Friday, April 13, 2012

ഗുജറാത്ത് -ഒരു പതിറ്റാണ്ടിനുശേഷം (മാതൃഭൂമി മുഖപ്രസംഗം)




ഒരു ദശകം മുമ്പാണ് ഇന്ത്യയെ കൊടിയ വേദനയിലേക്കും ലജ്ജയിലേക്കും തള്ളിവീഴ്ത്തിയ ഗുജറാത്തിലെ വംശഹത്യ നടന്നത്. ചരിത്രത്തിന്റെ മുറിവുകളിലൊന്നായ ആ കൂട്ടക്കുരുതി സൃഷ്ടിച്ച ആകുലതകള്‍ ശമിച്ചൂവെന്ന് ഇനിയും പറയാറായിട്ടില്ല. 2002 ഫിബ്രവരി 27ന് ഗുജറാത്തിലെ ഗോധ്ര റെയില്‍വേസ്റ്റേഷനില്‍ ഫൈസാബാദ്-സബര്‍മതി എക്‌സ്പ്രസ്സിന്റെ ഒരു കോച്ച് തീവെക്കപ്പെട്ടതില്‍നിന്ന് തുടങ്ങിയ കലാപം മുസ്‌ലിങ്ങളെ തിരഞ്ഞുപിടിച്ച് കൂട്ടക്കൊല നടത്തുന്നതിലാണ് കലാശിച്ചത്. അയോധ്യയില്‍നിന്ന് മടങ്ങുകയായിരുന്ന കാര്‍സേവകര്‍ സഞ്ചരിച്ചിരുന്ന തീവണ്ടിയിലെ തീപ്പിടിത്തത്തിനും 58 പേരുടെ മരണത്തിനും കാരണം മുസ്‌ലിങ്ങളാണെന്നാരോപിച്ചായിരുന്നു ആസൂത്രിതമായ വംശഹത്യ അരങ്ങേറിയത്. അതുപോലൊരു ഹിംസ സ്വതന്ത്രഭാരതം കണ്ടിട്ടുണ്ടായിരുന്നില്ല. ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്രമോഡി കലാപം ശമിപ്പിക്കുന്നതിന് നടപടികള്‍ എടുത്തില്ല എന്നുമാത്രമല്ല, കൂട്ടക്കൊലയെ ന്യായീകരിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തു. ഭരണകൂടത്തിന്റെ പിന്തുണയുള്ള ഭീകരതയാണ് ഗുജറാത്തില്‍ അരങ്ങേറിയതെന്ന് പിന്നീട് പുറത്തുവന്ന വെളിപ്പെടുത്തലുകളും റിപ്പോര്‍ട്ടുകളും വ്യക്തമാക്കി. പിന്നീടു നടന്ന തിരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷവര്‍ഗീയതയുടെ പിന്തുണയോടെ മോഡി ജയിച്ചുകയറി. ആ ജയങ്ങളും വികസനനയങ്ങളും മോഡി അനുവര്‍ത്തിച്ച ഹിംസാരാഷ്ട്രീയത്തിന്റെ സാധൂകരണമാണെന്ന് യഥാര്‍ഥ രാഷ്ട്രീയപ്രജ്ഞയും മാനുഷികമൂല്യബോധവുമുള്ളവര്‍ക്ക് കരുതാനാവില്ല.

ഒരു ദശകത്തിനുശേഷം, ഇന്ന് ഗുജറാത്ത് ശാന്തമാണ്. എന്നാല്‍ അവിടെ സംസ്ഥാനഭരണകൂടം നടപ്പാക്കുന്ന പല പ്രവര്‍ത്തനങ്ങളും ആശങ്ക സൃഷ്ടിക്കുന്നവയാണെന്നും പറയാതിരിക്കാന്‍ നിവൃത്തിയില്ല. മുറിവുകള്‍ ഉണക്കേണ്ടതിനു പകരം ആന്തരികമായ മുറിവുകള്‍ സൃഷ്ടിക്കാനാണ് മോഡിയുടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്ഥാവരസ്വത്ത് വില്‍ക്കുന്നതുസംബന്ധിച്ച് സമീപകാലത്ത് നടപ്പാക്കിയ നിയമവും ഇപ്പോള്‍ അത് സംസ്ഥാനവ്യാപകമാക്കാന്‍ നടത്തുന്ന ശ്രമവും ഉദാഹരണം. ന്യൂനപക്ഷങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള കേന്ദ്രസര്‍ക്കാറിന്റെ സ്‌കോളര്‍ഷിപ്പ്പദ്ധതി നടപ്പാക്കുന്നതില്‍ കാണിക്കുന്ന എതിര്‍പ്പ് മറ്റൊരു മാതൃകയാണ്. നിശ്ശബ്ദമായ വംശീയവിദ്വേഷ പ്രസരണത്തിന്റെയോ ഹിന്ദുത്വപദ്ധതി നടപ്പാക്കുന്നതിന്റെയോ ഭാഗമാണ് ഈ നടപടികളെന്ന് വ്യക്തമാണ്. വംശീയകലാപത്തെത്തുടര്‍ന്നാണ് അസ്വാസ്ഥ്യപ്രദേശങ്ങളിലെ താമസക്കാരെ സംരക്ഷിക്കുന്നതിനും സ്ഥാവരസ്വത്ത് വില്‍ക്കുന്നത് തടയുന്നതിനുമുള്ള 1991-ലെ നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. അഹമ്മദാബാദിനും വഡോദരയ്ക്കുംമാത്രം ബാധകമായിരുന്നു നിയമം. അസ്വാസ്ഥ്യപ്രദേശങ്ങളിലെ സ്വത്ത് ഒരു സമുദായത്തില്‍പ്പെട്ടവര്‍ മറ്റൊന്നിന് വില്‍ക്കുന്നത് തടയുകയായിരുന്നു ലക്ഷ്യം. അസ്വസ്ഥപ്രദേശങ്ങളാക്കി പ്രഖ്യാപിക്കപ്പെട്ട 274 മേഖലകളുള്ള അഹമ്മദാബാദില്‍ ഈ നിയമം മുസ്‌ലിം 'ഗെറ്റൊ'കളുടെ രൂപപ്പെടലിനാണ് വഴിയൊരുക്കിയതെന്ന് മനുഷ്യാവകാശസംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത് അവഗണിക്കാനാവില്ല. മറ്റൊരു സമുദായവുമായി ഇടപാട് നടത്താനാവാത്ത സാഹചര്യം യഥാര്‍ഥത്തില്‍ മത-സമുദായസൗഹൃദത്തിന് പരിക്കേല്‍പ്പിക്കുക മാത്രമല്ല, പ്രത്യേക വിഭാഗങ്ങളുടെ മേഖലകളെ സമൂഹത്തില്‍ വേര്‍തിരിച്ചുനിര്‍ത്തുകയും ചെയ്യുന്നു. ആപത്കരമായ ധ്രുവീകരണത്തിന് വഴിവെക്കുന്ന ഈ നിയമം ഇപ്പോള്‍ സംസ്ഥാനവ്യാപകമാക്കുകയാണ് മോഡിസര്‍ക്കാര്‍ ചെയ്തത്.

രജീന്ദര്‍സച്ചാര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് 2008-ല്‍ ന്യൂനപക്ഷവിദ്യാര്‍ഥികള്‍ക്കുവേണ്ടിയുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കംകുറിച്ചത്. അതില്‍നിന്ന് ലഭിച്ച തുകയില്‍ ഒരു പൈസപോലും കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ ഗുജറാത്ത് സര്‍ക്കാര്‍ ചെലവഴിച്ചിട്ടില്ല. മുസ്‌ലിം, ദളിത് വിദ്യാര്‍ഥികള്‍ക്കാണ് ആനുകൂല്യം ലഭിക്കേണ്ടിയിരുന്നത്. സ്‌കോളര്‍ഷിപ്പ് പദ്ധതി വിവേചനപരമാണെന്നായിരുന്നു ഗുജറാത്ത് സര്‍ക്കാറിന്റെ വാദം. സമൂഹത്തിലെ വിഭാഗീയത വര്‍ധിക്കാന്‍ സ്‌കോളര്‍ഷിപ്പ് കാരണമാകുമെന്നും സര്‍ക്കാര്‍ വാദിച്ചു. കേന്ദ്രസര്‍ക്കാറിന്റെ പദ്ധതി ഭരണഘടനാപരമായ സാധുതയുള്ളതാണെന്ന് 2012-ല്‍ ഗുജറാത്ത് ഹൈക്കോടതി വിധിച്ചിട്ടും മുട്ടാപ്പോക്ക് ന്യായങ്ങള്‍ നിരത്തി അത് നടപ്പാക്കാതിരിക്കാനാണ് സര്‍ക്കാറിന്റെ ശ്രമം. ഇന്നലത്തെ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുകയാണ് ചരിത്രത്തില്‍നിന്ന് പഠിക്കേണ്ട പാഠം. ഗുരുതരമായ തെറ്റായിരുന്നു ഗുജറാത്തില്‍ ഉണ്ടായ വംശഹത്യ. അത് സൃഷ്ടിച്ച വ്രണങ്ങളും ആശങ്കകളും ഉണക്കാനായിരിക്കണം ജനാധിപത്യസ്വഭാവമുള്ള ഭരണകൂടം ശ്രമിക്കേണ്ടത്. അപ്പോള്‍മാത്രമേ നീതിയും മാനുഷികതയും രാഷ്ട്രീയമൂല്യങ്ങളും പുലരുകയുള്ളൂ. അകറ്റലിന്റെ വേദാന്തമല്ല അഹിംസയുടെയും ഏകതാവാദത്തിന്റെയും പ്രചാരകനായിരുന്ന പുണ്യാത്മാവ് ജനിച്ച ഗുജറാത്തില്‍നിന്നുയരേണ്ടത്, സഹവര്‍ത്തിത്വത്തിന്റെ സംഘഗാനമാണ്.
Source: http://www.mathrubhumi.com/online/malayalam/news/story/1478129/2012-02-29/kerala

No comments:

Post a Comment