പുതിയ
സാഹചര്യത്തില്‍. കേരളത്തിലെ റാഡിക്കല്‍ ബുദ്ധിജീവികള്‍ ഇത്
മനസ്സിലാക്കാതെ ഈ അജണ്ടയുടെ നടത്തിപ്പുകാരാവുന്നതായി അദ്ദേഹം
വാദിക്കുന്നു. മാധ്യമം വാരിക, ദലിത് ബുദ്ധിജീവികള്‍ക്ക് സ്ഥലം
നല്‍കുമ്പോഴും (ദലിതര്‍ക്ക് കൂടുതല്‍ രാഷ്ട്രീയ ഇടം നല്‍കുന്ന)
സി.പി.എമ്മില്‍ നിന്ന് വിരുദ്ധമായി, ഒരു സവര്‍ണ മുസ്ലിം ഭാഗത്തേക്ക്
ചായുന്നത് അവര്‍ കാണാതെ പോകുന്നുവെന്ന് അദ്ദേഹം ആരോപിക്കുന്നു.
ഈ ലേഖനത്തിലെ ഭൂരിഭാഗവും അവഗണിക്കപ്പെടേണ്ടതും പ്രയോഗങ്ങള്‍ പലതും
നിരുത്തരവാദപരവുമാണ്. പദപ്രയോഗങ്ങളില്‍ പലതും ഹിന്ദു
ഫണ്ടമെന്റലിസ്റുകളുടേതിന് സമമാണ്. ജമാഅത്തിന്റെ ഒളിയജണ്ടകളെ
സൂചിപ്പിക്കാന്‍ ലേഖനത്തില്‍ പ്രയോഗിക്കുന്ന ഇന്റലക്ച്വല്‍ ജിഹാദ് എന്ന
പദം കേരളത്തിലെ മുസ്ലിം യുവാക്കളെ, അനുഷ്ഠാന മുസ്ലിംകളെയും
അല്ലാത്തവരെയും ലക്ഷ്യമിട്ട്, ഹിന്ദു വര്‍ഗീയവാദികള്‍ ഉയര്‍ത്തിയ ലൌ
ജിഹാദ് എന്ന പദ പ്രയോഗവുമായി സാമ്യമുള്ളതാണ്. ഇത്തരം പ്രയോഗങ്ങള്‍
മുസ്ലിം സമൂഹത്തിന്റെ അവസ്ഥയെ കൂടുതല്‍ ഭീഷണമാക്കുമെന്ന കാര്യം ലേഖകന്‍
ശ്രദ്ധിക്കുന്നില്ല. മകന്‍ ചത്താലും കുഴപ്പമില്ല മരുമകളുടെ കണ്ണീരു
കാണണമെന്ന മനോഭാവമുള്ള അമ്മായിയുടെ മനസ്ഥിതിയെയാണ് ഇത്
ഓര്‍മിപ്പിക്കുന്നത്. അതിനാല്‍ തന്നെയാണ് ഹിന്ദു വലതുപക്ഷം ഈ ലേഖനത്തെ
രണ്ടു കൈയും നീട്ടി സ്വീകരിച്ചത്.
ലേഖനത്തിലുടനീളം സ്വീകരിച്ചിരിക്കുന്ന യുക്തി ദുര്‍ബലമാണ്.
ഉദാഹരണത്തിന്,
മാധ്യമം ആഴ്ചപതിപ്പില്‍ എഴുതുന്ന റാഡിക്കല്‍ ബുദ്ധിജീവികള്‍ ജമാഅത്തെ
ഇസ്ലാമിയുടെ ഹിഡന്‍ അജണ്ടയെ ശക്തിപ്പെടുത്തുന്നുവെന്നത്
(ഇടതുപക്ഷത്തേക്ക് പക്ഷഭേദപരമായി ചായാത്തവരെയാണ് റാഡിക്കല്‍
ബുദ്ധിജീവികള്‍ എന്ന് ഹമീദ് ഉദ്ദേശിക്കുന്നത്). മാധ്യമത്തില്‍
എഴുതുന്നവര്‍, ജമാഅത്തിന് ഉണ്ടെന്ന് ലേഖകന്‍ വാദിക്കുന്ന യാഥാസ്ഥിതിക
അജണ്ടയെ പ്രോത്സാഹിപ്പിക്കുമെന്ന് ഒരിക്കലും പറയാന്‍ കഴിയില്ല. കാരണം
ദേശീയതയുമായി ബന്ധപ്പെട്ട ഭൂതകാലമുള്ള, എന്നാല്‍ തീര്‍ച്ചയായും
മതേതരവത്കരിക്കപ്പെട്ട മൃദുഹിന്ദുത്വ സംസ്കാരം അധീശവത്കരിക്കപ്പെട്ട
മാതൃഭൂമി വാരികയില്‍ എഴുതുന്നവര്‍ ഹിന്ദു സംസ്കാരത്തെ
പ്രോത്സാഹിപ്പിക്കുകയാണെന്ന് പറയാന്‍ കഴിയില്ലല്ലോ.
ജമാഅത്തിന്റെ മുഖംമൂടി രാഷ്ട്രീയത്തെ മാധ്യമം വാരികയിലെ എഴുത്തുകാര്‍
പിന്താങ്ങുന്നുവെന്ന് ഒരിക്കലും വാദിക്കാന്‍ പാടില്ല. യഥാര്‍ഥത്തില്‍
ജമാഅത്തിന്റെയും ദേശീയവാദികളുടെയും റാഡിക്കല്‍ ഇടതുപക്ഷത്തിന്റെയും
ഇടങ്ങള്‍ ഉപയോഗപ്പെടുത്തുന്നു എന്നത് ഒരിക്കലും അവരുടെ അജണ്ടകളുമായി
സന്ധിചെയ്യുന്നു എന്ന് പറയാനുള്ള ന്യായമല്ല. അങ്ങനെ പറയുന്നത് ഇത്തരം
എഴുത്തുകാര്‍ക്ക് കര്‍തൃത്വം (ഏജന്‍സി)നിഷേധിക്കുന്നതിന് തുല്യമാണ്.
എഴുത്തകാര്‍ അവരുടെ നിഷ്കളങ്കതയാല്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നു
എന്നുള്ള വാദത്തെ മയപ്പെടുത്താനാണ് റാഡിക്കല്‍ ബുദ്ധജീവികള്‍ എന്ന്
ഹമീദ്
പ്രയോഗിക്കന്നതു തന്നെ. ഇതും കര്‍തൃത്വ നിഷേധം തന്നെ. മാധ്യമത്തില്‍
എഴുതുന്ന നമ്മളില്‍ പലരും മാധ്യമത്തിന്റെ, കേരള നവോഥാനത്തിന്റെ
ശില്‍പികളെക്കുറിച്ചും ലിംഗ സമീപനങ്ങളെക്കുറിച്ചും വിമര്‍ശം
ഉന്നയിച്ചവരാണ്. രണ്ടു വര്‍ഷം മുമ്പ് ലൈംഗിക തൊഴിലാളി നളിനി ജമീലയുടെ
ആത്മകഥയെക്കുറിച്ച് നവോത്ഥാന ബുദ്ധിജീവികളെ അണിനിരത്തി വിമര്‍ശനം
മാധ്യമം
ഉയര്‍ത്തിയപ്പോള്‍ അതിനെതിരെ റാഡിക്കല്‍ ബുദ്ധിജീവികള്‍ എന്ന് ഹമീദിന്റെ
ലേഖനത്തില്‍ പറയുന്ന വിഭാഗത്തില്‍പ്പെട്ട ഞങ്ങളില്‍ പലരും ശക്തിയായി
പ്രതികരിച്ചിരുന്നു. നളിനിയുടെ പുസ്തകത്തെ നിശിതമായി വിമര്‍ശിച്ച ചില
ലേഖനങ്ങളിലെ ജാതിപരമായ സ്വരങ്ങളെ വിമര്‍ശിച്ച് ഞാന്‍ തന്നെ
മാധ്യമത്തില്‍
ലേഖനം എഴുതിയിരുന്നു. നളിനി ജമീലയെ വിമര്‍ശിച്ചെഴുതിയ ലിബറല്‍
ഇടതുപക്ഷക്കാര്‍ മാധ്യമത്തിന്റെ യാഥാസ്ഥിതിക അജണ്ടയെ
പിന്തുണക്കുന്നുവെന്ന് പറയാന്‍ കഴിയില്ലല്ലോ. പിന്നെ എന്തുകൊണ്ടാണ്
മറ്റുള്ളവര്‍ അങ്ങനെയാകാമെന്ന് കരുതുന്നത്.
ലൌ ജിഹാദ് പ്രചാരണത്തിനു ശേഷമാണ്, പ്രത്യേകിച്ചും മാധ്യമങ്ങള്‍ ഒരു
വിമര്‍ശനവും ഉന്നയിക്കാതെ അതില്‍ പങ്കെടുത്തപ്പോള്‍, ഞാന്‍ വീണ്ടും
മാധ്യമത്തില്‍ എഴുതിത്തുടങ്ങിയത്. എഴുതാനും എഴുതാതിരിക്കാനുമുള്ള
ഞങ്ങളുടെ ബോധ്യത്തെ അന്ധതയോടെ സമീപിക്കുകയാണ് ഹമീദിലെ വല്യേട്ടന്‍
മനോഭാവം. ബുദ്ധിയുള്ള, രാഷ്ട്രീയ ബോധമുള്ള ആട്ടിടയനെ തേടുന്ന
കുഞ്ഞാടുകളായി ദയവായി, ഞങ്ങളെ കണക്കാക്കരുത്.
കേരളത്തിലെ മുസ്ലിം സ്ത്രീകളെക്കുറിച്ച ശ്രദ്ധേയമായ പഠനം പുറത്തിറക്കിയ
ഷംശാദ് ഹുസൈനെതിരായ ഹമീദിന്റെ ആക്രമണവും വ്യക്തമാണ്. ആ
പഠനത്തെക്കുറിച്ച്
വലുതായൊന്നും പരാമര്‍ശിക്കാതെയുള്ള വിമര്‍ശം സാമാന്യ മാന്യതപോലും
പുലര്‍ത്തുന്നില്ല. മുസ്ലിം സ്ത്രീകള്‍ക്ക് അവരുടേതായ സ്വത്വം
അനുവദിക്കുന്നത് തന്നെ ജമാഅത്തിന്റെ ഹിഡന്‍ അജണ്ടയെ പിന്താങ്ങുന്നതായി
ഹമീദ് സൂചിപ്പിക്കുന്നു. മുസ്ലിം ഫെമിനിസത്തെക്കുറിച്ച ഹമീദിന്റെ
നിലപാട്, അത് ജമാഅത്തിന്റെ ഹിഡന്‍ അജണ്ടയെ പിന്തുണക്കുന്നുവെന്ന്
വാദിക്കുന്നവരുടെ വാദത്തിന് തികച്ചും വിരുദ്ധമാണ്, വിലാപം മാത്രമാണ്.
മുസ്ലിം ഫെമിനസത്തെക്കുറിച്ച് ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന
ചര്‍ച്ച
മുസ്ലിം ലിബറലുകള്‍ ഉയര്‍ത്തിയതല്ല, ചിലര്‍ അതിനോട് അനുഭാവം
പുലര്‍ത്തിയിട്ടുണ്ടെങ്കിലും. ഷംശാദ് ഉള്‍പ്പെടെയുള്ള മുസ്ലിം വനിതാ
ബുദ്ധിജീവികള്‍ ഉയര്‍ത്തിയതാണ്. കേരളത്തിലെ മുസ്ലിം സ്ത്രീകളെക്കുറിച്ച
പുതിയ പരിപ്രേക്ഷ്യം ഉയര്‍ത്തുന്നതിനാണ് അവര്‍ ഇതിനെ ഉപയോഗിച്ചത്.
മുസ്ലിം ലിബറലുകള്‍ ഇതിനെ ഉപയോഗിച്ചത് മറ്റു കെടുതികളില്‍ നിന്നുള്ള
രക്ഷപ്പെടലായിട്ടാണ്.
ഹമീദിന്റെ ലേഖനത്തിന്റെ ഏറ്റവും വലിയ പ്രാധാന്യം, ഇടതുപക്ഷവും
വലതുപക്ഷവും തമ്മിലുള്ള വ്യത്യാസങ്ങള്‍ അപ്രത്യക്ഷമായ, കേരളത്തിന്റെ
നിലവിലെ രാഷ്ട്രീയ സാഹചര്യവുമായി ബന്ധപ്പെട്ടതാണ്. ഭരണകൂടവും
പാര്‍ട്ടിയും ചേര്‍ന്ന് നടത്തുന്ന നവലിബറല്‍ അജണ്ട കിനാലൂരില്‍
വെളിവാക്കപ്പെട്ട സാഹചര്യം പ്രസ്തുത ലേഖനത്തിന്റെ ലക്ഷ്യത്തെക്കുറിച്ച
സൂചനകള്‍ നല്‍കുന്നുണ്ട്. സോളിഡാരിറ്റി പോലുള്ള സംഘടനകളെ
നവലിബറലിസത്തിനെതിരായ സമര രംഗത്തേക്ക് ഈ ബുദ്ധി ജീവികള്‍ കൊണ്ടുവരുന്നു,
അവര്‍ക്ക് സ്ഥലം നല്‍കുന്നു എന്നതാണ് ഹമീദിന്റെ പ്രധാന ആരോപണം.
ഇടതുപക്ഷം
മുമ്പൊന്നുമില്ലാത്തവിധം, ഒരു പ്രതികാര ബുദ്ധിയോടെ, വലതുപക്ഷത്തേക്ക്
മാറിക്കൊണ്ടിരിക്കുമ്പോള്‍ ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്?
ഇടതുപക്ഷത്തിന്റെ ഉന്മാദ രോഗം ഭേദമാകുന്നതുവരെ നമ്മള്‍ കാത്തിരിക്കണോ?
അതോ യജമാനന്റെ വഴിയില്‍ ലയിക്കണോ? ദയനീയമെന്തെന്നാല്‍, ദലിതുകളെ
ശാക്തീകരിക്കുന്ന ഒരു ഇടതുപക്ഷ മിത്തിനെ ഹമീദ് നിര്‍മിക്കുകയാണ്. ദലിതരെ
സംബന്ധിച്ച ഇടതുപക്ഷത്തിന്റെ അവകാശവാദങ്ങള്‍ ലളിതമായ സ്ഥിതിവിവരത്തില്‍
തകരുന്നവയാണ്. സി.പി.എമ്മും സി.പി.ഐയും കോണ്‍ഗ്രസും പോലെ ജമാഅത്തും
സവര്‍ണമാണെന്ന് പറയാവുന്നതാണ്. കീഴ് ജാതിക്കാര്‍ക്ക് രക്ഷകര്‍ത്താക്കളെ
കണ്ടുപിടിക്കുന്നത് പോലെയാണ് ഈ വാദങ്ങള്‍. ഇവിടെ ഉദാര മുസ്ലിം
ലീഗിനെയല്ല
രക്ഷാകര്‍തൃ സമീപനമുള്ള നിയോ ലിബറല്‍ ഇടതിനെയാണ് ഹമീദ് താലോലിക്കുന്നത്.
ജമാഅത്തുമായി ബന്ധപ്പെട്ടവരുമായി ഇസ്ലാമിനെക്കുറിച്ച്
സംവദിക്കുന്നതിനെതിരെയുള്ളതാണ് പ്രസ്തുത ലേഖനത്തിലെ ഏറ്റവും വിഷം നിറഞ്ഞ
ഒളിയമ്പ്. ജമാഅത്ത് ബന്ധമുള്ള പുതിയ തലമുറയുമായി സംസാരിക്കുന്നത് മതേതര
കേരളത്തില്‍ നമ്മള്‍ നടത്തുന്ന ഏറ്റവും വലിയ പാപമായാണ് ഹമീദ്
വിലയിരുത്തുന്നത്. ഇസ്ലാമിക ഫണ്ടമന്റലിസത്തിന്റെ കുറുനരികള്‍
വിഹരിക്കുന്ന കാട്ടില്‍ പെട്ടുപോയ നിഷ്കളങ്കരായ കുഞ്ഞാടുകളായി
ഇത്തരക്കാരെ ഹമീദ് വീണ്ടും ചിത്രീകരിക്കുന്നു. കേരളത്തില്‍ ജനിക്കുകയും
വളരുകയും ചെയ്ത സ്ത്രീ എന്ന നിലയില്‍ എനിക്ക് കേരളത്തില്‍
ഇത്തരത്തിലുള്ള
‘ലിബറലുകളെ’ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. കേരളത്തില്‍ എവിടയാണ്
ഉദാരവാദികള്‍? പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യം മുതല്‍ രാഷ്ട്രീയമായി
ഇടതും സാമൂഹികമായി വലതുമായ പുരോഗമനവാദികള്‍ എവിടെ? ‘ലളിതവും മലയാള
വേരുകളുമുള്ള’ ഒരു വസ്ത്ര രീതി ഇടതുപക്ഷ വനിതാ ആക്ടിവിസ്റുകള്‍ക്ക്
ഉണ്ട്
എന്നത് സത്യമാണ്. രാഷ്ട്രീയ മേഖലയുടെ എല്ലാ തലങ്ങളിലും ഉള്ള
സ്ത്രീകള്‍ക്ക് സ്വാതന്ത്യ്രം ആവശ്യപ്പെടുന്നതിന് ‘കൃത്യമായ’
കാരണങ്ങളുണ്ടായിരിക്കണം എന്നതും യാഥാര്‍ഥ്യമാണ്്. പഞ്ചായത്തുകളിലൂടെയും
മറ്റും പബ്ളിക് ആയ സ്ത്രീകള്‍ക്കും ഈ ന്യായീകരണം ആവശ്യമാണ്. ഇടതുപക്ഷ
ഫെമനിസ്റുകളുടെ ഈ നാട്യം ഇന്ന് തിരിച്ചറിയപ്പെട്ടിട്ടുള്ളതാണ്. ലിംഗ
അസമത്വത്തിനെതിരെ വായ്തോരാതെ പ്രസംഗിക്കുകയും സ്ത്രീധനവും സ്ത്രീധന
പീഡനവും വീട്ടില്‍ വെച്ചുനടത്തുകയും ചെയ്യുന്നു അവര്‍. ലിംഗ സമത്വം
അട്ടിമറിക്കപ്പെടുകയാണിവിടെ. ഈ നാട്യത്തില്‍
കുടുങ്ങിക്കിടക്കുന്നേടത്തോളം ലിംഗ നീതിയെക്കുറിച്ച പ്രശ്നത്തെ,
പരിഹരിക്കേണ്ട ഒരു വിഷയമായി നമുക്ക് അഭിമുഖീകരിക്കാനാവില്ല.
ഇവിടത്തെ മുഖ്യധാര ഇടതുപക്ഷത്തിന്റെ ദര്‍ശനം ലിബറല്‍ ജനാധിപത്യവുമായോ
രാഷ്ട്രീയ പരിപ്രേക്ഷ്യങ്ങളുടെ ബഹുസ്വരതയുമായോ ഒത്തുപോകുന്നതല്ല എന്ന്
നമുക്കറിയാം. മതേതരത്വവത്കരിക്കപ്പെട്ട ഹിന്ദു കാഴ്ചപ്പാട് 1950 ലെ ഐക്യ
കേരള പ്രസ്ഥാനത്തിലും അതിനു ശേഷവും ഉണ്ടായിട്ടുണ്ടെന്ന് നമുക്ക്
വ്യക്തമാണ്. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച ചോദ്യങ്ങളെ
വര്‍ഗത്തെക്കുറിച്ചും സാമൂഹിക വികസനത്തെക്കുറിച്ചുമുള്ള ചര്‍ച്ചയിലേക്ക്
വഴിതിരിച്ച് വിട്ടിരിക്കുന്നു. ഇടതുപക്ഷത്തെ വ്യക്തികളുമായി
സംസാരിക്കുന്ന നമ്മള്‍ ഇത് മനസ്സിലാക്കികൊണ്ടുതന്നെയാണ്
സംസാരിക്കുന്നത്.
ഇപ്പോള്‍ നടക്കുന്ന സ്ത്രീശാക്തീകരണവും ഫെമിനിസ്റുകള്‍ ഉയര്‍ത്തുന്ന
സ്ത്രീവിമോചനവും ഒന്നാണെന്ന ഒരു മിഥ്യാബോധവും ഒരു ഫെമിനിസ്റ് എന്ന
നിലയില്‍ എനിക്കില്ല. കേരളത്തിലെ സര്‍ക്കാര്‍വത്കരിക്കപ്പെട്ട
ഫെമിനിസത്തിന്റെ മിശിഹയായ തോമസ് ഐസക്ക് നമ്മള്‍ സ്ത്രീകളെയെല്ലാം
മോചിപ്പിക്കും എന്നും എനിക്ക് അഭിപ്രായമില്ല. എന്നിട്ടും കേരളത്തിലെ
ഇടതുപക്ഷത്തിലെ പലരുമായും ഞാന്‍ സംസാരിക്കുന്നു. അമിതമായ പ്രതീക്ഷ
വെക്കാതെ തന്നെ കേരളത്തിലെ ജമാഅത്തിലെ പുതു തലമുറയുമായി
സംസാരിക്കാതിരിക്കാന്‍ ഒരു കാരണവും ഞാന്‍ കാണുന്നില്ല; അവരുമായി പല
കാര്യങ്ങളിലും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും, അവരുടെ പരിമിതികളെ
മനസിലാക്കുന്നുണ്ടെങ്കിലും. എല്ലാവിധ കേന്ദ്രീകരണവും കേഡര്‍ സംവിധാനവും
രഹസ്യ സ്വഭാവവും ഉണ്ടായിരിക്കെ, തന്നെ സി.പി.എം പൂര്‍ണമായി
ഏകതാനതയുള്ളതല്ലെന്നിരിക്കെ എന്തിനാണ് ജമാഅത്ത് ഏകതാനമാണെന്ന് ഞാന്‍
വിചാരിക്കുന്നത്. സി.പി.എമ്മിന്റേതു പോലുള്ള രീതികള്‍ ജമാഅത്തില്‍
ഉണ്ട്.
വര്‍ത്തമാനകാലത്തെ യാഥാര്‍ഥ്യങ്ങളെ എങ്ങനെ
നോക്കിക്കാണണമെന്നതിനെക്കുറിച്ച് ഒരു ആശയവും നല്‍കുന്നില്ല എന്നതാണ്
പ്രസ്തുത ലേഖനത്തെ അപകടകരമാക്കുന്നത്. അതിനുപകരം ഒരു തരം രക്ഷപ്പെടല്‍
നടത്തിയിരിക്കുകയാണ്. പുതിയ വഴിത്തിരിവുകളെ സംബന്ധിച്ച്
തൃപ്തിപ്പെടുത്തുകയല്ല മറിച്ച് നമ്മെ കൂടുതല്‍ നിസ്സഹായരും
അരക്ഷിതരാക്കുകയുമാണ് ഇത് ചെയ്യുന്നത്. ആഗോളവത്കരണം പ്രാദേശിക, ദേശീയ,
മത
സ്വത്വങ്ങളെ മാറ്റിമറിച്ചത് ഇവിടെ പരിഗണിക്കപ്പെടുന്നില്ല. ആഗോളവത്കരണ
ഫലമായുണ്ടായ ദാരിദ്യ്രത്തിന്റെ കുറവും കണ്‍സ്യൂമറിസത്തിന്റെ ഉത്ഭവവും
‘ആദര്‍ശ സഖാവിന്റെ’ ഇമേജിനെ ഉപഭോക്തൃ സിവില്‍ സൊസൈറ്റി
ആക്ടിവിസ്റിന്റേതാക്കിയിട്ടുണ്ട്. കേരള ഹിന്ദു ആഗോളവത്കരിക്കപ്പെടുകയും
കൂടുതല്‍ ആഗോള ഹിന്ദു അനുഷ്ഠാനങ്ങളെ സ്വീകരിക്കുകയും ചെയ്തത് മത സമാധന
അന്തരീക്ഷത്തില്‍ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തിയിട്ടുണ്ട്.
ചേന്ദമംഗല്ലൂരും(മറ്റു ധാരാളം പേരും) വാദിക്കുന്നത് കേരളത്തിലെ
മുസ്ലിംകള്‍ രാഷ്ട്രീയപരമായും സാംസ്കാരികമായും സുരക്ഷിത 'കേരള
മുസ്ലി'മായി നിലനില്‍ക്കണം. പക്ഷേ അതസാധ്യമാണ്. ഒന്നാമതായി
ആഘോഷിക്കപ്പെടുന്ന കേരളീയ പൊതുമണ്ഡലം 'മതേതര'മായിത്തീര്‍ന്ന സവര്‍ണ
ഹിന്ദു സാംസ്കാരികതയുടെ ആധിപത്യസ്വഭാവത്തോടുകൂടിയുള്ളതാണെന്നത് എളുപ്പം
അവഗണിക്കാവുന്ന കാര്യമല്ല. ഇതെല്ലാം സത്യസന്ധമായി ചോദ്യം
ചെയ്യപ്പെടുകയും
ക്രിയാത്മകമായ ഒരു മാറ്റത്തിന് വേണ്ട പരിശ്രമങ്ങള്‍ക്ക്
മുന്‍കൈയെടുക്കുകയും വേണം. ഇത് ചെയ്യാത്തിടത്തോളം മുസ്ലിംകള്‍ക്കിടയിലെ
അവിശ്വാസം വളരുക തന്നെ ചെയ്യും. സത്യത്തില്‍ ആഗോളവത്കരണത്തിന്റെ നിരന്തര
ഭീഷണിയുടെ നിഴലിലാണ് 'കേരള മുസ്ലിം.' എന്തിന് ഒരു അന്താരാഷ്ട്ര
വിമാനത്താവളത്തിലൂടെ പോകുന്നത് തന്നെ ഒരു മുസ്ലിം വിശ്വാസിയെ
റാഡിക്കലാക്കി മാറ്റുന്നു. ആഗോളവത്കരിക്കപ്പെട്ട ഉപഭോഗസംസ്കാരത്തെയും
ആഗോളവത്കരിക്കപ്പെട്ട ഹിന്ദുയിസത്തെയും പോലെ ആഗോളവത്കരിക്കപ്പെട്ട
ഇസ്ലാമും അതിന്റേതായ അപകടങ്ങളെയും പ്രശ്നങ്ങളെയും ഉള്‍ക്കൊള്ളുന്നു.
ഒരിക്കല്‍ കൂടി, ചേന്ദമംഗല്ലൂര്‍ വിചാരിക്കുന്നത് പോലെ
ആഗോളവത്കരണത്തിന്റെ കാലത്ത് യുവ മുസ്ലിം വിശ്വാസികളുമായി
സംവദിക്കുമ്പോള്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് ഞാന്‍ അജ്ഞയായതുകൊണ്ടല്ല.
യുദ്ധത്തിന്റേതായ പശ്ചാത്തലത്തില്‍ എല്ലാ സ്വത്വങ്ങളും അപകടകാരികളായി
അവതരിക്കപ്പെടും. എന്നാല്‍ ഇവയെല്ലാം കേടുവരാത്ത, പരമ്പരാഗത 'കേരള
മുസ്ലി'മിനോടുള്ള നൊസ്റാള്‍ജിയ ഉപയോഗിച്ച് ഇവരുടെ വിമര്‍ശനത്തിന്റെ
മൊത്തവിതരണക്കാരാവുന്നത് ഏതായാലും ശരിയല്ല.
സത്യത്തില്‍ യുവാക്കളുള്‍പ്പെട്ട ഈ സംവാദകരോട് ഇടപാടുകള്‍
നടത്താതിരിക്കുന്നത് അവരെ പൊതുമണ്ഡലത്തില്‍ നിന്ന് അകറ്റിനിര്‍ത്താനും
ആഗോളവത്കരിക്കപ്പെട്ട പാന്‍-ഇസ്ലാമിന്റെ അപകടങ്ങളിലേക്ക് ഉള്‍വലിയാനും
മാത്രമേ സഹായിക്കുകയുളളൂ എന്നാണ് ഞാന്‍ വിചാരിക്കുന്നത്. മുസ്ലിംകളില്‍
തന്നെ ജമാഅത്തിനുണ്ടായ മാറ്റത്തെക്കുറിച്ച് ഉത്കണ്ഠയുള്ളവരുണ്ട്. അവരുടെ
വായ മൂടിക്കെട്ടിയിട്ടില്ല, അവര്‍ ഇതെക്കുറിച്ച് സംസാരിക്കുകയും
ഞങ്ങളെപ്പോലുള്ളവര്‍ അവരുമായി ചര്‍ച്ചകള്‍ നടത്താനും ആഗ്രഹിക്കുന്നു.
കൂടാതെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുള്ള ജമാഅത്തിന്റെ ശ്രമങ്ങള്‍
മനോവിഭ്രാന്തികള്‍ക്കടിമപ്പെടാതെ ഗൌരവത്തോടെയും പൂര്‍ണ സത്യസന്ധയോടെയും
ചര്‍ച്ച ചെയ്യപ്പെടണം. പുതിയ മുസ്ലിം തലമുറയെ ആര്‍.എസ്.എസ്സുമായി തുലനം
ചെയ്യുന്നത് നിരുത്തരവാദപരവും നിലവാരമില്ലാത്തതുമായ വാദമാണ്.
'റാഡിക്കല്‍
ഇന്റലക്ച്വല്‍സ്' ആഗോള ഹിന്ദുവലതുപക്ഷത്തെ സൂക്ഷ്മാര്‍ഥത്തില്‍ ചോദ്യം
ചെയ്യാത്തതിന് കാരണം അവരുടെ മതത്തെക്കുറിച്ചുള്ള ഒരു ചോദ്യവും
ഉയര്‍ത്താന്‍ കഴിയാത്തതിനാലും അതിലുപരി ഇതുവരെ ശിക്ഷിക്കാന്‍ കഴിയാത്ത
ഹിന്ദുവലതുപക്ഷ ഭീകര പ്രവര്‍ത്തനങ്ങളുമായി ഇവര്‍
ബന്ധപ്പെട്ടിരിക്കുന്നതിനാലുമാണ്.
മറ്റ് വാക്കുകളില്‍, പൊതുമണ്ഡലത്തില്‍ നമുക്ക് ആവശ്യമുള്ളത് 'കേരളത്തിലെ
മുസ്ലിം ചോദ്യത്തെ' പരിഗണിക്കുമ്പോള്‍ മനോവിഭ്രാന്തിക്കടിമപ്പെട്ട്
മുന്‍ധാരണകളാല്‍ കാര്യങ്ങളെ സമീപിക്കുന്നവരെയല്ല, മറിച്ച് രൂപപ്പെടുന്ന
സമകാലിക യഥാര്‍ഥ്യങ്ങളെ നിര്‍ഭയമായി നോക്കുന്നവരെയാണ്. അതായത്
കാര്യങ്ങളെ
നിശ്ചയദാര്‍ഢ്യത്തോടെ വിശകലനം ചെയ്യുകയും പുതിയ സാംസ്കാരിക രാഷ്ട്രീയ
പ്രതിഭാസങ്ങളെ വിമര്‍ശനാത്മകമായി ഇടപെടുകയും ചെയ്യുന്നവരെ.
വ്യത്യാസങ്ങളെ
മൌലിക മാനുഷിക അവസ്ഥകളായി കണ്ടുകൊണ്ട് സ്ഥൈര്യത്തോടെ
സമീപിക്കേണ്ടതുണ്ട്,
ഹന്നാ ആരെന്‍റ്റ് നമ്മെ ഓര്‍മിപ്പിക്കുന്നത് പോലെ.
(Prabodhanam Weekly_7.8.2010)

No comments:

Post a Comment