Friday, October 7, 2011

ആതിഥ്യമര്യാദ

ഈയിടെ ഒരു സുഹൃത്തിന്റെ ഗൃഹപ്രവേശച്ചടങ്ങില്‍ പങ്കെടുത്തിരുന്നു. സാമാന്യം വലിയ ഒരു ചടങ്ങ്. നല്ല ഭക്ഷണം. പക്ഷെ, അത് ക്യൂ നിന്നു വാങ്ങണം. എന്നിട്ട് ഒരു കസേര കിട്ടിയാല്‍ അതിലിരുന്നും ഇല്ലെങ്കില്‍ രണ്ടുകാലില്‍ നിന്നും കഴിക്കണം. കുടിക്കാന്‍ വെള്ളമാവശ്യമുള്ളവര്‍ക്കു മറ്റൊരിടത്ത് ക്യൂ നിന്ന് വേണമെങ്കില്‍ വാങ്ങാവുന്നതാണ്‌. അത് ഇരിക്കുന്ന കസേരയുടെ ചുവട്ടിലോ മറ്റോ സൂക്ഷിക്കുകയും എടുത്ത് കുടിക്കുകയും ചെയ്യാം. ഇത്രമാത്രം അസൌകര്യമുണ്ടായിട്ടും ആളുകള്‍ അവിടെനിന്നു ഭക്ഷണം കഴിച്ചത് നാട്ടില്‍ ക്ഷാമവും പട്ടിണിയുമുള്ളതുകൊണ്ടല്ല. ക്ഷണിച്ചുവരുത്തിയ ആളുകളെ ഇങ്ങനെ അപമാനിക്കുന്നതില്‍ പ്രതിഷേധമില്ലാത്തതുകൊണ്ടുമല്ല. ഇങ്ങോട്ട് അമാന്യമായി പെരുമാറുന്നവനോട് അങ്ങോട്ട് വളരെ മാന്യമായി പെരുമാറുകയെന്ന ഉദാര നയം ആളുകള്‍ സ്വീകരിച്ചതുമല്ല. മറിച്ച്, ഇതാണ്‌ ഇന്നത്തെ നാട്ടുനടപ്പ് എന്നു ജനം ധരിച്ചിരിക്കുന്നു. അതുകൊണ്ട് ഇഷ്ടമില്ലാഞ്ഞിട്ടും ആരെയും ചോദ്യം ചെയ്യാന്‍ മുതിരാതെ ജനം സഹിക്കുന്നു. ഞാന്‍ സുഹൃത്തിനോട് പറഞ്ഞു: 'ആളുകളെ വിളിച്ചുവരുത്തി ഇപ്രകാരം അപമാനിക്കരുത്. അതിഥിയെ ആദരിക്കാനാണ്‌ പ്രവാചകന്‍ പഠിപ്പിച്ചത്. ഇവിടെ നിങ്ങള്‍ അവരെ നിന്ദിക്കുകയാണ്‌ ചെയ്യുന്നത്.'
അദ്ദേഹം തന്റെ ചെയ്തിയെ ന്യായീകരിച്ചത് ഇന്നത്തെ നാട്ടുനടപ്പിന്റെ പേരിലായിരുന്നു. കാലാകാലങ്ങളില്‍ വരാനിരിക്കുന്ന നാട്ടുനടപ്പിനെക്കുറിച്ചൊന്നും ഒരു വിചിന്തനവും നടത്താതെ 'നിങ്ങള്‍ അതിഥികളെ ആദരിക്കണം' എന്നു പഠിപ്പിച്ച പ്രവാചകനു തെറ്റു പറ്റിയോ? അല്ലെങ്കില്‍ ഇക്കാലത്തെ ആദരവ് ഇതാണോ?

No comments:

Post a Comment