Tuesday, October 25, 2011

സംഘടനകള്‍ പരസ്പരം തീവ്രവാദം ആരോപിക്കുന്നത് തെറ്റിദ്ധാരണ ഉണ്ടാക്കും - കുഞ്ഞാലിക്കുട്ടി


(മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി
സംസാരിക്കുന്നു.)

സംഘടനകള്‍ പരസ്പരം തീവ്രവാദം ആരോപിക്കുന്നത് തെറ്റിദ്ധാരണ ഉണ്ടാക്കും
അഭിമുഖം പി.കെ കുഞ്ഞാലിക്കുട്ടി / ഹാഷിം എളമരം
മുസ്ലിം സംഘടനകളുടെ ഐക്യത്തിന്റെ വിഷയത്തില്‍ സുസ്ഥിരമായ വല്ല അജണ്ടയും
മുസ്ലിം ലീഗിനുണ്ടോ?
സമുദായ ഐക്യം സ്ഥിരം അജണ്ടയാവണമെന്നും സ്ഥിരം ഐക്യവേദി തന്നെ വേണമെന്നും
മുസ്ലിം ലീഗിന് ആഗ്രഹമുണ്ട്. പക്ഷേ, പ്രായോഗികമായ ഒട്ടേറെ പരിമിതികള്‍
ഇക്കാര്യത്തിലുണ്ട്. ഇത് ഞങ്ങളുടെ കുഴപ്പം കൊണ്ടല്ല. മത
സംഘടനകള്‍ക്കിടയിലെ അടിസ്ഥാനപരമായ അഭിപ്രായ വ്യത്യാസമാണ് പ്രധാന
പ്രശ്നം.
വ്യത്യസ്ത വീക്ഷണങ്ങളും അഭിപ്രായങ്ങളുമുള്ള മത സംഘടനകളെയാണ്
ഐക്യപ്പെടുത്തേണ്ടത്. ഇതിനായി സജീവമായി പ്രവര്‍ത്തിച്ച
കാലമുണ്ടായിരുന്നു. ഭരണത്തിലുള്ളപ്പോള്‍ മന്ത്രിമാര്‍തന്നെ ഇതിനായി
രംഗത്തിറങ്ങിയിരുന്നു. വിദ്യാഭ്യാസ വിചക്ഷണരെയും മറ്റും
പങ്കാളികളാക്കുകയും ചെയ്തു. പക്ഷേ, അടിസ്ഥാനപരമായ അഭിപ്രായ
വ്യത്യാസങ്ങള്‍ക്ക് ചില ഘട്ടങ്ങളില്‍ മുന്‍തൂക്കം വരും. ഒരു
വിഷയത്തില്‍തന്നെ ശക്തമായ രണ്ടഭിപ്രായം ഉയരും. ഞങ്ങള്‍ക്കും
വ്യത്യസ്തമായ
അഭിപ്രായമാണുണ്ടാവുക. ഇങ്ങനെ പരസ്പരം ശാഠ്യം പിടിക്കുമ്പോള്‍ ഐക്യം
പൊളിയും. ഈ സാഹചര്യത്തിലാണ് വിഷയാധിഷ്ഠിത ഐക്യമെന്ന ചിന്ത ഉയര്‍ന്നത്.
അഭിപ്രായ ഭിന്നതകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ പ്രധാന പ്രശ്നങ്ങളില്‍
സംഘടനകള്‍ക്ക് ഐക്യപ്പെടാനാവും.
ഇത് പറയുമ്പോള്‍ സംവരണം സംബന്ധിച്ച് ഇപ്പോഴുണ്ടായ കോടതി വിധി
അനുസ്മരിക്കേണ്ടതുണ്ട്. ഒരു കൂടിയാലോചനയും നടത്താതെ ഒരു കൂട്ടര്‍ കേസിന്
പോവുകയായിരുന്നു. കോടതി വിധിയാവട്ടെ ഗുരുതരമായ
പ്രത്യാഘാതമുണ്ടാക്കുന്നതുമായി. മുന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക്
വിദ്യാഭ്യാസ ആനുകൂല്യമെന്നത് യു.ഡി.എഫ് കൊണ്ടുവന്നതാണ്. ഇതിനെ ചോദ്യം
ചെയ്യേണ്ട കാര്യമില്ലായിരുന്നു. ഇക്കൂട്ടര്‍ സമുദായ
സ്പര്‍ധയുണ്ടാക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്തത്. സംവരണത്തെ
അടച്ചാക്ഷേപിക്കുന്ന തരത്തില്‍ കോടതിയുടെ വിധിന്യായം വന്നപ്പോള്‍
മുസ്ലിം
സംഘടനകള്‍ ശബ്ദമടക്കി. ഈവക കാര്യങ്ങളില്‍ ലീഗ് പോളിസിയാണ് ശരി. മള്‍ട്ടി
റിലീജിയന്‍ സൊസൈറ്റിയില്‍ സമന്വയത്തിലൂടെ മുന്നോട്ടുപോവണം. സംഘടനാപരമായ
പ്രചാരണത്തിന് വേണ്ടി ചിലര്‍ ചെയ്യുന്നത് സമുദായത്തിന്
ദോഷമുണ്ടാക്കുന്നുവെന്നാണ് ഞാന്‍ ചൂണ്ടിക്കാട്ടുന്നത്.
കൂടിയാലോചനകളിലൂടെ
പ്രശ്നത്തെ കൈകാര്യം ചെയ്തിരുന്നെങ്കില്‍ അതിന് ഫലമുണ്ടാകുമായിരുന്നു.
പ്രശ്നാധിഷ്ഠിത സഹകരണത്തിന്റെ പ്രസക്തിയിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്.
സമുദായത്തെ ഭയത്തിലാഴ്ത്തിയ പ്രശ്നമായിരുന്നു മാറാട്. ചില കുബുദ്ധികള്‍
നടത്തിയ കൂട്ടക്കൊലയുടെ പാപഭാരം ഏറ്റേണ്ടിവന്നത് സമുദായമാണ്. മുസ്ലിം
സംഘടനകള്‍ ഒറ്റക്കെട്ടായി നിന്ന് ഹിന്ദു സംഘടനകളുമായുള്ള സംഭാഷണത്തിലൂടെ
ഇലക്കും മുള്ളിനും കേടില്ലാത്തവിധം പ്രശ്നം പരിഹരിക്കാനായത് മറ്റൊരു
ഉദാഹരണം.
ബഹുസ്വര സമൂഹത്തില്‍ സമന്വയത്തിലൂടെ മുന്നോട്ട് പോവണമെന്ന് താങ്കള്‍
പറഞ്ഞു. താങ്കളുടെ വീക്ഷണത്തില്‍ സമന്വയത്തിന്റെ പരിധി എവിടെ വരെയാണ്?
സമന്വയമെന്നത് കീഴടങ്ങലല്ല. വാക്കുകളിലൂടെ സ്പര്‍ധയുണ്ടാക്കിയാല്‍
ഒടുവില്‍ കീഴടങ്ങേണ്ടിവരും. ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കുന്ന സ്ഥിതി
അന്തരീക്ഷത്തിലുണ്ട്. ഈ അവസ്ഥയില്‍ ഉശിരില്‍ വര്‍ത്തമാനം
പറഞ്ഞവര്‍ക്കൊക്കെ അവസാനം, ഞങ്ങളത് ഉദ്ദേശിച്ചിരുന്നില്ലെന്ന് കുറ്റബോധം
പ്രകടിപ്പിക്കേണ്ടിവന്നിട്ടുണ്ട്. വാക്കുകളില്‍ മിതത്വമുണ്ടാവണം.
നരേന്ദ്രന്‍ കമീഷന്‍ പാക്കേജിന്റെ അടിസ്ഥാനത്തില്‍ മുസ്ലിംകള്‍ക്ക്
മാത്രമായി ഏതാനും മേഖലകളില്‍ ഇപ്പോള്‍ റിക്രൂട്ട്മെന്റ് നടക്കുന്നുണ്ട്.
ഇത് നിഷേധിക്കാനാവില്ല. സമന്വയത്തിലൂടെ മാത്രമാണ് ഇത് സാധ്യമായത്.
മുന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം കൊടുത്തത്
കീഴടങ്ങലായി കാണാനാവില്ല. വീക്ഷണ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോള്‍
തന്നെ ലൌ ജിഹാദിനെ എതിര്‍ത്ത് തോല്‍പിക്കാന്‍ നമുക്കായി. പൊതുസമൂഹത്തില്‍
നമ്മുടെ വാദഗതികള്‍ക്ക് സ്വീകാര്യതയുണ്ടായി. മിശ്രവിവാഹങ്ങള്‍ക്ക്
സമുദായങ്ങളെ പ്രതിക്കൂട്ടിലേറ്റാനാവില്ലെന്ന് ബോധ്യപ്പെട്ടു. നമ്മള്‍
സംഘടിതമായി എതിര്‍ത്തില്ലായിരുന്നുവെങ്കില്‍ സമുദായം പ്രതിസ്ഥാനത്ത്
നിര്‍ത്തപ്പെട്ടേനെ.
ഭരണം നഷ്ടപ്പെടുമ്പോള്‍ ഐക്യത്തെക്കുറിച്ച് പറയുന്ന ശക്തി
ഭരണത്തിലിരിക്കുമ്പോള്‍ മുസ്ലിം ലീഗിനുണ്ടാവുന്നില്ലെന്ന്
വിമര്‍ശനമുണ്ടല്ലോ?
കഴിഞ്ഞ കാലങ്ങളില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ടാവാം. അതൊരു
പോരായ്മയായിത്തന്നെ കാണുന്നു. ഇനി അങ്ങനെ സംഭവിക്കില്ല.
തീവ്രവാദം ആരോപിച്ച് മുസ്ലിം സമുദായം വേട്ടയാടപ്പെടുമ്പോള്‍ മുസ്ലിം
സംഘടനകള്‍ തമ്മില്‍ തീവ്രവാദ ആരോപണം നടത്തുന്നതിനെക്കുറിച്ച് എന്താണ്
അഭിപ്രായം?
സമുദായത്തിലെ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും വ്യത്യസ്തമായ
കാഴ്ചപ്പാടുകളുണ്ടാവാം. എന്നാല്‍, തീവ്രവാദത്തെ എതിര്‍ക്കുന്നതില്‍
എല്ലാവരും ഒറ്റക്കെട്ടാണെന്നതാണ് വസ്തുത. പരസ്പരം തീവ്രവാദാരോപണം
നടത്തുന്നത് ആത്യന്തികമായി സമുദായത്തിന് തന്നെയാണ് ദോഷമുണ്ടാക്കുക.
ഓരോരുത്തരുടെയും ആവശ്യത്തിനായി \'തീവ്രവാദം\' ഉപയോഗിക്കുന്നത് ശരിയല്ല.
കിനാലൂരില്‍ നാല് വരിപ്പാതക്കെതിരെ സമരം ചെയ്തവരെ തീവ്രവാദികളാക്കി
ചിത്രീകരിച്ച സി.പി.എം നടപടിയെ മുസ്ലിം ലീഗ് ശക്തമായി
എതിര്‍ത്തിട്ടുണ്ട്.
തീവ്രവാദ വിഷയത്തില്‍ ലീഗ് സെക്രട്ടറി എം.കെ മുനീറും യൂത്ത് ലീഗ്
പ്രസിഡന്റ് കെ.എം ഷാജിയും സ്വീകരിക്കുന്ന നിലപാട് താങ്കളുടെ
കാഴ്ചപ്പാടിന് വിരുദ്ധമല്ലേ?
തീവ്രവാദത്തെ സമുദായം ശക്തമായി എതിര്‍ക്കുന്നത് ഭൂരിപക്ഷ സമുദായം
സ്വാഗതം
ചെയ്യും. ഇക്കാരണത്താല്‍തന്നെ ഫാഷിസം പത്തി താഴ്ത്തുകയും ചെയ്യും.
നമ്മള്‍ തീവ്രവാദത്തെ പിന്തുണക്കുന്നില്ലെന്നത് ഒരു സ്കൂള്‍ ഓഫ്
തോട്ടാണ്. തീവ്രവാദത്തെ എതിര്‍ക്കുമ്പോള്‍ \'ബാലന്‍സ്\'
ഉണ്ടാവേണ്ടതുണ്ട്. ഫാഷിസവും തീവ്രവാദവും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതാണ്.
ഇത് മറ്റൊരു സ്കൂള്‍ ഓഫ് തോട്ടും. ഈ കോണിലൂടെയാണ് മുസ്ലിം ലീഗിലെ വീക്ഷണ
വ്യത്യാസത്തെ നോക്കിക്കാണേണ്ടത്. പൊതുവേദികളിലെ പ്രസംഗങ്ങള്‍ രണ്ട്
തരത്തിലുണ്ടാവാമെങ്കിലും ലക്ഷ്യം ഒന്നാണ്. ഓരോ സംഘടനയും തീവ്രവാദത്തോട്
അനുരജ്ഞനമുണ്ടാക്കാതിരിക്കുമ്പോള്‍തന്നെ പരസ്പരം തീവ്രവാദം
ആരോപിക്കുന്നത് സമൂഹത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും
മനസ്സിലാക്കണം.
ലീഗ് പ്രവര്‍ത്തകര്‍ തീവ്രവാദത്തിലേക്ക് പോവാതിരിക്കാന്‍ എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്?
എന്‍.ഡി.എഫിനും എസ്.ഡി.പി.ഐക്കുമെതിരെ ഉറച്ച നിലപാടാണ് ലീഗ്
സ്വീകരിച്ചിരിക്കുന്നത്. അവയില്‍ അംഗത്വമുള്ളവര്‍ക്ക് ലീഗില്‍
അംഗമാവാന്‍
കഴിയില്ല. പൊതുവേദികളില്‍ അവരെ എതിര്‍ക്കുമ്പോള്‍ ഞാന്‍ അവരുടെ പേര്
പറയാതിരിക്കാന്‍ കാരണം അതുപോലും അവര്‍ക്കനുകൂല
സാഹചര്യമൊരുക്കുമെന്നതിനാലാണ്. പി.ഡി.പിയുടെ കാര്യത്തിലും ഇതുതന്നെയാണ്
അവസ്ഥ. ഇത്തരം സംഘടനകള്‍ക്കെതിരെ ആഭ്യന്തര കാമ്പയിനാണ് പാര്‍ട്ടി
നടത്തുന്നത്. ഇല്ലെങ്കില്‍ ലീഗിന്റെ ശത്രുക്കള്‍ ഇവയെ പ്ളാറ്റ്ഫോമാക്കി
മാറ്റുമെന്നും ഓര്‍ക്കേണ്ടതുണ്ട്. ഇത്തരം സംഘടനയില്‍
പ്രവര്‍ത്തിക്കുന്നവരെ ലീഗില്‍ നുഴഞ്ഞുകയറാന്‍ അനുവദിക്കില്ല.
എസ്.ഡി.പി.ഐ യു.ഡി.എഫിലാണ് ഇടം കാണുന്നത്?
ഒരു ദാക്ഷിണ്യവുമില്ലാതെ അവരെ ഞങ്ങള്‍ എതിര്‍ക്കും. കണ്ണൂര്‍
ഉപതെരഞ്ഞെടുപ്പില്‍ ഞങ്ങളത് ബോധ്യപ്പെടുത്തിയതാണ്. അവര്‍ക്ക് ലക്ഷ്യബോധം
നഷ്ടപ്പെട്ടിരിക്കുന്നു. സഖ്യമുണ്ടാക്കാതെ കേരളത്തില്‍
നിലനില്‍പുണ്ടാവില്ല. അങ്ങനെ വരുമ്പോള്‍ അത്തരക്കാര്‍ക്ക് പ്രസക്തി
നഷ്ടപ്പെടും. പുതിയ രാഷ്ട്രീയ സംഘടനയുണ്ടാക്കുന്നവര്‍ക്കും ഇതൊരു
പാഠമാവേണ്ടതാണ്. ജമാഅത്തെ ഇസ്ലാമി എല്‍.ഡി.എഫിനെ അനുകൂലിക്കുന്നു.
സന്ദര്‍ഭം വന്നപ്പോഴൊക്കെ ഇടതുപക്ഷം തിരിഞ്ഞുകുത്തുകയും ചെയ്തു. മത
സംഘടനകള്‍ എല്‍.ഡി.എഫിനോട് അനുരജ്ഞനം ചെയ്യുന്നത് മണ്ടത്തരമാണ്.
സാമ്രാജ്യത്വ, ഫാഷിസ്റ് ഭീഷണി നാള്‍ക്കുനാള്‍ വര്‍ധിക്കുമ്പോള്‍ അന്ധമായ
മാര്‍ക്സിസ്റ് വിരോധം വെച്ചു പുലര്‍ത്തുന്നത് നിലനില്‍പിന്റെ
രാഷ്ട്രീയമല്ലേ?
സി.പി.എമ്മിനെ പിന്തുണക്കുന്നതിനെ എങ്ങനെയാണ് ന്യായീകരിക്കുക.
ഇന്ത്യയില്‍ ഭരണത്തിലേറാന്‍ സാധ്യതയില്ലാത്തവര്‍ക്ക് അന്തര്‍ദേശീയ
കാര്യങ്ങളെക്കുറിച്ച് സുന്ദരമായി വര്‍ത്തമാനം പറയാം. ഇത്രയും കാലം
ഭരിച്ച
ബംഗാള്‍ എടുത്താലോ, ഏറ്റവുമധികം പ്രോ-അമേരിക്കന്‍ നിലപാടാണവിടെ.
അവിടത്തെ
ഓരോ പദ്ധതിയുടെയും വിശദാംശങ്ങള്‍ എന്റെ കൈവശമുണ്ട്. വെറും
വര്‍ത്തമാനങ്ങള്‍ക്കപ്പുറം ആത്മാര്‍ഥത അവര്‍ക്കില്ലെന്ന് വ്യക്തം. ഈ
വിഷയമൊഴിച്ചാല്‍ അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും മത, ന്യൂനപക്ഷ
വിരുദ്ധമാണ്. ദൈവ വിശ്വാസത്തെ നിരുത്സാഹപ്പെടുത്തുന്ന ഇക്കൂട്ടര്‍ക്ക്
മത
സ്ഥാപനങ്ങളോടുതന്നെ അലര്‍ജിയാണ്. തൃക്കരിപ്പൂര്‍ മുതല്‍ നാദാപുരം വരെ
മാര്‍ക്സിസ്റ് പ്രവര്‍ത്തകര്‍ക്ക് വര്‍ഗീയ സമീപനമാണ്. ഇവിടങ്ങളില്‍
മുസ്ലിം സമുദായമാണ് അവരുടെ മുഖ്യ ശത്രു. വഖ്ഫ് ബോര്‍ഡിനോടും
പുഛമാണവര്‍ക്കെന്ന് തെളിഞ്ഞികഴിഞ്ഞു. പാഠ്യപദ്ധതിയോടുള്ള സമീപമാണ്
മറ്റൊന്ന്. കഴിഞ്ഞ് നാലു കൊല്ലത്തെ ഭരണത്തിലാണ് കേരളത്തില്‍ ഇത്രയധികം
മദ്യം വ്യാപിച്ചത്. ഇതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഇവരെ
പിന്തുണക്കുന്ന മത സംഘടനകള്‍ക്ക് ഒഴിഞ്ഞുമാറാനാവുമോ? മത സംഘടനകളിലെ യുവ
സമൂഹത്തില്‍ ഇടത് ശൈലി സ്വാധീനം ചെലുത്താനും അവരെ പിന്തുണക്കുന്ന സമീപനം
കാരണമായിട്ടുണ്ട്. മതരംഗത്ത് ശ്രദ്ധ ചെലുത്തുന്നതിനപ്പുറം ഭൌതിക
സംഘടനകളായി യുവസംഘടനകള്‍ മാറുന്നത് അപകടകരമാണ്.
ലീഗല്ലാതെ മറ്റൊരു രാഷ്ട്രീയ സംഘടനക്ക് മുസ്ലിം സമുദായത്തില്‍
ഇടമില്ലെന്നാണോ?
ആര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കാം. പക്ഷേ, പ്രായോഗികമായി
സമുദായത്തിനത് ദോഷമാണുണ്ടാക്കുക. വോട്ടുകള്‍ ഭിന്നിച്ച് സമുദായ സ്വാധീനം
തന്നെ ഇല്ലാതാവും. ഉത്തരേന്ത്യയില്‍ നമ്മളത് കാണുന്നു. മുസ്ലിം ഭൂരിപക്ഷ
മണ്ഡലമായ അലീഗഢില്‍ ബി.ജെ.പിയാണ് വിജയിച്ചത്. മതേതര വോട്ടുകള്‍ ഇവിടെ
ഭിന്നിച്ചതാണ് കാരണം. മുസ്ലിം ലീഗിനെ ബി.ജെ.പിയേക്കാള്‍ മുഖ്യ ശത്രുവായി
കണ്ട മഅ്ദനിയുടെ പി.ഡി.പി സ്വയം നശിച്ചു. അദ്ദേഹത്തെ അനുകൂലിക്കാന്‍
ആരുമില്ലാതാവുകയും ചെയ്തു. ലീഗില്‍ പിളര്‍പ്പുണ്ടാക്കി മറ്റൊരു സംഘടന
ഉണ്ടാക്കിയപ്പോഴും ചിലരതിനെ പ്രോത്സാഹിപ്പിച്ചു. ഇതും ഫലം കണ്ടില്ലല്ലോ.
അതുകൊണ്ട് പാഴ്വേല ചെയ്യരുത്. പ്രയോജനമുണ്ടാവില്ല. മുസ്ലിം ലീഗ്
അത്രക്ക്
എസ്റാബ്ളിഷ്ഡാണ്. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്ക് എക്കാലവും സ്പേസ്
ഇല്ലെന്ന് പറയാനാവില്ല. സമീപ ഭാവിയില്‍ ഇല്ലെന്ന് തീര്‍ച്ച.
ഇസ്ലാമിക ശരീഅത്തിനെയും അധ്യാപനങ്ങളെയും എതിര്‍ക്കുന്നത് ജീവിതത്തിന്റെ
ഭാഗമാക്കിയ നിരീശ്വരവാദികളും അള്‍ട്രാ സെക്യുലരിസ്റുകളുമായവര്‍ക്ക്
മുസ്ലിം ലീഗ് വേദിയൊരുക്കുന്നത് ശരിയാണോ?
ഇത്തരക്കാരുടെ വീക്ഷണങ്ങളോട് ഒരിക്കലും യോജിക്കാനാവില്ല. ഇവരുടെ കാലം
കഴിഞ്ഞിരിക്കുന്നു. ഞാന്‍ ഫാറൂഖ് കോളേജില്‍ പഠിക്കുമ്പോള്‍ ചിലര്‍
യുക്തിവാദം ഒരു സ്റൈലായി കൊണ്ടുനടന്നിരുന്നു. ഇടതുപക്ഷം ഇതിനെ
പ്രോത്സാഹിപ്പിക്കുകയും ചെയ്തു. യുക്തിവാദ ശൈലിക്ക് ഇപ്പോള്‍
സ്ഥാനമില്ല.
പൊതുസമൂഹത്തില്‍ സ്പേസ് കിട്ടുന്നതിന് ആസൂത്രണം ചെയ്യുന്ന ഇവരുടെ
ഐഡിയോളജി അംഗീകരിക്കാനാവില്ല. ഇത്തരക്കാര്‍ക്ക് ലീഗ് വേദി സൃഷ്ടിച്ച്
കൊടുക്കുന്നതിനോട് യോജിക്കാനാവില്ല. ഇവരുടെ വാക്കുകള്‍
ശ്രദ്ധിക്കേണ്ടതാണെന്ന രീതിയില്‍ ലീഗ് പ്രവര്‍ത്തകര്‍
പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. ലീഗ് വേദികള്‍ അവരുടെ ഇടത് അനുകൂല ആശയ
പ്രചാരണത്തിന് ഉപയോഗിക്കാവതല്ല. അതിനെ കൌണ്ടര്‍ ചെയ്യാന്‍
മറ്റുള്ളവര്‍ക്കും അവസരമൊരുക്കുംവിധം സെമിനാറുകളിലും മറ്റും
പങ്കെടുപ്പിക്കുന്നത് മറ്റൊരു വിഷയം.
ദേശീയ രാഷ്ട്രീയത്തില്‍ യു.പി.എ സര്‍ക്കാറിന്റെ പല നയങ്ങളും ന്യൂനപക്ഷ
വിരുദ്ധമാണെന്നത് വസ്തുതയാണ്. ലീഗിന്റെ നിരുപാധിക പിന്തുണ ഇത്തരം
നയങ്ങളെ
എതിര്‍ക്കുന്നതിന് വിഘാതമാവുന്നില്ലേ?
സാമ്രാജ്യത്വ ശക്തികളോട് അറബ് രാജ്യങ്ങളുടെ നിലപാടെന്താണെന്ന്
പരിശോധിക്കേണ്ടതുണ്ട്. നമ്മുടെ അയല്‍ രാഷ്ട്രങ്ങളായ പാകിസ്താന്റെയും
ബംഗ്ളാദേശിന്റെയും ചൈനയുടെയും നിലപാടും ഇതിന് സമാനമാണെന്നിരിക്കെ
ഇന്ത്യക്ക് മാത്രം വ്യത്യസ്ത നിലപാട് വേണമെന്ന് ശഠിക്കാനാവുമോ? ഒരു
ബഹുമത
രാജ്യത്ത് അതിന്റെ പ്രായോഗികതലങ്ങളും വിലയിരുത്തേണ്ടതുണ്ട്. ഇന്ത്യ
പലപ്പോഴും മാന്യത പുലര്‍ത്തിയിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.
ഇറാന്‍ വിഷയം തന്നെ ഉദാഹരണം. യു.പി.എ സര്‍ക്കാറിന്റെ നയങ്ങളില്‍
തിരുത്താവശ്യമില്ലെന്ന നിലപാട് ലീഗിനില്ല. ഇത്തരം നിലപാടുകള്‍
അന്തിമമായെടുത്ത് സച്ചാറും ഫാഷിസ്റ് വിരുദ്ധ സമീപനവുമൊന്നും
വിസ്മരിക്കാവതല്ല.
വ്യവസായ, രാഷ്ട്രീയ റിയല്‍ എസ്റേറ്റ് കൂട്ടുകെട്ട് സൃഷ്ടിക്കുന്ന
ഭീഷണിയെ
മുന്‍ വ്യവസായ മന്ത്രിയെന്ന നിലക്കുകൂടി താങ്കള്‍ എങ്ങനെ
വിലയിരുത്തുന്നു?
നമ്മള്‍ അവഗണിച്ച രംഗം തന്നെയാണ് വ്യവസായ മേഖലയെന്ന കാര്യത്തില്‍
സംശയമില്ല. ആളോഹരി വരുമാനത്തില്‍ കേരളം പിറകില്‍തന്നെയാണ്. ഗള്‍ഫ്
തൊഴിലവസരങ്ങള്‍ മാത്രമാണ് നമ്മുടെ രക്ഷ. ഏതുതരം വ്യവസായങ്ങളെയും
ആട്ടിപ്പായിക്കുകയെന്നത് സംസ്കാരമായി കൊണ്ടുനടന്ന സി.പി.എം തന്നെയാണ്
വ്യവസായ വളര്‍ച്ചക്ക് വിഘാതം സൃഷ്ടിച്ചത്. ഞങ്ങള്‍ കൊണ്ടുവന്ന \'ജിം\'
പരാജയപ്പെട്ടത് ഈ സമീപനം മൂലമായിരുന്നു. ഇപ്പോള്‍ റിയല്‍ എസ്റേറ്റ്
ഘടകവും വളര്‍ന്നിരിക്കുന്നു. ചില ഭാഗങ്ങള്‍ വ്യവസായത്തിനായി
നീക്കിവെക്കുന്ന തമിഴ്നാട് മാതൃക സ്വീകരിക്കാവുന്നതാണ്. ഗ്രാമങ്ങളില്‍
കൃഷി വിളയട്ടെ. എന്നാല്‍, കൊച്ചി നഗരത്തില്‍ ഒരു ഏക്കര്‍ സ്ഥലം കൃഷിക്ക്
നീക്കിവെക്കുന്നതില്‍ അര്‍ഥമില്ല. എന്തായാലും ഇക്കാര്യത്തില്‍ ഒരു
പൊതുസമീപനമുണ്ടാവത്തത് ഖേദകരമാണ്.
വ്യവസായ നയത്തില്‍ തിരുത്ത് ആവശ്യമാണെന്നാണോ പറയുന്നത്?
തീര്‍ച്ചയായും. ജനനിബിഡമായ കേരളത്തില്‍ പരിസ്ഥിതിക്ക് ദോഷമുണ്ടാവുന്ന
തരത്തിലുള്ള പുകക്കുഴല്‍ വ്യവസായങ്ങള്‍ നടപ്പില്ല. പരിസ്ഥിതി
പ്രശ്നങ്ങളുണ്ടാക്കാത്ത നമ്മുടെ പ്രകൃതിക്ക് അനുഗുണമായ വ്യവസായങ്ങള്‍
മാത്രം മതി. ഐ.ടി, ഭക്ഷ്യ സംസ്കരണം, ടൂറിസം, ഹൌസിംഗ്, ഫ്ളാറ്റ്
തുടങ്ങിയവ
ഉദാഹരണം. ഇത് എന്റെ വീക്ഷണത്തിലെ മാറ്റം തന്നെയാണ്.
ഇപ്പോള്‍ കിനാലൂരിലെ നാലുവരിപ്പാതയെ എതിര്‍ക്കുന്ന മുസ്ലിം ലീഗ് മുമ്പ്
എം.കെ മുനീര്‍ കൊണ്ടുവന്നിരുന്ന എക്സ്പ്രസ് ഹൈവേയെ എതിര്‍ത്തവരെ
പരിഹസിച്ചിരുന്നില്ലേ?
എം.പി വീരേന്ദ്രകുമാറാണ് എക്സ്പ്രസ് ഹൈവേയെ എതിര്‍ക്കാന്‍
മുന്നിലുണ്ടായിരുന്നത്. എന്നാല്‍, ഇപ്പോഴത്തെ നാലുവരിപ്പാതയാക്കാന്‍
എക്സ്പ്രസ് ഹൈവേ എന്തുകൊണ്ടും മെച്ചമായിരുന്നുവെന്ന് അദ്ദേഹം ഇപ്പോള്‍
മനസ്സിലാക്കിയിരിക്കുന്നു. കാരണം നിലവിലെ പാതകള്‍ ബി.ഒ.ടിയാക്കുകയാണ്
ഇടത് സര്‍ക്കാര്‍. പുതിയ എക്സ്പ്രസ് ഹൈവേക്ക് ഇന്നും പ്രസക്തിയുണ്ട്.
150
ഏക്കറിലേക്കെന്തിനാണ് നാലുവരിപ്പാതയെന്ന് മന്ത്രി കരീമിന് ഇപ്പോഴും
വിശദീകരിക്കാനായിട്ടില്ല.
വിദ്യാഭ്യാസ മേഖലയില്‍ ക്രൈസ്തവ സഭയെ സര്‍ക്കാറിന് പോലും
അതിജയിക്കാനാവാത്ത അവസ്ഥയുണ്ടല്ലോ?
വിദ്യാഭ്യാസരംഗത്ത് സഭയുടെ സ്ഥാപനങ്ങള്‍ പരമ്പരാഗതമായി ചെയ്ത സേവനം
പ്രശംസനീയംതന്നെയാണ്. കച്ചവട താല്‍പര്യക്കാരുണ്ടാവാം. ഇതിന് സഭയെ
ആക്ഷേപിക്കുന്നതില്‍ അര്‍ഥമില്ല. വിദ്യാഭ്യാസം വാണിജ്യവത്കരിച്ചവര്‍
നമ്മുടെ സമുദായത്തിലുമുണ്ട്. ഓരോ പ്രവേശനത്തിനും കൈക്കൂലി
വാങ്ങുന്നവരുണ്ട്. അഴിമതി നടത്തുന്ന മുസ്ലിം മാനേജ്മെന്റുകളെ ലീഗ്
അനുകൂലിക്കുന്നില്ല. പരിശുദ്ധി ആദ്യം വീട്ടില്‍നിന്ന് തുടങ്ങണം.
ഭരണത്തിലേറുമ്പോള്‍ ഇത്തരം മാനേജ്മെന്റുകള്‍ക്ക് ആനുകൂല്യങ്ങള്‍
നല്‍കുന്നത് അവസാനിപ്പിക്കുമോ?
ഇത്തരക്കാര്‍ക്ക് ഭരണപരമായ ഒരാനുകൂല്യവും നല്‍കില്ല. പാവപ്പെട്ടവര്‍ക്ക്
ക്വാട്ട വെക്കാതെ പണം മാത്രം ലക്ഷ്യം വെക്കുന്നവരെ
പ്രോത്സാഹിപ്പിക്കാനാവില്ല.
ലീഗ് മന്ത്രിസഭയിലിരിക്കുമ്പോള്‍ മുസ്ലിം സമുദായത്തിന് എന്തെങ്കിലും
ചെയ്യുന്നത് മറ്റുള്ളവര്‍ പ്രീണനമായി കരുതുമെന്ന് ഭയപ്പെടുന്നത്
പോലെയാണല്ലോ പ്രവര്‍ത്തിക്കാറുള്ളത്?
ശരിയാണ്. അത് കഴിഞ്ഞകാലത്ത് പറ്റിയ തെറ്റാണ്. മലബാറിനോടുള്ള വിദ്യാഭ്യാസ
അവഗണനക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കും.
ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവുന്നില്ലെങ്കില്‍
ഭരണത്തിലിരിക്കുന്നതിന് അര്‍ഥമില്ല. വില ഭരണമാണെങ്കില്‍ ഭരണം വേണ്ടെന്ന്
വെക്കും. തെക്കന്‍ ജില്ലകളില്‍ സീറ്റ് ഒഴിഞ്ഞുകിടക്കുമ്പോള്‍ മലബാറിലെ
കുട്ടികള്‍ തെരുവ് തെണ്ടുകയാണ്. ഇത് പരിഹരിക്കാനുള്ള സാമ്പത്തിക ബാധ്യത
ഏറ്റെടുക്കാന്‍ ധനകാര്യ വകുപ്പ് തയാറാവണം.
അധികാര സ്ഥാപനങ്ങളില്‍ സ്ത്രീസംവരണം യാഥാര്‍ഥ്യമായിരിക്കുകയാണല്ലോ. ഈ
സാഹചര്യത്തില്‍ സ്ത്രീ ശാക്തീകരണത്തിനായി ലീഗിന് വല്ല പദ്ധതിയുമുണ്ടോ?
സ്ത്രീശാക്തീകരണം ഒരു അജണ്ടയാക്കാന്‍ തന്നെയാണ് പരിപാടി. മലപ്പുറത്ത്
ഉള്‍പ്പെടെ വിദ്യാഭ്യാസരംഗത്ത് മുസ്ലിംസ്ത്രീ സമൂഹത്തിനുണ്ടായ ഉയര്‍ച്ച
ഇതിനായി ഉപയോഗപ്പെടുത്തും. സ്ത്രീക്ക് പുരുഷന് തുല്യ സ്ഥാനം വേണമെന്ന
ഫെമിനിസ്റ് കാഴ്ചപ്പാടിനോട് യോജിക്കാനാവില്ല. പാശ്ചാത്യ പ്രവണതകളെ
മാതൃകയാക്കുന്നത് അരാജകത്വമാണ് സൃഷ്ടിക്കുക. സ്ത്രീയെ കയറൂരി
വിടേണ്ടതില്ല. മതത്തിന്റെ കാഴ്ചപ്പാടിലുള്ള അച്ചടക്കമാണ്
അവര്‍ക്കാവശ്യം.
അന്തസ്സായ വേഷം ധരിച്ചുതന്നെ മിക്ക മേഖലയിലും സ്ത്രീകള്‍ക്ക്
ശോഭിക്കാനാവും.
സ്ത്രീകള്‍ പൊതുരംഗത്തിറങ്ങുന്നത് പ്രകൃതിവിരുദ്ധമാണെന്ന സമസ്തയുടെ
കാഴ്ചപ്പാടിനോട് ലീഗ് നിലപാട് ഏറ്റുമുട്ടില്ലേ?
മത സംഘടനകള്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാവാം. ഇന്ത്യന്‍
സാഹചര്യത്തില്‍ നമുക്ക് ചെയ്യാവുന്നത് അന്തസ്സായ രീതിയില്‍ കാര്യങ്ങള്‍
കൊണ്ടുപോവുകയെന്നതാണ്. മതസംഘടനകളുടെ കാഴ്ചപ്പാടുകള്‍ ഇപ്പോള്‍
ചര്‍ച്ചക്ക് വിധേയമാക്കുന്നില്ല. പണ്ഡിതരോട് ആലോചിച്ച് യുക്തമായ നിലപാട്
സ്വീകരിക്കും. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം പാടില്ലെന്ന്
പറഞ്ഞിരുന്ന കാലത്ത് പൂക്കോയ തങ്ങള്‍ സ്ത്രീ വിദ്യാഭ്യാസ രംഗത്ത്
നിശ്ശബ്ദ വിപ്ളവം സാധ്യമാക്കിയത് ചരിത്രത്തിലുണ്ട്. സാമൂഹിക മാറ്റത്തിന്
കടമ്പകളുണ്ടാവും. അത് നേരിടാന്‍ പാര്‍ട്ടി സജ്ജമാണ്.
സമുദായ സംസ്കരണ വിഷയത്തില്‍ ലീഗിന് ശ്രദ്ധ പോരെന്ന ആക്ഷേപത്തോട് എങ്ങനെ
പ്രതികരിക്കുന്നു?
ഇക്കാര്യത്തില്‍ ലീഗ് എക്കാലത്തും ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. പക്ഷേ,
അതിന് വാര്‍ത്താ പ്രാധാന്യം ഉണ്ടാകാറില്ലെന്നതാണ് വസ്തുത.
മതസംഘടനകളുമായും വിദ്യാഭ്യാസ ഏജന്‍സികളുമായുമൊക്കെ സഹകരിച്ചാണ് ഇത്തരം
പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പ്രസംഗവും പ്രവൃത്തിയും സമയവും
സമ്പത്തും
ഇതിനായി ചെലവഴിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ക്കിംഗ് കമ്മിറ്റിയിലെ പ്രധാന
അജണ്ട തന്നെ \'സാമൂഹിക തിന്മക്കെതിരെ പ്രതിരോധ സംഗമം\' എന്നതായിരുന്നു.
മദ്യം, വിവാഹ ധൂര്‍ത്ത്, ആഭരണ ഭ്രമം, സ്ത്രീധനം, മദ്യപാനം
തുടങ്ങിയവയുണ്ടാക്കുന്ന കുടുംബഛിദ്രത അതീവ ഗുരുതരമാണ്. കല്യാണത്തലേന്ന്
മദ്യം വിളമ്പുന്നതിലേക്കുവരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഇത്
പറയുമ്പോള്‍ തന്നെ ബഹുജന സംഘടനയായ മുസ്ലിം ലീഗില്‍ എല്ലാവരും ഒരുപോലെ
സംസ്കരിക്കപ്പെട്ടവരല്ലെന്ന കാര്യവും ഓര്‍ക്കേണ്ടതുണ്ട്. മതസംഘടനകളുടെ
അടിത്തറ ഉദാഹരണമാക്കി ഇക്കാര്യത്തില്‍ ലീഗിനെ വിമര്‍ശിക്കുന്നത്
ശരിയല്ല.
ജീര്‍ണത പേറുന്ന ഇത്തരം സംഘങ്ങളെ പാര്‍ട്ടിയോട് പിണക്കേണ്ടെന്ന് കരുതി
ഇത്തരം പ്രവൃത്തികള്‍ക്കു നേരെ കണ്ണടക്കുന്ന പ്രവണത പല പ്രദേശങ്ങളിലും
ലീഗ് നേതൃത്വത്തിനുണ്ടല്ലോ?
നേതൃത്വത്തിലുള്ളവര്‍ ഇക്കാര്യത്തില്‍ മാതൃക കാണിക്കേണ്ടതുണ്ട്.
പഴയകാലത്ത് പരസ്യമായി മദ്യപിച്ചവര്‍ വരെ പല പ്രദേശങ്ങളിലും ലീഗ്
നേതൃത്വത്തിലുണ്ടായിരുന്നു. ഇവരെ പ്രാദേശിക സാഹചര്യത്തില്‍ ഒഴിവാക്കാന്‍
കഴിയാത്ത സ്ഥിതിയുമുണ്ടായിരുന്നു. ഇതിനൊക്കെ മാറ്റം വന്നു. ഒരു
പ്രദേശത്ത് പൊതുയോഗത്തിന് പോയ ഞാന്‍ ഇത്തരമൊരു സാഹചര്യത്തില്‍ ഒരു
വാക്ക്
പോലും സംസാരിക്കാതെ ഇറങ്ങിപ്പോന്നിട്ടുണ്ട്. ഉത്തരവാദപ്പെട്ട
സ്ഥാനങ്ങളില്‍ ഇത്തരക്കാരെ പ്രതിഷ്ഠിക്കാന്‍ അനുവദിക്കില്ല.
സമ്പന്നര്‍ ധാരാളമുണ്ടായിട്ടും ലീഗിന്റെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക്
ഏകോപനമുണ്ടാവാത്തത് എന്തുകൊണ്ടാണ്?
റിലീഫ് പ്രവര്‍ത്തനങ്ങള്‍ വികേന്ദ്രീകൃത സ്വഭാവത്തിലാവുന്നതാണ്
സമൂഹത്തിന് നേട്ടമെന്നതാണ് ഞങ്ങള്‍ പഠിച്ച പാഠം. ഏകോപനമുണ്ടാക്കുന്നത്
സമൂഹത്തിന് നഷ്ടക്കച്ചവടമാണ്. ഇപ്പോള്‍ ഗള്‍ഫിലുള്ളവരുമായൊക്കെ
സഹകരിച്ച്
പ്രാദേശിക തലങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന റിലീഫ് പ്രവര്‍ത്തനങ്ങള്‍
അതേപോലെ തുടരാനാണ് തീരുമാനം. ശിഹാബ് തങ്ങള്‍ റിലീഫ് സെന്ററുകള്‍
വ്യാപകമാവുന്നുണ്ട്. പ്രാദേശിക റിലീഫ് പ്രവര്‍ത്തനങ്ങള്‍
നിരീക്ഷിക്കാന്‍
മുകളില്‍ സംവിധാനമുണ്ടാക്കും. തീരദേശ മേഖലയിലാണ് ഇത്തരം
പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതെന്നും
ബോധ്യമായിട്ടുണ്ട്.
യുവത്വം നിസ്സംഗമാവുന്ന അവസ്ഥയുണ്ടല്ലോ?
പുതിയ തലമുറയുടെ പ്രവണതയാണിത്. ടെക്നോളജിയുടെ വികാസത്തോടൊപ്പം
മെറ്റീരിയലിസ്റിക് സമീപനവും വളരുന്നുണ്ട്. ആശയങ്ങളോടും ആദര്‍ശങ്ങളോടും
പ്രതിബദ്ധത പുലര്‍ത്താത്ത സമീപനമാണിത്. ആഗോളതലത്തില്‍ തന്നെയുള്ള
പ്രതിഭാസമാണിത്. ഇതിന്റെ നിരര്‍ഥകത യുവസമൂഹത്തെ ബോധ്യപ്പെടുത്താന്‍
എല്ലാവരും രംഗത്തുവരണം. മത രംഗത്തുമുണ്ട് യുവാക്കളുടെ ഈ നിസ്സംഗത.
ഗുരുതരമായ ഈ വിഷയത്തില്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനം അനിവാര്യമാണ്.
സംഘടനകള്‍ തമ്മിലെ വിഷയാധിഷ്ഠിത സഹകരണ മേഖലയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്

പ്രശ്നവും. യുവാക്കളുടെ ധാര്‍മിക അധഃപതനം ഇതിന്റെ പരിണതിയാണ്.
മദ്യാസക്തി
വര്‍ധിക്കുന്നു. എസ്.ടി.ഡി ബൂത്തുകള്‍ പോലെയാണ് സര്‍ക്കാര്‍ ബാറുകള്‍
അനുവദിക്കുന്നത്. ഇതിലെന്താണിത്ര കുഴപ്പമെന്ന് ചിന്തിക്കുന്ന
സര്‍ക്കാര്‍
ഭരിക്കുമ്പോള്‍ അത് സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും.
രണ്ടാം തലമുറയില്‍ താങ്കള്‍ക്ക് പ്രതീക്ഷയുണ്ടോ?
യുവജനങ്ങളില്‍ പ്രതീക്ഷയുണ്ട്. റിയാലിറ്റി ഉള്‍ക്കൊള്ളുന്ന സമൂഹം
രൂപംകൊള്ളും. സംഘടിത തൊഴിലാളി വര്‍ഗത്തിലാണ് മാര്‍ക്സിയന്‍ ചിന്താഗതി
സ്വാധീനം ചെലുത്തിയത്. അന്ന് ഇസ്ലാമും കമ്യൂണിസവുമായിരുന്നു ആദര്‍ശ
സംഘട്ടനത്തില്‍ ഏര്‍പ്പെട്ടത്. കമ്യൂണിസ്റ് യുഗം അവസാനിച്ചു. ഇപ്പോള്‍
പാശ്ചാത്യ കടന്നുകയറ്റമാണ് ദൃശ്യമാവുന്നത്. അധികം താമസിയാതെ ഇതും
അവസാനിക്കും. റിയാലിറ്റിയിലേക്ക് കാര്യങ്ങള്‍ തിരിച്ചുവരും.
പ്രകൃതിദത്തമായ വീക്ഷണം മതവിശ്വാസത്തിലൂന്നിയത് തന്നെയാണ്.
കൈക്കടത്തലുകള്‍ മാറ്റിവെച്ചാല്‍ ഏകദൈവത്വവും പ്രവാചക പാതയും തന്നെയാണ്
പ്രൃതിദത്തമായത്. ഇതില്‍ വിശ്വസിക്കാത്ത ന്യൂനപക്ഷമുണ്ടാവും. അതും
പ്രകൃതിദത്തമാണ്. ഈ പോക്ക് സ്ഥായിയായ എന്തിലേക്കോ ആണെന്ന് ഞാന്‍
വിചാരിക്കുന്നു. യൂറോപ്പും അമേരിക്കയും മാറിക്കൊണ്ടിരിക്കുന്നു. എന്നും
അവര്‍ പണക്കാരായിരിക്കണമെന്നില്ല. സമ്പദ്ഘടനയും മാറ്റത്തിന് വിധേയമാണ്.
പ്രകൃതിദത്തമായത് മാത്രം ബാക്കിയാവും. അത് വിജയിക്കുകയും ചെയ്യും.
(15.5.2010-ന് നടത്തിയ അഭിമുഖം)
പ്രബോധനം വാരിക(5.6.2010)
--

No comments:

Post a Comment