Friday, April 13, 2012

ദാരിദ്ര്യരേഖ തെളിയണമെങ്കില്‍




പ്രതിദിനം 28 രൂപ 65 പൈസ വരുമാനമുള്ള നഗരവാസിയെയും 22 രൂപ 42 പൈസ കിട്ടുന്ന ഗ്രാമവാസിയെയും ഇനി ദരിദ്രവാസിയായി കാണാന്‍പറ്റില്ലെന്നാണ് ആസൂത്രണ വിദഗ്ധര്‍ പറയുന്നത്. എത്ര കൃത്യമായാണ് അടിസ്ഥാന ജീവിതാവശ്യങ്ങള്‍ നിര്‍ണയിച്ചിരിക്കുന്നത്. ഇതിനിടയില്‍ രണ്ടു പൈസയും അഞ്ചു പൈസയുമൊക്കെ ഇന്ന് പ്രചാരത്തിലുണ്ടോ എന്നൊന്നും ചോദിച്ചുപോകരുത്. പുതിയ നിര്‍ദേശപ്രകാരം അഞ്ചു കോടിയിലധികം സാധാരണക്കാരില്‍ സാധാരണക്കാര്‍ ദാരിദ്ര്യരേഖയുടെ പരിധിക്കു പുറത്താവും. പ്രത്യക്ഷത്തില്‍ നാടിനും സര്‍ക്കാറിനും തിളക്കം നല്‍കുന്നതാണീ വാര്‍ത്തയെങ്കിലും എന്തുമാത്രം യുക്തിഭദ്രമാണ് ഈ കാഴ്ചപ്പാട് എന്ന് വസ്തുനിഷ്ഠമായി പരിശോധിക്കപ്പെടേണ്ടതുണ്ട്.28 അല്ലെങ്കില്‍ 29 രൂപകൊണ്ട് അത്യാവശ്യ നിത്യാവശ്യങ്ങള്‍ നിറവേറ്റാനാവുന്ന ഏതു നഗരമാണ് ഈ രാജ്യത്തുള്ളത്. അതേപോലെതന്നെയാണ് ഗ്രാമങ്ങളുടെയും അവസ്ഥ. 23 രൂപകൊണ്ട് ഒരു ദിവസത്തെ ഗ്രാമജീവിതം തട്ടിമുട്ടിയെങ്കിലും തള്ളിനീക്കാമെന്ന് കരുതിയെങ്കില്‍ ആര്‍ക്കോ തെറ്റുപറ്റിയിട്ടുണ്ട്. ദാരിദ്ര്യത്തിന്‍െറ മാനദണ്ഡം നഗരങ്ങളില്‍ 32 രൂപയും ഗ്രാമങ്ങളില്‍ 26 രൂപയും പ്രതിദിന വരുമാനമായി കാണണമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ട് അധികം നാളായിട്ടില്ല. അതിനിടയിലാണ് ആസൂത്രണ കമീഷന്‍െറ താഴ്ത്തിക്കെട്ടല്‍. ഇന്ത്യന്‍ ജീവിതത്തിന്‍െറ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ അടിയൊഴുക്കുകളെപ്പറ്റി സൂക്ഷ്മ നിരീക്ഷണം നടത്തുകയായിരുന്ന നാഷനല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍െറ നിഗമനങ്ങളാണ് ആസൂത്രണ കമീഷന്‍െറ ശിപാര്‍ശകളില്‍ പ്രതിഫലിച്ചതെന്ന് വ്യക്തം.കേവലം അക്കങ്ങളുടെ പ്രശ്നമല്ല ഇത്. ജീവിതാവസ്ഥകളെ ആഴത്തില്‍ സ്പര്‍ശിക്കുന്ന പല ഘടകങ്ങളുമായും നേര്‍ക്കുനേരെ ബന്ധപ്പെട്ടുകിടക്കുന്നതാണത്. അതെല്ലാം ചേരുംപടി ചേര്‍ന്നിട്ടില്ലെങ്കില്‍ റിപ്പോര്‍ട്ട് അപൂര്‍ണവും അതിലെ ശിപാര്‍ശകള്‍ അശാസ്ത്രീയവുമായിരിക്കും. സാമൂഹികമായ അധ$സ്ഥിതാവസ്ഥ, രാഷ്ട്രീയമായ അടിച്ചമര്‍ത്തല്‍ എന്നിവക്ക് കുടിലുകളില്‍ ദാരിദ്ര്യം കൊണ്ടുവരുന്നതിലുള്ള പങ്ക് പരിഗണിക്കപ്പെടേണ്ടതാണ്. നഗരങ്ങള്‍ എന്ന പരികല്‍പനയെ ഒരേ അളവുകോല്‍കൊണ്ട് അളക്കാന്‍ പറ്റില്ല. ചെറുകിട നഗരങ്ങളിലും പട്ടണങ്ങളിലും അത്യാവശ്യ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ വേണ്ട തുക മതിയാവില്ല വന്‍കിട നഗരങ്ങളില്‍ അരിഷ്ടിച്ചു ജീവിക്കാന്‍പോലും. മറ്റൊന്നാണ് പോഷകാഹാരവുമായി ബന്ധപ്പെട്ട വിഷയം. അര്‍ധപട്ടിണിയോ നിത്യരോഗമോ കാരണം പ്രതിദിനം കലോറി മൂല്യം കൂടുതല്‍ വേണ്ടിവരുന്ന സാധാരണക്കാരുണ്ട്. ഇങ്ങനെ സാമൂഹികവും സാമ്പത്തികവും ആരോഗ്യപരവുമായ വശങ്ങളും പ്രാദേശിക പ്രത്യേകതകളും കണക്കിലെടുക്കേണ്ടതുണ്ട്.  വിവിധ ഇനം സബ്സിഡികളടക്കം സര്‍ക്കാര്‍ നല്‍കിവരുന്ന പലവിധ ആനുകൂല്യങ്ങളെ ബാധിക്കുന്ന പ്രശ്നം കൂടിയാണിത്. അതിനാല്‍ സ്റ്റാന്‍ഡേഡ് ഹ്യൂമന്‍ ഡെവലപ്മെന്‍റ് ഇന്‍ഡക്സ് അഥവാ ദരിദ്രാവസ്ഥയുടെ ബഹുമുഖ സൂചികകള്‍ ഉള്‍പ്പെടുത്തിയായിരിക്കണം ദാരിദ്ര്യരേഖ വരക്കേണ്ടത്.അന്താരാഷ്ട്ര മാനദണ്ഡപ്രകാരം ആളോഹരി പ്രതിദിനം 1.25 ഡോളര്‍ കിട്ടാത്തവരെ ബി.പി.എല്‍ പട്ടികയില്‍ പെടുത്തണം. അതുവെച്ചുനോക്കുമ്പോള്‍ നഗരങ്ങളില്‍ 28.65 രൂപയും ഗ്രാമങ്ങളില്‍ 22.42 രൂപയും കിട്ടിയതുകൊണ്ട് എന്തുചെയ്യാനാവും. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ നിത്യോപയോഗ വസ്തുക്കളുടെ വില എത്രകണ്ട് ഉയര്‍ന്നു. രോഗചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവ കൂടി പരിഗണിച്ചാണോ 28ഉം 22 രൂപയും നിശ്ചയിച്ചിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ നിയമത്തിന്‍െറ പരിധിയില്‍നിന്ന് എ.പി.എല്ലുകാര്‍ പുറത്താവുന്നപക്ഷം  അതിന്‍െറ അടിത്തട്ടില്‍ കിടക്കുന്നവരുടെ ഭാവി എന്തായിരിക്കും. ഇത്യാദി ആശങ്കകള്‍ അസ്ഥാനത്തല്ല. അതിനാല്‍ ജനഹിതം പ്രതിഫലിക്കാന്‍ കഴിയാത്ത ഉദ്യോഗസ്ഥര്‍ ഒരിടത്തിരുന്ന് കേന്ദ്രീകൃത സ്വഭാവത്തില്‍ വരച്ചുവെക്കേണ്ട രേഖയല്ലിത്. മറിച്ച് ജനഹിതം ശരിക്കും ഉള്‍ക്കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംസ്ഥാന സര്‍ക്കാറുകളുടെയും നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്ത് വികേന്ദ്രീകൃത സ്വഭാവത്തില്‍ രൂപപ്പെടുത്തുമ്പോഴേ ചേരേണ്ടത് ചേരുംപടി ചേര്‍ക്കാനാവൂ.കോളനി ഭരണത്തില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയവരുടെ പ്രധാന സ്വപ്നങ്ങളില്‍ ഒന്ന് നാട്ടില്‍ ദാരിദ്ര്യം ഇല്ലാതാകണമെങ്കില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടം നിലവില്‍ വരണമെന്നതായിരുന്നു. അത്തരമൊരു ഭരണവ്യവസ്ഥ നിലവില്‍വന്ന് ആറ് പതിറ്റാണ്ടിനു ശേഷവും നമ്മുടെ സാമൂഹികാവസ്ഥയും ദാരിദ്ര്യം എന്ന പ്രശ്നവും എന്തു ചിത്രമാണ് നല്‍കുന്നതെന്ന് പകല്‍പോലെ വ്യക്തം. ജനസംഖ്യയുടെ മൂന്നിലൊന്ന് അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ട് ജീവിതത്തിന്‍െറ പുറംപോക്കില്‍ കഴിയുന്നു. സാമൂഹിക ക്ഷേമപദ്ധതികള്‍ പല പേരുകളില്‍ നടപ്പാക്കിയിട്ടും വികസനം എത്തേണ്ടിടത്ത് എത്തിയില്ല. അധ$സ്ഥിതരുടെ പ്രവാഹം ആശാസ്യമായി തടഞ്ഞുനിര്‍ത്താനുമായില്ല. ഈ പ്രതികൂലാവസ്ഥയെ മറികടക്കാന്‍ കണ്ട കുറുക്കുവഴിയാണ് ദാരിദ്ര്യരേഖ താഴ്ത്തി വരക്കാനുള്ള നീക്കമെങ്കില്‍ അതില്‍ യാഥാര്‍ഥ്യബോധം പ്രതിഫലിക്കുന്നില്ല. എന്നുമാത്രമല്ല, സര്‍ക്കാറിനെ വരിഞ്ഞുമുറുക്കുന്ന ഒരു കെണിയായേ അതിനെ കാണാനാവൂ. ക്ഷേമരാഷ്ട്രം മുന്നില്‍കണ്ട്, ഒരിക്കല്‍ നാം ആട്ടിയോടിച്ചവര്‍ മറക്കുപിന്നില്‍നിന്ന് നെയ്തെടുക്കുന്ന കുരുക്കാണത്. നാടിന്‍െറ ക്ഷേമമല്ല, കച്ചവടതാല്‍പര്യമാണതിന്‍െറ പ്രചോദനം.
Source: http://madhyamam.in/news/158935/120323

No comments:

Post a Comment