Tuesday, November 22, 2011

മുല്ലപ്പെരിയാര്‍ വാട്ടര്‍ ബോംബ്

കെ.കെ. ആലിക്കോയ

 മുല്ലയാറും പെരിയാറും കൂട്ടിച്ചേര്‍ത്താണ്‌ മുല്ലപ്പെരിയാര്‍ എന്ന നാമമുണ്ടാക്കിയത്; ഈ രണ്ടു നദികള്‍ ചേര്‍ത്ത് ഡാമുണ്ടാക്കിയതുപോലെ. 1895 ലാണ്‌ മുല്ലപ്പെരിയാറിന്റെ നിര്‍മ്മാണം. തമിഴ്നാട്ടിലെ തേനി, മധുര, ദിണ്ടിക്കല്‍ , രാമനാഥപുരം, ശിവഗംഗ ജില്ലകളിലെ ജലക്ഷാമം പരിഹരിക്കുന്നതിന്നു വേണ്ടിയായിരുന്നു അത്.  ജലസംഭരണിയില്‍ നിന്ന് തമിഴ്നാട്ടിലെ വൈകൈ നദിയിലേക്കാണ്‌ തുരങ്കം വഴി ജലമൊഴുക്കുന്നത്. അവര്‍ വൈദ്ധ്യുതോല്പാദനവും നടത്തുന്നുണ്ട്.


ഇടുക്കി അന്ന് തിരുവിതാംകൂര്‍ രാജവംശത്തിന്റെ കീഴിലായിരുന്നു. വിശാഖം തിരുനാളായിരുന്നു രാജാവ്. അണകെട്ടാന്‍ രജാവിനു സമ്മതമായിരുന്നില്ല. ബ്രിട്ടീഷുകാരുടെ കടുത്ത സമ്മര്‍ദ്ധത്തിനു വഴങ്ങിയാണ്‌ അദ്ദേഹമതിന്‌ സമ്മതം നല്കിയത്. 999 വര്‍ഷത്തേക്കാണ്‌ കരാര്‍. ഏക്കറിന്ന് 5 രൂപ വീതം  40,000 രൂപ തിരുവിതാംകൂറിനു പാട്ടം ലഭീക്കുമായിരുന്നു.


അഞ്ചോ ആറോ പതിറ്റാണ്ടു മാത്രമാണ്‌ ഒരണക്കെട്ടിന്റെ ഗ്യാരണ്ടി. മുല്ലപ്പെരിയാറിനാകട്ടെ അതിന്റെ ഇരട്ടി പ്രായമായിരിക്കുന്നു. 1979 ലുണ്ടായ ഭൂകമ്പത്തില്‍ ഡാമിനു ചോര്‍ച്ച കണ്ടെത്തിയതിനാല്‍ അന്നു മുതല്‍ കേരളം സുരക്ഷയ്ക്കുവേണ്ടി മുറവിളി കൂട്ടിവരുന്നു. അത്  പൊളിച്ചുപണിയണമെന്നാണ്‌ കേരളത്തിന്റെ ആവശ്യം.  എന്നാല്‍ സംഭരിക്കാവുന്ന ജലത്തിന്റെ അളവ് കൂട്ടണമെന്ന് തമിഴ്നാട് നിരന്തരം ആവശ്യപ്പെട്ടു വരുന്നു.


ഇടുക്കി, കോട്ടയം, ആലപ്പുഴ, എരണാകുളം ജില്ലകളിലായി താമസിക്കുന്ന ദശലക്ഷക്കണക്കിന്‌ മനുഷ്യരുടെ ജീവനും ആ ഭൂപ്രദേശങ്ങളും സംരക്ഷിക്കുകയാണ്‌ കേരളത്തിന്റെ ഉന്നം. ഈ തര്‍ക്കത്തില്‍ കേരളവും തമിഴ്നാടും തമ്മില്‍ നിയമപോരാട്ടവും നടന്നിട്ടുണ്ട്. ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ, വിധി കേരളത്തിനെതിരായിരുന്നു. ഇതിനെ മറികടക്കാന്‍ വേണ്ടി കേരളം ഒരു ബില്‍ പാസാക്കിയെങ്കിലും അതിനെ ഭരണഘടനാവിരുദ്ധമെന്നാണ്‌ സുപ്രീം കോടതി വിശേഷിപ്പിച്ചത്.  നിലനില്പിനുവേണ്ടിയാണ്‌ കേരളം പൊരുതുന്നത്. സുപ്രീം കോടതിയെ അതു ബോദ്ധ്യപ്പെടുത്താന്‍ നമ്മുടെ ബ്യൂറോക്രാറ്റുകള്‍ക്ക് കഴിഞ്ഞിട്ടില്ലെങ്കിലും........



 ഇപ്പോള്‍ ഇടക്കിടെ ഭൂകമ്പം നടക്കുന്ന പ്രദേശമാണല്ലോ ഇടുക്കി. ഇത് കേരളത്തിന്റെ ഉറക്കം കെടുത്താന്‍ പോന്നതാണ്‌. റിക്ടര്‍ സ്കെയിലില്‍ ആറ്‌ ഡിഗ്രി അടയാളപ്പെടുത്തുന്ന ഭൂകമ്പം താങ്ങാനുള്ള ശേഷി ഡാമിനില്ലെന്നാണ്‌ വിദഗ്ദാഭിപ്രായം.  ഡാം തകര്‍ന്നാല്‍ -അങ്ങനെ സംഭവിക്കാതിരിക്കട്ടെ- ഒരു മണിക്കൂറിനകം കേരള ജനതയിലെ ദശലക്ഷങ്ങളും അവരുടെ സകലസമ്പത്തുക്കളും അവരുടെ നാടുതന്നെയും അറബിക്കടലിലേക്കൊഴിപ്പോകുമെന്നാണ്‌ ആശങ്കിക്കപ്പെടുന്നത്.

No comments:

Post a Comment