Friday, September 30, 2011

ഇസ്‌ലാമിക ചരിത്രം: കൈപ്പും മധുരവും


(യുക്തിവാദിയായ ഇ.എ. ജബ്ബാറിന്‍റെ സംവാദം ബ്ലോഗില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട്, നേരത്തെ എഴുതിയ ചില കുറിപ്പുകളാണിവ. ഇതൊരു ചര്‍ച്ചാ വിഷയമാക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു.) 

ജബ്ബാര്‍ എഴുതി: 

1. 'ഇസ്ലാമിന്റെ ചരിത്രം ഇസ്ലാമിസ്റ്റുകള്‍ അവരുടെ മാത്രം വേര്‍ഷന്‍ ഉള്‍പ്പെടുത്തി രചിച്ചതാണ്. അതു നിഷ്പക്ഷമല്ല. മുഹമ്മദിനോടു ഏറ്റു മുട്ടിയ മക്കയിലെയോ മദീനയിലെയോ എതിര്‍ പക്ഷത്തിന്റെ നിലപാടുകള്‍ നമുക്ക് അറിയാന്‍ നിവൃത്തിയില്ല, മുഹമ്മദും കൂട്ടരും അവരോടു ചെയ്ത ക്രൂരതകളുടെ ചിത്രം ഇസ്ലാമിസ്റ്റുകളുടെ ചരിത്രത്തില്‍നിന്നു തന്നെ ഏറെക്കുറെ ലഭിക്കുന്നതിനാല്‍ കുറേയേറെ കാര്യങ്ങള്‍ വരികള്‍ക്കിടയില്‍നിന്നും ഊഹിച്ചെടുക്കാം. ഇതാണു ഞാന്‍ പറഞ്ഞത്.'

2. 'മദീനയിലെത്തിയ മുഹമ്മദ് മക്കന്‍ കച്ചവട സംഘങ്ങളെ കൊള്ള ചെയ്യുകയാണുണ്ടായതെന്ന് എല്ലാ ചരിത്രഗ്രന്ഥങ്ങളും മറയില്ലാതെ സമ്മതിക്കുന്നു. ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ പ്രധാനമായും എഴുതിയതും അക്കാര്യമാണ്. ആലിക്കോയ പോലും അതേ കുറിച്ചു മിണ്ടുന്നില്ല !!'

3. 'നിങ്ങളുടെ മതഗ്രന്ഥങ്ങള്‍ തന്നെയാണ് ആലിക്കോയാ നിങ്ങളെ കൊഞ്ഞനം കാട്ടുന്നത്. അവ നില നില്‍ക്കുന്ന കാലത്തോളം നിങ്ങള്‍ എന്തൊക്കെ കരണം മറിഞ്ഞാലും സത്യം തുറന്നു കാട്ടപ്പെടുക തന്നെ ചെയ്യും.'
..............

ആലിക്കോയ: അപ്പോള്‍ മുസ്‌ലിംകളെ വിമര്‍ശിക്കാന്‍ പറ്റുന്ന കാര്യങ്ങളും മുസ്‌ലിംകള്‍ രേഖപ്പെടുത്തിയ ഇസ്‌ലാമിക ചരിത്രത്തില്‍ തന്നെ ഉണ്ടെന്നര്‍ത്ഥം. രേഖപ്പെടുത്തുന്ന ചരിത്രം മുസ്‌ലിംകള്‍ക്ക് അനുകൂലമാകുമോ പ്രതികൂലമാകുമോ എന്ന ചിന്ത അത് രേഖപ്പെടുത്തിയവരെ സ്വാധീനിച്ചിരുന്നില്ലെന്ന് വ്യക്തം. സത്യസന്ധമായി സംഭവങ്ങള്‍ വിവരിക്കുകയായിരുന്നു അവര്‍ ചെയ്തത്. അല്ലായിരുന്നെവെങ്കില്‍ ഇസ്‌ലാമിന്‍റെ വിമര്‍ശകര്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയ ഒന്നും അതില്‍ ഉണ്ടാകുമായിരുന്നില്ല. എന്നിട്ടും ചരിത്രം പക്ഷപാതപരമായാണ്‌ രേഖപ്പെടുത്തിയത് എന്ന് പറയുന്നതെങ്ങനെ? സത്യ സന്ധമായാണ്‌ അവര്‍ ചരിത്രം രേഖപ്പെടുത്തിയത് എന്നതിന്ന് ഇതില്‍ പരം എന്ത് തെളിവാണ്‌ വേണ്ടത്? 

ജബ്ബാറിന്‍റെ മൂന്നാമത്തെ പ്രസ്താവന ഞാന്‍ അല്‍പം എഡിറ്റ് ചെയ്ത് പുനരവതരിപ്പിക്കുന്നു: 'നിങ്ങളുടെ മതഗ്രന്ഥങ്ങള്‍ .... നില നില്‍ക്കുന്ന കാലത്തോളം ... സത്യം തുറന്നു കാട്ടപ്പെടുക തന്നെ ചെയ്യും.'

ഇത് ഞങ്ങളും സമ്മതിക്കുന്നു. താങ്കള്‍ കൂടി ഇത് സമ്മതിച്ചാല്‍ നമ്മള്‍ തമ്മിലുള്ള പ്രശ്നം തീര്‍ന്നു.
........

അവിടെ ജബ്ബാറിനോട് ചോദിച്ചതും, എന്നാല്‍ അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയിട്ടില്ലാത്തതുമായ ചില ചോദ്യങ്ങള്‍. 


1. വിമര്‍ശകര്‍ക്ക് തെളിവാക്കാന്‍ പറ്റുന്ന ചില കാര്യങ്ങള്‍ മുസ്‌ലിംകള്‍ രചിച്ച ഇസ്‌ലാമിക ചരിത്ര ഗ്രന്‍ഥങ്ങളില്‍ കാണപ്പെടുന്നുണ്ടോ? 

2. ഇവ ഇസ്‌ലാമിക ചരിത്ര ഗ്രന്‍ഥങ്ങളില്‍ എങ്ങനെ കടന്ന് കൂടി? യുക്തിവാദികളോ മക്കാ മുശ്‌രിക്കുകളോ എഴുതിച്ചേര്‍ത്തതാണോ?

3, ചരിത്രത്തിന്‍റെ കൈപ്പും മധുരവും വേര്‍തിരിക്കണമെന്നും മധുരമുള്ളത് മാത്രം രേഖപ്പെടുത്തണമെന്നും ഇസ്‌ലാമിക ചരിത്രകാരന്‍മാര്‍ തീരുമാനിച്ചിരുന്നാതായും അതനുസരിച്ച് പ്രവര്‍ത്തിച്ചിരുന്നതായും തെളിയിക്കാമോ?

4. ലോക ചരിത്രം വിശദമായി എഴുതപ്പെട്ടിട്ടുണ്ടല്ലോ. എന്നിട്ടും അതില്‍ നിന്ന് ഇസ്‌ലാമിക ചരിത്രം മാത്രം എന്ത് കൊണ്ട് ഏകപക്ഷീയമായിപ്പോയി?

5. ഇസ്‌ലാമിന്‍റെ വിമര്‍ശകര്‍ക്ക് തെളിവാക്കാന്‍ പറ്റുന്ന കൈപ്പുള്ള ചില കാര്യങ്ങള്‍ ചരിത്ര ഗ്രന്‍ഥങ്ങളില്‍ കാണപ്പെടുന്നുണ്ടല്ലോ. ഇത്തരം കാര്യങ്ങളാണോ മധുരമുള്ള കാര്യങ്ങളോ ഏതാണ്‌ കൂടുതല്‍?

6. ഇസ്‌ലാമിക ചരിത്രത്തിലെ മധുരമുള്ള സംഭവങ്ങളില്‍ ഒന്നെങ്കിലും എന്ത് കൊണ്ടാണ്‌ താങ്കളുടെ ചര്‍ച്ചാ വിഷയമാകാത്തത്?

7. ഇസ്‌ലാമിക ചരിത്രത്തിലെ മധുരമുള്ള സംഭവങ്ങള്‍ ആരെങ്കിലും ഉന്നയിക്കുമ്പോള്‍ എന്ത്‌കൊണ്ടാണ്‌ താങ്കള്‍ ഒളിച്ചോടാന്‍ ശ്രമിക്കുന്നത്?

8. മധുരമുള്ള നൂറുക്കണക്കിന്‌ സംഭവങ്ങള്‍ക്കിടയില്‍ നിന്ന് കൈപ്പുള്ള, ഒറ്റപെട്ട, ചില സംഭവങ്ങള്‍ മാത്രം പൊക്കിയെടുത്ത് ഇസ്‌ലാമിക ചരിത്രം മൊത്തത്തില്‍ തന്നെ കൈപ്പുള്ളത് മാത്രമാണെന്ന് വാദിക്കാന്‍ താങ്കളെ പ്രേരിപ്പിക്കുന്നത് ഇസ്‌ലാം വിരോധം തന്നെയല്ലേ?

9. ഹിജ്‌റക്ക് മുന്നോടിയായി സംഭവിച്ച അഖബാ ഉടമ്പടിയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, ഹിജ്‌റയിലേക്ക് നയിച്ചതും മക്കക്കാരില്‍ നിന്ന് പ്രവാചകന്നും അനുയായികള്‍ക്കും ഉണ്ടായതുമായ കൈപ്പേറിയ നൂറുനൂറനുഭവങ്ങള്‍ താങ്കള്‍ കണ്ടില്ലെന്ന് നടിക്കുന്നതെന്തിന്‌?
............

ആലിക്കോയ: 6. ഇസ്‌ലാമിക ചരിത്രത്തിലെ മധുരമുള്ള സംഭവങ്ങളില്‍ ഒന്നെങ്കിലും എന്ത് കൊണ്ടാണ്‌ താങ്കളുടെ ചര്‍ച്ചാ വിഷയമാകാത്തത്?
--
ജബ്ബാര്‍: അതു ചര്‍ച്ച ചെയ്യാന്‍ നിങ്ങള്‍ കാക്കത്തൊള്ളായിരം പേരുണ്ടല്ലോ. നിങ്ങള്‍ തിരിച്ചൊന്നു ചിന്തിക്കൂ. എന്തേ കയ്പ്പുള്ള കാര്യങ്ങള്‍ നിങ്ങള്‍ തീര്‍ത്തും മറയ്ച്ചു വെയ്ക്കുന്നു? അതു കൊണ്ടു തന്നെ ഞാനും എന്നെപ്പോലുള്ളവരും മറുവശം തുറന്നു കാട്ടാന്‍ നിര്‍ബന്ധിതരാകുന്നു.
..........

ആലിക്കോയ: ഇസ്‌ലാമിക ചരിത്രത്തിലെ കൈപ്പുള്ള ഏത് കാര്യമാണ്‌ മുസ്‌ലിം ചരിത്രകാരന്‍മാര്‍ മറച്ച് വച്ചത്? അങ്ങനെ മറച്ച് വയ്‌ക്കപെട്ട വല്ലതും താങ്കള്‍ക്ക് കണ്ടു പിടിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ വേണ്ടി താങ്കളുപയോഗിക്കുന്ന സകല 'ചരിത്ര വസ്‌തുത'കളും ഇസ്‌ലാമിക ചരിത്ര കൃതികളിലുള്ളവ തന്നെയല്ലേ? ഖുര്‍ആനില്‍ പോലും പ്രവാചകനെയും അനുചരന്‍മാരെയും വിമര്‍ശിക്കുന്നതും ശാസിക്കുന്നതുമായ വചനങ്ങള്‍ ഉണ്ടല്ലോ. താങ്കള്‍ അത് ശ്രദ്ധിച്ചിട്ടില്ലേ? ഹദീസുകളിലും ഇത്തരം സംഭവങ്ങളുണ്ടല്ലോ. അതേ പോലെ ചരിത്ര കൃതികളിലും കാണാം. പിന്നെ ആര്‌ എന്ത് മറച്ചു വച്ചെന്നാണ്‌ താങ്കള്‍ പറയുന്നത്? അതിന്ന് എന്ത് തെളിവാണ്‌ ഉള്ളത്? തെളിവില്ലാത്ത കാര്യങ്ങള്‍ പറയുന്നതിന്നാണോ യുക്തിവാദം എന്ന് പറയുന്നത്?
അതേസമയം, താങ്കള്‍ ചെയ്യുന്നത് കൈപ്പുള്ളവ തുറന്നു കാട്ടുക മാത്രമല്ല; ഇസ്‌ലാമിക ചരിത്രം മൊത്തം തന്നെ കൈപ്പേറിയ സംഭവങ്ങള്‍ മാത്രമാണെന്ന് വാദിക്കുകയും, അതോടൊപ്പം ഇല്ലാത്ത ഒരു പാട് കാര്യങ്ങള്‍ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കുകയും, സകല നന്‍മകളെയും തമസ്‌കരിക്കുകയും ചെയ്യുന്നു. 'അങ്ങനെ ഊഹിക്കാം, ഇങ്ങനെ ഊഹിക്കാം' എന്നാണ്‌ താങ്കളുടെ കള്ള ന്യായം! ഇവിടെയാണ്‌ താങ്കള്‍ വിമര്‍ശിക്കപ്പെടുന്നത്. ഇതേപോലെ ഏകപക്ഷീയമായി ചരിത്രം കൈകാര്യം ചെയ്യുമ്പോള്‍ താങ്കളുടെ വിശ്വാസ്യത തകരുകയാണ്‌ ചെയ്യുന്നത്. പക്ഷെ, പ്രവാചക വിരോധത്താലും ഇസ്‌ലാം വിരോധത്താലും ആന്ധ്യം ബാധിച്ചതിനാല്‍ താങ്കള്‍ അത് കാണുന്നില്ലെന്ന് മാത്രം.
..........

ഇത്രയും ഭാഗം ജബ്ബാറിന്റെ ബ്ലോഗില്‍ നേരത്തെ എഴുതിയതാണ്‌. ഇവിടെ പുതുതായി ഒന്നും എഴുതുന്നില്ല. കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ചക്കിടയില്‍ പറയാം എന്ന് കരുതുന്നു.

കെ.കെ. ആലിക്കോയ

No comments:

Post a Comment