Monday, October 3, 2011

സ്‌ഫോടന കേസുകളില്‍ നിരപരാധികളെ പ്രതി ചേര്‍ത്തവര്‍ക്കെതിരെ നടപടി

ഹസനുല്‍ ബന്ന, മാധ്യമം ഓണ്‍ലൈന്‍ Published on Mon, 02/14/2011 - 20:12 
ന്യൂദല്‍ഹി: സ്‌ഫോടനക്കേസുകളില്‍ നിരപരാധികളായ യുവാക്കളെ കുടുക്കിയ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ഞെട്ടിച്ച വിവിധ സ്‌ഫോടനങ്ങള്‍ ഹിന്ദുത്വ ഭീകരരുടെ സൃഷ്ടിയാണെന്ന സ്വാമി അസിമാനന്ദയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ളയുടെ പ്രഖ്യാപനം.
വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിച്ച ദല്‍ഹി പൊലിസിന്റെ സ്‌പെഷ്യല്‍ സെല്ലിനെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്തി പി.ചിദംബരത്തിന് പ്രമുഖരായ 70ാളം സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ ശനിയാഴ്ച തുറന്ന കത്ത് എഴുതിയിരുന്നു. മുസ്‌ലിം യുവാക്കള്‍ക്ക് നേരെയുള്ള പൊലീസിന്റെ വര്‍ഗീയ വേട്ട അവസാനിപ്പിക്കാന്‍ സുരക്ഷാ ഏജന്‍സികളുടെ ചുമതലയുള്ള ചിദംബരം നടപടിയെടുക്കണമെന്നും സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
മുസ്‌ലിം യുവാക്കളെ പ്രതി ചേര്‍ത്ത 2006ലെ മാലേഗാവ് സ്‌ഫോടനവും ഹിന്ദുത്വ ഭീകരരരുടെ കൈക്രിയയായിരുന്നുവെന്ന് സ്വാമി അസിമാനന്ദ ഏറ്റവുമൊടുവില്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ നിരപരാധികളായ യുവാക്കളെ സ്‌ഫോടനക്കേസുകളില്‍ കുടുക്കിയ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പിള്ള പറഞ്ഞു. സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് പൊലീസുദ്യോഗസ്ഥര്‍ എവിടെയെല്ലാം കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയോ അവിടെയെല്ലാം നടപടിയുണ്ടാകുമെന്നും ജി.കെ പിള്ള വിശദീകരിച്ചു. മനുഷ്യാവകാശ ലംഘനങ്ങളോട് ഒട്ടും സഹിഷ്ണുതയുണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം ഈയിടെ വ്യക്തമാക്കിയതാണെന്നും ജി.കെ പിള്ള പറഞ്ഞു.
സംഝോത ട്രെയിന്‍ സ്‌ഫോടനം അടക്കമുള്ള വിവിധ സ്‌ഫോടനക്കേസുകളില്‍ ഇരുപതോ അതിലധികമോ പേരെ സി.ബി.ഐയും ദേശീയ അന്വേഷണ ഏജന്‍സിയും തേടിക്കൊണ്ടിരിക്കുന്നുണ്ട്. ഇവരെ ശക്തമായി സര്‍ക്കാര്‍ നേരിടും. ഞങ്ങളുടെ കാഴ്ചപ്പാട് അനുസരിച്ച് ഭീകരപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നവല്ലൊം ഭരണകൂടത്തിന്റെ ശത്രുക്കളാണ്. അവരെ ഒരുപോലെ കൈകാര്യം ചെയ്യും. മഹാരാഷ്ട്രയിലെയും രാജസ്ഥാനിലെയും പൊലീസ്
മാലേഗാവ്, അജ്മീര്‍ സ്‌ഫോടനങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
അതേസമയം രാജ്യത്ത് ഉയര്‍ന്നുവരുന്ന ഹിന്ദുത്വ തീവ്രവാദം ഭയക്കേണ്ട ഒന്നാണെങ്കിലും 'വലിയ ഭീഷണി' അല്ലെന്ന് ജി.കെ പിള്ള വ്യക്തമാക്കി. നമുക്ക് എന്തു രഹസ്യാന്വേഷണ വിവരങ്ങള്‍ തന്നെ ലഭിച്ചാലും ഇതുവരെ അവര്‍ (ഹിന്ദുത്വ ഭീകരര്‍) രാജ്യത്തിന് വലിയ ഭീഷണിയായി തീര്‍ന്നിട്ടില്ല. എന്നാല്‍ ഇത് നമ്മെ ആകുലപ്പെടുത്തുന്ന ഒന്നാണ്. കൂടുതല്‍ തീവ്രവാദികളും മതമൗലികവാദികളുമായ ഗ്രൂപ്പുകള്‍ രാജ്യത്തുണ്ട്. ഇവയെ മറികടക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്.
തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് വളക്കൂറുള്ള മണ്ണായി രാജ്യം മാറുന്നത് ഇന്ത്യക്ക് അംഗീകരിക്കാനാവില്ല. ഇത് രാജ്യത്തിന് നല്ലതല്ല. അമ്പതോ നൂറോ പേര്‍ ഒരു ഗ്രൂപ്പിലോ വ്യത്യസ്ത ഗ്രൂപ്പുകളിലോ നിന്ന് അതുമിതും ചെയ്യുന്നു. ഇത് ആശങ്കപ്പെടുത്തേണ്ടത് തന്നെയാണ്. മനസിലാക്കിയേടത്തോളം വലതുപക്ഷ തീവ്രവാദം അങ്ങേയറ്റം പരിമിതമാണെന്നും പിള്ള അവകാശപ്പെട്ടു.
പാകിസ്ഥാനിലേക്ക് പോകുകയായിരുന്ന സംഝോത ട്രെയിന്‍ സ്‌ഫോടനത്തിന് പിന്നില്‍ ഹിന്ദുത്വ ഭീകരര്‍ ആണെന്ന വിവരം പുറത്തുവന്നത് ന്യൂദല്‍ഹിക്ക് തിരിച്ചടിയായെന്ന വിലയിരുത്തല്‍ അംഗീകരിക്കാനും ജി.കെ പിള്ള തയാറായില്ല. നമുക്ക് തുറന്ന സമീപനമായതിനാല്‍ അക്കാര്യത്തില്‍ ഒരു സമ്മര്‍ദവുമില്ല.
അന്വേഷണം സുതാര്യമാണ്. കോടതി സ്വതന്ത്രവുമാണ്. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ചിത്രം വ്യക്തമാകുമ്പോള്‍ വിവരങ്ങള്‍ അവരുമായി പങ്കുവെക്കുമെന്നും ജൂണില്‍ നാമവരെ അറിയിച്ചതാണ്.
കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്ന മുറക്ക് മുഴുവന്‍ വിശദാംശങ്ങളും കൈമാറാമെന്നാണ് ഇപ്പോള്‍ നാം പറയുന്നത്. നിരവധി പാകിസ്ഥാനികള്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതിനാലാണ് ഇങ്ങിനെ ചെയ്യുന്നതെന്നും പിള്ള പറഞ്ഞു.

No comments:

Post a Comment