Friday, September 7, 2012

തരുണ്‍ തേജ്‌പാല്‍

കെ.കെ. ആലിക്കോയ


പലരെക്കുറിച്ചും നാം കേള്‍ക്കാറുണ്ട്; അറിയാറുണ്ട്. അറിയേണ്ട ചിലരെ അറിയാതെ പോകുന്നത് മഹാ കഷ്ടമാണ്‌. നാം അനിവാര്യമായും അറിയേണ്ടവരിലൊരാളാണ്‌ തരുണ്‍ തേജ്‌പാല്‍. 1963 ല്‍ ജനനം. പത്രപ്രവര്‍ത്തകന്‍, നോവലിസ്റ്റ്, പ്രസാധകന്‍ ഇതെല്ലാമാണ്‌ അദ്ദേഹം.

നേരത്തെ ഇന്ത്യാറ്റുഡേ, ഇന്ത്യന്‍ എക്‌സ്‌പ്രസ് എന്നിവയുടെ എഡിറ്ററും ഔട്ട്‌ലുക്കിന്റെ മനേജിങ്ങ് എഡിറ്ററും ആയിട്ടുണ്ട്. പിന്നീട് 2000 ല്‍ അദ്ദേഹം ഒരു ഓണ്‍ലൈന്‍ മാഗസിന്‍ സ്വന്തമായിട്ട് തുടങ്ങി; തെഹെല്‍ക്ക.കോം! പിന്നീട്, തെഹെല്‍ക്ക വാരിക പ്രസിദ്ധീകരിച്ചു തുടങ്ങി.

ഏഷ്യയിലെ ഏറ്റവും ശക്തരായ 50 വാര്‍ത്താവിനിമയകര്‍ത്താക്കളില്‍ ഒരാളെന്നാണ്‌ 2001 ല്‍ ഏഷ്യാവീക്ക് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഏഷ്യയിലെ മാറ്റത്തിന്റെ മുന്‍നിരനായകന്മാരില്‍ ഒരാളെന്നാണ്‌ ബീസിനസ് വീക്ക് നല്‍കിയ വിശേഷണം. പുതിയ ഇന്ത്യയുടെ സത്തായി കണക്കാക്കാവുന്ന 20 പേരില്‍ ഒരാളായിട്ടാണ്‌ ദി ഗാഡിയന്‍ വിശേഷിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും ശക്തന്മാരായ 50 പേരില്‍ ഒരാളായിട്ടാണ്‌ 2009 ല്‍ അദ്ദേഹത്തെ ബിസിനസ് വീക്ക് അടയാളപ്പെടുത്തിയത്. ഇതൊന്നും അതിശയോക്തിപരമല്ലെന്ന് തരുണ്‍ തേജ്‌പാലിനെക്കുറിച്ച് അല്‍പ്പമെങ്കിലും അറിയുന്ന ആരും സാക്‌ഷ്യപ്പെടുത്തും.

'ഇന്ത്യ ഇങ്ക്' ആണ്‌ അദ്ദേഹത്തിന്റെ പ്രസാധനാലയം. അരുന്ധതി റോയിയുടെ ദി ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സിന്റെ പ്രസാധകര്‍. ദി ആല്‍ക്കമി ഓഫ് ഡിസയര്‍ (2006), ദി സ്റ്റോറി ഓഫ് മൈ അസാസിന്‍ (2010), ദി വാലി ഓഫ് മാസ്‌ക്‌സ് (2011) എന്നിവ തരുണിന്റെ നോവലുകളാണ്‌. എഴുത്തുകാരുടെയും ചിന്തകന്മാരുടെയും സാധാരണക്കാരുടെയും പ്രശംസ പിടിച്ചുപറ്റിക്കൊണ്ടിരിക്കുന്നവ തന്നെ.

ധീരമായ പത്രപ്രവര്‍ത്തനത്തിന്റെ പര്യായമാണ്‌ തരുണ്‍ തേജ്‌പാലും അദ്ദേഹത്തിന്റെ തെഹെല്‍ക്കയും. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിലൂടെ നേടിയ പ്രശസ്‌തിയുടെ ഉടമകള്‍! ക്രിക്കറ്റ് കുംഭകോണം, പ്രതിരോധ കുംഭകോണം, ജെസിക ലാല്‍ കൊലപാതകം, ഇന്ത്യയിലെ നക്‌സല്‍ പ്രസ്ഥാനത്തെക്കുറിച്ചുള്ള വിശദമായ പഠനം, ഗുജറാത്ത് കലാപത്തെക്കുറിച്ച് ഹിഡെന്‍ കാമറ ഉപയോഗിച്ച് നടത്തിയ വിവരശേഖരണം എന്നിവ തരുണിന്റെയും തെഹെല്‍ക്കയുടെയും സംഭാവനകളില്‍ ചിലതാണ്‌.

3 comments:

  1. ധീരതയും സത്യസന്ധതയുമാണ് ഒരു പത്രപ്രവര്‍ത്തകന് ഏറ്റവും ആവശ്യമായ ഗുണങ്ങള്‍ അത് തേജ് പാലിനുണ്ട് . അതുതന്നെയാകണം അദ്ദഹേത്തിന്റെ പ്രശസ്തിയുടെ കാരണവും..

    ReplyDelete
  2. ''അറിയേണ്ട ചിലരെ അറിയാതെ പോകുന്നത് മഹാ കഷ്ടമാണ്‌.
    നാം അനിവാര്യമായും അറിയേണ്ടവരിലൊരാളാണ്‌ തരുണ്‍ തേജ്‌പാല്‍.''
    ശരിയാണ് . ധീരതയും സാമൂഹ്യപ്രതിബദ്ധതയുമുള്ള യഥാര്‍ത്ഥ
    മാധ്യമ പ്രവര്‍ത്തകനാണ് തരുണ്‍ തേജ് പാല്‍

    ReplyDelete