Saturday, August 18, 2012

സി.എന്‍. അഹ്‌മദ് മൗലവി

കെ.കെ. ആലിക്കോയ


മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കിലെ (ആദ്യ കാലത്തെ മധ്യ ഏറനാട്) വേങ്ങര പഞ്ചായത്തിലെ ചേറൂരിലാണ്‌ സി.എന്‍. അഹ്‌മദ് മൗലവിയുടെ ജനനം, 1905 ല്‍. പിതാവ്: നത്താന്‍കോടന്‍ ഹസ്സന്‍കുട്ടി. മാതാവ്: അഴുവത്ത് ഖദീജ (കൊളപ്പുറം/ അബ്‌ദുറഹിമാന്‍ നഗര്‍ പഞ്ചായത്ത്). ഏഴാം വയസ്സിലാണ്‌ സ്കൂളില്‍ ചേര്‍ത്തത്. അന്ന് പിതാവ് രോഗിയായിരുന്നു. അധികം താമസിച്ചില്ല, പിതാവ് മരണപ്പെട്ടു. സി.എന്‍. മൂന്നാം ക്ലാസ് വരെ പഠിച്ചു; അപ്പോഴേക്ക് ആ സ്കൂള്‍, അതിന്റെ ഭാരവാഹികള്‍ തന്നെ സ്തംഭിപ്പിച്ചു. പുനഃസ്ഥാപിക്കാന്‍ പല തവണ പലരും ശ്രമിച്ചെങ്കിലും നടന്നില്ല.

പിന്നീട് അദ്ദേഹം പഠിച്ചത് പാരമ്പര്യ രീതിയില്‍ മതപഠനം നടത്തുന്ന, കരുവാരക്കുണ്ടിലെ വലിയ ദര്‍സിലാണ്‌. ജ്യേഷ്ഠന്‍ കുഞ്ഞാലന്‍ മുസ്‌ലിയാരായിരുന്നു അദ്ധ്യാപകന്‍ (മുദര്‍രിസ്). നാലു വര്‍ഷം (1916-1620) അവിടെ തുടര്‍ന്നു. ഇക്കാലത്ത് അറബി വ്യാകരണം നന്നായി പഠിച്ചു. വിപുലമായ തോതില്‍ ആടു വളര്‍ത്തി കുടുംബം പുലര്‍ത്തുന്നവനായി 16 ആം വയസ്സില്‍. എന്നാല്‍ 1921 ലെ മലബാര്‍ കലാപം ഇതിനന്ത്യം കുറിച്ചു. അന്ന് ചീറിപ്പായുന്ന വെടിയുണ്ടകള്‍ക്കിടയില്‍ സ്വന്തം ജീവന്‍ നിലനിറുത്തുന്നതുപോലും ഏറെ ദുഷ്‌ക്കരമായിരുന്നു. അതോടെ വീടു വിട്ട് മലമ്പ്രദേശങ്ങളില്‍ താമസമാക്കേണ്ടിവന്നു. കലാപമൊടുങ്ങി വീട്ടില്‍ തിരിച്ചെത്തിയശേഷം അല്‍പ്പകാലം കൃഷിപ്പണി ചെയ്‌തു ഉപജീവനമാര്‍ഗ്ഗം കണ്ടെത്തി. ശേഷം കരുവാരക്കുണ്ട് വലിയ ദര്‍സില്‍ വീണ്ടും ചേര്‍ന്നു. അന്നവിടെ കാട്ടുകണ്ടന്‍ കുഞ്ഞഹമ്മദ് മുസ്‌ലിയാരായിരുന്നു മുദര്‍രിസ്.

പിന്നീട് മദ്രാസ് ജമാലിയ കോളേജില്‍ പഠിച്ചു. അക്കാലത്ത് മൌലാനാ അബുല്‍കലാം ആസാദ്, ഡോ. ഇഖ്‌ബാല്‍, സയ്യിദ് സുലൈമാന്‍ നദ്‌വി, മര്‍മഡ്യൂക് പിക്‌ത്താള്‍ തുടങ്ങി പല പണ്ഡിതന്മാരെയും കാണാനും അവരുടെ പ്രഭാഷണങ്ങള്‍ ശ്രവിക്കാനും അവസരം ലഭിച്ചു. ഇത് മൌലവിയെ പില്‌ക്കാലത്ത് ഒരു പുരോഗമനവാദിയാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അക്കാലത്ത് അവിടെ വെച്ച് മുഹമ്മദ് അബ്‌ദുറഹിമാന്‍ സാഹിബിനെ കണ്ടതും അതുമൂലം കോണ്‍ഗ്രസിനോട് അനുഭാവം തോന്നിയതും അദ്ദേഹം വലിയ പ്രധാന്യത്തോടെ തന്റെ ആത്‌മകഥയില്‍ കുറിച്ചിട്ടുണ്ട്.

ഇതിനിടയില്‍ രസകരമായ ഒരു സംഭവമുണ്ടായി. ജമാലിയ്യ കോളേജിന്റെ മാനേജിങ് ട്രസ്റ്റി ഒരു പുരോഗമനവാദിയായിരുന്നു. അതോടൊപ്പം കോളേജിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അങ്ങനെയാകണമെന്ന നിര്‍ബന്ധവും അദ്ദേഹത്തിനുണ്ടയിരുന്നു. അദ്ധ്യാപകരിലെയും വിദ്യാര്‍ത്ഥികളിലെയും പുരോഗമനവാദികളെ കണ്ടെത്തുന്നതിന്നായി അവിടെ ഒരു പരീക്ഷ നടത്തി. 25 ചോദ്യങ്ങളാണ്‌ ഉണ്ടായിരുന്നത്‍. അന്ന് തന്റെ മനസ്സില്‍ നിന്ന് പഴഞ്ചനാശയങ്ങള്‍ പുറത്ത് പോയിട്ടില്ലാത്തതിനാല്‍ തല കുത്തനെയുള്ള ഉത്തരങ്ങളാണ്‌ എല്ലാ ചോദ്യത്തിനും എഴുതിയതെന്ന് മൌലവി ആത്മകഥയില്‍ കുറിച്ചിരിക്കുന്നു; അതോടെ അവിടെ നിന്ന് പുറത്തായി(1926).

നേരെ പൂനയിലേക്ക് പോയി. അവിടെ പരിഷ്‌കൃത സ്വഭാവത്തിലുള്ള ഒരു കോളേജുണ്ടെന്ന് കേട്ടിട്ടാണ്‌ അങ്ങോട്ട് പോയിരുന്നത്; പക്ഷേ, അതൊരു മദ്‌റസയായിരുന്നു, അതിനാല്‍ അവിടെ ചേരാന്‍ സാധിച്ചില്ല. പിന്നെ പോയത് ബോംബെയിലേക്കാണ്‌. അവിടെ കല്യാണ്‍ വലിയ ജുമാ മസ്‌ജിദില്‍ ഇമാമായി ജോലി ചെയ്യുന്ന കെ.ടി ഇബ്‌റാഹീം മൌലവിയുമായി കണ്ടുമുട്ടി. ഒരു വര്‍ഷം അദ്ദേഹത്തിന്റെ കൂടെ താമസിച്ച് പഠിച്ചു. ജീവിക്കാനുള്ള വരുമാനം ജോലി ചെയ്‌തു കണ്ടെത്തുകയായിരുന്നു. 1928 ല്‍ വെല്ലൂര്‍ ബാഖിയാത്തുസ്സാലിഹാത്തില്‍ ചേര്‍ന്നു. 1930 ല്‍ മൌലവി ഫാദില്‍ ബാഖവി (MFB) ബിരുദം കരസ്‌തമാക്കി. ബാഖിയാത്തിലെ പഠനത്തിനിടെ തന്നെ അഫ്‌ദലുല്‍ ഉലമയുടെ പരീക്ഷക്കാവശ്യമായ ഗ്രന്‍ഥങ്ങള്‍ സ്വയം പഠിക്കുന്നുണ്ടായിരുന്നു. അങ്ങനെ 1931 ല്‍ മദ്രാസ് യൂനിവേഴ്‌സിറ്റിയുടെ അഫ്‌ദലുല്‍ ഉലമാ പരിക്ഷയും പാസായി.

മാസങ്ങള്‍ക്കകം മലപ്പുറം ട്രെയ്നിങ്ങ് സ്കൂളില്‍ റിലീജ്യസ് ഇന്‍സ്ട്രക്‌ടറായി ജോലി കിട്ടി. 1936 ല്‍ മലപ്പുറം മുസ്‌ലിം ഹൈസ്‌ക്കൂള്‍ തുറന്നു. പിന്നെ അവിടെയാണ്‌ ജോലി ചെയ്‌തിരുന്നത്. 1944-ല്‍ ഈ ജോലി വിടാന്‍ തീരുമാനിച്ചു. പ്രധാനാധ്യാപകന്‍ സി.ഒ.ടി കുഞ്ഞിപ്പക്കി സാഹിബിന്റെ നിര്‍ദ്ദേശമനുസരിച്ച് രാജിക്ക് പകരം അഞ്ചു വര്‍ഷത്തേക്കൂള്ള ലീവിനാണ്‌ അപേക്ഷിച്ചത്. എന്നാല്‍ പിന്നീട് ആ ജോലിയില്‍ തിരിച്ചു പ്രവേശിച്ചിട്ടില്ല.

ജോലി വിട്ടതിന്നു ശേഷം ഊട്ടിയിലും വെല്ലൂരിലും കച്ചവടം ചെയ്‌തു. ഒന്നും വിജയിച്ചില്ല. പിന്നീട് കരുവാരക്കുണ്ടില്‍ തുണിക്കച്ചവടം നടത്തി; അതും പരാജയപ്പെട്ടു. ശേഷം കൃഷിയിലേക്ക് തിരിഞ്ഞു; മഹാഭാഗ്യമെന്നേ പറയേണ്ടൂ, അതും തകര്‍ന്നു. ആ ഘട്ടത്തിലാണ്‌ കരുവാരക്കുണ്ടില്‍ നിന്ന് 'അന്‍സാരി; മാസിക പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. ഇതോടു കൂടിയാണ്‌  പരിഷ്‌ക്കര്‍ത്താവായ സി.എന്‍ ജനിക്കുന്നത്. 1949 ഡിസംബറില്‍ മാസികയുടെ ആദ്യലക്കം പുറത്തിറങ്ങി. 14 ലക്കം ഇറങ്ങിയ ശേഷം അതും നിന്നുപോയി.

അന്‍സാരിയിലെ ഖുര്‍ആന്‍ പംക്തി വലിയ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പെരുമ്പാവൂരിലെ മജീദ് മരൈക്കാര്‍ സാഹിബ് മൌലവിയെ കാണുകയും മലയാളത്തില്‍ ഒരു ഖുര്‍ആന്‍ പരിഭാഷ തയ്യാറാക്കാന്‍ ആവശ്യപ്പെടുകയും സാമ്പത്തിക സഹായം വാഗ്ദാനം നല്‌കുകയും  ചെയ്‌തു. 1951 ല്‍ അതിന്‌ തുടക്കം കുറിച്ചു. വലിയ ഒരു ഗ്രന്‍ഥശേഖരം ഒരുക്കുകയാണ്‌ ആദ്യം ചെയ്‌തത്. അറബി, ഉര്‍ദു, ഇങ്‌ഗ്ലീഷ്, പാര്‍സി, തമിഴ് ഭാഷകളിലുള്ള 22 തഫ്‌സീറുകള്‍ ആ ശേഖരത്തിലുണ്ടായിരുന്നുവെന്നും അവ പരിശോധിച്ച ശേഷമാണ്‌ പരിഭാഷയ്ക്കും വ്യാഖ്യാനത്തിനും അന്തിമരൂപം നല്‌കിയിരുന്നതെന്നും മൌലവി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനകം ഈ ഭാഷകള്‍ അദ്ദേഹം വശമാക്കിയിരുന്നു. 1953 ല്‍  ഖുര്‍ആനിന്റെ നാലിലൊരു ഭാഗത്തിന്റെ പരിഭാഷയും വ്യാഖ്യാനവും പുറത്തിറങ്ങി. 1961 ല്‍ ആ ദൌത്യം പൂര്‍ത്തീകരിച്ചു. ഈ കൃതി 1964 മുതല്‍, രണ്ടു വാല്യങ്ങളിലായി എന്‍.ബി.എസ് (കോട്ടയം) പ്രസിദ്ധിക്കരിച്ചു വരുന്നുണ്ട്.

ഖുര്‍ആന്‍ പരിഭാഷായജ്ഞം പൂര്‍ത്തിയായതോടെ മൌലവി രോഗബാധിതനായി; ഒരു വര്‍ഷത്തിലേറെ നീണ്ട ചികില്‍സ; ആദ്യം തൃശൂരിലും പിന്നെ വെല്ലൂരിലും. മരണത്തിന്റെ വക്കില്‍ നിന്ന് വീണ്ടും ജീവിതത്തിലേക്ക്. 1963 ല്‍ രോഗം ഭേദമായി നാട്ടില്‍  തിരിച്ചെത്തിയശേഷം കിഴക്കന്‍ ഏറനാട്ടില്‍ ഒരു കലാലയം ​സ്ഥാപിക്കാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടു. മമ്പാട് അധികാരി അത്തന്‍ മോയിന്‍ സാഹിബ് നല്‍കിയ 30 ഏക്കര്‍ സ്ഥലത്താണത് സ്ഥാപിച്ചത്. 1965 മുതല്‍ 69 വരെ നടത്തിയ ശേഷം, സ്ഥാപനം എം.ഇ.എസിനെ ഏല്‍പ്പിച്ചു. അതാണ്‌ മമ്പാട് എം.ഇ.എസ് കോളേജ് എന്ന പേരില്‍ ഇന്നറിയപ്പെടുന്നത്.

ചിന്തയും പഠനവും എന്നും അദ്ദേഹത്തിന്റെ ഹോബിയായിരുന്നു. തനി യാഥാസ്ഥികനായിരുന്ന മൌലവിയില്‍ പുരോഗമനാശയത്തിന്റെ വിത്ത് പാകപ്പെട്ടത് മദ്രാസിലെ ജമാലിയ കോളേജില്‍ വെച്ചാണെങ്കിലും ആ മനസ്സില്‍ അന്നത് മുളച്ചിരുന്നില്ല. കടുത്ത യാഥാസ്ഥികത്വത്തിന്റെ കൂരിരുളില്‍ അത് സുപ്താവസ്ഥയില്‍ തന്നെ കഴിയുകയായിരുന്നു. വെല്ലൂരിലെ ബാഖിയാത്തുസ്സാലിഹാത്തില്‍ പഠിക്കുന്ന കലത്താണ്‌ ഇത് മുളയ്ക്കാനാവശ്യയ വെളിച്ചം ലഭിക്കുന്നത്. അത് നല്‍കിയത് കോളേജ് പ്രിന്‍സിപ്പാള്‍ ഹസ്രത്ത് അബ്ദുല്‍ ജബ്ബാറായിരുന്നു. അങ്ങനെ മദ്‌ഹബ് പക്ഷപാതിത്തം ഉള്‍പ്പെടെയുള്ള ബന്ധനങ്ങളില്‍ നിന്ന് മോചിതനായതോടെ  ഖുര്‍ആനും സുന്നത്തും അവലംബിച്ചുള്ളതും പക്ഷപാതമുക്തവുമായ പഠനവും ചിന്തയും ആരംഭിച്ചു. സ്വതന്ത്രമായി അഭിപ്രായം പറയാനുമുള്ള ധൈര്യം ലഭിച്ചതും ഇതു മൂലമായിരുന്നു.

ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്യാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഗ്രന്‍ഥങ്ങള്‍ ശേഖരിക്കാന്‍ ഹൈദറാബാദില്‍ പോയിരുന്നു. വിലപ്പെട്ട പല കൃതികളും അവിടെ നിന്നാണ്‌ ശേഖരിച്ചത്. ആ യാത്രക്കിടെ മദ്രാസിലെ തന്റെ പഴയ കലാലയം അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്റെ ഗുരുവര്യന്‍ അല്ലാമാ അബ്‌ദുല്‍ ജലാല്‍ നദ്‌വി ഒരിടവേളയ്ക്കു ശേഷം വീണ്ടും അവിടെ പ്രിന്‍സിപ്പാളായി ചുമതല ഏറ്റതിന്നു ശേഷമായിരുന്നു അത്. നദ്‌വി മഹാ പണ്ഡിതനും ഗവേഷകനുമായിരുന്നു. താന്‍ ഖുര്‍ആന്‍ വിവര്‍ത്തനം തയ്യാറാക്കാന്‍ പോകുന്ന കാര്യം നദ്‌വിയെ അറിയിക്കുകയും ഉപദേശം തേടുകയും ചെയ്‌തു. അദ്ദേഹം നല്‌കിയ ശക്തമായ മുന്നറിയിപ്പുകളില്‍ ഒന്ന് സി.എന്‍ അനുസ്‌മരിക്കുന്നുണ്ട്. 'പരിശുദ്ധ ഖുര്‍ആനില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ചിന്തിച്ചുകൊണ്ട് പോകുമ്പോള്‍, മുസ്‌ലിംകള്‍ ഇതിനു മുമ്പെഴുതിയിട്ടുള്ള പല ചരിത്രങ്ങളും തെറ്റാണെന്ന് നിങ്ങള്‍ക്ക് ബോദ്ധ്യമാകും.' ഇത് കേട്ടപ്പോള്‍ സ്തംഭിച്ചുപോയെന്നും എന്നാല്‍ പിന്നീടത് ശരിയാണെന്ന് ബോദ്ധ്യം വന്നെന്നും സി.എന്‍ സാക്‌ഷ്യപ്പെടുത്തുന്നു. (ഇസ്‌ലാം ഒരു സമഗ്രപഠനം പേജ് 482)

മനുഷ്യ ന്‍  ചന്ദ്രനിലിറങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്ന കാലത്ത് മുസ്‌ലിം പണ്ഡിതന്മാര്‍ അതിനെ വിമര്‍ശിക്കുകയായിരുന്നു ചെയ്‌തത്. അതസാദ്ധ്യമാണെന്നും  സാധിച്ചുവെന്ന് ആര്‌ പറഞ്ഞാലും വിശ്വസിക്കരുതെന്നും യാഥാസ്ഥികര്‍ പ്രചരിപ്പിച്ചുവരുന്ന കാലം.   മനുഷ്യന്‌ ചന്ദ്രനിലിറങ്ങാന്‍ സാധിക്കുമെന്നും അതാണ്‌ ഖുര്‍ആന്‍ പഠിപ്പിക്കുന്നതെന്നും, അന്ന് സി.എന്‍ എഴുതി. അല്‍ മനാര്‍ മാസികയിലായിരുന്നു അതെഴുതിയത്. അതിന്റെ അനന്തരഫലം മാസികയുടെ പത്രാധിപസമിതിയില്‍ നിന്ന് മൌലവി പുറത്താക്കപ്പെട്ടതായിരുന്നു. 10 വര്‍ഷത്തിനു ശേഷം 1969 ല്‍ മനുഷ്യന്‍ ചന്ദ്രനിലിറങ്ങി.

വിവാഹം, വിവാഹമോചനം, സ്വത്തവകാശം, വിദ്യഭ്യാസം, സാമൂഹികജീവിതം, ജോലി, കുടുംബജീവിതം തുടങ്ങി എല്ലാ രംഗങ്ങളിലും സ്ത്രീകള്‍ അനുഭവിച്ചുവരുന്ന വിവേചനത്തിനെതിരെ എന്നും തന്റെ തൂലിക ചലിപ്പിച്ചിരുന്ന പരിഷ്‌ക്കര്‍ത്താവാണ്‌ സി.എന്‍.  എല്ലാ തരം അന്ധവിശ്വാസങ്ങള്‍ക്കും ജീര്‍ണ്ണതകള്‍ക്കുമെതിരെ അദ്ദേഹം പോരാടിയിട്ടുണ്ട്. ഈ പോരാട്ടത്തില്‍ പലപ്പോഴും താന്‍ ഒറ്റയ്ക്കായിരുന്നു എന്നതാണ്‌ അദ്ദേഹത്തിന്റെ സവിശേഷത. ''മുസ്‌ലിംകള്‍ ഇന്നു വെച്ചുപുലര്‍ത്തിപ്പോരുന്ന വിശ്വാചാരങ്ങളില്‍ അമ്പതു ശതമാനവും ഖുര്‍ആനിലെ പച്ചപ്പരമാര്‍ത്ഥങ്ങള്‍ക്കു വിരുദ്ധമാ''ണെന്ന് എഴുതുന്ന (ചന്ദ്രമാസനിര്‍ണ്ണയം, 1991) പരിഷ്‌ക്കര്‍ത്താവായ ഒരു പണ്ഡിതന്ന്, യാഥാസ്ഥികരില്‍ നിന്ന് കല്ലേറല്ലാതെ പൂമാല എങ്ങനെ ലഭിക്കും?

1959-'64 കാലത്ത് കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു. 1989 ല്‍ അക്കാദമി ഫെല്ലോഷിപ്പ് നല്‌കി മൌലവിയെ ആദരിച്ചു.
 1993 ഏപ്രില്‍ 27ന്  കോഴിക്കോട് വെച്ച് 88 ആം വയസ്സില്‍ മൗലവി നിര്യാതനായി.



കൃതികളില്‍ ചിലത്:
ഇസ്‌ലാമിലെ ധനവിതരണപദ്ധതി (1953)
ഇസ്‌ലാം ഒരു സമഗ്ര പഠനം (1965)
ഇവ രണ്ടിന്റെയും ഇങ്‌ഗ്ലീഷ് പതിപ്പുകള്‍  (1.1979, 2.?)
സഹീഹുല്‍ ബുഖാരി പരിഭാഷ (1970)
ഇസ്‌ലാം ചരിത്രം, മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം (1978)
യസ്സര്‍നല്‍ ഖുര്‍ആന്‍ (1981?)
ചന്ദ്രമാസ നിര്‍ണ്ണയം (1991)
ഖുര്‍ആന്‍ ഇന്‍ഡക്‌സ്
അഞ്ചു നേരത്തെ നമസ്‌ക്കാരം ഖുര്‍ആനില്‍ (1988)



അവലംബം:
1) ഇസ്‌ലാം ഒരു സമഗ്ര പഠനം. ഇതിന്റെ 475-486 പേജുകളിൽ 'സി.എന്‍. അഹ്‌മദ് മൌലവി സ്വന്തം വാക്കുകളിള്‍' എന്ന തലക്കെട്ടിലുള്ള ആത്മകഥ  (Fifth revised edition 1997, Al huda Book Stall, Calicut-1)
2) സഹീഹുല്‍ ബുഖാരി പരിഭാഷ. ഈ കൃതിയുടെ പരിഷ്‌ക്കരിച്ച ഏഴാം പതിപ്പിന്‌ ശ്രീ. എം.എന്‍. കാരശ്ശേരി എഴുതിയ ആമുഖം.    (Al huda Book Stall, Calicut-1)

5 comments:

  1. അദേഹത്തിന് അല്ലാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിമാരവട്ടെ

    ReplyDelete
  2. മൌലവിയെ പരിചയപ്പെടുത്തിയതിനു നന്ദി

    ReplyDelete
  3. സി എന്‍ അഹമ്മദ് മൌലവിയെ വിശദമായി പരിചയപ്പെടുത്തിയതിനു നന്ദി. അദ്ദേഹം ഈ അടുത്തകാലത്ത്‌ ഞാന്‍ മനസ്സിലാക്കാന്‍ ശ്രമിച്ച ഒരു പണ്ഡിതനാണ്.

    ReplyDelete
  4. Basil Ap, മുഹമ്മദ്‌ ഷാജി, ഖ്രിന്‍സ് കോമത്ത് - എല്ലാവര്‍ക്കും നന്ദി.

    ReplyDelete