Friday, September 30, 2011

ലേവി വംശജനായ യേശു ക്രിസ്തു

ഇസ്‌ലാമും ക്രിസ്തുമതവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍  യുക്തിവാദികള്‍ കക്ഷികളല്ല. രണ്ട് പക്ഷവും അവര്‍ക്ക് ഒരുപോലെ ആകേണ്ടതാണ്‌. പക്ഷെ സംഭവിക്കുന്നത് അങ്ങനെയല്ല. യുക്തിവാദികള്‍ ക്രൈസ്തവ പക്ഷത്തോട് ചേര്‍ന്ന് നിന്ന് ഇസ്‌ലാമിനെ വിമര്‍ശിക്കുന്നു; അതിന്ന് വേണ്ടി ക്രിസ്തുമതത്തെയും ബൈബിളിനെയും ന്യായീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഉത്തരം മുട്ടുമ്പോള്‍ ക്രിസ്തുമതത്തെയും ബൈബിളിനെയും തള്ളിപ്പറയാന്‍ ഒരു മടിയും അവര്‍ കാണിക്കാറുമില്ല. മലയാളം ബ്ലോഗ് മേഖലയില്‍ ഇതിന്ന് നിരവധി ഉദാഹരണങ്ങള്‍ കാണാം. യുക്തിവാദി സംഘം സംസ്ഥാന നേതാവ് ഇ.എ. ജബ്ബാറും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ചില ബ്ലോഗര്‍മാരും ഈ ശൈലി പ്രാവര്‍ത്തികമാക്കുന്നവരാണ്‌. അവരെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിനെ വിമര്‍ശിക്കണം എന്നേയുള്ളു എന്ന് ഇത് വ്യക്തമാക്കുന്നു.

സ്വന്തം ബ്ലോഗില്‍ ജബ്ബാര്‍ എഴുതി: 

"*പൂര്‍വകാലസംഭവങ്ങള്‍ വിവരിക്കവെ ഗുരുതരമായ തെറ്റും ആശയക്കുഴ്പ്പവും സംഭവിച്ചിട്ടുണ്ട് കുര്‍ ആനില്‍. ബൈബിളിലെ കഥാപാത്രങ്ങള്‍ പോലും പരസ്പരം മാറിപ്പോയിട്ടുണ്ട്.
*അല്ലാഹുവിന്റെ തന്നെ വേദങ്ങളിലെ തെറ്റ് അല്ലാഹു ചൂണ്ടിക്കാണിച്ചുവെന്നോ? സര്‍വ്വശക്തനായ ദൈവത്തിനു തന്റെ വേദങ്ങള്‍ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നോ? അസംബന്ധം !"

ഇതിന്ന് ഞാന്‍ ഇങ്ങനെ മറുപടി നല്‍കി:
"ഉഗ്രന്‍ കണ്ടുപിടുത്തം തന്നെ!
ഖുര്‍ആനില്‍ പൂര്‍വ്വകാലചരിത്രം വിശദീകരിച്ചത് ബൈബിള്‍ കോപ്പിയടിച്ചുകൊണ്ടല്ല. ബൈബിളില്‍ കാണപ്പെടുന്നതില്‍ നിന്ന് വ്യത്യസ്തമായാണ്‌ ചില സംഭവങ്ങള്‍ ഖുര്‍ആന്‍ വിവരിച്ചിരിക്കുന്നത്.
ഒരു ചരിത്ര സംഭവം വിവരിക്കുന്നിടത്ത് ബൈബിളും ഖുര്‍ആനും തമ്മില്‍ വൈരുദ്ധ്യം കാണുമ്പോള്‍ ഒരു ബൈബിള്‍ വിശ്വാസി കരുതുക ബൈബിളില്‍ പറഞ്ഞത് ശരിയും ഖുര്‍ആന്‍ പറഞ്ഞത് തെറ്റുമാണെന്നായിരിക്കും. ഇവിടെ ഒന്ന് ശരിയാണെന്നും മറ്റേത് തെറ്റാണെന്നും അയാള്‍ കരുതുന്നതിന്ന് കാരണം അയാളുടെ വിശ്വാസമാണ്‌. ഈ വാദം ഏറ്റുപാടാന്‍ മി. ജബ്ബാര്‍ ബൈബിള്‍ വിശ്വാസിയാണോ? ഇല്ലെങ്കില്‍ ബൈബിള്‍ പറഞ്ഞത് ശരിയും ഖുര്‍ആന്‍ പറഞ്ഞത് തെറ്റുമാണെന്ന് പറയാന്‍ താങ്കളുടെ പക്കലുള്ള തെളിവെന്താണ്‌?
(ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ താങ്കള്‍ ആരെയാണ്‌ അവലംബിക്കുന്നത് എന്ന് ഇത് വ്യക്തമാകുന്നുണ്ട്.)"
...............

ഖുര്‍ആനിലെ തെറ്റും ബൈബിളിലെ ശരിയും ബോദ്ധ്യപ്പെടുത്താന്‍ വേണ്ടി ജബ്ബാര്‍ എഴുതിയ ഉദാഹരണം കാണുക: "ബൈബിളില്‍ കന്യാ മറിയം ഹെലിയുടെ പുത്രിയാണ്. കുര്‍ ആന്‍ ഇമ്രാന്റെ പുത്രിയെന്നും. ഇമ്രാന്‍ മൂസയുടെ പിതാവും ഹാറൂന്‍ മൂസയുടെ സഹോദരനുമാണ്. കുര്‍ ആന്‍ മറിയമിനെ ഹാറൂന്റെ സഹോദരി എന്നും വിശേഷിപ്പിക്കുന്നു. ബൈബിളനുസരിച്ച് മറിയം, മൂസ ഹാറൂന്‍ ഇമ്രാന്‍ എന്നിവരുടെ കാലത്തല്ല ജീവിച്ചിരുന്നത്. അവര്‍ തമ്മില്‍ 1600 വര്‍ഷത്തെ വ്യത്യാസമുണ്ട്."

എന്റെ മറുപടി : "കൊള്ളാം. കൊള്ളാം. അഞ്ജനമെന്തെന്ന് ഞാനറിയും അത് മഞ്ഞള്‌ പോലെ വെളുത്തിരിക്കും അല്ലേ മി. ജബ്ബാര്‍?

ഖുര്‍ആന്‍ തെറ്റാണെന്നും ബൈബിള്‍ ശരിയാണെന്നും തെളിയിക്കാന്‍ വേണ്ടി മി. ജബ്ബാര്‍ ഉന്നയിച്ച വാദം അത്യുഗ്രന്‍ തന്നെ. സംവാദ ചരിത്രത്തില്‍ തങ്ക ലിപികളാല്‍ ഇവ രേഖപ്പെടുത്തപെടണം. അല്ലാതിരുന്നാല്‍ യുക്തിവാദ സാഹിത്യ ശാഖയ്ക്ക് സംഭവിക്കുന്ന തീരാ നഷ്ടമായിരിക്കുമത്.

മുഹമ്മദ് നബിക്ക് എഴുത്തും വായനയും അറിയാത്തത് കൊണ്ട് അദ്ദേഹം ഒരു കൊല്ലപ്പണിക്കാരനെ സമീപിച്ച് ബൈബിള്‍ കഥകള്‍ കേട്ടു പഠിക്കുകയായിരുന്നു എന്നാണല്ലോ താങ്കളുടെ ആരോപണം. അതേ കൊല്ലന്‍ ഇന്നും ജീവിച്ചിരിപ്പുണ്ടെന്നാണ്‌ എനിക്ക് തോന്നുന്നത്. അയാളില്‍ നിന്നാണ്‌ മി.ജബ്ബാര്‍ ബൈബിള്‍ കേട്ടു പഠിച്ചുകൊണ്ടിരിക്കുന്നത്. എഴുത്തും വായനയും അറിയുന്ന താങ്കള്‍ക്കിത് വേണമായിരുന്നോ?

എന്തിനെക്കുറിച്ചാണ്‌ സംവാദം നടത്തേണ്ടതെന്ന് എനിക്കിപ്പോഴും വ്യക്തത കൈവന്നിട്ടില്ല; കാരണം മറിയം ഹേലിയുടെ പുത്രിയാണെന്ന് ബൈബിളില്‍ എവിടെയും പറഞ്ഞിട്ടില്ല. എന്നിരിക്കെ ബൈബിളില്‍ ഇല്ലാത്ത ഒരു കാര്യം ഉണ്ടെന്ന് സങ്കല്‍പ്പിച്ചാണോ ഞാന്‍ താങ്കളോട് സംവാദം നടത്തേണ്ടത്? ഇനി അങ്ങനെ ഉണ്ടെന്ന വാദം താങ്ക്ങ്കള്‍ക്കുണ്ടെങ്കില്‍ അതൊന്ന് കാണിച്ചു തരണം.

മറിയം ഹേലിയുടെ പുത്രിയാണെന്ന് ബൈബിളില്‍ എവിടെയാണ്‌ പറഞ്ഞത്? അതിന്‍റെ റഫറന്‍സ് ഒന്ന് കാണട്ടെ. ഇല്ല മി. ജബ്ബാര്‍, ഇനിയൊരു 14 ജന്‍മം കൂടി താങ്കള്‍ക്ക് കിട്ടിയാലും താങ്കള്‍ക്കതിന്‌ കഴിയില്ല.

ബൈബിള്‍ ആദ്യാവസാനം അരിച്ചു പെറുക്കിയാല്‍ കാണാന്‍ കഴിയുക മറിയം അഹറോന്‍റെ പുത്രി*യായിരുന്നു എന്നാണ്‌. (* എലിസബത്തിനെ പുത്രിയെന്ന് വിശേഷിപ്പിച്ച അതേ അര്‍ത്ഥത്തിലാണ്‌ ഇവിടെ മറിയമിനെയും അദ്ദേഹത്തിന്റെ പുത്രിയെന്ന് വിശേഷിപ്പിച്ചത്.added) താങ്കള്‍ എഴുതിയത് "കുര്‍ ആന്‍ മറിയമിനെ ഹാറൂന്റെ സഹോദരി എന്നും വിശേഷിപ്പിക്കുന്നു. " എന്നാണല്ലോ. അപ്പോള്‍ മറിയം അഹറോന്‍റെ പുത്രിയാണോ അതല്ല സഹോദരിയാണോ എന്നതിനെക്കുറിച്ചാണോ ഇനി നമ്മള്‍ സംവാദം നടത്തേണ്ടത്? ആണെങ്കില്‍ അത് പറയണം.

പക്ഷെ ഗുരുതരമായ ഒരു കുഴപ്പം വേറെയുമുണ്ടാല്ലോ മി. ജബ്ബാര്‍. താങ്കള്‍ എഴുതിയല്ലോ: "ബൈബിളനുസരിച്ച് മറിയം, മൂസ ഹാറൂന്‍ ഇമ്രാന്‍ എന്നിവരുടെ കാലത്തല്ല ജീവിച്ചിരുന്നത്. അവര്‍ തമ്മില്‍ 1600 വര്‍ഷത്തെ വ്യത്യാസമുണ്ട്" എന്ന്. അപ്പോള്‍ മറിയം അഹറോന്‍റെ പുത്രിയോ സഹോദരിയോ എന്ന് തീരുമാനിക്കപ്പെടുമ്പോള്‍ ഈ 1600 കൊല്ലത്തിന്‍റെ കുഴപ്പം രണ്ടിലും ഉണ്ടാവില്ലേ? അപ്പോള്‍ ഖുര്‍ആന്‍ തെറ്റും ബൈബിള്‍ ശരിയുമാണെന്ന് എങ്ങനെ പറയും? അങ്ങനെ പറയാന്‍ ന്യായമില്ലാതെ പോകുമല്ലോ. ഇനി രണ്ടും തെറ്റാണെന്നങ്ങ് തുറന്നു പറഞ്ഞാല്‍ താങ്കളുടെ സഹായികള്‍ക്കത് ഇഷ്ടപ്പെടാതെ പോകില്ലെ? എല്ലാം കൂടി പുലിവാല്‌ പിടിച്ച പോലെ ആയല്ലോ മി. ജബ്ബര്‍.

മൂസാ നബിയുടെ കാലത്താണ്‌ മറിയം ജീവിച്ചതെന്ന(?), മുഹമ്മദ് നബിയെ കൊല്ലപ്പണിക്കാരന്‍ പഠിപ്പിച്ച(?), അതേ പാഠം തന്നെ എങ്ങനെയോ ബൈബിളിലും കടന്നു കൂടിയോ? അതല്ല; ഇതേ കൊല്ലന്‍ തന്നെയാകുമോ ബൈബിള്‍ എഴുതിയതും? ചിരഞ്ജീവിയായ കൊല്ലന്‍!!"
......

ഇത്രയുമായപ്പോള്‍ അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് സഹായത്തിനെത്തി: "നമ്മുടെ വിഷയം കന്യാമറിയത്തിന്റെ അച്നര് അമ്മായാരു എന്നതല്ല.

വിഷയം "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അക്രമത്തിലൂടെയോ?"

എന്റെ മറുപടി : "വിഷയം മാറിയെന്ന് ഞാന്‍ കരുതുന്നില്ല. കാരണം, ഇസ്‌ലാം പ്രചരിച്ചത് അക്രമം മൂലമല്ല എന്ന് പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത് സമാധാനപരമായി ഇസ്‌ലാം പ്രചരിച്ചു എന്നാണല്ലോ. സമാധാനപരമായ പ്രചാരണത്തിലൂടെ എങ്ങനെ ഇസ്‌ലാമിന്ന് സ്വീകാര്യത ലഭിച്ചു എന്ന് വ്യക്തമാക്കേണ്ടതുണ്ടല്ലോ. അതിന്‍റെ ഭാഗമായാണ്‌ ഖുര്‍ആനിന്‍റെ അമാനുഷികത വിഷയമാക്കിയത്. പൂര്‍വ്വവേദങ്ങളുടെ തെറ്റ് ഖുര്‍ആന്‍ ചൂണ്ടിക്കാണിച്ചു എന്ന പോയന്‍റില്‍ നിന്നാണ്‌ മറിയമിന്‍റെ അച്ഛനമ്മാമാര്‍ ചര്‍ച്ചാ വിഷയമായത്. അക്രമത്തിനും ഭീഷണിക്കും വിധേയരാകാതെ തന്നെ ഖുര്‍ആനിന്‍റെ അമാഷികതക്ക് മുമ്പില്‍ മനുഷ്യന്‍ കീഴടങ്ങുന്നത് എങ്ങനെയെന്ന് ജബ്ബാരിന്ന് അദ്ദേഹത്തിന്‍റെ സ്വന്തം അനുഭവത്തിലൂടെ ബോധ്യപ്പെടുത്തിക്കൊടുക്കണമെന്നാണ്‌ ഞാന്‍ ഉദ്ദേശിക്കുനത്. ഈ ചര്‍ച്ച മുമ്പോട്ട് പോകുമ്പോള്‍, പക്ഷപാതിത്തം മനസ്സിനെ ബാധിച്ചിട്ടില്ലാത്ത എല്ലാവര്‍ക്കും അത് ബോധ്യം വരുക തന്നെ ചെയ്യും."
......

ഇതോടെ അബദ്ധം മനസ്സിലായ ജബ്ബാര്‍ സുഹൃത്തിന്റെ ഉപദേശം സ്വീകരിക്കുന്നത് കാണുക: "ബൈബിള്‍ ശരിയെന്നും കുര്‍ ആന്‍ തെറ്റെന്നും ഞാന്‍ പറഞ്ഞില്ല. ബൈബിളില്‍ കുര്‍ ആന്‍ പോലെത്തന്നെ വൈരുദ്ധ്യങ്ങളും അവ്യക്തതകളും ധാരാളമുണ്ട്. കന്യാമറിയത്തിന്റെ പിതാവ് ഹേലിയാണെന്നു വ്യാഖ്യാനമുണ്ട്. ഭര്‍ത്താവായ യോസഫിന്റെ പിതാവാണു ഹേലിയെന്നും പറയുന്നു. എന്തായാലും ഇമ്രാന്റെ പുത്രിയാകാന്‍ നിവൃത്തിയില്ല. കാരണം ഇമ്രാന്‍ മൂസയുടെ പിതാവാണ് ബൈബിള്‍ പ്രകാരം. ഹാറൂന്‍ മൂസയുടെ സഹോദരനായിരിക്കെ മറിയത്തെ കുര്‍ ആന്‍ ഹാറൂന്റെ സഹോദരീ എന്നു വിളിക്കുന്നതും ശരിയാവില്ല.
നബിയുടെ കാല്‍ത്തു തന്നെ ഈ തെറ്റ് ചിലര്‍ ചൂണ്ടിക്കാണിച്ചിരുന്നുവത്രേ. അപ്പോള്‍ അദ്ദേഹം വീണതു വിദ്യയെന്നോണം ചില വ്യാഖ്യാനങ്ങള്‍ പറഞ്ഞ് ഒപ്പിക്കുകയാണു ചെയ്തത്. സഹോദരി എന്നാല്‍ ആ വംശപരംബരയില്‍ പെട്ടവള്‍ എന്നാണുദ്ദേശ്യമെന്നോ മറ്റോ ആയിരുന്നു വിശദീകരണം.
ഇബ്രാഹിമിന്റെ പിതാവിന്റെ പേര്‍ ബൈബിള്‍ തെറ്റായി കൊടുത്തു എന്ന ആലിക്കോയയുടെ വാദം വിചിത്രമാണ്.
ഈ ചര്‍ച്ച ഇനി മുഖ്യ വിഷയത്തിലേക്കു തന്നെ തിരിച്ചു കൊണ്ടു വരേണ്ടതുണ്ട്."
...............

ഇവിടെ ഉദ്ധരിച്ചതുള്‍പ്പെടെ ചില കമന്റുകളിലായി വന്ന  ജബ്ബാറിന്‍റെ വാക്കുകള്‍ ചുരുക്കത്തില്‍:

1. "ബൈബിള്‍ ശരിയെന്നും കുര്‍ ആന്‍ തെറ്റെന്നും ഞാന്‍ പറഞ്ഞില്ല. "

2. " പൂര്‍വകാല'സംഭവ'ങ്ങള്‍ വിവരിക്കവെ ഗുരുതരമായ തെറ്റും ആശയക്കുഴ്പ്പവും സംഭവിച്ചിട്ടുണ്ട് കുര്‍ ആനില്‍. ബൈബിളിലെ കഥാപാത്രങ്ങള്‍ പോലും പരസ്പരം മാറിപ്പോയിട്ടുണ്ട്."

3. " ബൈബിളില്‍ കന്യാ മറിയം ഹെലിയുടെ പുത്രിയാണ്. കുര്‍ ആന്‍ ഇമ്രാന്റെ പുത്രിയെന്നും. ഇമ്രാന്‍ മൂസയുടെ പിതാവും ഹാറൂന്‍ മൂസയുടെ സഹോദരനുമാണ്. കുര്‍ ആന്‍ മറിയമിനെ ഹാറൂന്റെ സഹോദരി എന്നും വിശേഷിപ്പിക്കുന്നു. ബൈബിളനുസരിച്ച് മറിയം, മൂസ ഹാറൂന്‍ ഇമ്രാന്‍ എന്നിവരുടെ കാലത്തല്ല ജീവിച്ചിരുന്നത്. അവര്‍ തമ്മില്‍ 1600 വര്‍ഷത്തെ വ്യത്യാസമുണ്ട്."

4. " എന്നാല്‍ ആ പേര്‍ ബൈബിള്‍ തിരുത്തിയതാണെന്ന വാദം യുക്തിക്കു നിരക്കുന്നതോ? ബൈബിള്‍ എന്തിനു പേരു മാറ്റണം? ആര്‍ ഇതു തിരുത്തി? എപ്പോള്‍ തിരുത്തി? ഒരു പേരു തിരുത്തിയിട്ട് ആര്‍ക്ക് എന്തു കാര്യം ?"

5. " തൌഹീദ് സംബന്ധിച്ചോ ആരാധന സംബന്ധിച്ചോ ഒക്കെയുള്ള അടിസ്ഥാന ദര്‍ശനങ്ങളിലാണു വ്യത്യാസമെങ്കില്‍ അതു ബൈബിള്‍ തിരുത്തിയതു കൊണ്ടാണെന്നു പറയുന്നതില്‍ അല്‍പ്പമെങ്കിലും ന്യായവും യുക്തിയും കണ്ടെത്താം. എന്നാല്‍ കേവലം കഥാപാത്രങ്ങള്‍ മാറി മറിയുന്നതും പേരു വ്യത്യാസപ്പെടുന്നതുമൊക്കെ ബൈബിളിലെ തിരുത്താണെന്നു പറയണമെങ്കില്‍ അപാരമായ തൊലിക്കട്ടി വേണം. "

6. " ഇങ്ങനെയുള്ള വൈരുദ്ധ്യങ്ങള്‍ ബൈബിളിന്റെ കുഴപ്പം കൊണ്ടോ അതോ മുഹമ്മദിന്റെ ഓര്‍മ്മപ്പിശകു കൊണ്ടോ എന്നു സാമാന്യ യുക്തിയുള്ളവര്‍ തീരുമാനിക്കട്ടെ !"

7. " ബൈബിളാണാദ്യമുണ്ടായത്. അതിലെ കഥാപാത്രങ്ങളുടെ പേരും കാലവുമൊക്കെ മുഹമ്മദ് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പുനരാവിഷ്കരിച്ചപ്പോള്‍ കണ്‍ഫ്യൂഷന്‍ ഉണ്ടായി എന്നു വ്യക്തം."

8. " ഈ പേര്‍ ബൈബിള്‍ കഥകള്‍ കേട്ടു മനസ്സിലാക്കിയപ്പോള്‍ മുഹമ്മദിനു പറ്റിയ ഓര്‍മ്മത്തെറ്റാണെന്നു പറഞ്ഞാല്‍ അതു സാമാന്യ യുക്തിക്കു നിരക്കും."

9. " ബൈബിള്‍ കഥകളും മറ്റും സ്ഥിരമായി ഒരു ക്രിസ്ത്യന്‍ കൊല്ലപ്പണിക്കാരനില്‍നിന്നും മുഹമ്മദ് കേട്ടു മനസ്സിലാക്കാറുണ്ടായിരുന്നു. അയാള്‍ പറഞ്ഞു കൊടുത്തപ്പോള്‍ തെറ്റിയതുമാകാം!"

.................
ആദ്യവാചകം ഒരിക്കല്‍ കൂടി വായിക്കുക: "ബൈബിള്‍ ശരിയെന്നും കുര്‍ ആന്‍ തെറ്റെന്നും ഞാന്‍ പറഞ്ഞില്ല. "
.................

യേശു പിറന്നത് ലേവി വംശത്തിലാണെന്നതിന്റെ തെളിവ് ബൈബിളില്‍ തന്നെ കാണാന്‍ കഴിയും. അല്‍പ്പം വിശദീകരണത്തോടെ:

യാക്കോബിന്‌ 12 മക്കളുണ്ടായിരുന്നു. Reuben, Simeon, Levi, Judah, Dan, Naphtali, Gad, Asher, Issachar, Zebulun, Joseph and Benjamin എന്നിവര്‍. ഇതില്‍ ജൂദ (യഹൂദ) എന്ന മകന്‍റെ പരമ്പരയിലാണ്‌ യേശു ജനിച്ചത് എന്നാണ്‌ ബൈബിള്‍ പറയുന്നത്. എന്നാല്‍ ലേവിയുടെ പരമ്പരയില്‍ ജനിച്ചുവെന്ന് ഖുര്‍ആന്‍ പറയുന്നു.

ഒരു സംശയവും വേണ്ട; രണ്ടിലൊന്നേ ശരിയാവുകയുള്ളു. യേശുവിന്ന് പിതാവില്ലെന്ന് ബൈബിളും ഖുര്‍ആനും സമ്മതിക്കുന്ന സ്ഥിതിക്ക് ക്രിസ്തുവിന്ന് ഒരു വംശാവലിയേ ഉണ്ടാവുകയുള്ളു; മാതൃ വഴിക്കുള്ളത് മാത്രം. അപ്പോള്‍ മറിയം ഏത് വംശക്കാരിയാണോ ആ വനംശക്കാരനായിരിക്കും യേശുവും.

മത്തായി ഒന്നാം അദ്ധ്യായത്തിലും ലൂക്കോസ് മൂന്നാം അദ്ധ്യായത്തിലും യേശുവിന്‍റെ വംശാവലി വിവരിക്കുനുണ്ട്. (മത്തായിയും ലൂക്കോസും തമ്മില്‍ വൈരുദ്ധ്യമുണ്ട്. അതിരിക്കട്ടെ.) യേശുവിന്‍റെ അമ്മയുമായി വിവാഹം നിശ്ചയിക്കപ്പെട്ട ജോസഫിന്‍റെ വംശാവലിയാണിവ രണ്ടും. അതിനാല്‍ യേശുവിന്‍റെ വംശാവലിയായി ഇവ അംഗീകരിക്കാന്‍ കഴിയില്ല.

മറിയമിന്‍റെ അച്ഛനമ്മമാരുടെ പേര്‌ പോലും ബൈബിളില്‍ പറഞ്ഞിട്ടില്ല. മറിയം യഹൂദ വംശത്തിലാണ്‌ ജനിച്ചതെന്ന ഒരു വെറും പ്രസ്താവന പോലും ബൈബിളില്‍ ഇല്ല.

എന്നാല്‍ ഖുര്‍ആന്‍ പറഞ്ഞതിന്ന്, മറിയം ലേവി വംശക്കാരിയാണെന്നതിന്ന്,   ബൈബിളില്‍ തന്നെ തെളിവുണ്ട് താനും.

1. എലിസബത്ത് അഹറോന്‍റെ പുത്രിമാരില്‍ പെട്ടവളാണ്‌. (ലൂക്കോസ് 1:5)
2. എലിസബത്തിന്‍റെ കസിന്‍ ആണ്‌ മറിയം. (ലൂക്കോസ് 1:37)

എലിസബത്തിനെ അഹരോന്‍റെ പുത്രിമാരില്‍ പെട്ടവളെന്ന് പറഞ്ഞത് അഹരോന്‍റെ നേര്‍ക്കുനേര്‍ മകള്‍ എന്ന അര്‍ത്ഥത്തിലല്ല. ആ പരമ്പരയില്‍ പെട്ടവള്‍ എന്ന അര്‍ത്ഥത്തിലാണ്‌. (മറിയമിനെ ഇംറാന്‍റെ പുത്രിയെന്നും ഹാറൂന്‍റെ സഹോദരിയെന്നും ഖുര്‍ആന്‍ വിശേഷിപ്പിച്ചതും ഇതേ അര്‍ത്ഥത്തില്‍ തന്നെയാണ്‌.) അഹറോന്‍റെ പരമ്പര എന്നാല്‍ ലേവി പരമ്പര തന്നെ. ഈ എലിസബത്തിന്‍റെ കസിനാണ്‌ മറിയം എന്ന് പറഞ്ഞാല്‍ മറിയമും അഹരോന്‍ പരമ്പരയില്‍ പിറന്നവളാണ്‌ എന്ന് വ്യക്തം. അത് കൊണ്ട് യേശുവും ലേവി പരമ്പരയില്‍ പിറന്നവനാണ്‌. ബൈബിളിന്‍റെ സാക്‌ഷ്യം മൂലം തെളിയുന്നത് ഖുര്‍ആനിന്‍റെ പ്രസ്താവനയാണ്‌ ശരിയെന്നാണ്‌.

ചുരുക്കി പറഞ്ഞാല്‍, മനുഷ്യ കൃതിയായ ബൈബിളിലെ തെറ്റ് ദൈവവചനമായ ഖുര്‍ആന്‍ തിരുത്തുകയാണ്‌ ചെയ്യുന്നത്. ബൈബിള്‍ കഥകള്‍, മുഹമ്മദ് നബി കേട്ട് പഠിക്കുകയും എന്നിട്ട് ഖുര്‍ആനില്‍ ചേര്‍ക്കുകയാണ്‌ ചെയ്തിരുന്നതെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല എന്ന് തീര്‍ച്ചയാണല്ലോ.

എന്തിനാണവര്‍ ഇവിടെ തെറ്റ് എഴുതി വച്ചത് എന്ന് കൂടി പറയാം. യേശുവിനെ യഥാര്‍ത്ഥത്തില്‍ ദൈവം നിയോഗിച്ചതിനേക്കാള്‍ വലിയ പദവിയില്‍ ഇരുത്താന്‍, അദ്ദേഹത്തിന്‍റെ കാലശേഷം ക്രിസ്ത്യാനികള്‍ ഉദ്ദേശിച്ചു. അതിന്ന് ലേവി വംശജനായ ഒരു പ്രവാചകന്‍ പോരായിരുന്നു അവര്‍ക്ക്. മറിച്ച് യഹൂദ വംശജനായ പ്രവാചകനും രാജാവും ആകാന്‍ അര്‍ഹതയുള്ള ഒരാളെ വേണമായിരുന്നു. അപ്പോള്‍ പിന്നെ കൃത്രിമം കാണിക്കാതെന്ത്  ചെയ്യും?

ബൈബിളും ഖുര്‍ആനും താരതമ്യ പഠനം നടത്തിയ ക്രൈസ്തവ പണ്ഡിതന്‍മാരില്‍ പലരും, ഇത്തരം വസ്തുതകള്‍ മനസ്സിലാക്കിയ കാരണത്താല്‍, ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്. ഫാദര്‍ ബെഞ്ചമിന്‍ കെല്‍ദാനി (Prof. അബ്ദുല്‍ അഹദ് ദാവൂദ്) ഇക്കുട്ടത്തില്‍ ഒരാളാണ്‌. അദ്ദേഹം രചിച്ച 'മുഹമ്മദ് ബൈബിളില്‍' എന്ന കൃതി ബൈബിള്‍ ഖുര്‍ആന്‍ താരതമ്യ പഠനത്തിന്റെ മികച്ച ഉദാഹരണങ്ങളില്‍ ഒന്നാണ്.

ഇനി മൂസാ നബിയുടെ സഹോദരി മറിയമും ഈസാ നബിയുടെ മാതാവ് മറിയമും തമ്മില്‍ മുഹമ്മദ് നബിക്ക് മാറിപ്പോയിരുന്നോ എന്ന് നോക്കാം. ഒരു ഹദീസില്‍ ഇങ്ങനെ കാണാം.  മുഗീറഃ ബിന്‍ ശുഅ്‌ബഃ പറഞ്ഞു: ഞാന്‍ നജ്‌റാനില്‍ ചെന്നപ്പോള്‍ അവിടത്തുകാര്‍  എന്നോട് ചോദിച്ചു: ഈസാ മൂസായുടെ വളരെ കാലം മുമ്പുണ്ടായിരുന്ന ആളാണ്‌. എന്നിട്ടും നിങ്ങള്‍ (ഈസായുടെ മാതാവിനെക്കുറിച്ച്) ഖുര്‍ആനില്‍ يَا أُخْتَ هَارُونَ (ഹാറൂനിന്റെ സഹോദരീ) എന്ന് പാരായണം ചെയ്യാറില്ലേ?
ഞാന്‍ മദീനയില്‍ മടങ്ങിയെത്തിയ ശേഷം നബിയോട് ഇതിനെക്കുറിച്ചന്വേഷിച്ചു.  നബി പറഞ്ഞു: അവര്‍ തങ്ങളുടെ മുന്‍ഗാമികളായ പ്രവാകകന്‍മാരുടെയും മറ്റ് സജ്ജനങ്ങളുടെയും പേര്‌ പേരായി ഉപയോഗിക്കാറുണ്ടായിരുന്നു. (മുസ്‌ലിം 5721)

ഇതിന്നര്‍ത്ഥം രണ്ട് മറിയമും ഒന്നല്ലെന്ന് നബിക്കറിയാമായിരുന്നു എന്നാണല്ലോ. പിന്നെ ആരോപണം ഉന്നയിക്കുന്നതിന്റെ സാംഗത്യമെന്താണ്‌?

കെ.കെ. ആലിക്കോയ

3 comments:

  1. ഒന്ന് മൈക്ക് ടെസ്റ്റ് നടത്തിയതാണ്. ഇപ്പോള്‍ മനസ്സിലായി താന്കള്‍ ഇത്രയും 'ആധികാരികമായി' ഒരു ബ്ലോഗെഴുതി വിജയ ശ്രീലാളിതനായി പരിലസിക്കുന്നതിന്റെ കാരണം....
    മോഡറേഷനാല്‍ വിജയി ഭവ:.....

    ReplyDelete
  2. http://www.godandscience.org/apologetics/prophchr.html കുറച്ചു കൂടെ ബൈബിള്‍ പ്രവചനങ്ങള്‍ പിടിച്ചോളൂ...എല്ലാം യേശുക്രിസ്തുവിനെ കുറിച്ച് തന്നെയാണ്. പോളിച്ചടക്കിക്കോളൂ കഴിയുമെങ്കില്‍...

    ReplyDelete