Wednesday, August 22, 2012

മാസപ്പിറവി: ഇമാം ശഫിഈയും അലി മണിക്‌ഫാനും



കെ.കെ. ആലിക്കോയ

മാസപ്പിറവി സംബന്ധിച്ച് ഇമാം ശഫിഈയുടെ വീക്ഷണം വളരെ വ്യക്തമാണ്‌.

وقال رسول اللَّهِ صلى اللَّهُ عليه وسلم لَا تَصُومُوا حتى تَرَوْهُ وَلَا تُفْطِرُوا حتى تَرَوْهُ يَعْنِي الْهِلَالَ فَإِنْ غُمَّ عَلَيْكُمْ فَأَكْمِلُوا الْعِدَّةَ ثَلَاثِينَ  ( قال الشَّافِعِيُّ ) وإذا صَامَ الناس شَهْرَ رَمَضَانَ بِرُؤْيَةٍ أو شَاهِدَيْنِ عَدْلَيْنِ على رُؤْيَةٍ ثُمَّ صَامُوا ثَلَاثِينَ يَوْمًا ثُمَّ غُمَّ عليهم الْهِلَالُ أَفْطَرُوا ولم يُرِيدُوا شُهُودًا ( قال  وَإِنْ صَامُوا تِسْعًا وَعِشْرِينَ يَوْمًا ثُمَّ غُمَّ عليهم لم يَكُنْ لهم أَنْ يُفْطِرُوا حتى يُكْمِلُوا ثَلَاثِينَ أو يَشْهَدَ شَاهِدَانِ عَدْلَانِ بِرُؤْيَتِهِ لَيْلَةَ ثَلَاثِينَ
(كتاب الأم 1:263)

''ഹിലാലിനെ ഉദ്ദേശിച്ചുകൊണ്ട് നബി (സ) പറഞ്ഞു: അത് കാണുംവരെ നിങ്ങള്‍ നോമ്പനുഷ്ഠിക്കരുത്; അത് കാണുംവരെ നിങ്ങള്‍ നോമ്പവസാനിപ്പിക്കുകയുമരുത്. നിങ്ങള്‍ക്ക് മേഘം മറയായാല്‍ മുപ്പത് പൂര്‍ത്തിയാക്കണം. (ശഫിഈ പറഞ്ഞു:) ചന്ദ്രക്കല കണ്ടതിന്റെ അടിസ്ഥാനത്തിലോ നീതിമാന്മാരായ രണ്ടു സാക്ഷികളുടെ കാഴ്‌ചയെക്കുറിച്ചുള്ള സാക്‌ഷ്യത്തിന്റെ അടിസ്ഥാനത്തിലോ ജനങ്ങള്‍ നോമ്പനുഷ്‌ഠിക്കുകയും അവര്‍ 30 പൂര്‍ത്തീകരിക്കുകയും അന്ന് ആകാശം മേഘാവൃതമാവുകയും ചെയ്‌താല്‍ ഹിലാല്‍ കാണാതെ തന്നെ അവര്‍ര്‍ക്ക് നോമ്പ് അവസാനിപ്പിക്കാവുന്നതാണ്‌. അദ്ദേഹം തുടരുന്നു: ജനങ്ങള്‍ 29 ദിവസം നോമ്പ് നോല്‍ക്കുകയും എന്നിട്ട് മേഘം മറയാവുകയും ചെയ്‌താല്‍ മുപ്പത് പൂര്‍ത്തിയാക്കുകയോ നീതിമാന്മാരായ രണ്ടു പേര്‍ മുപ്പതാം രാവില്‍ ദര്‍ശനത്തിന്‌ സാക്‌ഷ്യം വഹിക്കുകയോ ചെയ്യുന്നതു വരെ അവര്‍ നോമ്പ് അവസാനിപ്പിക്കാവതല്ല." (കിതാബുല്‍ ഉമ്മ്‌ ​1:263)


ഇതാണ്‌ മാസപ്പിറവി സംബന്ധിച്ചുള്ള ഇമാമിന്റെ വീക്ഷണം. ഈ പ്രസ്താവനയിലെ 'മുപ്പതാം രാത്രി' എന്ന പ്രയോഗം ഊന്നല്‍ കൊടുത്ത് മനസ്സിലാക്കണം. 29 ആം നോമ്പ് തുറന്ന(തിനു ശേഷമുള്ള) രാത്രിയെയാണല്ലോ മുപ്പതാം രാത്രി എന്ന് വിളിച്ചത്. അപ്പോള്‍ ദിവസത്തിന്റെ തുടക്കം സന്ധ്യ മുതലാണെന്നതാണ്‌ ഇസ്‌ലാമിക സങ്കല്‍പ്പമെന്ന് ഇമാം ശാഫിഈയും അംഗീകരിക്കുന്നുണ്ട് എന്നും കാണാവുന്നതാണ്‌.

മാസപ്പിറവി വിഷയത്തിലുള്ള ഇമാമിന്റെ വീക്ഷണം മേല്‍ പറഞ്ഞതാണ്‌. എന്നാല്‍ മറ്റൊരു വിഷയത്തെക്കുറിച്ച് ഇമാം നടത്തിയ ഒരു പ്രസ്താവന വളച്ചൊടിച്ച് തന്റെ വാദത്തിനു തെളിവുണ്ടാക്കാന്‍ മണിക്‌ഫാന്‍ നടത്തുന്ന ഹീനമായ ശ്രമം കാണുക: "കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളിലെ കലണ്ടറുകള്‍ നാം പരിശോധിച്ചു. ഇസ്‌ലാമിക കലണ്ടറുകള്‍ പല സ്ഥലങ്ങളിലും ഉണ്ടാക്കപ്പെടുന്നത് ഖുര്‍ആന്റെയും ഹദീസിന്റെയും തത്വങ്ങള്‍ പ്രകാരമല്ല. അവരവരുടെ രാജ്യത്തുണ്ടാകുന്ന പിറവി ദര്‍ശനമനുസരിച്ച കണക്കാണ്‌ ഇവര്‍ കൂട്ടുന്നത്. പിറവി കാണല്‍ തന്നെയാണ്‌ മാസത്തിന്റെ മാനദണ്ഡം എന്ന തെറ്റിദ്ധാരണയാണ്‌ ഇതിന്നു കാരണം. ശാഫിഈ ഇമാം (റ)യുടെ പ്രഖ്യാപനം ചിന്തിച്ചു മനസ്സിലാക്കിയിരുന്നുവെങ്കില്‍ ഈ അബദ്ധം പറ്റുകയില്ലായിരുന്നു. ഫത്‌ഹുല്‍ ബാരിയില്‍ അദ്ദേഹത്തിന്റെ പ്രഖ്യാപനം രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്‌. 'സൂര്യഗ്രഹണവും പെരുന്നാളും ഒരുമിച്ച് വരുന്നത് സഹജമാണ്‌. ' ഇതിന്റെ അര്‍ത്ഥം അമാവാസിദിവസം തന്നെ ചിലപ്പോള്‍ ഒന്നാം തിയ്യതിയാകാം എന്നതാണ്‌. മക്കയും മദീനയും പൂജ്യം ഡിഗ്രിക്ക് മൂന്നു മണിക്കൂര്‍ കിഴക്കാണ്‌ കിടക്കുന്നത്. ചിലപ്പോള്‍ അവിടെയും ഇത് സംഭവിക്കാന്‍ സാദ്ധ്യതയുണ്ട്. എന്നാല്‍ മക്കയില്‍ നിന്ന് വളരെ കിഴക്കുള്ള രാജ്യങ്ങളില്‍ ഇതു മിക്കപ്പോഴും സംഭവിക്കും. (അതായത് വാവിന്റെ ദിവസം തന്നെ അവര്‍ക്ക് ഒന്നാം തിയ്യതിയാകും.) (പേജ് 47 ചന്ദ്രമാസപ്പിറവി)

ശാഫിഈ ഇമാമിന്റെ ഈ അഭിപ്രായം ഫത്‌ഹുല്‍ ബാരിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നറിയില്ല. അഥവാ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ കിതാബുല്‍ ഉമ്മില്‍ ഇപ്രകാരം കാണാം:
  قال الشَّافِعِيُّ ) وَإِنْ كَسَفَتْ الشَّمْسُ يوم جُمُعَةٍ وَوَافَقَ ذلك يوم الْفِطْرِ بَدَأَ بِصَلَاةِ الْعِيدِ ثُمَّ صلى الْكُسُوفَ
 إنْ لم تَنْجَلِ الشَّمْسُ قبل أَنْ يَدْخُلَ في الصَّلَاةِ ( قال ) وإذا كَسَفَتْ الشَّمْسُ وَالْإِمَامُ في صَلَاةِ الْعِيدِ أو بَعْدَهُ قبل أَنْ يَخْطُبَ صلى صَلَاةَ الْكُسُوفِ ثُمَّ خَطَبَ لِلْعِيدِ وَالْكُسُوفِ مَعًا خُطْبَتَيْنِ يَجْمَعُ الْكَلَامَ لِلْكُسُوفِ وَلِلْعِيدِ فِيهِمَا
(الأم 1:239)

ശാഫിഈ പറഞ്ഞു: ഈദുല്‍ ഫിത്വ്‌റും വെള്ളിയാഴ്‌ചയും ഒത്തുവന്ന ഒരു ദിവസം സൂര്യഗ്രഹണം സംഭവിച്ചാല്‍ ആദ്യം പെരുന്നാള്‍ നമസ്‌ക്കാരവും, അതിനകം സൂര്യന്‍ വെളിവായില്ലെങ്കില്‍ ശേഷം ഗ്രഹണ നമസ്‌ക്കാരവും നിര്‍വഹിക്കണം. ഇമാം പെരുന്നാള്‍ നമസ്‌ക്കരിച്ചുകൊണ്ടിരിക്കെ അല്ലെങ്കില്‍ നമസ്‌ക്കാരശേഷം ഖുത്‌ബ തുടങ്ങും മുമ്പ് ഗ്രഹണം സംഭവിച്ചാല്‍ ഗ്രഹണനമസ്‌ക്കാരം നിര്‍വഹിച്ച ശേഷം പെരുന്നാളിനും ഗ്രഹണത്തിനുമായി രണ്ടു ഖുതുബകള്‍ ഒരുമിച്ച് നിര്‍വഹിക്കണം. അതില്‍ പെരുന്നാളും ഗ്രഹണവുമായി ബന്ധപ്പെട്ട സംസാരം ഉണ്ടാകണം." ( അല്‍ ഉമ്മ്‌ ​1/239)

വാവ് കഴിയും മുമ്പ് പെരുന്നാളാഘോഷം നടക്കാനിടയുണ്ടെന്നും പെരുന്നാളാഘോഷം നടക്കുന്നതിനിടയില്‍ ഗ്രഹണം സംഭവിക്കാനിടയുണ്ടെന്നും ഉള്ളതിന്റെ തെളിവായാണല്ലോ മണിക്‌ഫാന്‍ ഇതുദ്ധരിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ സ്വന്തം വാക്കുകള്‍ കാണുക: ''സൂര്യഗ്രഹണത്തിനു ശേഷം പിറവി ജനിക്കും. പിറവി ജനിച്ചതോടെ മാസം മാറുന്നു എന്നാണ്‌ ഖുര്‍ആന്‍ പഠിപ്പിക്കുന്നതും." (പേജ് 46 ചന്ദ്രമാസപ്പിറവി)

മാസം ആരംഭിക്കണമെങ്കില്‍ ഹിലാല്‍ കാണല്‍ നിര്‍ബന്ധമാണെന്ന വാദക്കാരനാണല്ലോ ഇമാം ശാഫിഈ. അദ്ദേഹത്തിന്റെ വാക്കുകളാണല്ലോ മണിക്‌ഫാന്‍ ഉദ്ധരിച്ചിട്ടുള്ളത്. അമാവാസി കഴിഞ്ഞതിനു ശേഷമേ ഹിലാല്‍ കാണുകയുള്ളു എന്നത് എല്ലാവര്‍ക്കുമറിയാവുന്ന വളരെ ലളിതമായ ഒരു സത്യമാണ്‌; അതുപോലെത്തന്നെയാണ്‌, അമാവാസിയില്‍ മാത്രമേ സൂര്യഗ്രഹണം ഉണ്ടാവുകയുള്ളു എന്നതും. എന്നിരിക്കെ പെരുന്നാള്‍ ദിവസം, അതായത് ഒന്നാം തിയ്യതി, എങ്ങനെയാണ്‌ സൂര്യഗ്രഹണം സംഭവിക്കുക?
അപ്പോള്‍ ഇമാമിന്റെ പ്രസ്‌താവനയോ?
സൂര്യഗ്രഹണം സംഭവിക്കുന്ന കൃത്യസമയത്തെക്കുറിച്ച് ഇമാമിന്‌ വ്യക്തമായ ധാരണയുണ്ടായിരുന്നില്ല എന്നേ ഇതില്‍ നിന്ന് അനുമാനിക്കാന്‍ കഴിയുകയുള്ളു. അഥവാ മേല്‍ ഉദ്ധരണി മണിക്‌ഫാന്‍ വാദത്തിന്‌ അനുകൂലമായ തെളിവല്ല; മറിച്ച്, ഇമാം ശാഫിഈക്ക് അല്ലെങ്കില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ രേഖപ്പെടുത്തുയവര്‍ക്ക്  ഒരബദ്ധം സംഭവിച്ചിരിക്കുന്നു എന്നതിന്റെ മാത്രം തെളിവാണ്‌. അതു പോലും തന്റെ വാദത്തിന്നനുകൂലമായ തെളിവാക്കി മാറ്റാനുള്ള വ്യഗ്രത അപാരം തന്നെ.


സന്ദര്‍ശിക്കുക:



2 comments:

  1. very good article to prove your knowledge in astronomy and level of thinking. So please try to spread this as much as you can.

    ReplyDelete
  2. സൂര്യനെ ചൂറ്റുന്ന ഭൂമിയും ഭൂമിയെ ചുറ്റുന്ന ചന്ദ്രനും ഇവ മൂന്നും ഏതാണ്ട് ഒരു നേര്‍രേഖയില്‍ വരുന്ന രണ്ട് ഘട്ടങ്ങളുണ്ട്, ഒരു മാസത്തില്‍.
    ഒന്ന്: സൂര്യനും ഭൂമിയും രണ്ട് അറ്റത്തും ചന്ദ്രന്‍ മദ്ധ്യത്തിലും വരുന്ന ഘട്ടം. ഇതിനാണ്‌ അമാവാസി എന്ന് പറയുന്നത്. സൂര്യഗ്രഹണം സംഭവിക്കാന്‍ സാദ്ധ്യത്യുള്ള ഘട്ടമാണിത്.
    രണ്ട്: സൂര്യനും ചന്ദ്രനും രണ്ട് അറ്റത്തും ഭൂമി മദ്ധ്യത്തിലും വരുന്ന ഘട്ടം. ഇതിനെയാണ്‌ പൌര്‍ണ്ണമി എന്ന് വിളിക്കുന്നത്. ചന്ദ്രഗ്രഹണം നടക്കാന്‍ സാദ്ധ്യതയുള്ള ഘട്ടമാണിത്.

    ചന്ദ്രന്‌ ഒരു മാസത്തില്‍ 30 തിഥികളാണുള്ളത്.
    അമാവാസി, പൌര്‍ണ്ണമി ഇവ രണ്ടും ചന്ദ്രന്റെ 30 തിഥികളില്‍ രണ്ടെണ്ണമാണ്‌. കൃഷ്ണപക്ഷത്തിലെയും ശുക്ലപക്ഷത്തിലെയും അവസാന തിഥികള്‍ക്കാണ്‌ യഥാക്രമം അമാവാസി എന്നും പൊര്‍ണ്ണമി എന്നും പറയുന്നത്. ഇവ ഓരോന്നിനും ഒരു ദിവസത്തോളം ദൈര്‍ഘ്യം വരും.

    ഈ രണ്ട് ഘട്ടങ്ങളിലും ഇവ മൂന്നും പൂര്‍ണ്ണമായും ഒരു നേര്‍രേഖയില്‍ വരുന്നത്, ചില മാസങ്ങളില്‍ മാത്രമാണ്‌. അപ്പോഴാണ്‌ ഗ്രഹണം സംഭവിക്കുക.

    ReplyDelete