Friday, September 30, 2011

ഫലം സുനിശ്ചിതം!

'വിദ്യാഭ്യാസം, ജോലി, വിവാഹം, സാമ്പത്തിക നേട്ടം, വ്യാപാര അഭിവൃദ്ധി,
ശത്രു നാശം തുടങ്ങിയുള്ള ഏത് ആഗ്രഹം സഫലീകരിക്കുന്നതിന്നും ഈ ഏലസ്സ്
ധരിക്കുക; ഫലം സുനിശ്ചിതം.'

ടേപ്പ് റെകോര്‍ഡറിന്‍റെ ശബ്ദം കേട്ടിടത്തേക്ക് നാലാം ക്ലാസ്
വിദ്യാര്‍ത്ഥിയായ നൈസാബ് തിരിഞ്ഞ് നോക്കി. റോഡിന്‍റെ ഓരത്ത് കീറിയ കുട
കൊണ്ട് വെയില്‌ മറക്കാന്‍ പാടുപെട്ട് വിയര്‍ത്തൊലിച്ച് കഴിയുന്ന ഒരു പാവം
കച്ചവടക്കാരന്‍.

നൈസാബ് അയാളോട് ചോദിച്ചു: നിങ്ങള്‍ക്ക് ഒരു റൂം വാടകക്കെടുത്തുകൂടേ?
അല്ലെകില്‍ ലോട്ടറിക്കാരെപ്പോലെ ഒരു കാര്‍ വാങ്ങിക്കൂടേ?

അയാള്‍: ആഗ്രഹമില്ലാഞ്ഞിട്ടല്ല കുഞ്ഞേ; അതിനൊക്കെ കയ്യില്‍ ഒരു പാട് കാഷ്
വേണ്ടേ?

നൈസാബ്: അപ്പോള്‍ ഈ ടേപ്പ് റികോര്‍ഡ് പറയുന്നതൊന്നും ശരിയല്ലേ?

അയാള്‍: എന്ത്?

നൈസാബ്: അല്ല; ഒരു ഏലസ്സ് നിങ്ങള്‍ ധരിച്ചാല്‍ നിങ്ങളുടെ എല്ലാ
ആഗ്രഹങ്ങളും സഫലമാകില്ലേ? അപ്പോള്‍ നിങ്ങള്‍ക്ക് റൂം വാടകക്കെടുക്കുകയോ കാറ്‌ വാങ്ങുകയോ എന്ത് വേണമെങ്കിലും ചെയ്യാമല്ലോ.
..........

പാവം ഏലസ്സ് കച്ചവടക്കാരന്‍! ഒരു പക്ഷെ ആദ്യമായിട്ടാകാം ഇത്തരം ​ഒരു ചോദ്യം അയാള്‍ നേരിടേണ്ടി വരുന്നത്. ഇത്കൊണ്ട് ഒരു ഫലവും ഉണ്ടാകില്ലെന്ന് അയാള്‍ക്ക് നന്നായറിയാമല്ലോ. എന്നാലും മറ്റൊരാളില്‍ നിന്ന് ആ ചോദ്യം കേള്‍ക്കാന്‍ അയാള്‍ ഇഷ്ടപ്പെടുകയില്ല. അത് നേരിടാനുള്ള ധാര്‍മ്മിക ബലം  അയാള്‍ക്കില്ലെന്നത് മാത്രമാണിതിന്ന് കാരണം.

നമ്മുടെ നാട്ടിലെ വിവിധ ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങളില്‍ നിത്യേന ഇത്തരം പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവ വിശ്വസിക്കാനും ഈയിനത്തില്‍ പണം ചെലവഴിക്കാനും ഇക്കാലത്തും ധാരാളം ആളുകളുണ്ട്; അല്‍ഭുതം തന്നെ! ശാസ്ത്രയുഗം, കമ്പൂട്ടര്‍ യുഗം, വിജ്ഞാനവിസ്‌ഫോടനത്തിന്റെ യുഗം എന്നൊക്കെ നമ്മുടെ കാലത്തെക്കുറിച്ച് നാം വീമ്പു പറയാറുണ്ടെങ്കിലും അതൊക്കെ വെറും പുറംപൂച്ച് മാത്രമാണെന്ന് ഈ തട്ടിപ്പുകാരുടെ വളര്‍ച്ച നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.

ഏത് പരീക്ഷയും നിഷ്പ്രയാസം ജയിക്കാം, ഏത് ജോലിയും കരസ്തമാക്കാം, പെട്ടെന്ന് പണക്കാരനാകാം, ഇഷ്ടപ്പെട്ട കല്യാണം കഴിക്കാം, ശത്രുവിനെ തോല്‍പ്പിക്കാം, പ്രശസ്തനാകാം, അധികാരം നേടാം .... എന്നിങ്ങനെ മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ കേള്‍കുമ്പോള്‍ ആളുകള്‍ വീണു പോകുന്നു. എല്ലാം ചുളുവില്‍ നേടണം എന്ന അതിമോഹം ബുദ്ധിയെയും  ചിന്താശേഷിയെയും വിവേകത്തെയും  മരവിപ്പിച്ചിരിക്കുന്നതിനാല്‍ നാലാം ക്ലാസുകാരന്റെ അത്ര പോലും  ബുദ്ധി ഉപയോഗിക്കാനവര്‍ക്ക് സാധിക്കുന്നില്ല. ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റിപ്പണിയുമ്പോള്‍ മാത്രമേ ഇത്തരം വിഡ്ഢിത്തങ്ങളില്‍  നിന്നെല്ലാം മനുഷ്യന്‍ മോചിതനാവുകയുള്ളു.

No comments:

Post a Comment