Friday, September 30, 2011

അബ്രഹാമിന്റെ ബലി

സന്താനമില്ലായ്മ അബ്രഹാമിനെ വല്ലാതെ ദുഖിപ്പിച്ചിരുന്നു. എങ്കിലും അദ്ദേഹം പ്രതീക്ഷയോടെ പ്രാര്‍ത്ഥിച്ചു പോന്നു. 'നാഥാ എനിക്ക് സുകൃതവാനായ ഒരു സന്താനത്തെ നല്‍കേണമേ! (ഖുര്‍ആന്‍ 37:100) ബൈബിള്‍ പറയുന്നതനുസരിച്ച് അദ്ദേഹത്തിന്ന് 87 വയസ്സായപ്പോഴാണ്‌ ഇശ്‌മയേല്‍ പിറന്നത്. (ഉല്‍പ്പത്തി 16:16) 'ഇശ്‌മയേല്‍' എന്നാല്‍ 'ദൈവം കേള്‍ക്കുന്നു' എന്നര്‍ത്ഥം. ദശാബ്ദങ്ങളായി ദൈവത്തിന്റെ ഉറ്റ മിത്രം ഉള്ളുരുകി പ്രാര്‍ത്ഥിച്ചിട്ട്, അതിന്നുത്തരമായി കിട്ടിയ പൊന്നോമനയ്ക്ക് ഇതിലേറെ അനുയോജ്യമായ വേറെ പേരുണ്ടോ?

എന്നാല്‍, അബ്രഹാമിന്റെ വാഗ്ദത്ത പുത്രനെന്ന സ്ഥാനം ഇശ്‌മയേലിന്ന് വകവച്ചു കൊടുക്കാന്‍ ഇസ്രയേല്യര്‍ തയ്യാറല്ല. അത്കൊണ്ട് അവര്‍ ബൈബിളില്‍ ഇങ്ങനെ എഴുതിച്ചേര്‍ത്തു. "യഹോവയുടെ ദൂതന്‍ വീണ്ടും അവളോട് (ഹാഗാറിനോട്) പറഞ്ഞു: ..... നീ ഗര്‍ഭിണിയാണല്ലോ; നീ ഒരു മകനെ പ്രസവിക്കും. യഹോവ നിന്റെ സങ്കടം കേള്‍ക്ക കൊണ്ട് അവന്ന് ഇശ്‌മയേല്‍ എന്ന് പേര്‍ വിളിക്കണം. (ഉല്‍പ്പത്തി 16:11) യഹോവ ഹാഗാറില്‍ നിന്ന് എന്ത് സങ്കടമാണ്‌ കേട്ടതെന്ന് ഇവിടെ വ്യക്തമാക്കിയിട്ടില്ല .

എന്നാല്‍ മറ്റൊരാള്‍ ദൈവത്തോട് സങ്കടം ബോധിപ്പിച്ചിട്ടുണ്ട്- അബ്രഹാം. അതിപ്രകാരമായിരുന്നു: "ദൈവമേ എനിക്കൊരു അനന്തരാവകാശി ഇല്ല. ദമാസ്‌കസുകാരനായ ഏല്യാസര്‍ എന്ന ഈ ദാസന്‍ മാത്രമാണ്‌ എനിക്കവകാശിയായിട്ടുള്ളത്. നീ എനിക്കൊരു പുത്രനെ തന്നില്ലല്ലോ. ഈ സങ്കടം ദൈവം കേട്ടു; ഉത്തരം അനല്‍കി: "ഏല്യാസര്‍ നിന്റെ അവകാശി ആവുകയില്ല. നിന്നില്‍ നിന്ന് ജനിച്ച നിന്റെ പുത്രന്‍ തന്നെ നിന്റെ അവകാശിയാകും. (ഉല്‍പ്പത്തി 15:2-4)

അടയാളം 

പുത്രവാഗ്ദാനത്തോടൊപ്പം, വാഗ്ദത്തപുത്രനെ തിരിച്ചറിയാനുതകുന്ന വ്യക്തമായ ഒരടയാളവും നിശ്ചയിക്കപ്പെട്ടു. "അന്ന് ദൈവം അബ്രഹാമിനോട് ഒരു ഉടമ്പടി ഉണ്ടാക്കി പറഞ്ഞു: ഞാന്‍ നിന്റെ സന്തതികള്‍ക്കായി ഈജിപ്തിലെ (നൈല്‍) നദി മുതല്‍ മഹാനദിയായ യൂഫ്രട്ടീസ് വരെയുള്ള ദേശം തരുന്നു. കേനിയര്‍, കെനീസിയര്‍, കദ്മോനിയര്‍, ഹിത്തിയര്‍, പെരിസിയര്‍, രെഫായീമിയര്‍, അമോരിയര്‍, കനാനിയര്‍, ഗിര്‍ഗ്ഗശിയര്‍, യെബൂസിയര്‍ എന്നിവരുടെ ദേശം. (ഉല്‍പ്പത്തി 15: 18-21) ഈ വാഗ്ദാനത്തെത്തുടര്‍ന്ന് അബ്രഹാമിന്ന് ഇശ്‌മയേല്‍ എന്ന പുത്രന്‍ ജനിച്ചു. ഉല്‍പ്പത്തി 16-ആം അദ്ധ്യായം ഇശ്‌മയേലിന്റെ ജനനത്തെക്കുറിച്ചുള്ളതാണ്‌.

ഇതോട് ചെര്‍ത്തു വായിക്കേണ്ടതാണ്‌ അബ്രഹാമിന്റെ രണ്ടാമത്തെ പുത്രനായ ഇസ്‌ഹാഖിന്റെ ജനനത്തെ സംബന്ധിച്ചുള്ള സുവിശേഷം. ഇസ്‌ഹാഖിന്റെ സന്താന പരമ്പരയ്ക്കും ഒരു ദേശം വാഗ്ദാനം ചെയ്തിട്ടുണ്ട്. "നിനക്കും അനന്തര തലമുറകള്‍ക്കും നിന്റെ പ്രവാസദേശമായ ഈ കനാന്‍ മുഴുവന്‍ ശാശ്വതാവകാശമായി ഞാന്‍ തരും." (ഉല്‍പ്പത്തി 17:8)

ഇപ്പോള്‍ കനാന്‍ ദേശവുമായി ബന്ധപ്പെട്ടു രണ്ട് വാഗ്ദാനങ്ങളായി. ഒന്ന്: അബ്രഹമിന്നും അദ്ദേഹത്തെത്തുടര്‍ന്ന് സന്താന പരമ്പരക്കും. ഈ വാഗ്ദാനം നല്‍കപ്പെടുന്നത് ഇസ്‌ഹാഖിന്റെ പിറവി സംബന്ധിച്ചുള്ള സുവിശേഷത്തോടൊപ്പമാണ്‌. അത്കൊണ്ട് ഇസ്‌ഹാഖിന്റെ പരമ്പരയ്ക്കുള്ളതാണ്‌ ഈ വാഗ്ദാനമെന്ന് അനുമാനിക്കാം. രണ്ട്: കനാന്‍ ഉള്‍പ്പെടെയുള്ള 10 ജനതകളുടെ വാസസ്ഥലം അതായത് യൂഫ്രട്ടീസ് നദി മുതല്‍ നൈല്‍ നദി വരെയുള്ള വിശാലമായ ഭൂപ്രദേശം അബ്രഹാമിന്റെ സന്താന പരമ്പരക്ക്. ഇശ്‌മയേലിന്റെ ജനനത്തെക്കുറിച്ചുള്ള സുവിശേഷത്തോടൊപ്പമാണ്‌ ഈ വാഗ്ദാനം നല്‍കപ്പെട്ടത്. അത്കൊണ്ട് ഇശ്‌മയേലിന്റെ പരമ്പരയ്ക്കുള്ളതാണ്‌ ഈ വാഗ്ദാനമെന്നും അനുമാനിക്കാം. ഇശ്‌മയേല്‍ പരമ്പരയില്‍ ജനിച്ച മുഹമ്മദ് നബിയിലൂടെ സ്ഥാപിക്കപ്പെട്ട ഇസ്‌ലാമിന്ന് മാത്രമേ ഈ ഭൂപ്രദേശം മുഴുവനായി അധീനപ്പെട്ടിട്ടുള്ളു. ഇത് അബ്രഹാമിന്റെ വാഗ്ദത്ത പുത്രനെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരടയാളമാണ്‌. 

ഇരട്ടത്താപ്പ് 

എന്നാല്‍, വര്‍ഗ്ഗ വൈരം മൂത്ത ഇസ്രയേല്യര്‍ ഇശ്‌മയേലിനെ വാഗ്ദത്ത പുത്രനായി അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല; അദ്ദേഹം സ്വന്തം പിതാവിന്റെ യഥാര്‍ത്ഥ പുത്രന്‍ പോലുമല്ലെന്ന് വാദിക്കുകയും ചെയ്യുന്നു; എന്നാല്‍ ബൈബിള്‍ അവര്‍ക്ക് പ്രതികൂലമായ തെളിവാണ്‌ നല്‍കുന്നത്.
ഒന്നാം ദിനവൃത്താന്തം 1:28 -ല്‍ വംശാവലി പട്ടികയില്‍ ആബ്രഹാമിന്റെ രണ്ട് പുത്രന്‍മാരുടെ (ഇശ്‌മയേല്‍, ഇസ്‌ഹാഖ്) പേര്‌ പറഞ്ഞിട്ടുണ്ട്. അവിടെ ഇരുവര്‍ക്കുമിടയില്‍ ഒരു വിവേചനവും കല്‍പ്പിച്ചു കാണുന്നില്ല. അതേസമയം ഇതേ അദ്ധ്യായം 32-ആം വാക്യത്തില്‍ ഇങ്ങനെ കാണാം: "അബ്രഹാമിന്റെ ഉപഭാര്യയായ (വെപ്പാട്ടിയായ) കെതൂറയുടെ പുത്രന്‍മാര്‍: സിമ്രാന്‍, യോക്‌ശാല്‍, മേദാന്‍, മിദ്യാന്‍, യിശ്‌ബാക്, ശൂവഹ് എന്നിവരെ അവള്‍ പ്രസവിച്ചു."

ഈ ആറു പേരെ ആദ്യം പറഞ്ഞ രണ്ട് പേര്‍ക്കൊപ്പം ചേര്‍ത്തു പറഞ്ഞില്ല. മാത്രമല്ല; ഇശ്‌മയേലിന്റെ പേരെണ്ണിയത് ഇക്കൂട്ടത്തിലല്ല; ഇസ്‌ഹാഖിന്റെ കൂടെയാണ്‌. കെതൂറ ജന്മം നല്‍കിയ ആറ്‌ പുത്രന്‍മാര്‍ക്കില്ലാത്ത ഒരു സവിശേഷത ഇവരിരുവര്‍ക്കുമുണ്ടെന്നതാണിതിന്ന് കാരണം. ശരിയായ ഭാര്യമാരില്‍ നിന്ന് ജനിച്ചവരാണിരുവരും.

ഇത് പറയൂമ്പോള്‍ ഇസ്രയേല്യര്‍ മറ്റൊരു എതിര്‍വാദവുമായി രംഗത്ത് വരും. അതിപ്രകാരമാണ്‌: 'ഹാഗാര്‍ അബ്രഹാമിന്റെ ഭാര്യ തന്നെ; എങ്കിലും അവള്‍ സ്വതന്ത്രയായിരുന്നില്ല; ദാസിയയിരുന്നു. അത്കൊണ്ട് സ്വതന്ത്രയില്‍ നിന്ന് ജനിച്ച പുത്രനൊപ്പം അവകാശിയാകാന്‍ 'അടിമയായിരുന്നവളില്‍' നിന്ന് ജനിച്ച ഇശ്‌മയേല്‍ യോഗ്യനല്ല.'

ഇവിടെ ഇശ്‌മയേലിനോട് അവര്‍ കാണിക്കുന്നത് വ്യക്തമായ ഇരട്ടത്താപ്പ് നയമാണെന്നതിന്നും ബൈബിള്‍ സാക്ഷിയാണ്‌. നോക്കൂ: ഇസ്രയേലിന്റെ 12 ഗോത്രപിതാക്കളില്‍ നാലു പേര്‍ ജനിച്ചത് അടിമസ്ത്രീകളില്‍ നിന്നാണ്‌. 'യാക്കോബിന്റെ ഭാര്യ റാഹേലിന്റെ ദാസിയായിരുന്നു ബില്‍ഹാ. റാഹേല്‍ അവളെ യാക്കോബിന്ന് ഭാര്യയായിട്ട് നല്‍കി. (ഉല്‍പ്പത്തി 30:4)
അവള്‍ രണ്ട് പുത്രന്‍മാര്‍ക്ക് ജന്മം നല്‍കി. ദാന്‍, നഫ്‌താലി. (ഉല്‍പ്പത്തി 30:68) മറ്റൊരു ഭാര്യയായ ലേയ അവരുടെ ദാസി സില്‍പയെ യാക്കോബിന്ന് ഭാര്യയായിട്ട് നല്‍കി. (ഉല്‍പ്പത്തി 30:9) ശേര്‍, ഗാദ് എന്നീ പുത്രന്‍മാര്‍ അവരില്‍ നിന്ന് പിറന്നു. (ഉല്‍പ്പത്തി 30:10-13) ദാസിമാരില്‍ നിന്ന് ജനിച്ച ഈ നാലു പേര്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ്‌ ഇസ്രയേല്‍ വംശത്തിന്റെ 12 ഗോത്രപിതാക്കന്മാര്‍. ഈ നാലു പേര്‍ക്കും അവരുടെ സന്താന പരമ്പരക്കും യാക്കോബിന്റെ അവകാശികളാകാന്‍ അര്‍ഹതയുണ്ടെങ്കില്‍ അബ്രഹാമിന്റെ അവകാശിയാകാന്‍ ഇശ്‌മയേലിന്നും അദ്ദേഹത്തിന്റെ സന്താന പരമ്പക്കും അര്‍ഹതയുണ്ട്.

പുറത്താക്കി?

ബൈബിള്‍ പറയുന്നു: ഇശ്‌മയേല്‍ ഇസ്‌ഹാഖിന്റെ കൂടെ അവകാശിയാകുന്നത് സാറ ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാല്‍ ഹാഗാറിനെയും ഇശ്‌മയേലിനെയും പുറത്താക്കാന്‍ അവര്‍ അബ്രഹാമിനോട് ആവശ്യപ്പെട്ടു. (ഇസ്‌ഹാഖിന്റെ മുലകുടി നിറുത്തല്‍ ചടങ്ങിന്റെ ഘട്ടത്തിലാണ്‌ ഇത് സംഭവിച്ചത്.) പുത്രവാല്‍സല്യം മൂലം അബ്രഹാമിന്ന് അത് പ്രയാസകരമയി തോന്നി. എന്നാല്‍ ഒട്ടും പ്രയാസം തോന്നാതെ സാറയുടെ ഇഷ്ടം നടപ്പില്‍ വരുത്താന്‍ ദൈവം കല്‍പ്പിച്ചു. അദേഹമത് നടപ്പിലാക്കി. 

ഇനി ഈ സംഭവം നടന്നത് എപ്പോഴാണെന്ന് നോക്കാം. അബ്രഹാമിന്റെ 86-ആം വയസ്സിലാണ്‌ ഇശ്‌മയേല്‍ ജനിച്ചത്; 100-ആം വയസ്സില്‍ ഇസ്‌ഹാഖും. രണ്ട് വയസ്സ് പൂര്‍ത്തിയായപ്പോഴാണ്‌ ഇസ്‌ഹാഖിന്റെ മുലകുടി നിറുത്തിയതെന്ന് കണക്കാക്കിയാല്‍ ആ സമയത്ത് ഇശ്‌മയേലിന്ന് വയസ്സ് 16 ആയിട്ടുണ്ടാകും. (ഉല്‍പ്പത്തി 16:16, 21:5, 21:8-11 കാണുക.)

എന്നാല്‍ ഖുര്‍ആനില്‍ നിന്നും നബിവചനത്തില്‍ നിന്നും മനസ്സിലാകുന്നത് മറ്റൊന്നാണ്‌. ഹാഗാറിനെയും മകന്‍ ഇശ്‌മയേലിനെയും പുറത്താക്കാന്‍ സാറ ആവശ്യപ്പെട്ടിട്ടില്ല; പുറത്താക്കിയിട്ടുമില്ല. മറിച്ച് ഹാഗാറിനെയും മുലകുടി പ്രായത്തിലുള്ള ഇശ്‌മയേലിനെയും മക്കയില്‍ കൊണ്ട് ചെന്ന് താമസിപ്പിക്കുവാന്‍ ദൈവം അബ്രഹാമിനോട് കല്‍പ്പിച്ചു; അദ്ദേഹമത് അനുസരിക്കുകയും ചെയ്തു. പുതിയ ഒരു ജനതയ്ക്ക് അത് മൂലം തുടക്കം കുറിക്കപ്പെട്ടു. ഇതാണ്‌ വസ്തുത.

ഈ 'പുറത്താക്കല്‍' സംഭവത്തിന്റെ ബൈബിള്‍ വിവരണം ശ്രദ്ധിച്ചു വായിച്ചാല്‍ ഇസ്‌ലാമിന്റെ കാഴ്ചപ്പാടാണ്‌ ശരിയെന്ന് മനസ്സിലാക്കാം: "അബ്രഹാം അതിരാവിലെ എഴുന്നേറ്റ് അപ്പവും ഒരു തുരുത്തി വെള്ളവും ഹാഗാറിനെ ഏല്‍പ്പിച്ചു; കുട്ടിയെ തോളില്‍ വച്ച് അവളെ പറഞ്ഞയച്ചു. അവര്‍ അവിടം ​വിട്ട് ബേര്‍ശേബാ മരുഭൂമിയില്‍ അലഞ്ഞു നടന്നു. തുരുത്തിയിലെ വെള്ളം തീര്‍ന്നപ്പോള്‍ അവള്‍ കുട്ടിയെ ഒരു കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. അവള്‍ അവിടെ നിന്നും കുറച്ചകലെ, അതായത് ഏകദേശം ഒരു വില്‍പ്പാട് ദൂരെ പുറം തിരിഞ്ഞിരുന്ന് 'എനിക്ക് കുഞ്ഞിന്റെ മരണം കാണേണ്ടാ' എന്ന് പറഞ്ഞു. അവള്‍ ദൂരെ മാറി പുറം തിരിഞ്ഞിരുന്നപ്പോള്‍ കുട്ടി ഉറക്കെ കരഞ്ഞു. ദൈവം കുട്ടിയുടെ നിലവിളി കേട്ടു. ദൈവത്തിന്റെ മാലാഖ ആകാശത്ത് നിന്ന് ഹാഗാറിനോട് വിളിച്ചു പറഞ്ഞു: 'ഹാഗാറേ നീ എന്തിന്‍ വിഷമിക്കുന്നുന്നു? ഭയപ്പെടേണ്ടാ. കുട്ടി ഇരിക്കുന്ന ഇടത്തില്‍ നിന്ന് ദൈവം അവന്റെ നിലവിളി കേട്ടിരിക്കുന്നു. എഴുന്നേല്‍ക്കുക. കുട്ടിയെ എടുത്ത് നിന്റെ കരവലയത്തില്‍ ഉറപ്പിച്ചു നിറുത്തുക. ഞാന്‍ അവനെ ഒരു വലിയ ജനതയാക്കും. അനന്തരം ദൈവം അവളുടെ കണ്ണ് തുറന്നു. അവള്‍ ഒരു നീരുറവ കണ്ടു. അവള്‍ ചെന്ന് തുരുത്തിയില്‍ വെള്ളം നിറച്ചു. പുത്രന്ന് കുടിക്കാന്‍ കൊടുത്തു. ദൈവം ബാലനോട് കൂടെ ഉണ്ടായിരുന്നു. അയാള്‍ വളര്‍ന്നു വന്നു; അയാള്‍ മരുഭൂമിയില്‍ പാര്‍ത്തു. അമ്മ അയാള്‍ക്ക് ഈജിപ്ത് ദേശത്ത് നിന്ന് ഒരു ഭാര്യയെ തെരഞ്ഞെടുത്തു. (ഉല്‍പ്പത്തി 21:14-20)

ഈ ഉദ്ധരണിയിലെ ശ്രദ്ധിക്കേണ്ട ഭാഗങ്ങള്‍:

1. കുട്ടിയെ തോളില്‍ വച്ച് അവളെ പറഞ്ഞയച്ചു.
? 16 വയസ്സ് പ്രായമുള്ള മകനെ അവന്റെ അമ്മയുടെ തോളില്‍ വച്ചുകൊടുത്തെന്നോ?

2. അവള്‍ കുട്ടിയെ ഒരു കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു.
? 16 വയസ്സ് പ്രായമുള്ള കുട്ടിയെ …..

3. അവള്‍ ദൂരെ മാറി പുറം തിരിഞ്ഞിരുന്നപ്പോള്‍ കുട്ടി ഉറക്കെ കരഞ്ഞു.
? 16 വയസ്സ് പ്രായമുള്ള കുട്ടി…

4. ദൈവം കുട്ടിയുടെ നിലവിളി കേട്ടു.
? പതിനാറ്‌ വയസ്സുള്ള കുട്ടിയുടെ നിലവിളി; പ്രാര്‍ത്ഥനയല്ല.

5. ദൈവത്തിന്റെ മാലാഖ ആകാശത്ത് നിന്ന് ഹാഗാറിനോട് വിളിച്ചു പറഞ്ഞു:
?'കുട്ടിയുടെ നിലവിളിയുടെ ഉത്തരം' ദൈവം നല്‍കുന്നത് കുട്ടിക്കല്ല; അവന്റെ അമ്മയ്ക്കാണ്‌
. 
6. കുട്ടിയെ എടുത്ത് നിന്റെ കരവലയത്തില്‍ ഉറപ്പിച്ചു നിറുത്തുക.
? പതിനാറ്‌ വയസ്സുള്ള കുട്ടിയെ…

7. അവള്‍ ചെന്ന് തുരുത്തിയില്‍ വെള്ളം നിറച്ചു. പുത്രന്ന് കുടിക്കാന് കൊടുത്തു.
? പതിനാറ്‌ വയസ്സുള്ള കുട്ടിയ്ക്ക്……

ഹാഗാറിനെ അബ്രഹാം അയച്ചപ്പോള്‍ ഇശ്‌മയേലിന്റെ പ്രായം 16-ഓ അതിന്നടുത്തോ ആയിരുന്നുവെങ്കില്‍ അയച്ചതിന്റെയും പോയതിന്റെയും അനന്തര സംഭവങ്ങളുടെയും സ്വഭാവവും രീതിയും ഇങ്ങനെയൊന്നും ആകുമായിരുന്നില്ല. അബ്രഹാമിനോടും ഹാഗാറിനോടും അവന്‍ സംസാരിക്കുമായിരുന്നു. ഹാഗാര്‍ അവനെ ഒരിടത്ത് ഉപേക്ഷിച്ച് മാറിയിരുന്ന് വിലപിക്കുന്നതിന്ന് പകരം അവര്‍ അവനോട് കാര്യങ്ങള്‍ കൂടിയാലോചിക്കുമായിരുന്നു. ദൈവത്തോട് അവന്‍ കരയുക മാത്രമല്ല; പ്രാര്‍ത്ഥിക്കുക കൂടി ചെയ്യുമായിരുന്നു. ദൈവം അവന്ന് തന്നെ ഉത്തരം നല്‍കുമായിരുന്നു. മിക്കവാറും അവന്‍ വെള്ളമെടുത്ത് അമ്മയ്ക്ക് കുടിയ്ക്കാന്‍ കൊടുക്കുമായിരുന്നു. ഒരു സംഭവത്തെക്കുറിച്ച് ബൈബിളിലെ ഒരേ അദ്ധ്യായത്തില്‍ കാണപ്പെടുന്ന വൈരുദ്ധ്യങ്ങള്‍ ആ കൃതിയുടെ വിശ്വാസ്യതയ്ക്ക് തന്നെ കളങ്കമേല്‍പ്പിക്കാന്‍ പോന്നവയാണ്‌.

ബലിപുത്രന്‍ 

പല തവണ ദൈവത്തിന്റെ പരീക്ഷണങ്ങള്‍ക്ക് വിധേയനാവുകയ്യും വിജയം വരിക്കുകയും ചെയ്ത മഹാനാണ്‌ അബ്രഹാം. ഒരിക്കലദ്ദേഹത്തെ ദൈവം പരീക്ഷിച്ചത് സ്വന്തം പുത്രനെ ബലി നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ്‌. ഇത് ഖുര്‍ആനിലും കാണാം. അവിടെ ബലിപുത്രന്റെ പേര്‌ പറഞ്ഞിട്ടില്ല. എങ്കിലും വിവരണ ശൈലിയില്‍ നിന്ന് ആദ്യജാതനായ ഇസ്‌മാഈലാണ്‌ ഉദ്ദേശ്യമെന്ന് വ്യക്തമാണ്‌. (ഖുര്‍ആന്‍ 37:99-112)

എന്നാല്‍ ബൈബിള്‍ പറയുന്നത് അബ്രഹാമിന്റെ രണ്ടാമത്തെ പുത്രനായ ഇസ്‌ഹാഖിനെ ബലി അല്‍കാന്‍ ദൈവം ആവശ്യപ്പെട്ടുവെന്നാണ്‌. "നിന്റെ പുത്രനെ, നീ അത്യധികം സ്നേഹിക്കുന്ന നിന്റെ ഏകജാതനായ ഇസഹാഖിനെ, കൂട്ടിക്കൊണ്ട് മോറിയാ ദേശത്തേക്ക് പോകുക. അവിടെ ഞാന്‍ കല്‍പ്പിക്കുന്ന മലയില്‍ അവനെ എനിക്ക് ഹോമിക്കുക. (ഉല്‍പ്പത്തി 22:2) ബലിസംബന്ധമായ ഈ കല്‍പനയില്‍ 'ഇസഹാഖി'നെ എന്ന് ബലിപുത്രന്റെ പേര്‌ വ്യക്തമായി പറയുന്നുണ്ടെന്നത് ശരി തന്നെ. എന്നാല്‍ ഇസ്‌ഹാഖിനെ വിശേഷിപ്പിച്ചത് 'ഏകജാതന്‍' എന്നാണ്‌. ഈ വിശേഷണം ഇസ്‌ഹഖിന്ന് ഒട്ടും ചേരുകയില്ല. കാരണം അവന്‍ ഒരിക്കലും അബ്രഹാമിന്റെ ഏകജാതന്‍ ആയിരുന്നിട്ടില്ല. അബ്രഹാമിന്ന് ആദ്യം പിറന്നത് ഇസ്‌മാഈലാണ്‌. അവന്ന് 14 വയസ്സായപ്പോഴാണ്‌ ഇസ്‌ഹാഖിന്റെ ജനനം. തനിക്ക് 14 വയസ്സ് ആകും വരെയുള്ള കാലം ഇസ്‌മാഈല്‍ അബ്രഹാമിന്റെ ഏകജാതന്‍ ആയിരുന്നു. ഇസ്‌ഹാഖിന്റെ ജനനത്തോടെ ആ വിശേഷണം ആരും അര്‍ഹിക്കാതെയുമായി.

ബലിപുത്രന്ന് ദൈവം നല്‍കിയ 'ഏകജാതന്‍' എന്ന വിശേഷണത്തില്‍ നിന്ന് രണ്ട് കാര്യങ്ങള്‍ മനസ്സിലാക്കാം. ഒന്ന്: ബലി നല്‍കാന്‍ ദൈവം കല്‍പ്പിച്ചത് ഇസ്‌മാഈലിനെയാണ്‌. രണ്ട്: ബലി നടത്താനുള്ള ഈ കല്‍പ്പന ദൈവം നല്‍കുന്നത് ഇസ്‌ഹാഖ് ജനിക്കുന്നതിന്ന് മുമ്പാണ്‌.

രണ്ട് പുത്രന്‍മാരുള്ള ഒരാളോട് അവരില്‍ ഒരുവനെ ബലി നല്‍കാന്‍ കല്‍പ്പിക്കുന്നത് പരീക്ഷണം തന്നെയാണ്‌. എന്നാല്‍ ഒരാളോട് അദ്ദേഹത്തിന്റെ വാര്‍ദ്ധക്യത്തില്‍ പിറന്ന ഏക മകനെ ബലി നല്‍കാന്‍ പറയുന്നതിലെ തീവ്രത മേല്‍ പറഞ്ഞതിന്നില്ല. കഠിനമായ പരീക്ഷണം 'ഏകജാതനെ' ബലി നല്‍കാന്‍ ആവശ്യപ്പെടുന്നത് തന്നെയാണ്‌; അബ്രഹാം യഥാര്‍ത്ഥത്തില്‍ നേരിട്ടത് പോലെ.

ബലിപെരുന്നാള്‍

മാത്രമല്ല; ഇസ്‌ഹാഖിന്റെ പരമ്പരയില്‍ ജനിച്ചവര്‍ ഈ ബലിയുടെ ഓര്‍മ്മ നിലനിറുത്തുന്ന ഒന്നും ചെയ്തു വരുന്നില്ല. അതേസമയം ഇസ്‌മാഈലിന്റെ പരമ്പരയില്‍ പിറന്ന മുഹമ്മദ് നബിയും അദ്ദേഹത്തിന്റെ അനുയായികളും ഇബ്‌റാഹീം ഇസ്‌മാഈലിനെ ബലി നല്‍കാന്‍ സന്നദ്ധനായതിന്റെ സ്മരണ പുതുക്കുന്ന ബലിപെരുന്നാള്‍ ആഘോഷിച്ചുവരുന്നു.


കെ.കെ. ആലിക്കോയ

No comments:

Post a Comment