Sunday, October 2, 2011

ഖാദിയാനിസം, റശാദ് ഖലീഫ, ഹാറൂന്‍ യഹ്‌യാ: അന്ത്യപ്രവാചകനും അന്ത്യദൂതനും -1


മുഹമ്മദ് നബി (സ) അന്ത്യപ്രവാചകനും അന്ത്യദൂതനുമാണ്‌. അതിനാല്‍ അദ്ദേഹത്തിന്‌ ശേഷം ഒരു തരത്തിലുള്ള നബിയും റസൂലും വരുകയില്ല. ഇതാണ്‌ ലോക മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്. എന്നാല്‍ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ചില നുബുവ്വത്ത്‌വാദികളും രിസാലത്ത്‌വാദികളും രംഗത്ത് വന്നിട്ടുണ്ട്. ഇത്തരക്കാരില്‍ ചിലരെങ്കിലും അവരുടെ മുഖ്യ തെളിവായി ഉന്നയിക്കാറുള്ള ഒന്ന് ഖുര്‍ആന്‍ 3/81, 33/7 എന്നിവയുടെ സംയോജനമാണ്‌. സമീപകാല മുന്‍കാമികളായ ഖാദിയാനികള്‍, റശാദ് ഖലീഫ എന്നിവരെ പോലെ, ഇപ്പോള്‍ ഹാറൂന്‍ യഹ്‌യായും ഇതേ വഴിക്ക് തന്നെയാണ്‌ നീങ്ങുന്നത്. ഇതിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് മുമ്പായി, അന്ത്യ പ്രവാചകന്‍/ അന്ത്യദൂതന്‍ എന്നിവയെ സംബന്ധിച്ച് ഈ മൂന്ന് വിഭാഗത്തിന്റെയും കാഴ്‌ചപ്പാട് എന്താണെന്ന് നോക്കാം.

ഒന്ന്: ഖാദിയാനികളുടെ വിശ്വാസം: 1) പ്രവാചകന്‍, ദൂതന്‍ എന്നിവ സമാനമായ രണ്ട് സാങ്കേതിക പദങ്ങളാണ്‌. 2) പൊതുവായ അര്‍ത്ഥത്തില്‍ മുഹമ്മദ് നബി അന്ത്യപ്രവാചകനോ അന്ത്യദൂതനോ അല്ല. 3) നിയമവുമായി വരുന്ന അന്ത്യപ്രവാചകനും അന്ത്യദൂതനുമാണ്‌ മുഹമ്മദ്. 4) മുഹമ്മദ് നബിക്ക് ശേഷം ദൂതന്‍മാര്‍/ പ്രവാചകന്‍മാര്‍ വരാന്‍ സാദ്ധ്യതയുണ്ട്. 5) ഖുര്‍ആനിന്‌ ശേഷം പുതിയ വേദം വരുകയില്ല. 6) മുഹമ്മദ് നബി കൊണ്ട് വന്ന നിയമത്തിന്‌ ശേഷം പുതിയ നിയമം നല്‍കപ്പെടുകയില്ല. 7) മീര്‍സാ ഗുലാം അഹ്‌മദ് അല്‍ ഖാദിയാനീ മുഹമ്മദ് നബിക്ക് ശേഷം വന്ന പ്രവാചകനും ദൂതനുമാണ്‌. 8) മുഹമ്മദ് നബി പ്രവചിച്ച മഹ്‌ദിയാണ്‌ അദ്ദേഹം. 9) മുഹമ്മദ് നബി പ്രവചിച്ച മസീഹും അദ്ദേഹം തന്നെ. 10) മീര്‍സാക്ക് ശേഷം ഒരു തരത്തിലുള്ള പ്രവാചകനെയും ദൂതനെയും അവര്‍ പ്രതീക്ഷിക്കുന്നില്ല. (റഫറന്‍സ്: പല കൃതികള്‍.)

രണ്ട്: റശാദ് ഖലീഫയുടെ വിശ്വാസം: 1) പ്രവാചകന്‍, ദൂതന്‍ എന്നിവ വ്യത്യസ്തമായ രണ്ട് സാങ്കേതിക പദങ്ങളാണ്‌. 2) ഗ്രന്‍ഥം നല്‍കപ്പെട്ടവര്‍ക്കാണ്‌ പ്രവാചകന്‍മാര്‍ എന്ന് പറയുന്നത്. 3) എല്ലാ ദൂതന്‍മാര്‍ക്കും ഗ്രന്‍ഥം നല്‍കപ്പെട്ടിട്ടില്ല. 4) എല്ലാ പ്രവാചകന്‍മാരും ദൂതന്‍മാരാണ്‌. 5) എന്നാല്‍, എല്ലാ ദൂതന്‍മാരും പ്രവാചകന്‍മാരല്ല. 6) മുഹമ്മദ് അന്ത്യപ്രവാചകനാണ്‌. 7) ഖുര്‍ആനിന്‌ ശേഷം പുതിയ ഗ്രന്‍ഥം നല്‍കപ്പെടുകയില്ല. 8) മുഹമ്മദ് അന്ത്യദൂതനല്ല. 9) മുഹമ്മദിന്ന് ശേഷം ഒരു ദൂതന്‍ വരാന്‍ സാദ്ധ്യതയുണ്ട്. 10) ഖുര്‍ആന്‍ 3/81 ല്‍ പ്രവാചകന്‍മാരോട് വാങ്ങിയ കരാര്‍ ഈ ദൂതനെക്കുറിച്ചുള്ള പ്രവചനമാണ്‌. 11) ആ കരാറനുസരിച്ചുള്ള ദൂതന്‍ റശാദ് ഖലീഫയാണ്‌. (www.submission.org)

മൂന്ന്: ഹാറൂന്‍ യഹ്‌യായുടെ വിശ്വാസം: 1) പ്രവാചകന്‍, ദൂതന്‍ എന്നിവ വ്യത്യസ്തമായ രണ്ട് സാങ്കേതിക പദങ്ങളാണ്‌. 2) സ്വതന്ത്ര ശരീഅത്ത്/ ഗ്രന്‍ഥം നല്‍കപ്പെട്ടവര്‍ക്കാണ്‌ പ്രവാചകന്‍മാര്‍ എന്ന് പറയുന്നത്. (രണ്ടില്‍ ഏതാണ്‌ അദ്ദേഹത്തിന്റെ കാഴ്ചപ്പാടെന്ന് വ്യക്തമല്ല.) 3) എല്ലാ ദൂതന്‍മാര്‍ക്കും സ്വതന്ത്ര ശരീഅത്ത്/ ഗ്രന്‍ഥം നല്‍കപ്പെട്ടിട്ടില്ല. 4) എല്ലാ പ്രവാചകന്‍മാരും ദൂതന്‍മാരാണ്‌. 5) എന്നാല്‍, എല്ലാ ദൂതന്‍മാരും പ്രവാചകന്‍മാരല്ല. 6) മുഹമ്മദ് അന്ത്യപ്രവാചകനാണ്‌. 7) ഖുര്‍ആനിന്‌ ശേഷം പുതിയ ഗ്രന്‍ഥം നല്‍കപ്പെടുകയില്ല. 8) മുഹമ്മദ് അന്ത്യദൂതനല്ല. 9) മുഹമ്മദിന്ന് ശേഷം ഒരു ദൂതന്‍ വരാന്‍ സാദ്ധ്യതയുണ്ട്. 10) ഖുര്‍ആന്‍ 3/81 ഇല്‍ പ്രവാചകന്‍മാരോട് വാങ്ങിയ കരാര്‍ ഈ ദൂതനെക്കുറിച്ചുള്ള പ്രവചനമാണ്‌. 11) ഇതേ ദൂതനെക്കുറിച്ചാണ്‌ ഈസാ നബി സന്തോഷ വാര്‍ത്ത അറിയിച്ചതായി ഖുര്‍ആന്‍ 61/6 പറയുന്നത്. 12) വരാനിരിക്കുന്ന ഈ ദൂതന്റെ പേര്‌ അഹ്‌മദ് (ഖുര്‍ആന്‍ 61/6) എന്നായിരിക്കും. 13) മുഹമ്മദ് നബി (ഹദീസുകളില്‍) പ്രവചിച്ച മഹ്‌ദിയും ഈ ദൂതന്‍ തന്നെയാണ്‌. 14) മഹ്‌ദി താന്‍ മഹ്‌ദിയാണെന്നോ ദൂതനാണെന്നോ വാദിക്കുകയില്ല.

തന്റെ പുത്തന്‍ വാദങ്ങള്‍ സമര്‍ത്ഥിച്ചു കൊണ്ട് ഹാറൂന്‍ യഹ്‌യാ എഴുതുന്നു:
“One of the verses in the Qur’an pointing to the coming of Mahdi refers to “a messenger who will appear after Prophet Muhammad (may Allah bless him and grant him peace).
“Through this verse, Allah tells us that He has made a covenant with the prophets that they would believe in and help a messenger who will come after them:
“Remember when Allah made a covenant with the prophets: “Now that We have given you a share of the Book and Wisdom, and then a messenger comes to you confirming what is with you, you must believe in him and help him.” He asked, “Do you agree and undertake my commission on that condition?” They replied, “We agree.” He said, “Bear witness, then. I am with you as one of the witnesses.” (Surah Al ‘Imran, 81)
“The names of the prophets referred to in this verse, those reported to have made that covenant, are revealed in another verse:
“When We made a covenant with all the prophets—with you and with Nuh and Ibrahim and Musa and ‘Isa son of Maryam—We made a binding covenant with them. (Surat al-Ahzab, 7)
“It is revealed in the verse that a covenant has been made with Prophets “Noah, Abraham, Moses and Jesus” and with “Prophet Muhammad (may Allah bless him and grant him peace),” as the term “with you” implies.“This revelation in the verse shows that “this messenger whose coming is described is not Prophet Muhammad (may Allah bless him and grant him peace), but is a messenger who will come after the Prophet (may Allah bless him and grant him peace).” And Allah knows best. This messenger, whom Allah reveals will come after Prophet Muhammad (may Allah bless him and grant him peace), may well be “Mahdi,” the glad tidings of whose coming are related also in the sayings of our Prophet (may Allah bless him and grant him peace). And Allah knows best.“The way that the messenger whose coming has been promised has also received a promise of assistance from Jesus (pbuh), as reported in verse 7 of Surat al-Ahzab, further reinforces this view. That is because as we know, Prophet Jesus (pbuh) is reported in the hadith of the Prophet (may Allah bless him and grant him peace) as returning to Earth in the End Times and following and supporting Mahdi:
(Pages 76, 77 The Mahdi a Discendant porphet Abraham [PBUH] can be downloaded from: http://www.harunyahya.com/books/faith/descendent/descendent_01.php)

(മഹ്‌ദിയുടെ വരവിനെ സൂചിപ്പിക്കുന ഖുര്‍ആന്‍ സൂക്തങ്ങളിലൊന്നില്‍ അദ്ദേഹത്തെ മുഹമ്മദ് നബിക്ക് ശേഷം വരുന്ന ദൂതനായിട്ട് പരാമര്‍ശിച്ചിരിക്കുന്നു. ഈ വാക്യത്തിലൂടെ ഓരോ പ്രവാചകനോടും തങ്ങള്‍ക്ക് ശേഷം വരുന്ന ദൂതനെ വിശ്വസിക്കണമെന്നും സഹയിക്കണമെന്നും അല്ലാഹു കരാര്‍ വാങ്ങിയിട്ടുണ്ട് എന്ന കാര്യം അല്ലാഹു നമ്മോട് പറയുന്നു.

'അല്ലാഹു പ്രവാചകന്മാരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം അനുസ്മരിക്കുക. ഞാന്‍ നിങ്ങള്‍ക്ക് ഗ്രന്‍ഥവും തത്വജ്ഞാനവും നല്‍കുകയും അതിന്ന് ശേഷം നിങ്ങളുടെ പക്കലുള്ളതിനെ ശരിവയ്ക്കുന്ന ഒരു ദൂതന്‍ നിങ്ങള്‍ക്ക് വരുകയും ചെയ്താല്‍ നിങ്ങള്‍ അദ്ദേഹത്തെ വിശ്വസിക്കുകയും സഹായിക്കുകയും ചെയ്യണം. അല്ലാഹു ചോദിച്ചു: 'നിങ്ങള്‍ സമ്മതിക്കുകയും ഇക്കാര്യത്തിലുള്ള എന്റെ കരാര്‍ സ്വീകരിക്കുകയും ചെയ്തുവോ?' അവര്‍ പറഞ്ഞു: 'ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു.' അല്ലാഹു പറഞ്ഞു: 'നിങ്ങള്‍ സാക്ഷികളാവുക. നിങ്ങളോടൊപ്പം സാക്ഷികളില്‍ ഞാനുമുണ്ടായിരിക്കും.' (ആലു ഇംറാന്‍: 81)

അല്ലാഹു കരാര്‍ വാങ്ങിയിട്ടുണ്ടെന്ന് ഈ സൂക്തം സൂചിപ്പിച്ച പ്രവാചകന്‍മാര്‍ ആരെല്ലാമാണെന്ന് മറ്റൊരു സൂക്തത്തില്‍ വെളിപെടുത്തിയിട്ടുണ്ട്.

"പ്രവാചകന്‍മാരില്‍ നിന്ന് -താങ്കളില്‍ നിന്നും നൂഹ്, ഇബ്‌റാഹീം, മുസാ, മര്‍യമിന്റെ പുത്രന്‍ ഈസാ എന്നിവരില്‍ നിന്നും- നാം കരാര്‍ വാങ്ങിയ സന്ദര്‍ഭം അനുസ്മരിക്കുക. ശക്തമായ കരാര്‍ ഇവരില്‍ നിന്നും നാം വാങ്ങിയിരിക്കുന്നു". (അല്‍-അഹ്‌സാബ്:7)

നൂഹ്, ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരില്‍ നിന്നെന്ന പോലെ 'നിന്നില്‍ നിന്നും' എന്ന വാക്കിലൂടെ മുഹമ്മദ് നബിയില്‍ നിന്നും ഒരു കരാര്‍ അല്ലാഹു വാങ്ങിയതായി ഇവിടെ വ്യക്തമാക്കിയിരിക്കുന്നു.

മേല്‍ സൂക്തത്തില്‍ പറഞ്ഞ വരാനിരിക്കുന്ന ദൂതന്‍ മുഹമ്മദ് നബിയല്ല. പ്രത്യുത അദ്ദേഹത്തിന്ന് ശേഷം വരുന്ന മറ്റൊരു ദൂതനാണ്‌. മുഹമ്മദ് നബിക്ക് ശേഷം വരുമെന്ന് അല്ലാഹു വെളിപ്പെടുത്തിയിട്ടുള്ള ഈ ദൂതന്‍ ഹദീസുകളില്‍ പ്രവചിക്കപ്പെട്ട മഹ്‌ദി ആയിരിക്കാന്‍ സാദ്ധ്യതയുണ്ട്. (അല്ലാഹു അഅ്‌ലം)

വരാനിരിക്കുന്ന ദൂതനെക്കുറിച്ച് പ്രവചനം വന്ന അതേ മാര്‍ഗ്ഗത്തില്‍ തന്നെ ഈസാ നബി അദ്ദേഹത്തെ സഹായിക്കുമെന്ന പ്രവചനവും വന്നിട്ടുണ്ട്. അഹ്‌സാബിലെ ഏഴാം സൂക്തം ഇത് ശരിവയ്ക്കുന്നു. കാരണം മുഹമ്മദ് നബിയുടെ ഹദീസുകളില്‍ അവസാന നാളുകളില്‍ ഭൂമിയിലേക്ക് തിരിച്ചു വന്ന് മഹ്‌ദിയെ പിന്തുണക്കുകയും സഹായിക്കുകയും ചെയ്യുന്നവനായിട്ടാണ്‌ ഈസാ നബിയെക്കുറിച്ച് പ്രവചിച്ചിരിക്കുന്നത്.)

ഹാറൂന്‍ യഹ്‌യായുടെ വാക്കുകളില്‍ നാം കണ്ടതുള്‍പ്പെടെ, ഈ മൂന്ന് വിഭാഗത്തിന്റെയും വാദങ്ങള്‍ ഇസ്‌ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ നമുക്ക് പരിശോധിക്കാം .അല്ലാഹു പ്രവാചകന്‍മാരോട്, അവര്‍ക്ക് ശേഷം വരാനിരിക്കുന്ന ദൂതനെ വിശ്വസിക്കുകയും സഹായിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് വാങ്ങിയ ഒരു കരാറാണ്‌ ഖുര്‍ആന്‍ 3/81 ന്റെ പ്രമേയം. മുഹമ്മദ് നബിക്ക് മുമ്പായി അയക്കപ്പെട്ട പ്രവാചകന്‍മാരില്‍ നിന്നാണ്‌ കരാര്‍ വാങ്ങിയിട്ടുള്ളത്. ഇവരോടെല്ലാം വിശ്വസിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്ന ദൂതന്‍ മുഹമ്മദാണ്‌. ഇത് സംബന്ധിച്ച് പൂര്‍വ്വികരും ആധുനികരുമായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അല്‍ഭുതകരമാം വണ്ണം ഏകാഭിപ്രായക്കാരാണ്‌. മറ്റു പ്രവാചകന്‍മാരെല്ലാം നിര്‍ണ്ണിത ജനതയിലേക്കും കാലത്തേക്കും ദേശത്തേക്കും അയക്കപ്പെട്ടവരായതിനാല്‍, അവസാനം ആഗതനാകുന്ന ലോകപ്രവാചകനെ വിശ്വസിക്കാന്‍ എല്ലാവരും ബാദ്ധ്യസ്ഥരാണ്‌. ഇക്കാര്യം അവര്‍ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യണം. പൂര്‍വ്വവേദങ്ങളില്‍ മുഹമ്മദ് നബിയെക്കുറിച്ച് കാണപ്പെടുന്ന പ്രവചനങ്ങള്‍ ഈ കരാറിനെ ഓര്‍മ്മിപ്പിക്കുന്നു. അദ്ദേഹത്തിന്റെ പരമപ്രധാനമായ ഈ അവസ്ഥ സൂചിപ്പിക്കുന്ന ഖുര്‍ആന്‍ സൂക്തമാണ്‌ തങ്ങളുടെ വികലമായ രിസാലത്ത് വാദത്തിന്ന് ഉപോല്‍ബലകമായി ഇവര്‍ ഉപയോഗിച്ചിരിക്കുന്നത്.

യഥാര്‍ത്ഥത്തില്‍, ഈ സൂക്തത്തിന്റെ സന്ദേശം 'മുഹമ്മദ് നബിക്ക് ശേഷം ഒരു ദൂതന്‍ വരാനുണ്ട് എന്നായിരുന്നുവെങ്കില്‍, അക്കാര്യം ഖുര്‍ആന്‍ വ്യാഖ്യാതാക്കളുള്‍പ്പെടെ ഇസ്‌ലാമിക പണ്ഡിതന്‍മാര്‍ വ്യക്തമാക്കുമായിരുന്നു. മത്രമല്ല; രിസാലത്ത് വിശ്വാസത്തിന്റെ ബാലപാഠങ്ങളില്‍ തന്നെ മുസ്‌ലിം ലോകം അത് പഠിക്കുകയും, ഒരു റസൂലിനെ അവര്‍ പ്രതീക്ഷിക്കുകയും ചെയ്യുമായിരുന്നു. ഇങ്ങനെയൊന്ന് ഇസ്‌ലാമിക ചരിത്രത്തിന്റെ ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ്‌ ഖുര്‍ആന്‍ 3/81 ന്റെ വ്യാഖ്യാനമായി ഖുര്‍ആന്‍ 33/7 നെ ഇവര്‍ ദുരുപയോഗപ്പെടുത്തുന്നതിനെ നാം വിലയിരുത്തേണ്ടത്.
وَإِذْ أَخَذْنَا مِنَ النَّبِيِّينَ مِيثَاقَهُمْ وَمِنْكَ وَمِنْ نُوحٍ وَإِبْرَاهِيمَ وَمُوسَى وَعِيسَى ابْنِ مَرْيَمَ وَأَخَذْنَا مِنْهُمْ مِيثَاقًا غَلِيظًا പ്രവാചകന്‍മാരില്‍ നിന്ന് - നിന്നില്‍ (മുഹമ്മദ്) നിന്നും നൂഹ്, ഇബ്‌റാഹീം, മൂസാ, ഈസബ്നു മര്‍യം എന്നിവരില്‍ നിന്നും - നാം അവരുടെ കരാര്‍ വാങ്ങിയ സന്ദര്‍ഭം അനുസ്‌മരിക്കുക. അവരില്‍ നിന്ന് നാം ബലിഷ്ഠമായ ഒരു കരാര്‍ വാങ്ങിയിരിക്കുന്നു. (ഖുര്‍ആന്‍ 33/7)

മുഹമ്മദ് നബി ഉള്‍പ്പെടെ അഞ്ച് പ്രവാചകന്‍മാരില്‍ നിന്ന് അല്ലാഹു വാങ്ങിയ ഈ കരാര്‍, കുര്‍ആന്‍ 3/81 ല്‍ പ്രതിപാദിക്കപ്പെട്ട അതേ കരാര്‍ തന്നെയാണെന്ന് ഖുര്‍ആന്‍ ഒരിടത്തും വ്യക്തമാക്കിയിട്ടില്ല. നബി (സ) അങ്ങനെ വിശദീകരിച്ചിട്ടുമില്ല. ഇത് വരെ, ലോകമംഗീകരിച്ച മുഫസ്സിറുകളില്‍ ആര്‍ക്കുമില്ല ഈ വാദം. 3/81 ല്‍ പറഞ്ഞ ഒരു കരാര്‍ മാത്രമേ അല്ലാഹു പ്രവാചകന്‍മാരില്‍ നിന്ന് വാങ്ങിയിട്ടുള്ളുവെങ്കില്‍ 33/7 ന്റെ ഉദ്ദേശ്യം മറ്റൊരു കരാറായിരിക്കാന്‍ ഒട്ടും സാദ്ധ്യതയില്ലെന്ന് നാം സമ്മതിക്കേണ്ടി വരും. എന്നാല്‍ അല്ലാഹു പ്രവാചകന്‍മാരില്‍ നിന്ന് പല കരാറുകളും പ്രതിജ്ഞകളും വാങ്ങിയതായി ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ഇവയില്‍ നിന്ന് ഈ സൂക്തത്തിന്റെ സന്ദര്‍ഭത്തോട് ഏറ്റവും യോജിക്കുന്ന കരാര്‍ ഏതാണോ അത് മാത്രമേ ഇതിന്റെ ഉദ്ദേശ്യമായി സങ്കല്‍പ്പിക്കാന്‍ സാധിക്കുകയുള്ളു. നബിയോട് അദ്ദേഹത്തിന്റെ ദത്തുപുത്രന്റെ വിവാഹമുക്തയെ കല്യാണം കഴിക്കാന്‍ അല്ലാഹു ആവശ്യപ്പെട്ടപ്പോള്‍, ശത്രുക്കളുടെ ആക്ഷേപങ്ങള്‍ ഭയന്ന് അദ്ദേഹം മടിച്ചുനിന്നു. 33-ആം അദ്ധ്യായത്തിന്റെ 37, 38, 39 സൂക്തങ്ങള്‍ കാണുക. ഇതേ അദ്ധ്യായം ഒന്ന് മുതല്‍ ആറ്‌ വരെ സൂക്തങ്ങളില്‍ ഇക്കാര്യത്തെക്കുറിച്ചും പ്രവാചകന്റെ ഉത്തരവാദിത്തത്തെക്കുറിച്ചും ചില സൂചനകളുണ്ട്. എട്ടാം സൂക്തത്തില്‍, ഈ കരാര്‍ വാങ്ങിയിരിക്കുന്നത് സത്യവാന്‍മാരെയും കാഫിറുകളെയും ചോദ്യം ചെയ്യുന്നതിന്ന് വേണ്ടിയാണെന്ന് പറഞ്ഞിരിക്കുന്നു. ഇതില്‍ പ്രവാചകന്‍മാരും ഉള്‍പ്പെടുന്നു. ഈ സന്ദര്‍ഭത്തില്‍ അല്ലാഹു അദ്ദേഹത്തെ ഒരു കരാര്‍ അനുസ്‌മരിപ്പിക്കുന്നുവെങ്കില്‍, അത് അല്ലാഹുവില്‍ നിന്ന് ലഭിക്കുന്ന ഏത് കല്‍പ്പനയും ഒരു ഭയവും മടിയും കൂടാതെ നടപ്പില്‍ വരുത്താന്‍ പ്രവാചകന്‍ ബാദ്ധ്യസ്ഥനാണെന്ന കരാര്‍ ആവാനാണ്‌ സാദ്ധ്യത. അല്ലാതെ അദ്ദേഹത്തിന്‌ ശേഷം വരാനിരിക്കുന്ന ഒരു ദൂതനെ, പില്‍ക്കാല അനുയായികള്‍ വിശ്വസിക്കേണ്ടതുണ്ടെന്ന കരാര്‍ ഈ സന്ദര്‍ഭത്തില്‍ പ്രവാചകനെ അനുസ്‌മരിപ്പിക്കുന്നതില്‍ അനൌചിത്യമുണ്ട്. കള്ളപ്രവാചകന്‍മാരും അവരുടെ വക്താക്കളും തങ്ങളുടെ നിലനില്‍പ്പിന്നായി കണ്ടെത്തിയ പുല്‍ക്കൊടി എത്ര ദുര്‍ബലം!

ഖുര്‍ആന്‍ 3/81 ല്‍ പ്രതിപാദിക്കപ്പെട്ട കരാര്‍ മുഹമ്മദ് നബിയില്‍ നിന്നും അല്ലാഹു വാങ്ങിയിട്ടുണ്ടെന്ന് സങ്കല്‍പ്പിച്ചാല്‍ അദ്ദേഹത്തിന്‌ ശേഷം ഒരു ദൂതനെങ്കിലും വരുകയും ആ ദൂതനെ മുസ്‌ലിംകള്‍ വിശ്വസിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് വരും; ഒട്ടും സന്ദേഹമില്ല. അതോടൊപ്പം, ഈ കരാറിന്റെ മറവില്‍ വല്ല നുബുവ്വത്ത്/ രിസാലത്ത് വാദികളും രംഗത്ത് വന്നാല്‍ അത് തിരിച്ചറിയാന്‍ സഹായിക്കുന്ന അടയാളം ഈ കരാറില്‍ വ്യവസ്ഥ ചെയ്തിരിക്കണം. ഇല്ലെങ്കില്‍ ഈ കരാര്‍ അപൂര്‍ണ്ണവും അനര്‍ത്ഥഹേതുവും ആയിരിക്കും.

സൂക്തം 3/81 ല്‍ പ്രതിപാതിക്കപ്പെട്ട ദൂതനെ مُصَدِّقٌ لِّمَا مَعَكُمْ (നിങ്ങളുടെ പക്കലുള്ളതിനെ സത്യപൊപെടുത്തുന്നവന്‍) എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. ഈയൊരു വിശേഷണമാണ്‌ വരാനിരിക്കുന്ന ദൂതനെ തിരിച്ചറിയാന്‍ സഹായിക്കുന്ന അടയാളം. ഇതിന്റെ ഖാദിയാനീ വ്യാഖ്യാനം ഇപ്രകാരമാണ്‌: "....... അദ്ദേഹം (മീര്‍സാ ഗുലാം) തിരുനബിയുടെ ന്യയപ്രമാണത്തെ വരവണ്ണം സത്യപ്പെടുത്തുകയും സാക്ഷീകരിക്കുകയും ചെയ്യാനുള്ള ആളാണെന്ന് വരുമ്പോള്‍ വിശ്വസിക്കേണ്ടതും അദ്ദേഹത്തെ സഹായിക്കേണ്ടതും തിരുനബിയില്‍ വിശ്വസിക്കുന്നവര്‍ക്ക് നിര്‍ബന്ധമായിത്തീരുന്നതാണ്‌. (പേജ് 109, പ്രവാചകത്വം ഖുര്‍ആനില്‍, മൌലാനാ അബ്ദുല്ലാ സാഹിബ് H.A.)

അപ്പോള്‍ മീര്‍സാ ഗുലാമിന്റെ അടയാളം, 'അദ്ദേഹം മുഹമ്മദ് നബിയെ സത്യപ്പെടുത്തുകയും സാക്ഷീകരിക്കുകയും ചെയ്യുന്നു' എന്നതാണ്‌. ഇന്ന് ഒരാള്‍ പ്രവാചകത്വ വാദവുമായി രംഗത്ത് വരുകയും എന്നിട്ട് മുഹമ്മദ് നബിയുടെ ന്യായപ്രമാണത്തെ 'വരവണ്ണം സത്യപ്പെടുത്തുകയും സാക്ഷീകരിക്കുകയും ചെയ്താല്‍' അയാളെയും ഇവര്‍ പ്രവാചകനയി സ്വീകരിക്കുമോ? എങ്കില്‍, ഈ പ്രവാചകപരമ്പര എവിടെച്ചെന്നാണ്‌ അവസാനിക്കുക?

'സത്യപെടുത്തുന്നവന്‍' എന്ന വിശേഷണപദത്തിന്റെ വിവക്ഷ ഖുര്‍ആനില്‍ നിന്ന് തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്‌. യഹൂദ-ക്രൈസ്തവരെ സംബന്ധിച്ച്, അവരുടെ പക്കലുള്ള തൌറാത്തിലും ഇന്‍ജീലിലും എഴുതപ്പെട്ടിരിക്കുന്ന (7/157) പ്രവാചകനെ തങ്ങളുടെ മക്കളെ തിരിച്ചറിയും പ്രകാരം അവര്‍ തിരിച്ചറിഞ്ഞുവെന്ന് (2/146) ഖുര്‍ആന്‍ പറയുന്നു. ഇതേ പ്രകാരം, മീര്‍സാ ഗുലാം പ്രവാചകനാണെന്ന് തെളിയിക്കുന്ന, ഖുര്‍ആനില്‍ എഴുതപ്പെട്ട വല്ല അടയാളവും ഇവര്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ സാധിക്കേണ്ടതുണ്ട്. അത്തരം പ്രവചനത്തിന്റെ പുലര്‍ച്ചയായിട്ട് വരുന്ന പ്രവാചകനെയാണ്‌ 'സത്യപ്പെടുത്തുന്ന' പ്രവാചകന്‍ എന്ന് വിശേഷിപ്പിക്കാന്‍ പറ്റുക.

'സത്യപ്പെടുത്തുന്നവന്‍' എന്ന പദത്തിന്റെ ഉദ്ദേശ്യം നിര്‍ണ്ണയിച്ചേടത്താണ്‌ ഇവര്‍ കൃത്രിമം കാണിച്ചത്. ഉപരിസൂചിത ഗ്രന്‍ഥത്തില്‍ മറ്റൊരിടത്ത് ഇങ്ങനെ കാണാം: ".... ആ ദിവ്യാത്മാവ് (മുഹമ്മദ് നബി) അവരുടെ ഗ്രന്‍ഥങ്ങളിലുള്ള പ്രവചനങ്ങളെയും സത്യ സിദ്ധാന്തങ്ങളെയും സത്യപ്പെടുത്തുന്നതിന്നും സാക്ഷീകരിക്കുന്നതിന്നും വേണ്ടിയുള്ള ആളായിരിക്കുന്നതിനാല്‍ തിരുനബിയെ വിശ്വസിക്കേണ്ടത് അവരുടെ ചൂമതലയാണെന്നും ഖുര്‍ആന്‍ ഓര്‍മ്മപ്പെടുത്തുകയാണ്‌. (പേജ് 108)

അതായത് മുഹമ്മദ് നബി വന്നത് അദ്ദേഹത്തെക്കുറിച്ച് പൂര്‍വ്വവേദങ്ങളിലുള്ള പ്രവചനങ്ങളെയും സത്യസിദ്ധാന്തങ്ങളെയും സത്യപ്പെടുത്തുന്നതിന്നും സാക്‌ഷ്യപ്പെടുത്തുന്നതിന്നുമാണ്‌. അതിന്റെ വിവക്ഷ എന്താണെന്നിവര്‍ക്ക് ശരിക്കറിയാം. എന്നാല്‍ മീര്‍സാ സാഹിബ് വന്നത് അദ്ദേഹത്തെക്കുറിച്ച് ഖുര്‍ആനിലുള്ള പ്രവചനങ്ങളെ സത്യപ്പെടുത്താനോ സാക്ഷീകരിക്കാനോ അല്ല. അഥവാ അദ്ദേഹം ഖുര്‍ആനില്‍ എഴുതപ്പെട്ട പ്രവാചകനാണെന്ന് ഖാദിയാനികള്‍ പോലും കരുതുന്നില്ല.

ഖാദിയാനികളുടെ മലയാളം ഖുര്‍ആന്‍ പരിഭാഷയില്‍ മുസ്വദ്ദിഖിന്ന് '(പ്രവചനങ്ങള്‍) സത്യമാണെന്ന് സ്ഥാപിക്കുന്ന, സാക്ഷാല്‍ക്കരിക്കുന്ന, പൂര്‍ത്തിയാക്കുന്ന' തുടങ്ങിയ അര്‍ത്ഥങ്ങള്‍ (2/89, 3/3, 3/39) നല്‍കിയിരിക്കുന്നു. ഈ അര്‍ത്ഥങ്ങളില്‍ ഒന്ന് പോലും 3/81 ന്ന് നല്‍കാതിരുന്നതിന്റെയും അപ്രകാരം അതിനെ വ്യാഖ്യാനിക്കാതിരുന്നതിന്റെയും കാരണം എന്താണെന്ന് ഇപ്പോള്‍ വ്യക്തമായല്ലോ. 'ഖുര്‍ആനില്‍ എന്നെക്കുറിച്ചുള്ള പ്രവചനമിതാ, അത്കൊണ്ട് എന്നെ വിശ്വസിക്കുക' എന്ന് പറയാന്‍ ഒരു നുബുവ്വത്ത് വാദിക്കും രിസാലത്ത് വാദിക്കും സാധിക്കുകയില്ല.



കെ.കെ. ആലിക്കോയ


* ഈ ലേഖനം (പൂര്‍ണ്ണമായും) പി.ഡി.എഫ്. ഫയലായി ലഭിക്കുവാന്‍: CLICK HERE 
* ഈ ലേഖനം ബോധനം ​ദ്വൈമാസിക 2010 നവംബര്‍-ഡിസംബര്‍ ലക്കത്തില്‍ വായിക്കാം: CLICK HERE

No comments:

Post a Comment