Monday, September 23, 2013

വിവാഹപ്രായം

ശരീഅത്ത് അനുസരിച്ച് പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകുന്നത് പതിനാറാം വയസ്സിലല്ല. അത് പലപ്പോഴും പ്രൈമറി സ്കൂള്‍ പൂര്‍ത്തിയാകുന്നതിനു മുമ്പ് സംഭവിച്ചിരിക്കും. എന്നുവെച്ച് അതാണ്‌ ശരീഅത്ത് അനുസരിച്ചുള്ള വിവാഹപ്രായം എന്ന് പറയാന്‍ പറ്റുമോ?

ഇനി ലൈംഗികപ്രായപൂര്‍ത്തിയാണ്‌ ശരീഅത്തനുസരിച്ചുള്ള വിവാഹപ്രായമെങ്കില്‍ ആ പ്രായത്തിലെത്തിയ ആണ്‍കുട്ടികളെയും കല്യാണം കഴിക്കാന്‍ അനുവദിക്കണ്ടേ? അല്ലാതെ ഇരട്ടത്താപ്പ് പടുണ്ടോ? അതും ശരീഅത്ത് നിരോധിച്ചതല്ലേ? ആണ്‍കുട്ടികള്‍ക്ക് നിലവിലുള്ള പ്രായപരിധിയായ 21 വയസ്സില്‍ ഇളവ് കിട്ടാന്‍ വേണ്ടിയല്ലേ ആദ്യം സമരം ചെയ്യ്‌ണ്ടത്?

'ശരീഅത്ത് വിരുദ്ധന്മാര്‍' എന്ന് സമുദായം അധിക്ഷേപിച്ചവര്‍ ഒച്ചപ്പാടുണ്ടാക്കുകയും; 18 വയസ്സിനു മുമ്പുള്ള വിവാഹം ഭരണകൂടം നിരോധിക്കുകയും ചെയ്‌തപ്പോള്‍ മാത്രമല്ലേ ശൈശവവിവാഹം എന്ന സമ്പ്രദായം ഒരു പരിധി വരെ കുറഞ്ഞത്?

വിവാഹം നടത്താന്‍ ലൈംഗിക പ്രായപൂര്‍ത്തി മാത്രം മതിയോ? പെണ്‍കുട്ടികള്‍ക്ക് വിദ്യഭ്യാസം നേടാന്‍ അവസരം വേണ്ടേ? പക്വത ഉണ്ടാവണ്ടേ? അതിനൊക്കെ മുമ്പ് കെട്ടിച്ചയക്കാനുള്ള വല്ല പഴുതും നിയമത്തില്‍ ഉണ്ടായാല്‍ പ്രൈമറി ക്ലാസില്‍ തന്നെ കല്യാണം കഴിച്ചയച്ചിരുന്ന പഴയ സമ്പ്രദായം തിരിച്ചുവരില്ലേ? വിദ്യാഭ്യാസമേഖലയില്‍ സമുദായത്തിലെ പെണ്‍കുട്ടികള്‍ ഇനിയും പിന്നാക്കം പോവില്ലേ? എന്തൊക്കെ പറഞ്ഞാലും വിവാഹപ്രായപരിധി നിയമല്ലേ സമുദായത്തിലെ പെണ്‍കുട്ടകള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം ഒരുക്കിയത്? കെട്ടിക്കൊണ്ടുപോകാന്‍ ആരെങ്കിലും വരട്ടെ; അതു വരെ പഠിപ്പിക്കാം; ഇതല്ലേ സമുദായത്തിന്റെ നയം.

മേല്‍ പറഞ്ഞ നിയമം നിലവിലുണ്ടായിട്ടുപോലും ഭൂരിപക്ഷം കുട്ടികളുടെയും കല്യാണം ഇപ്പോഴും നടക്കുന്നത് 18 നു മുമ്പാണ്‌. അത്തരം വിവാഹങ്ങളുടെ ഉത്തരവാദികളെ ശിക്ഷിക്കാന്‍ ഭരണകൂടം തീരുമാനിച്ചാല്‍ സമുദായത്തിന്റെ നല്ലൊരു പങ്ക് അഴികള്‍ക്കുള്ളിലാകും കഴിയേണ്ടിവരുക.

ഇനി 16 ല്‍ കല്യാണമാകാം എന്ന ഇളവ് ലഭിച്ചാല്‍ എന്തായിരിക്കും അവസ്ഥ? അതോടെ എല്ലാം കഴിയും. 16 തികയാന്‍ കാത്തിരിക്കുന്നതു പോയിട്ട് സ്കൂള്‍ ഫൈനല്‍ പോലും കഴിയുന്നതിനു മുമ്പ് കെട്ടിച്ചയക്കുന്നത് പതിവാകും. അതുകൊണ്ട് ഒരു തരത്തിലുള്ള ഇളവും ഇക്കാര്യത്തില്‍ ഉണ്ടാകരുത്. 18 നു മുമ്പുള്ള കല്യാണം ശിക്ഷാര്‍ഹമായ കുറ്റമായി തന്നെ കണക്കാക്കണം. കര്‍ശനമായി ഈ നിയമം നടപ്പിലാക്കുകയും വേണം. മുസ്‌ലിം പെണ്‍കുട്ടികള്‍ സ്വന്തം കാലില്‍ നില്‌ക്കാന്‍ പ്രാപ്തിയുള്ളവരായി വളരട്ടെ.

3 comments:

  1. പതിനെട്ടു വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയെ കല്യാണം കഴിച്ചയക്കാന്‍, ജാതി-മത ഭേദമന്യേ ആരെയും, നിലവിലുള്ള നിയമം അനുവദിക്കുന്നില്ല. ഇക്കാര്യത്തില്‍ മുസ്‌ലിംകള്‍ക്ക് പ്രത്യേകം ഇളവ് വേണമെന്നാണ്‌ വാദിക്കപ്പെടുന്നത്. അത് നല്‌കാന്‍ പറ്റില്ലെന്ന് പറയരുത്. പറഞ്ഞാല്‍ അത് മനുഷ്യാവകാശലംഘനമാവും; മുസ്‌ലിം വിരുദ്ധവും ന്യൂനപക്ഷവിരുദ്ധവുമായ നിലപാടാകും. എന്നൊക്കെയാണ്‌ കേള്‍ക്കുന്നത്.

    ആണ്‍കുട്ടികള്‍ക്കുമുണ്ട് പ്രായപരിധി; 21 വയസ്സ്. എന്നാല്‍ 21 കാരായ ആണ്‍കുട്ടികള്‍ കല്യാണം കഴിക്കുന്നത് ഇന്നത്തെ മുസ്‌ലിം സമൂഹത്തില്‍ അത്യപൂര്‍വ സംഭവമാണ്‌. അവിടെ പരിധിയോട് ആര്‍ക്കും എതിര്‍പ്പൊന്നുമില്ല; മാത്രമല്ല ആ പരിധിയില്‍ നിന്ന് വിവാഹം വളരെ ഉയര്‍ന്നുപോവുകയും ചെയ്യുന്നു. പെണ്‍കുട്ടിക്ക് പരിധി നിശ്ചയിച്ചതിനോടേ സമുദായത്തിലെ ചിലര്‍ക്ക് എതിര്‍പ്പുള്ളു. പെണ്‍കുട്ടികള്‍ക്ക് നിശ്ചയിക്കപ്പെട്ട പരിധിയല്‍ നിന്ന് താഴോട്ടു പോകണമെന്നാണ്‌ പറയുന്നത്; എന്തുകൊണ്ടാണിത്‌?

    ReplyDelete
  2. വിവാഹപ്രായപരിധിനിയമം നിലവിലുണ്ടായിട്ടുപോലും ഭൂരിപക്ഷം കുട്ടികളുടെയും കല്യാണം ഇപ്പോഴും നടക്കുന്നത് 18 നു മുമ്പാണ്‌. എന്നിരിക്കെ 16 ല്‍ കല്യാണമാകാം എന്ന ഇളവ് ലഭിച്ചാല്‍ എന്തായിരിക്കും അവസ്ഥ? 16 തികയാന്‍ കാത്തിരിക്കുന്നതു പോയിട്ട് സ്കൂള്‍ ഫൈനല്‍ പോലും കഴിയുന്നതിനു മുമ്പ് കെട്ടിച്ചയക്കുന്നത് പതിവാകും.

    പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം അതോടെ ഇല്ലാതാകും. ശാരീരികവും മാനസികവുമായ പക്വത എത്തുന്നതിന്നു മുമ്പുള്ള കല്യാണം മൂലമുണ്ടകുന്ന മറ്റു പ്രശ്‌നങ്ങള്‍ വേറെയും. നിയമത്തിന്റെയും ശിക്ഷയുടെയും അഭാവത്തില്‍ ഇതൊന്നും നിയന്ത്രണവിധേയമാവില്ല.

    നേരിയ ഇളവിന്റെ ഒരു കൊച്ചു ഇടവഴി ഉണ്ടായാല്‍ അതിനെ സമുദായം എക്‌സ്‌പ്രസ് ഹൈവേ ആക്കിമാറ്റും.

    ReplyDelete
  3. വിവാഹ പ്രായം : വിവാദം അനാവശ്യം

    കോഴിക്കോട് : വിവാഹ പ്രായവുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന പുതിയ വിവാദം ഒഴിവാക്കേണ്ടതായിരുന്നു വെന്ന് ജാാത്തെ ഇസ്ലാമി ജനറൽ സെക്രട്ടറി പി മുജീബ് റഹ്മാൻ അറിയിച്ചു. വിവാഹ പ്രായം പതിനെട്ട് വയസ്സാക്കി നിജപ്പെടുത്തിയ സാഹചര്യത്തിൽ മുസ്ലിം സമൂഹത്തിലെ വിവിധ പ്രദേശങ്ങളിൽ നില നിൽക്കുന്ന പ്രശ്നത്തെ കുറിച്ച് ആലോചിക്കാനും പരിഹാരം കണ്ടെത്താനുമാണു കോട്ടുമല ബാപ്പു മുസ്ല്യാരുടെ നേതൃത്വത്തിൽ മുസ്ലിം സംഘടനാ നേതാക്കളുടെ യോഗം വിളിച്ച് ചേർത്തത്. ജമാ അത്തെ ഇസ്ലാമി പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തിരുന്നു. നിശ്ചിത പ്രായം എത്തുന്നതിനു മുമ്പ് വിവാഹം നടത്തുന്നതിനെ നിരുത്സാഹപ്പെടുത്താനും സമുദായത്തെ ബോധവൽക്കരിക്കാനുമാണു യോഗത്തിലുണ്ടായ പൊതു ധാരണ. നിർബന്ധിതമായ ഏതെങ്കിലും സാഹചര്യത്തിൽ പതിനെട്ട് വയസ്സിനു മുമ്പ് വിവാഹം നടന്നാൽ പ്രസ്തുത സംഭവങ്ങളിൽ നിയമ നടപടികൾ ഒഴിവാക്കാനുള്ള സാധ്യതയെ കുറിച്ച് പഠിക്കണമെന്നും യോഗത്തിൽ ധാരണയുണ്ടായി. ജമാ അത്തെ ഇസ്ലാമി പ്രതിനിധികൾ ഉൾപ്പെടെ യോഗത്തിൽ പങ്കെടുത്ത പ്ലരും പ്രകടിപ്പിച്ച അഭിപ്രായം യോഗത്തിന്റെ പൊതു ധാരണയായി രൂപപ്പെറ്റുകയാണു ചെയ്തത്. ഈ ആവശ്യാർത്ഥം നിയമ നടപടിക്കുള്ള സാധ്യതകൾ പഠിക്കാനും ബോധ വൽക്കരണ പരിപാടികളെ കുറിച്ച് നിർദേശം സമർപ്പിക്കാനുമുള്ള കമ്മറ്റികൾ രൂപീകരിക്കപ്പെടുകയും ചെയ്തു. ഇതിലുപരിയായ എന്തെങ്കിലും തീരുമാനങ്ങളെടുക്കുകയോ പ്രായോഗിക നടപടികളെ കുറിച്ച് തീരുമാനിക്കുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ പുതിയ വിവാദങ്ങൾ അനവസരത്തിലാണെന്ന് അദ്ദേഹം വിശാദീകരിച്ചു.

    ReplyDelete