Thursday, April 19, 2012

സംഗീതോപകരണങ്ങള്‍ തെറ്റും ശരിയും - വി.കെ അലി


ഹൈന്ദവ ക്രൈസ്തവ മതങ്ങളില്‍ സംഗീതം മതത്തിന്റെ ഭാഗമായി തന്നെ ആസ്വദിക്കപ്പെടുകയും മത പ്രചാരണത്തിന് വരെ ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. മനുഷ്യനെ ശക്തിയായി സ്വാധീനിക്കുകയും ഹൃദയത്തെ തരളിതമാക്കുകയും ചെയ്യുന്നതാണ് സംഗീതം.

മനുഷ്യന്റെ പ്രകൃതിയെയും നൈസര്‍ഗിക വാസനകളെയും അംഗീകരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഇസ്‌ലാമില്‍ സംഗീതം ഹറാമാണെന്ന് പറയുന്നത് എത്ര കണ്ട് ശരിയാണ്?



ഉത്തരം: കര്‍ണാനന്ദകരമായ ശബ്ദങ്ങളും നയന മോഹനമായ ദൃശ്യങ്ങളും സുഗന്ധപൂരിതമായ വാസനകളും ആസ്വദിക്കുക മനുഷ്യന്റെ പ്രകൃതിപരമായ സ്വഭാവമാണ്. ഇവ പരിധി ലംഘിക്കുകയോ, അപകടത്തിലേക്ക് നയിക്കുകയോ ചെയ്യുമ്പോള്‍ മാത്രമേ ഇസ്‌ലാം അതില്‍ ഇടപെടുകയും നിയന്ത്രിക്കുകയും ചെയ്യുന്നുള്ളൂ. അതുകൊണ്ടുതന്നെ ഏതൊരു കാര്യവും അടിസ്ഥാനപരമായി അനുവദനീയം (ഇബാഹത്ത്) ആണെന്നാണ് പണ്ഡിതന്മാര്‍ അംഗീകരിച്ച തത്ത്വം. അവ നിഷിദ്ധമാകണമെങ്കില്‍ പ്രത്യേകം തെളിവുകള്‍ വേണം.

ഗാനാലാപനം (ഗിനാഅ്), സംഗീതോപകരണങ്ങളുടെ ഉപയോഗം എന്നിവയെകുറിച്ച് പണ്ടു മുതല്‍ക്കേ പണ്ഡിത വൃത്തത്തില്‍ വ്യത്യസ്താഭിപ്രായങ്ങളുണ്ട്. അവ നിഷിദ്ധമാണെന്ന് കണ്ണടച്ച് പറയുന്നവരും അവക്കു നേരെ ഉദാരമായ നിലപാട് സ്വീകരിക്കുന്നവരും അവരിലുണ്ട്. സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചും അല്ലാതെയുമുള്ള എല്ലാതരം ഗാനാലാപനവും നിഷിദ്ധമാണെന്ന് പറഞ്ഞവരും, സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചുള്ള ഗാനാലാപനമേ നിഷിദ്ധമുള്ളൂ, അല്ലാത്തവ അനുവദനീയമാണെന്ന് പറഞ്ഞവരും അക്കൂട്ടത്തിലുണ്ട്. ഗാനങ്ങളും സംഗീതോപകരണങ്ങളും കേവലം മാധ്യമങ്ങള്‍ മാത്രമാണെന്നും അവ ഏത് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നു എന്നതനുസരിച്ചാണ് അനുവദനീയവും നിഷിദ്ധവുമാകുന്നത് എന്ന വീക്ഷണക്കാരും ഉണ്ട്. അതാണ് ശരിയായ നിലപാടും.

ഗാനാലാപനവും സംഗീതോപകരണങ്ങളും നിഷിദ്ധമാണെന്ന് പറയുന്നവര്‍ ഉന്നയിക്കുന്ന പ്രമാണങ്ങളൊന്നും അവരുടെ അഭിപ്രായത്തെ പിന്തുണക്കുന്നില്ല. പരിശുദ്ധ ഖുര്‍ആനിലെ 5 ആയത്തുകള്‍ അവര്‍ തെളിവായി പറയുന്നു. അല്‍ ഖസ്വസ് 55, അല്‍ അന്‍ഫാല്‍ 35, അല്‍ ഫുര്‍ഖാന്‍ 72, അന്നജ്മ് 61, ലുഖ്മാന്‍ 6 എന്നിവ. ഇവയിലൊന്നില്‍ പോലും സംഗീതമോ സംഗീതോപകരണങ്ങളോ പരാമര്‍ശിക്കപ്പെടുന്നില്ല. ഇതില്‍ ഏറ്റവും പ്രബലമെന്ന് കരുതുന്ന സൂറത്തുലുഖ്മാനിലെ 6ാം സൂക്തമാണ് 'ലഹ്‌വുല്‍ ഹദീസ്' വിലക്കു വാങ്ങുന്നവരെക്കുറിച്ച് പറയുന്നത്. 'വിനോദവാര്‍ത്തകള്‍' എന്നാണതിന്റെ താല്‍പര്യം. അതുകൊണ്ടുദ്ദേശ്യം ഗാനമാണെന്ന് ഇബ്‌നു അബ്ബാസും ഇബ്‌നു മസ്ഊദും പറഞ്ഞിട്ടുണ്ട്. നബി(സ)യില്‍ നിന്ന് അത് സ്ഥിരപ്പെട്ടുവന്നിട്ടില്ല. നള്‌റുബ്‌നു ഹാരിസ് എന്ന പ്രവാചക ശത്രു ഇറാഖില്‍ പോയി ഗായികമാരെയും നര്‍ത്തകിമാരെയും കൊണ്ടുവന്ന് കലാപരിപാടികള്‍ സംഘടിപ്പിക്കുകയും ഖുര്‍ആന്‍ കേള്‍ക്കുന്നതില്‍നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്നും അതിനെ അപലപിച്ചുകൊണ്ടാണ് ഈ സൂക്തം ഇറങ്ങിയത് എന്നും ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ ദൈവിക മാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ വഴിപിഴപ്പിക്കാനും ദൈവസരണിയെ പരിഹസിക്കാനുമാണ് ഇങ്ങനെ ചെയ്യുന്നതെന്നുകൂടി ആയത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. അതിനാല്‍ ഇത്തരം ദുഷ്ടലക്ഷ്യങ്ങള്‍ക്കായി വിനോദ പരിപാടികളെ ദുരുപയോഗം ചെയ്യുന്നതിനെയാണ് ഖുര്‍ആന്‍ അധിക്ഷേപിക്കുന്നത്. അതുകൊണ്ടാണ് ഇബ്‌നു ഹസ്മിനെപോലുള്ള ഇമാമുകള്‍ പറഞ്ഞത്: സംഗീതം നിഷിദ്ധമാണെന്ന് പറയുന്നവര്‍ക്ക് ഈ ആയത്തില്‍ തെളിവൊന്നുമില്ല. അല്ലാഹുവിന്റെ ദീനിനെ പരിഹസിക്കുകയും അവന്റെ മാര്‍ഗത്തില്‍നിന്ന് തെറ്റിക്കുകയും ചെയ്യുന്നവരെയാണ് ഇവിടെ അധിക്ഷേപിച്ചിരിക്കുന്നത്. സത്യ നിഷേധിയായ ഒരാള്‍ക്ക് മാത്രമേ അങ്ങനെ ചെയ്യാന്‍ കഴിയൂ. ഒരാള്‍ മുസ്ഹഫ് വാങ്ങി അത് ഇതേ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയാണെങ്കില്‍ അവനും കാഫിറായിത്തീരുമല്ലോ. കേവലം ആനന്ദത്തിനുവേണ്ടിയോ വിരസതയകറ്റുന്നതിനോ ആരെങ്കിലും സംഗീതം പ്രയോജനപ്പെടുത്തുന്നുവെങ്കില്‍ അത് ഇതില്‍ പെടുകയില്ല (അല്‍ മുഹല്ല).

അല്‍ മൂസിഖി വല്‍ഗിനാഅ് ഫീ മീസാനില്‍ ഇസ്‌ലാം (സംഗീതവും ഗാനാലാപനവും ഇസ്‌ലാമിന്റെ തുലാസില്‍) എന്ന ഗ്രന്ഥം എഴുതിയ അബ്ദുല്ലാഹിബ്‌നു യൂസുഫ് അല്‍ ജുദൈഅ് പറയുന്നു: ഈ ആയത്തില്‍ നിന്ന് മനസ്സിലാകുന്നതിന്റെ ചുരുക്കം, ഗാനം, കവിത, കഥ, നോവല്‍, നാടകം, ഫിലിം തുടങ്ങിയ വിനോദോപാധികളെന്ന് വിശേഷിപ്പിക്കാവുന്നതെല്ലാം വിലക്ക് വാങ്ങുന്നവര്‍, അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് ജനങ്ങളെ വ്യതിചലിപ്പിക്കാനും ദീനിനെ അപഹസിക്കാനുമാണ് അപ്രകാരം ചെയ്യുന്നതെങ്കില്‍ അവര്‍ക്ക് നിന്ദ്യമായ ശിക്ഷയുണ്ടെന്ന് മാത്രമാണ്. എന്നാല്‍ ഇത്തരം ദുരുദ്ദേശ്യങ്ങളൊന്നുമില്ലാതെ മേല്‍ പറഞ്ഞ വസ്തുക്കള്‍ ഉപയോഗപ്പെടുത്തുന്നവര്‍ ഈ ആയത്തിന്റെ പരിധിയില്‍ പെടുന്നില്ല. അവയെല്ലാം നിഷിദ്ധങ്ങളാണെന്നതിന് ഈ ആയത്ത് തെളിവായി പറയുന്നതും ശരിയല്ല. അവര്‍ മറ്റു തെളിവുകള്‍ അന്വേഷിച്ചുകണ്ടെത്തേണ്ടിയിരിക്കുന്നു (പേജ്:72,73).

അതേയവസരത്തില്‍ നബിതിരുമേനി ഗാനാലാപനവും വാദ്യോപകരണങ്ങളുടെ ഉപയോഗവും അംഗീകരിക്കുകയും ചിലപ്പോഴെല്ലാം പ്രോത്സാഹിപ്പിക്കുകയും ചെയ്ത നിരവധി സംഭവങ്ങള്‍ അനിഷേധ്യമായി തെളിഞ്ഞു വന്നിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍:

1. ആഇശ(റ) പറയുന്നു: അന്‍സാറുകളില്‍പെട്ട രണ്ടു പെണ്‍കുട്ടികള്‍ എന്റെ അടുത്തിരുന്ന് 'ദഫ്ഫുകള്‍ കൊട്ടി' പാട്ടുപാടുന്നത് കേട്ടുകൊണ്ട് അബൂബക്കര്‍(റ) വീട്ടിലേക്ക് വന്നു. 'ബുആസ്' യുദ്ധഗീതങ്ങളായിരുന്നു അവര്‍ ആലപിച്ചിരുന്നത്. അവര്‍ പ്രഫഷനല്‍ ഗായികമാരായിരുന്നില്ല. 'ദൈവദൂതന്റെ വീട്ടില്‍ വെച്ച് പിശാചിന്റെ വീണകള്‍ ആലപിക്കുകയോ?' എന്ന് ഇത് കേട്ട് അബൂബക്കര്‍(റ) ചോദിച്ചു. ഒരു പെരുന്നാള്‍ ദിവസമായിരുന്നു അത്. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: അബൂബക്കറേ! എല്ലാ ജനതക്കും ഓരോ സുദിനങ്ങളുണ്ട്. ഇന്ന് നമ്മുടെ സുദിനമാണ്. ചില റിപ്പോര്‍ട്ടുകളില്‍ പ്രവാചകന്‍ ഇങ്ങനെ പറഞ്ഞതായി കാണാം: അവര്‍ പാടിക്കൊള്ളട്ടെ അബൂബക്കറേ! ഇന്ന് നമ്മുടെ പെരുന്നാള്‍ ദിനമല്ലേ? (ബുഖാരി, മുസ്‌ലിം, ഇബ്‌നു മാജ, ഇബ്‌നു ഹിബ്ബാന്‍, ബൈഹഖി).

2. സാഇബുബ്‌നില്‍ യസീദ് പറയുന്നു: നബി(സ)യുടെ അടുത്ത് ഒരു സ്ത്രീ വന്നു. അപ്പോള്‍ നബി(സ) ആഇശയോട് ചോദിച്ചു: ഇവള്‍ ആരാണെന്ന് നിനക്കറിയാമോ? ഇല്ലായെന്ന് ആഇശ(റ) മറുപടി പറഞ്ഞു. അപ്പോള്‍ നബി(സ) പറഞ്ഞു: ഇവര്‍ ഇന്ന ഗോത്രക്കാരുടെ ഗായികയാണ്. നിനക്കവളെ കേള്‍ക്കണമോ? വേണമെന്ന് ആഇശ(റ) മറുപടി പറഞ്ഞപ്പോള്‍ നബി(സ) അവര്‍ക്ക് ഒരു സംഗീതോപകരണം നല്‍കി. അവള്‍ അതുപയോഗിച്ച് പാട്ടുപാടുകയും ചെയ്തു (അഹ്മദ്).

3. ബുറൈദ അല്‍ അസ്‌ലമിയില്‍നിന്ന് നിവേദനം: നബി(സ) ഒരു യുദ്ധത്തിന് ശേഷം തിരിച്ചുവരികയായിരുന്നു. അപ്പോള്‍ ഒരു കറുത്ത വനിത പറഞ്ഞു: ദൈവദൂതരേ, അല്ലാഹു താങ്കളെ സുരക്ഷിതനായി തിരിച്ചെത്തിച്ചാല്‍ താങ്കള്‍ക്ക് മുന്നില്‍ ദഫ്ഫ് മുട്ടി പാടുമെന്ന് ഞാന്‍ നേര്‍ച്ചയാക്കിയിട്ടുണ്ട്. അപ്പോള്‍ തിരുമേനി അവളോടു പറഞ്ഞു: നീ നേര്‍ച്ചയാക്കിയിട്ടുണ്ടെങ്കില്‍ കൊട്ടിപ്പാടിക്കൊള്ളൂ. ഇല്ലെങ്കില്‍ വേണ്ട. അപ്പോളവര്‍ കൊട്ടിപ്പാടാന്‍ തുടങ്ങി (തുര്‍മുദി).

4. ഇബ്‌നു അബ്ബാസ് നിവേദനം ചെയ്യുന്നു: ആഇശയുമായി കുടുംബ ബന്ധമുള്ള ഒരു സ്ത്രീയെ അന്‍സാറുകളില്‍പെട്ട ഒരാള്‍ക്ക് വിവാഹം ചെയ്തു കൊടുത്തു. അവളെ അണിയിച്ചയച്ചപ്പോള്‍, പാട്ടുപാടുന്ന ആരെയെങ്കിലും അവളോടൊപ്പം അയച്ചിട്ടുണ്ടോ എന്ന് നബി(സ) ചോദിച്ചു. ഇല്ല എന്ന് ആഇശ(റ) പറഞ്ഞപ്പോള്‍, അന്‍സാറുകള്‍ക്ക് പാട്ട് ഇഷ്ടമാണെന്നും പാട്ടുകാരികളെ അവളോടൊപ്പം അയക്കാമായിരുന്നില്ലേ എന്നും നബി(സ) ചോദിച്ചു (ഇബ്‌നു മാജ).

ഈ സംഭവങ്ങളെല്ലാം സംഗീതത്തിനും ഗാനാലാപനത്തിനും നേരെ പ്രവാചകന്റെ നിലപാട് എന്തായിരുന്നു എന്ന് വ്യക്തമാക്കുന്നു. അതേ അവസരത്തില്‍ പാട്ടിനെയും സംഗീതത്തെയും വിലക്കിക്കൊണ്ടും വാദ്യോപകരണങ്ങള്‍ നശിപ്പിക്കാനാണ് ഞാന്‍ നിയുക്തനായതെന്ന് പറഞ്ഞുകൊണ്ടും ഉദ്ധരിക്കപ്പെടുന്ന നിവേദനങ്ങളെല്ലാം അതീവ ദുര്‍ബലങ്ങളും അസ്വീകാര്യങ്ങളുമാണ്. ഖാദീ അബൂബക്കര്‍ ഇബ്‌നുല്‍ അറബി, ഇമാം ഗസാലി, ഇബ്‌നു ഹസമ്, ഇബ്‌നുന്നഹ്‌വി എന്നീ പൂര്‍വിക പണ്ഡിതരെല്ലാം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മഹ്മൂദ് ശല്‍തൂത്, മുഹമ്മദുല്‍ ഗസ്സാലി, ഡോ. യൂസുഫുല്‍ ഖറദാവി തുടങ്ങിയ ആധുനിക പണ്ഡിതന്മാര്‍ക്കും ഇതേ വീക്ഷണം തന്നെയാണ് ഉള്ളത്. ഇനി സംഗീതോപകരണങ്ങള്‍ നശിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഹദീസുകള്‍ പ്രബലമാണെന്ന് വെച്ചാല്‍ തന്നെ, അവ ഏതൊരു സാഹചര്യത്തിലാണ് വിലക്കപ്പെടുന്നതെന്ന് പ്രസതുത നിവേദനങ്ങള്‍ ശ്രദ്ധിച്ചാല്‍ ബോധ്യപ്പെടും. മദ്യവും മദിരാക്ഷിയും അനുവദനീയമായിക്കരുതുന്ന ഒരു സമൂഹത്തെയാണ് അത്തരം റിപ്പോര്‍ട്ടുകളില്‍ വിമര്‍ശിക്കുന്നത്. പാട്ടും കൂത്തും മദ്യപാനവും വ്യഭിചാരവും ഒരു സംസ്‌കാരത്തിന്റെ മുഖമുദ്രയാകുന്നതിനെയാണ് അവ തള്ളിപ്പറയുന്നത്. ഹലാലായ ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രയോജനപ്പെടുത്തപ്പെടുന്ന വാദ്യോപകരണങ്ങളെ കുറിച്ചല്ല.

അതേ സമയം, അമിതമായാല്‍ അമൃതും വിഷമാണല്ലോ. സദാസമയം അലസരും വാദ്യോപകരണങ്ങളുടെയും സംഗീതത്തിന്റെയും അഡിക്റ്റുകളുമായ ഒരു തലമുറയെ ഇസ്‌ലാം ഇഷ്ടപ്പെടുന്നില്ല. സുദിനങ്ങള്‍, ആഘോഷാവസരങ്ങള്‍, കല്യാണം പോലുള്ള സന്ദര്‍ഭങ്ങളിലും മനസ്സിനും ശരീരത്തിനും റിലാക്‌സ് ആവശ്യമായ വേളകളിലുമെല്ലാം മിതമായ തോതിലുള്ള സംഗീതവും ഗാനങ്ങളും ആകാവുന്നതാണ്. പ്രവാചകന്റെയും അനുചരന്മാരുടെയും ചര്യ അതാണ് പഠിപ്പിക്കുന്നത്. ഒരു സംഭവം കാണുക: ആമിറുബ്‌നു സഅദില്‍നിന്ന് നിവേദനം. ഖറദത്തുബ്‌നു കഅ്ബ്, അബൂ സഊദ് അല്‍ അന്‍സ്വാരി എന്നിവരുടെ അടുക്കല്‍ ഞാനൊരു വിവാഹ ചടങ്ങിനെത്തി. അവിടെ പെണ്‍കുട്ടികളിരുന്ന് ഗാനമാലപിക്കുന്നുണ്ടായിരുന്നു. പ്രവാചകന്റെ സഖാക്കളും ബദ്‌റില്‍ പങ്കടുത്തവരുമായ നിങ്ങളുടെ സാന്നിധ്യത്തിലാണോ ഇങ്ങനെ ചെയ്യുന്നതെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അവരുടെ പ്രതികരണം ഇപ്രകാരമായിരുന്നു: താങ്കള്‍ക്ക് വേണമെങ്കില്‍ ഇവിടെയിരുന്ന് പാട്ടു കേട്ടോളൂ. അല്ലെങ്കില്‍ താങ്കള്‍ക്ക് പോകാം. കല്യാണാവസരത്തില്‍ ഇത്തരം വിനോദം അനുവദനീയമാണ് (ഹാകിം, നസാഈ).

ഫോണ്‍: 9645524008


Source: http://www.prabodhanam.net/detail.php?cid=937&tp=1%2C%E0%B4%93%E0%B4%B0%E0%B5%8B%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%BF

No comments:

Post a Comment