Thursday, July 19, 2012

ഹിലാല്‍ ദര്‍ശനം: ഒരു അറേബ്യന്‍ നുണ

കെ.കെ. ആലിക്കോയ

സഊദി അറേബ്യയില്‍ ജൂലൈ 19 ന്‌ ഹിലാല്‍  കണ്ടതിന്റെ അടിസ്ഥാനത്തില്‍ 20 ന്‌ റമദാന്‍ നോമ്പ് ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. സഊദിയിലെ പ്രധാന നഗരങ്ങളായ മക്ക, മദീന, റിയാദ് എന്നിടങ്ങളില്‍ സൂര്യാസ്‌തമയത്തിനു ശേഷം യഥാക്രമം 6, 5, 3 മിനിറ്റുകള്‍ കഴിഞ്ഞാണ്‌  ജൂലൈ 19 ന്‌ ചന്ദ്രന്‍ അസ്‌തമിച്ചത്. അതിനാല്‍ 20 ന്‌ റമദാന്‍ തുടങ്ങാനുള്ള തീരുമാനം  സ്വാഗതാര്‍ഹമാണ്‌. എന്നാല്‍ 19 ന്‌ അസ്‌തമയ ശേഷം ഹിലാല്‍ കണ്ടു എന്ന പ്രസ്താവന മിതമായ ഭാഷയില്‍ പറഞ്ഞാല്‍ നുണയാണ്‌. കാരണം 3, 5, 6 മിനിറ്റ് നേരം ചക്രവാളത്തിലുണ്ടാകുന്ന ചന്ദ്രനെ ലോകത്ത് ഇന്നു വരെ ആരും ഒരിടത്തും കണ്ടതായി ഒരു രേഖയും നിലവിലില്ല. സൂര്യാസ്‌തമയ ശേഷം 20 മിനിറ്റില്‍ കൂടുതല്‍ സമയം ചന്ദ്രന്‍ ചക്രവാളത്തിലുണ്ടായാല്‍ മാത്രമേ കാണാന്‍ കഴിയുകയുള്ളു. എന്നാണ്‌ ഒബ്‌സര്‍വേറ്ററികളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സൂര്യാസ്‌തമയ ശേഷം ചന്ദ്രന്‍ ചക്രവാളത്തിലുണ്ടെങ്കില്‍ അതോടെ പുതിയ മാസം ആരംഭിക്കുകയാണ്‌ സഊദിയില്‍  ഇപ്പോള്‍ ചെയ്തുവരുന്നത്; ഹിലാല്‍ കാണണമെന്ന വാശി അവര്‍ക്കില്ല. എന്നാല്‍ ഇത് സമൂഹത്തോട് തുറന്നു പറയാന്‍ അവര്‍ ധൈര്യം കാണിക്കാറില്ല. പകരം അവരൊരു നുണ പറയും: 'ഇന്ന സ്ഥലത്ത് കണ്ടതിന്റെ അടിസ്ഥാനത്തില്‍....' എന്ന്.
''സത്യം പറയുക; അത് കൈപ്പുറ്റതാണെങ്കിലും.'' (ഹദീസ്)


Monday, June 18, 2012

മൃഗങ്ങള്‍ക്കുവേണ്ടി....


കെ.കെ. ആലിക്കോയ

വനമേഖലയിലൂടെയുള്ള ജനസഞ്ചാരം കുറയ്ക്കാനും അതുമൂലം മൃഗങ്ങളുടെ സ്വൈരവിഹാരം ഉറപ്പാക്കാനും സര്‍ക്കാര്‍ അമിതമായ താല്‍പര്യം കാണിക്കുന്നു. ഇതു മൂലം മനുഷ്യര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒട്ടും പരിഗണിക്കുന്നേയില്ല. എന്നാല്‍ മേല്‍ നടപടിമൂലവും മറ്റും കാട്ടിലെ മൃഗസംഖ്യ വര്‍ദ്ധിക്കുകയും അവ നാട്ടിലിറങ്ങി മനുഷ്യന്റെ കൃഷിയും വീടും നഷിപ്പിക്കയും മനുഷ്യനെ കൊല്ലുകയും ചെയ്യുമ്പോള്‍ ഭരണകൂടം വീണവായിക്കുകയാണ്‌.

ആന, കടുവ, കാട്ടുപന്നി മുതലായവയോടു മാത്രം സ്നേഹം കാണിച്ചാല്‍ മതിയോ? എല്ലാ ജീവജാലങ്ങളോടും സ്നേഹം കാണിക്കേണ്ടതല്ലേ? പിന്നെന്താണ്‌ കൊതികിനോട് സ്നേഹമില്ലാത്തത്? മസ്‌ക്വിറ്റോ ബാറ്റുകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാത്തതെന്തുകൊണ്ട്? കൊതുകിനെ കൊല്ലുന്നത് കുറ്റമായി പ്രഖ്യാപിക്കുന്ന നിയമം നിര്‍മ്മിക്കാത്തതെന്തുകൊണ്ട്? വീട്ടുവളപ്പിലെ പാമ്പിനെയും തേളിനെയും കൊല്ലുന്നത് നിരോധിക്കാത്തതെന്തുകൊണ്ട്? മൂട്ടയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നയമെന്താണ്‌?

ഇവ ഉപദ്രവകാരികളാണ്‌ എന്നാണ്‌ മറുപടിയെങ്കില്‍ ആനയും കടുവയും കാട്ടുപന്നിയും ഉപദ്രവകാരികള്‍ തന്നെയാണ്‌. എന്നുവെച്ച് അവയെ കൊല്ലണമെന്നില്ല. മനുഷ്യന്‌ ശല്യമാകുന്നിടത്തു നിന്ന് അവയെ ഒന്ന് വിരട്ടിയോടിക്കുകയെങ്കിലും ചെയ്‌തുകൂടേ?

വയനാട്‌ പോലുള്ള, കൊടുംവനങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന ജനവാസ മേഖലകളിലെ ജനജീവിതം ജീവഭയത്തിന്റെ നിഴലിലാണെന്നറിയണം. ഈയിടെയാണ്‌ ഒരു ബൈക്ക് യാത്രക്കാരന്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആനയുടെയും കാട്ടുപോത്തിന്റെയും കാട്ടുപന്നിയുടെയും  ആക്രമണത്തിന്നിരയായി മരിക്കുന്നവരും പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നവരും നിരവധിയുണ്ട്. മൃഗസംരക്ഷണം നല്ലതു തന്നെ. പക്ഷേ, അതിനു മുമ്പ് മനുഷ്യന്റെ സുരക്ഷിതത്വം ഉറപ്പാക്കണം.

'മൃഗങ്ങള്‍ക്കുവേണ്ടി മൃഗങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട മൃഗങ്ങളുടെ ഭരണകൂട'മാണ്‌ നാട് ഭരിക്കുന്നതെന്ന് മനുഷ്യര്‍ പറയാനിടവരുത്തരുത്.

Saturday, June 16, 2012

നെയ്യാറ്റിന്‍കര നല്‍കുന്ന പാഠം 


കെ.കെ. ആലിക്കോയ 

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് റിസല്‍ട്ട് വന്നു കഴിഞ്ഞു. താല്‍ക്കാലികമായ വിലയിരുത്തലില്‍ യു.ഡി.എഫിന്‌ ലാഭവും എല്‍.ഡി.എഫിന്‌ നഷ്ടവുമാണ്‌. 
ടി.പി വധം, 
ശുകൂര്‍ വധം, 
ഫസല്‍ വധം, 
ഇടുക്കിയിലെ മുന്ന് കൊലപാതകങ്ങളെക്കുറിച്ച് എം.എം മണിയുടെ വെളിപ്പെടുത്തല്‍, 
ഇവയുമായി ബന്ധപ്പെട്ട കേസുകള്‍, 
സി.പി.എമ്മിലെ അനൈക്യം, 
തെരഞ്ഞെടുപ്പ് ദിവസം അച്യുതാനന്ദന്‍ ഒഞ്ചിയം സന്ദര്‍ശിച്ചത് 
- ഇങ്ങനെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിന്റെ കാരണങ്ങള്‍ പലതാണ്‌. 
യു.ഡി.എഫിന്റെ വിജയത്തിന്റെ കാരണങ്ങളും ഇവയെല്ലാം തന്നെയാണ്‌. 

പക്ഷേ, ഇവിടം കൊണ്ട് വിലയിരുത്തല്‍ അവസാനിക്കുന്നില്ല. വളരെ പ്രധാനപ്പെട്ട ഒരു കാര്യം കുടി വിലയിരുത്തപ്പെടണം. 
2011 ലെ തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്തത് 111,698 വോട്ടായിരുന്നു. ഇതില്‍ 54,711 എണ്ണം എല്‍.ഡി.എഫും 48,009 എണ്ണം യു.ഡി.എഫും നേടി. 
എന്നാല്‍ 2012 ല്‍ പോളിങ് വര്‍ദ്ധിച്ചു. 131,442 വോട്ട് പോള്‍ ചെയ്തതില്‍ 52,528 എണ്ണമാണ്‌ യു.ഡി.എഫ് നേടിയത്. (അതായത് 2011 ലേതിനേക്കാള്‍ 4519 വോട്ട് കൂടുതല്‍.) അതേ സമയം എല്‍.ഡി.എഫ് നേടിയത് 46,194 ആണ്‌. (അതായത് 2011 ലേതിനേക്കാള്‍ 8217 വോട്ടിന്റെ കുറവ്.) 

2012 ല്‍ പോളിങ് വര്‍ദ്ധിച്ചതിന്റെ ഒരു നേട്ടവും ഇരു മുന്നണികള്‍ക്കും കിട്ടിയിട്ടില്ല. മാത്രമല്ല 2011 ല്‍ ഇരു മുന്നണികള്‍ക്കും മൊത്തം ലഭിച്ചതിനേക്കാള്‍ 3998 വോട്ട് ഇത്തവണ കുറയുകയാണ്‌ ചെയ്തിരിക്കുന്നത്. 

19,744 വോട്ട് കൂടുതല്‍ പോള്‍ ചെയ്തിട്ടും ഇതാണവസ്ഥ. ഇരു മുന്നണികള്‍ക്കും കുറവ് വന്ന 3998 ഉം ഇത്തവണ കൂടുതല്‍ പോള്‍ ചെയ്ത 19,744 ഉം ചേര്‍ത്താല്‍ 23,742 കിട്ടും. 
ഈ വോട്ട് മൊത്തം ബി.ജെ.പി നേടിയിരിക്കുന്നു. അവര്‍ ഇത്തവണ കൂടുതല്‍ കിട്ടിയത് 23777. (2011 - 6730, 2012 - 30507)
2011 ല്‍ ആകെ പോള്‍ ചെയ്തതിന്റെ 91.96 ശതമാനമാണ്‌ ഇരു മുന്നണികളും കൂടി നേടിയത്. എന്നാല്‍ ഇത്തവണ ആകെ പോള്‍ ചെയ്തതിന്റെ 75.1% മാത്രമാണ്‌ ഇരു മുന്നണികള്‍ക്കും കൂടി നേടാന്‍ സാധിച്ചത്. 

ഇതിലടങ്ങിയ ദുസ്സൂചന ഇരു മുന്നണികളും വിലയിരുത്തണം. അല്ലാതിരുന്നാല്‍ ഇനി അധികകാലം നമുക്ക് മതേതരത്വത്തിന്റെ പേരില്‍ ഊറ്റംകൊള്ളാന്‍ കഴിയുകയില്ല.



Tuesday, June 5, 2012

പൊലീസിലെ ക്രിമിനലുകള്‍ 

കെ.കെ. ആലിക്കോയ

533 ക്രിമിനല്‍ കേസ് പ്രതികള്‍ കേരള പൊലീസിലുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതില്‍ സമര്‍പ്പിച്ച രേഖയില്‍ പറയുന്നു. കൊലപാതകം മുതല്‍ സ്ത്രീപീഡനം വരെയുള്ള കുറ്റങ്ങളാണ്‌ ഇവര്‍ക്കു മേല്‍ ചുമത്തപ്പെട്ടിട്ടുള്ളത്. ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരുമുണ്ട് കൂട്ടത്തില്‍.

വേലി തന്നെ വിള തിന്നുക, ചങ്ങലയ്ക്ക് ഭ്രാന്തിളകുക എന്നൊക്കെ പറയാറുണ്ട്. പൊലീസുകാര്‍ കുറ്റം ചെയ്യുന്നത് അതിലേറെ ഗുരുതരമാണ്‌. മേല്‍ പറഞ്ഞത് യഥാര്‍ത്ഥത്തില്‍ നടന്ന കുറ്റകൃത്യങ്ങളുടെ വളരെ വളരെ ചെറിയ ഒരു കണക്ക് മാത്രമായിരിക്കും.

ചില പൊലീസുകാരെങ്കിലും ദാദമാരെപ്പോലെ പെരുമാറുന്ന അവസ്ഥയുണ്ട്. ആള്‌ പൊലീസായാല്‍ പിന്നെ അയാളെ പേടിച്ചേ പറ്റൂ എന്ന അവസ്ഥയും നാട്ടില്‍ നിലവിലുണ്ട്. അക്കാരണത്താല്‍ പൊലീസുകാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നിരവധി കുറ്റകൃത്യങ്ങള്‍ കേസാകാതെ പോകുന്നുണ്ട്. പൊലീസിനെ പേടിച്ചിട്ട് പുറത്തു പറയാതെ സഹിക്കുന്നവയായിരിക്കും അവ.

ഇതെല്ലാം ഒരു ജനാധിപത്യസംവിധാനത്തിനു കീഴില്‍ നടക്കാന്‍ പാടില്ലാത്തവയാണ്‌. നമ്മുടെ പൊലീസുകാരെ നേരത്തെ ബാധിച്ചതും ഇതുവരെ വിട്ടുപോയിട്ടില്ലാത്തതുമായ സാമ്രാജ്യത്തഭൂതം ഒഴിപ്പിക്കപ്പെടും വരെ ഇത് തുടരാനാണിട. ശക്തമായ ഇച്ഛാശക്തിയോടു കൂടിയുള്ള ഇടപെടല്‍ സമൂഹത്തിന്റെ എല്ലാഭാഗത്തുനിന്നും ഉണ്ടാകണം. എങ്കിലേ ഈ അവസ്ഥ മാറുകയുള്ളു.

Monday, May 28, 2012

കുടുംബവും ശാന്തിയും 

കെ.കെ. ആലിക്കോയ

മനുഷ്യസമൂഹത്തിന്ന് വിവിധ തലങ്ങളിലായി പല തരം യൂനിറ്റുകളുണ്ട്. ഇവയില്‍ ഏറ്റവുംചെറിയ യൂനിറ്റാണ്‌ കുടുംബം. ഒരു വിവാഹത്തോടെയാണ്‌ കുടുംബത്തിന്‌ ആരംഭംകുറിക്കുന്നത്. തികച്ചും അന്യരായ രണ്ടുപേര്‍ ഒന്നായിത്തീരുന്ന ഒരു പ്രക്രിയ. ഒരു ഉടമ്പടിയിലൂടെയാണ്‌ ഈ ഒന്നാവല്‍ സംഭവിക്കുന്നത്. ഒന്നും ഒന്നും ചേര്‍ന്നുണ്ടാകുന്ന ഇമ്മിണി ബല്യ മറ്റൊരു ഒന്ന്.

വിവാഹിതര്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ 'ഒന്നാവുന്നത്', ഒരുമയോടെ കഴിയുന്നത് നാം കാണുന്നു. എന്നാല്‍ ചിലര്‍ക്കത് സാധിക്കുന്നില്ല. പൊട്ടല്‍. പിളരല്‍. വേര്‍പിരിയല്‍. അതിനു മുമ്പോ ശേഷമോ നടക്കാനിടയുള്ള കോടതി കയറലുകള്‍. എന്നാല്‍ വിവാഹം കഴിക്കുന്നത് ഇതിന്നാണോ? അല്ല. ഒന്നാകാനാണ്‌; നന്നാകാനാണ്‌. ആ ഉദ്ദേശത്തിനു വിരുദ്ധമായാണ്‌ സ്ഫോടനം നടക്കുന്നത്.

ഒരുമയുടെയും സ്ഫോടനത്തിന്റെയും രഹസ്യം/ങ്ങള്‍ എന്താണ്‌. സൌന്ദര്യം?  സമ്പത്ത്? പ്രശസ്തി? അധികാരം? വിദ്യാഭ്യാസം? തറവാടിത്തം? ഇവയെല്ലാമാണോ അല്ലെങ്കില്‍ ഇവയില്‍ ചിലതാണോ? ആണെന്ന് പറയവതല്ല. കാരണം, ഇവയുള്ളവരും ഇല്ലാത്തവരും ഒരുമയോടെ കഴിയുന്നുണ്ട്; പൊട്ടിത്തെറിക്കുന്നുമുണ്ട്. അപ്പോള്‍ കാരണം വേറെത്തന്നെ അന്വേഷിക്കണം.

വിശുദ്ധ ഖുര്‍ആന്‍ ഇതിന്റെ കാരണം വ്യക്തമാക്കിയിട്ടുണ്ട്. "അല്ലാഹു നിങ്ങളുടെ വര്‍ഗത്തില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. അവരിലൂടെ ശാന്തി തേടാന്‍. നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കി. ഇതൊക്കെയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. സംശയമില്ല; വിചാരശാലികളായ ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്". (30:21)

വിവാഹവും കുടിംബജീവിതവുമായി ബന്ധപ്പെട്ട്, അല്ലാഹുവിന്റെ ആയത്തായി പരിചയപ്പെടുത്തുന്നത് എന്തെല്ലാമാണെന്ന് നോക്കാം.
ഒന്ന്: മനുഷ്യര്‍ക്കായി മനുഷ്യവര്‍ഗത്തില്‍ നിന്നാണ്‌ അല്ലാഹു ഇണകളെ സൃഷ്ടിച്ചു തന്നിരിക്കുന്നത്; മറ്റു വര്‍ഗങ്ങളില്‍ നിന്നല്ല.
രണ്ട്; കുടുംബത്തില്‍ നിന്ന് മനുഷ്യന്‌ ലഭിക്കേണ്ടത് ശാന്തിയാണ്‌, സമാധാനമാണ്‌. ഭാര്യക്കും ഭര്‍ത്താവിനും മക്കള്‍ക്കും മറ്റു ബന്ധുക്കള്‍ കൂടെയുണ്ടെങ്കില്‍ അവര്‍കുമത് സമൃദ്ധമായി ലഭിക്കണം.
'ശാന്തി എങ്ങനെയുണ്ടാകും? പ്രശ്‌നങ്ങല്ലേ മൊത്തം! പിന്നെ അശാന്തിയല്ലേ ഉണ്ടാവൂ' എന്നാണ്‌ ചിലര്‍ ചോദിക്കുന്നത്. അല്ല. മറിച്ചും സംഭവിക്കാം. ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിടുന്ന കുടുംബങ്ങളും മഹത്തായ ഒരുമയോടെ കഴിയുന്നുണ്ടല്ലോ. അപ്പോള്‍ പൊട്ടിത്തെറിയുടെ കാരണം ഇത്തരം 'പ്രശ്‌ന'ങ്ങളല്ല. പിന്നെയോ? നാം തന്നെ പ്രശ്‌നങ്ങളായി മാറുന്നതാണ്‌ യഥാര്‍ത്ഥ കാരണം. നാമത് അറിയുന്നില്ലെങ്കിലും.

ശാന്തി ലഭിക്കണമെങ്കില്‍ അതിന്‌ രണ്ടുകാര്യങ്ങള്‍ ഉണ്ടാകണമെന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. അവ രണ്ടും നഷ്ടപ്പെടുമ്പോഴാണ്‌ അശാന്തിയുണ്ടാകുന്നത്. സ്നേഹവും കാരുണ്യവുമാണത്. ഇതാണ്‌ ഒരുമയോടെ കഴിയുന്നതിന്റെയും പൊട്ടിത്തെറിക്കുന്നതിന്റെയും രഹസ്യം. ചില ഇണകളുടെ ഉള്ളില്‍ സ്നേഹവും കാരുണ്യവും ഉണ്ട്. പരസ്പരമത് പ്രകടിപ്പിക്കുന്നുണ്ട്. ഒരുമയോടെ കഴിയുന്നുമുണ്ട്. അതുമൂലമവര്‍ക്ക് ശാന്തി ലഭിക്കുന്നുമൂണ്ട്. വേറെ ചിലര്‍ ഇവിടെ പരാജയപ്പെടുന്നു. ഉള്ളില്‍ സ്നേഹവും കാരുണ്യവുമില്ല. അത് പ്രകടിപ്പിക്കുന്നില്ല. അതുകൊണ്ട് വേര്‍പിരിയുന്നു.

വിവാഹജീവിതം എങ്ങനെ നയിക്കണമെന്ന, കൃത്യമായ നിയമനിര്‍ദ്ദേശങ്ങള്‍ ഇസ്‌ലാമിലുണ്ട്. ആ നിയമങ്ങള്‍ക്കുപരിയായാണ്‌ സ്നേഹവും കാരുണ്യവും സ്ഥിതി ചെയ്യുന്നത്. അവയുടെ സാന്നിദ്ധ്യത്തില്‍ നിയമം അപ്രസക്തമാണ്‌. ഭര്‍ത്താവില്‍ നിന്ന് ജീവിതച്ചെലവിനുള്ള വക കിട്ടാന്‍ വേണ്ടി, അവസാനം, ഭാര്യ കോടതികയറുന്നു. ഇതാണ്‌ നിയമത്തിന്റെ വഴി. എന്നാല്‍ ഭര്‍ത്താവിന്‌ ഭാര്യയോട് സ്നേഹവും കാരുണ്യവുമുണ്ടെങ്കില്‍ ഇതിന്റെ ആവശ്യമുണ്ടാവുകയില്ല. അവള്‍ പട്ടിണികിടക്കേണ്ടി വരുകയില്ല. അഥവാ അങ്ങനെ സംഭവിക്കുന്നുവെങ്കില്‍, അത് സംഭവിക്കുന്നത് അവന്‍ കൂടി പട്ടിണി കിടക്കുമ്പോഴായിരിക്കും.

ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് ഒരുമിച്ച് കഴിയാന്‍ പറ്റുകയില്ലെങ്കില്‍ പിന്നെ വേര്‍പിരിയുന്നതാണ്‌ നല്ലത്. അല്ലാതിരുന്നാല്‍ കുടുംബം ഒരു നരകമായിത്തീരും. അവിടെ വളരുന്ന കുട്ടികള്‍ വിവിധതരം മാനസികവൈകല്യങ്ങള്‍ ഉള്ളവരായി പരിണമിക്കും. അതുകൊണ്ട് വേര്‍പിരിയണം; അതാണ്‌ ഏക പരിഹാരം എന്നല്ല പറയുന്നത്. കുട്ടികള്‍ ജനിച്ചതിനു ശേഷമുള്ള വേര്‍പിരിയലും കുട്ടികളെ ബാധിക്കുന്നതാണ്‌. അതിനാല്‍ ഒരു പരിഹാരമേ നമ്മുടെ മുമ്പിലുള്ളു. ഒരുമയോടെ കഴിയുക. അതുതന്നെ. അതിന്ന് സ്നേഹവും കാരുണ്യവും ആവോളം ആര്‍ജ്ജിക്കണം. അത് ഉദാരമായി നല്‍കണം. എത്ര കൂടുതല്‍ നല്‍കുന്നുവോ അത്ര കൂടുതല്‍ നമ്മിലവ നിറയും. നാം നല്‍കുന്നതിന്റെ തോതനുസരിച്ചാണ്‌ നമ്മിലവ നിറയുന്നത്; അല്ലാതെ നമുക്ക് ലഭിക്കുന്നതിന്റെ തോതനുസരിച്ചല്ല. സമ്പത്ത് നേരെ മറിച്ചാണ്‌. ലഭിക്കുന്നതിന്റെ തോതനുസരിച്ചാണ്‌ അത് വര്‍ദ്ധിക്കുന്നത്; ചെലവഴിക്കുന്നതിന്റെ തോതനുസരിച്ചല്ല. സ്നേഹവും കാരുണ്യവും പ്രകടിപ്പിച്ചാല്‍ കുടുംബം നരകമാകാതെ നോക്കാം; അതിനെ ഒരു സ്വര്‍ഗമാക്കിത്തീര്‍ക്കാം.


സ്ത്രീധനം

വിവാഹം: പ്രായപരിധി






Friday, May 25, 2012

നീതിന്യായ നാടകം


കെ.കെ. ആലിക്കോയ

'ഈ കേസില്‍ പിടിക്കപ്പെടുമെന്ന് കരുതിയിരുന്നില്ല.' ടി.പി വധക്കേസില്‍ പിടിക്കപ്പെട്ടവരില്‍ പലരും പറഞ്ഞ ഈ വാക്ക് വളരെ ശ്രദ്ധേയമാണ്‌‌.

ഒരു കൊലപാതകം നടത്തിയവരും അത് ആസൂത്രണം ചെയ്തവരും മറ്റു സഹായങ്ങള്‍ ചെയ്ത് കൊടുത്തവരും തങ്ങള്‍ പിടിക്കപ്പെടുമെന്ന് കരുതിയിരുന്നില്ലെന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥമെന്താണ്‌? ഒരു കേസും അന്വേഷിച്ചു കണ്ടെത്താന്‍ കഴിയാത്ത വിധം പൊലീസ് ദുര്‍ബലമാണെന്നോ? പൊലീസിന്റെ കഴിവില്‍ അവര്‍ക്ക് ഒട്ടും വിശ്വാസമില്ലെന്നോ? അതായിരിക്കാന്‍ വഴിയില്ല.

പിന്നെന്താണ്‌? 'പ്രതിയെ തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്‌. തങ്ങള്‍ പ്രതിയാകണമെന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടില്ല. അതിനാല്‍ പിടിക്കപ്പെടുമെന്ന് കരുതിയിരുന്നില്ല' എന്നു തന്നെ.

എന്നുവെച്ചാല്‍, പാര്‍ട്ടിയും പൊലീസും തമ്മില്‍ ഒരു കരാറുണ്ട്.  നാട്ടില്‍ ഒരു രാഷ്ട്രീയ കൊലയോ അക്രമമോ  നടന്നാല്‍ പൊലീസിന്‌ പ്രതികളെ കിട്ടണം. ഇല്ലെങ്കില്‍ പൊലീസ് ഉത്തരം പറയേണ്ടി വരും. എന്നാല്‍ അവരെത്തേടി പൊലീസ് അലയണ്ട; പാര്‍ട്ടി, ചാവേറുകളെ സ്റ്റേഷനില്‍ എത്തിച്ചു കൊടുക്കും. കുറ്റം അവര്‍ ഏറ്റുകൊള്ളും. കേസ് തെളിയുകയാണെങ്കില്‍ ശിക്ഷ അവര്‍ വാങ്ങിക്കൊള്ളും. പിന്നെ പൊലീസിനെന്താ? പാര്‍ട്ടി പറയുന്നത് അനുസരിച്ചാല്‍ പോരേ? അഥവാ പാര്‍ട്ടി നല്‍കുന്ന ലിസ്റ്റനുസരിച്ചേ അറസ്റ്റ് നടക്കാവൂ; നടക്കൂ. അതുകൊണ്ടാണ്‌ പിടിക്കപ്പെടുമെന്ന് കരുതാതിരുന്നത്.

പാര്‍ട്ടിയും അണികളില്‍ ചിലരും തമ്മില്‍ മറ്റൊരു കരാറുണ്ട്. പാര്‍ട്ടി പറയുന്ന കേസുകളില്‍ അവര്‍ പ്രതിയാകണം. അവര്‍ പാര്‍ട്ടിക്കു വേണ്ടി കുറ്റമേല്‍ക്കണം; ജയിലില്‍ പോകണം. അവരുടെ കുടുംബം പാര്‍ട്ടി നോക്കിക്കൊള്ളും.

കൊല നടത്തുന്നവര്‍ ഉള്ളില്‍ പോകരുതല്ലോ. അവര്‍ പുറത്തു തന്നെ വേണ്ടേ? അവര്‍ക്കിനിയും ജോലിയില്ലേ? അപ്പോള്‍ പിന്നെ ജയിലില്‍ പോകുന്ന 'ജോലി' വേറെ ചിലര്‍ ഏറ്റെടുക്കേണ്ടി വരും. ഇങ്ങനെയൊരു നീതിന്യായനാടകമാണ്‌ കുറെ കാലമായിട്ട് കണ്ണൂരില്‍ നടന്നുവരുന്നത്. കഷ്ടം!

ഏതൊരാളും അന്വേഷിക്കുന്ന ഒരു കാര്യമുണ്ടായിരുന്നു. കണ്ണൂരില്‍ നിരവധി പാര്‍ട്ടി കൊലപാതകങ്ങള്‍ നടന്നിട്ടും വെറും പരല്‍മീനുകളല്ലാതെ മറ്റാരും പിടിക്കപ്പെടാത്തത് എന്തുകൊണ്ടാണ്‌? കൊല പാര്‍ട്ടിക്കു വേണ്ടിയാണ്‌.  അത് നടത്തുന്നത് വെറും ചാവേറുകളായിരിക്കും. എന്നാലും  നടത്തിക്കുന്നവര്‍ ഉണ്ടാകുമല്ലോ; കൊലയുടെ ഗുണഭോക്താക്കള്‍. അവരെന്തുകൊണ്ടാണ്‌ പിടിക്കപ്പെടാത്തത്? മറ്റൊരു വിധം ആലോചിച്ചാല്‍, പാര്‍ട്ടിക്ക് വേണ്ടി കൊല്ലാനും മരിക്കാനും തയ്യാറാകും വിധം അത്രയും അടിയുറച്ച വിശ്വാസവും ഉയര്‍ന്ന പാര്‍ട്ടീ പ്രതിബദ്ധതയും  ചില പരല്‍മീനുകള്‍ക്ക് മാത്രമായിപ്പോയതെന്തുകൊണ്ടാണ്‌? കുറച്ചു കൂടി ഉയര്‍ന്ന ഉത്തരവാദിത്തമുള്ളവര്‍ക്കും വലിയ നേതാക്കന്മാര്‍ക്കും എന്തുകൊണ്ടാണ്‌ ഈ വിശ്വാസവും പ്രതിബദ്ധതയും ഇല്ലാതെ പോയത്? അക്രമത്തിന്റെ ഗുണഭോക്താക്കള്‍ അവരായിരുന്നീട്ടു പോലും! പരല്‍മീനുകള്‍ കൃത്യം നിര്‍വഹിച്ചതിന്നു ശേഷം അവരെ സംരക്ഷിക്കേണ്ട ചുമതല മാത്രമായി നേതാക്കന്മാരുടെ ഉത്തരവാദിത്തം ചുരുങ്ങിപ്പോയതെന്തുകൊണ്ടാണ്‌? കളപറിക്കുന്ന ജോലി പൂര്‍ണ്ണമായും അണികളെ ഏല്‍പ്പിക്കാനും നേതാക്കന്മാര്‍ക്ക് മാറി നില്‍ക്കാനും കഴിയും വിധമുള്ള ഒരു പാര്‍ട്ടി സംവിധാനമാണോ കണ്ണൂരിലുള്ളത്? അതിന്റെ ഉത്തരമാണ്‌ മേല്‍ പറഞ്ഞത്.

ഈ കേസില്‍ പതിവിന്‍ പടിയല്ല കാര്യങ്ങള്‍ നടക്കുന്നത്. പൊലീസ് പ്രതികളെ അന്വേഷിച്ചു കണ്ടെത്തുകയാണ്‌. അതിനാല്‍ പരലുകള്‍ മാത്രമല്ല അറസ്റ്റിലവുന്നത്. എന്നാലും വമ്പന്‍ സ്രാവുകള്‍ അറസ്റ്റിലാവുമെന്ന് പറയാറായിട്ടില്ല. കാത്തിരുന്നു കാണാം. ഈ രീതിയില്‍ അന്വേഷണം മുമ്പോട്ട് പോയാല്‍ കണ്ണൂരിന്റെ ചരിത്രം മാറ്റിയെഴുതാന്‍ കഴിയും. രാഷ്ട്രീയ അക്രമവും കൊലയും ഇല്ലാതാകും. പൊലീസിന്‌ സ്വാതന്ത്ര്യം നല്‍കണം. പക്ഷപാതിത്തം കാണിക്കാന്‍ കഴിയാതാകും വിധമുള്ള സംവിധാനം ഓരോ കേസിന്റെ അന്വേഷണത്തിലും ഏര്‍പ്പെടുത്തണം. സി.പി.എമ്മിന്റെ ആക്രമണ ശേഷി കുറയ്ക്കാന്‍ ശ്രമിക്കുന്ന മുറയ്ക്ക് തന്നെ, 'മറ്റാരും' തലപൊക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകളും ആവശ്യമാണ്‌. അങ്ങനെ നാട്ടില്‍ സമാധാനം പുലരട്ടെ.

Tuesday, May 22, 2012

ആത്മീയ ചികില്‍സ

കെ.കെ. ആലിക്കോയ

ഈയിടെ ഒരു 'ആത്മീയ ചികില്‍സകനെ' പരിചയപ്പെടാനിടയായി. മരിച്ചുപോയ മഹാന്മാരെ സഹായത്തിനു വിളിച്ചുകൊണ്ടാണ്‌ താന്‍ രോഗികളെ ചികില്‍സിക്കാറുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ഞാന്‍: മരിച്ചവര്‍ കേള്‍ക്കുകയും സഹായിക്കുകയും ചെയ്യുമോ?

അദ്ദേഹം: ഇല്ല. അവര്‍ കേള്‍ക്കുകയോ സഹായിക്കുകയോ ഇല്ല.

ഞാന്‍: പിന്നെ എന്തിനാണ്‌ താങ്കളവരെ വിളിക്കുന്നന്ത്?

അദ്ദേഹം: അവര്‍ കേള്‍ക്കുമെന്നോ സഹായിക്കുമെന്നോ വിശ്വസിച്ചിട്ടല്ല ഞാന്‍ വിളിക്കുന്നത്. എന്നാലും അവരെ വിളിച്ച് സഹായം ചോദിച്ചാല്‍ കാര്യങ്ങള്‍ നടക്കുന്നുണ്ട്. (എന്നിട്ട് തന്റെ ചികില്‍സാനുഭവത്തിലെ ചില ഉദാഹരണങ്ങള്‍ പറഞ്ഞു.)

ഞാന്‍: താങ്കളുടെ വാക്കുകളില്‍ കടുത്ത വൈരുദ്ധ്യം കാണുന്നല്ലോ.

അദ്ദേഹം: ഇല്ല. ഒരു വൈരുദ്ധ്യവുമില്ല. അവരെ വിളിച്ച് തേടുമ്പോള്‍ എങ്ങനെയാണ്‌ കാര്യങ്ങള്‍ നടക്കുന്നതെന്ന് മനസ്സിലാക്കാത്തതുകൊണ്ടാണ്‌ വൈരുദ്ധ്യമുണ്ടെന്ന് തോന്നുന്നത്. അതിന്ന് രണ്ട് സാദ്ധ്യതകളുണ്ട്. ഒന്ന്: ഞാന്‍ വിളിക്കുന്നത് അല്ലാഹുവിന്റെ ഇഷ്ടാദാസന്മാരെയാണ്‌. അതിനാല്‍ അവരോടുള്ള ഇഷ്ടം കാരണം അല്ലാഹു തന്നെയാവാം എന്നെ സഹായിക്കുന്നത്. രണ്ട്: മനുഷ്യന്മാരെപ്പോലെത്തന്നെ, ജിന്നുകളിലും മുസ്‌ലിംകളുണ്ടല്ലോ. അവര്‍ക്ക് മഹാത്മാക്കളോട് സ്നേഹവും ഉണ്ടായിരിക്കുമല്ലോ. ആയിനത്തില്‍ പെട്ട ജിന്നുകള്‍ എന്റെ വിളികേള്‍ക്കുകയും സഹായിക്കുകയുമാകാം. രണ്ടിലേതാണെന്ന് എനിക്ക് തീര്‍ച്ചയില്ല. എന്നാല്‍ രണ്ടും സംഭവ്യമാണ്‌.

അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.


ജിന്നുകള്‍ സര്‍വത്ര: ജാഗ്രത പാലിക്കുക

ജിന്നോളജിസ്റ്റുകളോട് ചില ചോദ്യങ്ങള്‍