Friday, September 30, 2011

പ്രവചിക്കപ്പെട്ട ഇമ്മാനുവേല്‍

ക്രിസ്ത്യാനികളും മുസ്‌ലിംകളും യേശുക്രിസ്തുവിനെ ആദരിക്കുന്നു. ക്രിസ്ത്യാനികള്‍ അദ്ദേഹത്തെ കര്‍ത്താവും രക്ഷകനും രാജാവുമായ ദൈവമായി കണക്കാക്കുന്നു. എന്നാല്‍ ഇസ്‌ലാമിന്റെ വീക്ഷണത്തില്‍ ദൈവത്തിന്റെ സൃഷ്ടിയും ദാസനും പ്രവാചകനുമായ മനുഷ്യനാണദ്ദേഹം. ഈ രണ്ടു വീക്ഷണങ്ങള്‍ തമ്മില്‍ പൊരുത്തപ്പെടുകയില്ല. മാത്രമല്ല; ഒന്ന് നിരാകരിച്ചുകൊണ്ടല്ലാതെ രണ്ടാമത്തേത് സ്വീകരിക്കാന്‍ കഴിയുകയുമില്ല. അതിനാല്‍ ഏത് വീക്ഷണത്തിന്നാണ്‌ തെളിവിന്റെ പിന്‍ബലമുള്ളത് എന്ന് പരിശോധിക്കുനത് നന്നായിരിക്കും.

പഴയനിയമ പുസ്തകത്തില്‍ പലയിടങ്ങളിലായി കാണപ്പെടുന്ന നിരവധി പ്രവചനങ്ങളുടെ പുലര്‍ച്ചയാണ്‌ യേശുവെന്ന് ക്രൈസ്തവര്‍ വിശ്വസിക്കുന്നു. അവരുടെ വേദമായ പുതിയ നിയമത്തിലെ ചില അവകാശ വാദങ്ങളാണ്‌ ഈ വിശ്വാസത്തിന്നാധാരം.

ആഗമനം മുന്‍കൂട്ടി പ്രവചിക്കപ്പെട്ട ഒരു ദിവ്യപുരുഷന്റെ വ്യക്തിത്വം എത്തരത്തിലുള്ളതായിരിക്കുമെന്ന് പ്രവചനത്തില്‍ നിന്ന് തന്നെ ഏറെക്കുറെ ഗ്രഹിക്കാന്‍ കഴിയേണ്ടതാണ്‌. അതിനാല്‍ പ്രവചനങ്ങളില്‍ നിന്നുരുത്തിരിയുന്ന യേശുവിന്റെ വ്യക്തിത്വം നിലവിലുള്ള ക്രിസ്തീയ സങ്കല്‍പ്പവുമായി പൊരുത്തപ്പെടുന്നുവെങ്കില്‍ അവരുടെ സങ്കല്‍പ്പം സത്യമാണെന്ന് കരുതാം; അല്ലെങ്കില്‍ മറിച്ചും.

പുതിയ നിയമത്തില്‍ ആദ്യം കാണുന്ന പ്രവചനം ഇതാണ്‌: "'കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്ന് ദൈവം നമ്മോട് കൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്ന് പേര്‍ വിളിക്കും.' എന്ന് കര്‍ത്താവ് പ്രവാചകന്‍ മുഖാന്തരം അരുള്‍ ചെയ്തത് നിവൃത്തിയാകുവാന്‍ ഇതൊക്കെയും സംഭവിച്ചു."  (മത്തായി 1:22,23)

ഇസ്രയേല്‍ കന്യകയായ മറിയം പുരുഷ സമ്പര്‍ക്കം കൂടാതെ ഗര്‍ഭം ധരിച്ച് ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. അവന്ന് യേശു എന്ന് നാമകരണം ചെയ്തു. ബൈബിള്‍ പുതിയ നിയമവും ഖുര്‍ആനും ഇതംഗീകരിക്കുന്നു. (ഖുര്‍ആനില്‍ ഈസാ എന്നാണ്‌ പേര്‌.) പഴയ നിയമത്തില്‍ നിന്ന് മത്തായി ഉദ്ധരിച്ച പ്രവചനം പ്രത്യക്ഷത്തില്‍  ഈ സംഭവവുമായി വളരെയേറെ പൊരുത്തം ഉള്ളതാണ്‌. അത്കൊണ്ട് സംശയിക്കാനോ കൂടുതല്‍ പരിശോധിക്കാനോ മുതിരാതെ മേല്‍ പ്രവചനം യേശുവിനെക്കുറിച്ചുള്ളതാണെന്ന് വിശ്വസിക്കാന്‍ ഇരു മതക്കാരും തയ്യാറാവുന്നു.

എന്നാലും  മത്തായി ഉദ്ധരിച്ച പ്രവചനത്തിന്‌ യേശുവുമായി ഒരു പൊരുത്തക്കേട് ചൂണ്ടിക്കാണിക്കാനുണ്ട്. പേരുമായി ബന്ധപ്പെട്ടതാണിത്. യേശുവിന്ന് ഇമ്മാനുവേല്‍ എന്ന് പേര്‌ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പേര്‌ യേശു എന്ന് തന്നെ ആയിരുന്നു. അങ്ങനെ പേര്‌ വയ്ക്കാനാണ്‌ മറിയമിനെ മാലാഖ ഉപദേശിച്ചതും. (ലൂക്കോസ് 1:31) അത്കൊണ്ട് ഈ പ്രവചനം യേശുവിനെക്കുറിച്ചുള്ളതല്ലെന്ന് ന്യായമായും വാദിക്കാവുന്നതാണ്‌.
എന്നാല്‍ ക്രിസ്ത്യാനികള്‍ ഈ വാദത്തെ നിരാകരിക്കുന്നു. ഇമ്മാനുവേല്‍ എന്ന പേരിനെച്ചൊല്ലിയുള്ള തര്‍ക്കത്തിന്‌ അവര്‍ നല്‍കുന്ന മറുപടി ഇതാണ്‌: സാക്ഷാല്‍ ദൈവം കന്യാമറിയമിലൂടെ മനുഷ്യനായി അവതരിച്ചു. അഥവാ 'ദൈവം നമ്മോട് കൂടെ' ജീവിച്ചു. ഈ അവതാര സങ്കല്‍പം സൂചിപ്പിക്കുന്നതിന്നാണ്‌ 'ദൈവം നമ്മോട് കൂടെ' എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്ന പേര്‌ പ്രവചനത്തില്‍ ഉപയോഗിച്ചത്; അല്ലാതെ അതദ്ദേഹത്തിന്റെ നാമമായിരിക്കണം എന്ന അര്‍ത്ഥത്തിലല്ല.

ചുരുക്കത്തില്‍ ഒരു വെടിയ്ക്ക് രണ്ട് പക്ഷിയെ കിട്ടിയ ആഹ്ലാദത്തിലാണവര്‍. കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കുമെന്ന പ്രവചനം സഫലമായി. ഇതാണ്‌ ഒന്നാമത്തേത്. രണ്ടാമത്തേത് അങ്ങനെ ജനിക്കുന്ന കുഞ്ഞ് ദൈവാവതാരം ആയിരിക്കുമെന്ന സൂചനയാണ്‌. ഈ വാദത്തിന്ന് ഒരു ഉദാഹരണമിതാ: "ദൈവം നമ്മോട് കൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേലാണ്‌ യേശു. അവന്‍ കൊച്ചു ദൈവമോ ദൂതന്‍ മാത്രമോ ആയിരുന്നുവെങ്കില്‍ ആ അര്‍ത്ഥം വരുന്ന പേര്‌ മാത്രമേ വിളിക്കുകയുള്ളായിരുന്നു. യേശുക്രിസ്തു സമ്പൂര്‍ണ്ണ ദൈവമാണ്‌, സത്യദൈവമാണ്‌, മഹാദൈവമാണ്‌..." (പേജ് 65 ത്രിയേക ദൈവം, സി.വി. ജോര്‍ജ്ജ്, ശ്രീകാര്യം.)

യേശു ദൈവമാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് ഈ വ്യാഖ്യാനം തൃപ്തികരമായിരിക്കും. അവരുടെ വിശ്വാസം പൂര്‍വോപരി ശക്തിപ്പെടുത്താനും ഈ വ്യാഖ്യാനത്തിന്‌ ശക്തിയുണ്ട്.
എന്നാല്‍ ഇസ്‌ലാമിന്ന് ഈ വ്യാഖ്യാനം സ്വീകാര്യമല്ല. കാരണം, അതിന്റെ അടിസ്ഥാനം കലര്‍പ്പറ്റ ഏകദൈവ സിദ്ധാന്തമാകുന്നു. ദൈവം അനാദ്യനും അനന്തനുമാണ്‌. അവന്‍ പരിവര്‍ത്തന വിധേയനല്ല. തന്റെ സൃഷ്ടികളില്‍ ഏതെങ്കിലും ഒന്നിന്റെ രൂപത്തില്‍ അവതരിക്കുകയെന്നത് പരമോന്നതനായ ദൈവത്തിന്റെ മഹത്വത്തിന്‌ ഒട്ടും അനുയോജ്യവുമല്ല.

 മത്തയി തന്റെ കൃതിയില്‍ വ്യക്തമാക്കിയത് പോലെ, ഇമ്മാനുവേല്‍ ജനിക്കുമെന്നത്, മുന്‍കാലക്കാരനായ പ്രവാചകന്‍ മുഖാന്തരം കര്‍ത്താവ് (യഹോവ) അരുള്‍ ചെയ്തതാണ്‌. യശയ്യാ എന്ന പ്രവാചകനിലൂടെയണ്‌ ഇതറിയിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ പേരിലറിയപ്പെടുന്ന ഗ്രന്‍ഥത്തിന്റെ ഏഴാമദ്ധ്യായത്തില്‍ ഇത് കാണാം. സുദീര്‍ഘമായ ഒരു പ്രവചനമാണത്. അതില്‍ നിന്നടര്‍ത്തിയെടുത്ത ഒരു വക്യം (7/14) മാത്രമാണ്‌ മത്തായിയില്‍ നാം വായിച്ചത്. പ്രവചനത്തിന്റെ നിജസ്ഥിതി മനസ്സിലാക്കാന്‍ ഈ ഒറ്റ വാക്യം അപര്യപ്തമാണ്‌‌. പ്രവചനം പൂര്‍ണ്ണ രൂപത്തില്‍ പരിഗണിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ പ്രവചനം യേശുവിനെക്കുറിച്ച് തന്നെയാണോ എന്ന് തീരുമാനിക്കാന്‍ കഴിയുകയുള്ളു.

ആദ്യം പ്രവചത്തിന്റെ പശ്ചാത്തലം നോക്കാം: ദാവീദിന്റെ പുത്രനായ സോളമന്റെ കാല ശേഷം ഇസ്രയേല്‍ രാജ്യം വടക്കും തെക്കുമായി, രണ്ടായി പിളര്‍ന്നു. ബി.സി. 933 ലാണിത്. തെക്കന്‍ രാജ്യത്ത് യഹൂദ, ബിന്‍യാമീന്‍ എന്നീ രണ്ട് ഗോത്രങ്ങള്‍ വസിച്ചു. അവരുടെ രാജ്യത്തിന്ന് യഹൂദ രാജ്യം എന്ന് പേര്‍. ബാക്കി പത്ത് ഗോത്രങ്ങള്‍ വടക്കന്‍ രാജ്യത്ത് താമസിച്ചു. ആ രാജ്യത്തിന്ന് എഫ്രായീം എന്നു പേര്‍.

പിളര്‍പ്പിന്റെ രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷം എഫ്രായീം സിറിയയുമായി കൂട്ടുചേര്‍ന്ന് യഹൂദക്ക് നേരെ യുദ്ധത്തിന്‌ ചെന്നു. യഹൂദ ഭയന്നു വിറച്ചു. ഈ സമയത്ത് യഹൂദയില്‍ ആഹാസ്, സിറിയയില്‍ റെസിന്‍, എഫ്രായീമില്‍ പേക്കഹ് എന്നിവരാണ്‌ രാജാക്കന്‍മാര്‍. ആഹാസിനെ യശയ്യാ മുഖാന്തരം യഹോവ ധൈര്യപ്പെടുത്തുകയും ഭാവി സംഭവങ്ങളെക്കുറിച്ച് സൂചന നല്‍കുകയും ചെയ്തു. സഖ്യ കക്ഷികളുടെ ഗൂഢാലോചനയെക്കുറിച്ച് യഹോവ ആഹാസിനെ (യശയ്യാ മുഖന്തരം) ഇപ്രകാരം അറിയിക്കുന്നു. "7 യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു നടക്കയില്ല, സാധിക്കയുമില്ല.8 അരാമിന്നു തല ദമ്മേശെക്; ദമ്മേശക്കിന്നു തല രെസീന്‍ (സിറിയയുടെ തലസ്ഥാനം ഡമാസ്‌കസ്, ഡമാസ്‌കസിലെ ഭരണാധികാരി റെസിന്‍ -ലേഖകന്‍.) അറുപത്തഞ്ചു സംവത്സരത്തിന്നകം എഫ്രയീം ജനമായിരിക്കാതവണ്ണം തകര്ന്നു പോകും.9 എഫ്രയീമിന്നു തല(സ്ഥാനം) ശമര്യ്യ; ശമര്യ്യെക്കു തല(വന്‍ ) രെമല്യാവിന്റെ മകന്‍; നിങ്ങൾക്കു വിശ്വാസം ഇല്ലെങ്കില്‍ സ്ഥിരവാസവുമില്ല.10 യഹോവ പിന്നെയും ആഹാസിനോടു:11 നിന്റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊള്‍ക എന്നു കല്പിച്ചതിന്നു ആഹാസ്:12 ഞാന്‍ ചോദിക്കയില്ല, യഹോവയെ പരീക്ഷിക്കയും ഇല്ല എന്നു പറഞ്ഞു.13 അതിന്നു അവര് (യശയ്യാ) പറഞ്ഞതു: ദാവീദ്ഗൃഹമേ, കേള്‍പ്പിന്‍; മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങള്‍ എന്റെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നതു?14 അതു കൊണ്ടു കര്ത്താവു തന്നേ നിങ്ങള്‍ക്കു ഒരു അടയാളം തരും: കന്യക ഗര്ഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇാമ്മനൂവേല്‍ എന്നു പേര് വിളിക്കും.15 തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാന്‍ പ്രായമാകുംവരെ അവന്‍ തൈരും തേനുംകൊണ്ടു ഉപജീവിക്കും.16 തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാന്‍ ബാലന്നു പ്രായമാകുംമുമ്പെ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും."  (യശയ്യാ 7:8-16)

ഒരു നിശ്ചിത കാല പരിധിക്കകം സംഭവിക്കേണ്ട രണ്ടു രാഷ്ട്രീയ സംഭവങ്ങളാണ്‌ പ്രവചിക്കപ്പെട്ടത്. എഫ്രയീം 65 വര്‍ഷത്തിനകം ഒരു രാജ്യമായിരിക്കാത്ത വണ്ണം തകരും. ഇതാണ്‌ ഒന്ന്. ബി.സി. 722 ഇല്‍ ഇത് സംഭവിച്ചു. അതായത് അസീറിയന്‍ രാജാവ് എഫ്രായീമിനോട് യുദ്ധം ചെയ്തു; അവരെ തോല്‍പ്പിച്ചു. അവിടത്തെ ജനങ്ങളെ ആസകലം അടിമകളാക്കി അസീറിയയില്‍ കൊണ്ട് പോയി പാര്‍പ്പിച്ചു. അതോടെ എഫ്രായീം ഒരു ജനത അല്ലാതെയായി. ഏതാണ്ട് ഇതേ കാലത്ത് തന്നെ അസീറിയന്‍ രാജാവ് ഡമാസ്‌കസ് ആക്രമിച്ചു. ജനങ്ങളെ തടവിലാക്കുകയും രാജാവിനെ വധിക്കുകയും ചെയ്തു. (2 രാജാക്കന്‍മാര്‍ അദ്ധ്യായം 16, 17; 2 ദിനവൃത്താന്തം അദ്ധ്യായം 29; യശയ്യാ അദ്ധ്യായം 7, 8 എന്നിവ കാണുക.)

മേല്‍ പറഞ്ഞ രണ്ട് സംഭവങ്ങളുടെ മുന്നടയാളമായിട്ടാണ്‌ കന്യകാഗര്‍ഭവും ഇമ്മാനുവേലിന്റെ ജനനവും നിശ്ചയിക്കപ്പെട്ടത്. ഇമ്മാനുവേലിന്ന് 'തിന്‍മ തള്ളി നന്‍മ തിരഞ്ഞെടുക്കാന്‍ പ്രായമാകും മുമ്പ്' രണ്ട് രാജാക്കന്‍മാരുടെയും രാജ്യങ്ങള്‍ (പേക്കഹിന്റെ എഫ്രായീം, റെസിന്റെ സിറിയ) ഉപേക്ഷിക്കപ്പെട്ടിരിക്കും എന്നാണ്‌ പ്രവചനത്തില്‍ കാണുന്നത്. അത്കൊണ്ട് ബി.സി. 722 ന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇമ്മാനുവേല്‍ ജനിച്ചിരിക്കണം; ജനിച്ചിട്ടുമുണ്ട്. (യശയ്യാ 8 ആം അദ്ധ്യായം കാണുക.)

സത്യത്തില്‍ ഈ കുട്ടിയെക്കുറിച്ചുള്ള പ്രവചനമാണ്‌ പ്രവാചക പുസ്തകമായ യശയ്യാ 7/14 ഇല്‍ ഉള്ളത്. ഇത് യേശുവിന്റെ ജനനത്തെക്കുറിച്ചുള്ളതാണെന്ന മത്തായിയുടെ അവകാശ വാദം വ്യാജമാണ്‌. അതിനാല്‍ ഇമ്മാനുവേല്‍ എന്ന പേരില്‍ ദൈവാവതാരത്തെക്കുറിച്ചുള്ള സൂചനയുണ്ടെന്ന ക്രൈസ്തവ വാദം വ്യാജത്തിന്‍മേല്‍ പടുത്തുയര്‍ത്തിയ വ്യാജമാണെന്ന് പറയാതെ വയ്യ.

കെ.കെ. ആലിക്കോയ

No comments:

Post a Comment